ജൂലൈ വരെ ഭൂമിയിൽ, അതുകഴിഞ്ഞാൽ സ്പേസിലേക്ക്
ബ്രിട്ടീഷ് ശതകോടീശ്വരനും വിർജിൻ ഗ്രൂപ്പിന്റെ മേധാവിയുമായ റിച്ചാർഡ് ബ്രാൻസൺ ബഹിരാകാശത്തേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നു. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ വിർജിൻ ഗാലക്ടിക് കമ്പനിയുടെ സ്‌പേസ്‌ഷിപ്പിലാണ് സ്‌പേസിലേക്ക് പറക്കുക.
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ 50-ാം വാർഷികമായ ജൂലൈ 20 നാണ് ബ്രാൻസൺ തന്റെ മിഷൻ പ്ലാൻ ചെയ്തിരിക്കുന്നത്. എഫ്‌പിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ പദ്ധതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
വിർജിൻ ഗാലക്ടിക്കിനൊപ്പം ബ്ലൂ ഒറിജിൻ എന്ന കമ്പനിയും ബഹിരാകാശത്തേക്ക് ആളുകളെ അയക്കാൻ പദ്ധതിയിടുന്നുണ്ട്. ഇത്തരം യാത്രകളിൽ കുറച്ച് മിനിറ്റുകൾ മാത്രമേ യാത്രികർ ബഹിരാകാശത്ത് ചെലവഴിക്കുകയുള്ളൂ. 'സബ്ഓർബിറ്റൽ' ഫ്ലൈറ്റുകൾ എന്നാണിതിനെ വിശേഷിപ്പിക്കുക. ഭൂമിയെ ചുറ്റിക്കറങ്ങാനുള്ള അത്ര ഉയരത്തിൽ അവർ എത്തില്ല.
2023-ൽ ഒരു ജാപ്പനീസ് ശതകോടീശ്വരനെ സ്പേസിലേക്ക് അയക്കാൻ ഇലോൺ മസ്കിന്റെ സ്പേസ്എക്സ് പദ്ധതിയിടുന്നുണ്ട്. അതിനേക്കാൾ ദൈർഘ്യവും ചെലവും കുറഞ്ഞ മിഷൻ ആണ് വിർജിൻ ഗാലക്ടിക്കിന്റേത്.
ഡിസംബറിൽ വിർജിൻ ഗാലക്ടിക് ഭൂമിയ്ക്കും 50 മൈൽ മുകളിൽ പറന്നിരുന്നു. സ്‌പേസ്‌ഷിപ് 2 എന്നറിയപ്പെടുന്ന ബഹിരാകാശ വാഹനത്തിന്റെ ചില പ്രത്യേകതകൾ:
- സ്പേസ് ഷിപ്പിന് രണ്ട് പൈലറ്റുമാരുണ്ടാകും
- ടേക്ക് ഓഫ്: ഒരു കാരിയർ വിമാനം സ്പേസ് ഷിപ്പിനെ ഒരു ബോംബ് വർഷിക്കുന്ന പോലെ താഴോട്ടിടും.
- ഈ സമയത്ത് അതിന്റെ എൻജിൻ സ്റ്റാർട്ട് ആവുകയും ആകാശത്തേയ്ക്ക് വാഹനം കുതിക്കുകയും ചെയ്യും.
- എവിടെനിന്നാണോ യാത്ര തുടങ്ങിയത് അവിടത്തന്നെ തിരിച്ചെത്താനും ഇതിന് സാധിക്കും.
- ആറു യാത്രക്കാരെ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്.
- മറ്റു യാത്രക്കാരെ വഹിക്കാൻ പോന്ന സ്പേസ് ഷിപ് വിർജിൻ ഗാലക്ടിക് ഈ വർഷം അവസാനത്തോടെ തയ്യാറാക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
- ഒരു മാസം 35 ദശലക്ഷം ഡോളർ ആണ് വിർജിൻ ഗാലക്ടിക് പ്രവർത്തിക്കുന്നതിന് ബ്രാൻസൺ ചെലവഴിക്കുന്ന തുക.