റോയല്‍ അസറ്റ്സ് ഇന്‍വെസ്റ്റ്മെന്റ്സ്: ഇരുപതുകാരന്‍ തീര്‍ത്ത വിജയസംരംഭം

ഒരുപക്ഷേ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്രേഡ് കോച്ച് ആയിരിക്കും മലപ്പുറം തിരൂരിലെ ഷിബിലി റഹ്‌മാന്‍ കെ.പി. റോയല്‍ അസറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന സ്ഥാപനത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ഈ ഇരുപതുകാരന്‍ നേടിയെടുത്തത് നൂറുകണക്കിന് നിക്ഷേപകരുടെ വിശ്വാസമാണ്. അസറ്റ് മാനേജ്‌മെന്റ്, ട്രേഡിംഗ് പരിശീലനം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ സേവനം നല്‍കുന്ന സ്ഥാപനമാണ് ഈ ഇരുപതുകാരന്‍ സാരഥ്യം വഹിക്കുന്ന റോയല്‍ അസറ്റ്‌സ്.

സേവനങ്ങളിലെ വൈവിധ്യത

2019ല്‍ തുടക്കമിട്ട് 2020ല്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയ റോയല്‍ അസറ്റ്‌സിന് ഇന്ന് തിരൂരിന് പുറമേ കൊച്ചിയിലും ഓഫീസുണ്ട്. ട്രേഡിംഗിന് ഉപഭോക്താക്കളെ സഹായിക്കുന്നതിനായി റോയല്‍ റോബോട്ട് ട്രേഡിംഗ് എന്ന പേരില്‍ ഓട്ടോമേറ്റഡ് ട്രേഡിംഗ് സോഫ്‌റ്റ്വെയര്‍ തന്നെ പുറത്തിറക്കിയ സ്ഥാപനം സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം അടക്കമുള്ള അസറ്റ് മാനേജ്‌മെന്റ് സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്നു.

പരിശീലന പദ്ധതി

റോയല്‍ ട്രേഡിംഗ് അക്കാദമി എന്ന പേരിലാണ് പരിശീലന പരിപാടി. ലൈവ് സെഷനുകളാണ് ഇതിലെ പ്രധാന ആകര്‍ഷണം. സമാനമായ പല സ്ഥാപനങ്ങളും റെക്കോര്‍ഡഡ് ക്ലാസുകള്‍ നല്‍കുമ്പോഴാണ് തത്സമയം ട്രേഡിംഗ് നടത്തി പഠിതാക്കള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിപ്പിച്ചു നല്‍കുന്നത്.

റിയല്‍ എസ്റ്റേറ്റ് മേഖല ലക്ഷ്യമിട്ട് റോയല്‍ അസറ്റ്‌സ് റിയാലിറ്റീസ്, വര്‍ക്കിംഗ് സ്‌പേസ് വിത്ത് കഫേ തുടങ്ങിയ പദ്ധതികളും കമ്പനി ലക്ഷ്യമിടുന്നു. കോ വര്‍ക്കിംഗ് സ്‌പേസ് ഒരുക്കുന്ന വര്‍ക്കിംഗ് സ്‌പേസ് വിത്ത് കഫേ അടുത്തവര്‍ഷത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് ഷിബിലി റഹ്‌മാന്‍ പറയുന്നു.

തുടക്കം

16ാം വയസ്സില്‍ പിതാവിന്റെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തു തുടങ്ങിയ ഷിബിലി, ഇതിനിടയില്‍ കിട്ടിയ സമയം സ്വന്തമായി ട്രേഡിംഗ് ആരംഭിച്ചു. 25,000 രൂപയായിരുന്നു ആദ്യ നിക്ഷേപം. ഇന്റര്‍നെറ്റ്, യൂട്യൂബ് ചാനലുകള്‍ വഴി പരിചയപ്പെട്ട ആളുകളില്‍ നിന്നും ട്രേഡിംഗിനെ കുറിച്ച് കൂടുതലറിഞ്ഞതോടെ ഷിബിലിക്ക് ആത്മവിശ്വാസമായി. സ്വന്തം ഫണ്ടിന് പുറമേ കൂട്ടുകാര്‍, കുടുംബാംഗങ്ങള്‍ എന്നിവരില്‍ നിന്ന് വാങ്ങിയും ഓഹരികളില്‍ നിക്ഷേപം തുടങ്ങി. തുടക്കത്തില്‍ തിരിച്ചടികള്‍ നേരിട്ടുവെങ്കിലും വൈകാതെ പണം നിക്ഷേപിച്ചവര്‍ക്ക് ലാഭവിഹിതം നല്‍കാന്‍ ഷിബിലിക്ക് സാധിച്ചു.

ഭാവി പദ്ധതികള്‍

പ്ലസ്ടുവിന് ശേഷം റെഗുലര്‍ പഠനം നിലച്ചുവെങ്കിലും കമ്പനി നടത്തിപ്പിനൊപ്പം ഡിസ്റ്റന്‍സ് എഡ്യുക്കേഷനിലൂടെ ബി.ബി.എയ്ക്ക് പഠിക്കുകയാണ് ഷിബിലി. സെബി റജിസ്റ്റേര്‍ഡ് റിസര്‍ച്ച് അനലിസ്റ്റാകുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. കൂടാതെ വെഞ്ച്വര്‍ കാപ്പിറ്റല്‍ മേഖലയിലേക്ക് കടക്കാനും പദ്ധതിയിടുന്നു.

പരാജയങ്ങളില്‍ നിന്നുള്ള പാഠം

ചുരുങ്ങിയ പ്രായത്തിനുള്ളില്‍ തന്നെ നിരവധി പരാജയങ്ങള്‍ നേരിടേണ്ടി വന്ന ഷിബിലിക്ക് ഇപ്പോഴത്തെ കുതിപ്പിന് കരുത്താകുന്നതും അതില്‍ നിന്നുള്ള പാഠങ്ങളാണ്. മറ്റു ബിസിനസുകളിലൂടെയുണ്ടായ ലക്ഷങ്ങളുടെ കടബാധ്യത ഓഹരി വിപണിയില്‍ നിന്നുള്ള നേട്ടത്തിലൂടെയാണ് വീട്ടിയത്. ഇതാണ് ഷിബിലി എന്ന സംരംഭകനെ റോയല്‍ അസറ്റ്‌സ് എന്ന സ്ഥാപനം കെട്ടിപ്പടുക്കുന്നതിലേക്ക് നയിച്ചത്.വിപണിയില്‍ വിജയിച്ചവരുമായും തിരിച്ചടി നേരിട്ടവരുമായും സംസാരിച്ച് അതില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഷിബിലി തയ്യാറായിരുന്നു.

സ്റ്റോക്ക് മാര്‍ക്കറ്റിനെ മനസ്സിലാക്കാതെ വലിയ തുക നിക്ഷേപിക്കരുതെന്ന വലിയ പാഠം അദ്ദേഹം പഠിച്ചതും സ്വന്തം അനുഭവത്തില്‍ നിന്നുതന്നെ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it