

ഈ ഗ്രാമത്തിലുള്ളവര്‍ രാത്രിയില്‍ ഉറങ്ങാറില്ല. ചൂടുള്ള ഗ്യാസ് ബര്‍ണറുകള്‍ക്ക് മുന്നില്‍ അവര്‍ ജോലിത്തിരക്കിലാണ്. വീട്ടു സംരംഭങ്ങളുടെ ഉടമകളും ജോലിക്കാരുമൊക്കെയായി ആയിരത്തോളം പേര്‍. അതിരാവിലെ വിദൂര സ്ഥലങ്ങളില്‍ പോലുമുള്ള ടീഷോപ്പുകളില്‍ ലക്ഷക്കണക്കിന് പേര്‍ ഇവരെ കാത്തിരിക്കുന്നുണ്ട്. കടകളിലെ ചില്ല് അലമാരകളില്‍ എത്തേണ്ട പലഹാരങ്ങള്‍ പൊരിച്ചെടുക്കുന്നത് ഈ ഗ്രാമത്തിലാണ്.
മലപ്പുറം നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ പഴമള്ളൂര്‍ ഗ്രാമം. ഇവിടെ 'സമൂസപ്പടി'യെന്ന ചെറിയൊരു സ്ഥലത്ത് ഒരു രാത്രിയില്‍ ഉണ്ടാക്കുന്നത് ഏതാണ്ട് ഒരു ലക്ഷത്തോളം സമൂസകളാണ്. ചിക്കനും വെജിറ്റബിളുമൊക്കെയായി വീടുകളിലെ ചെറുസംരംഭങ്ങളില്‍ നിര്‍മിക്കുന്നത് പല തരം സമൂസകളും മറ്റ് പലഹാരങ്ങളും. സംരംഭകരും ജോലിക്കാരും വിതരണക്കാരുമൊക്കെയായി അപൂര്‍മായൊരു ബിസിനസ് ശൃംഖലയാണ് സമൂസപ്പടിയിലേത്. സ്വന്തം വീട്ടില്‍ തന്നെ ചെറുസംരംഭങ്ങള്‍ വളര്‍ത്തി വ്യാപാര സ്വാശ്രയത്വത്തിന്റെ മാതൃകയായി മാറിയ ഗ്രാമം. പതിറ്റാണ്ടുകളായി സജീവമായി തുടരുന്ന ചെറു സംരംഭങ്ങള്‍.
ഓരോ ഹോട്ടലുകളിലും പ്രത്യേക അടുക്കളയെന്ന ചിലവേറിയ സംവിധാനത്തിന് പരിഹാരം കൂടിയാണ് സമൂസപ്പടിയിലെ കോമണ്‍ കിച്ചണുകള്‍. ഇവിടെ നിന്ന് രാവിലെ സമയം തെറ്റാതെ പലഹാരങ്ങള്‍ എത്തുമെന്നായപ്പോള്‍ ഹോട്ടലുകളില്‍ പലഹാര നിര്‍മാണം ഏറെക്കുറെ പൂര്‍ണമായി നിര്‍ത്തി. വ്യത്യസ്ത ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വലിയ സപ്ലയര്‍മാരായി സമൂസപ്പടിയിലെ സംരംഭകര്‍ മാറി. അര നൂറ്റാണ്ട് മുമ്പ് ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന, പഴമള്ളൂര്‍ സ്വദേശിയായ കുഞ്ഞിമുഹമ്മദ് എന്നയാളാണ് ഇവിടെ സമൂസ നിര്‍മാണത്തിന് തുടക്കമിട്ടത്. പിന്നീട് കൂടുതല്‍ പേര്‍ സമൂസ നിര്‍മാണത്തിന്റെ വിദ്യ പഠിച്ചു. അത് ഗ്രാമത്തിന്റെ ബിസിനസ് മേഖലയായി മാറി. പതിയെ, ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണമായി. ഇന്ന് സമൂസക്ക് പുറമെ, പൊരിച്ച പത്തിരി, നെയ്യപ്പം, ഉള്ളിവട, കണ്ണൂരപ്പം, പരിപ്പുവട, പഴംവട, ഉണ്ണിയപ്പം, ഉഴുന്നുവട, പാല്‍കേക്ക്, നെയ് വട, പഴംപൊരി തുടങ്ങി വ്യത്യസ്തമായ എണ്ണക്കടികളും ഇവിടെ നിന്ന് വിപണിയില്‍ എത്തുന്നു. ഓയില്‍ ഫ്രീ പലഹാരങ്ങളായ വെള്ളപ്പം, നൂലപ്പം,പൊറോട്ട, ചപ്പാത്തി, ഖുബൂസ്,ഇഡലി തുടങ്ങിയവയുടെ യൂണിറ്റുകളും സജീവമാണ്. സമൂസയുടെ 'ഓല' മുതല്‍ എല്ലാം നിര്‍മിക്കുന്നത് ഇവിടെ തന്നെ.
രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നാല്‍പതോളം യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. വീടുകളോട് ചേര്‍ന്നുള്ള യൂണിറ്റുകളില്‍ കുടുംബാംഗങ്ങള്‍ക്ക് പുറമെ നിരവധി പേര്‍ ജോലിക്കാരായുണ്ട്. അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ ആയിരത്തോളം പേരാണ് നിര്‍മാണ യൂണിറ്റുകളിലുള്ളത്. വിതരണ ശൃംഖലയും വിപുലമാണ്. മലപ്പുറം ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും ഇവിടുത്തെ പലഹാരങ്ങള്‍ എത്തുന്നു. ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളിലും അതിരാവിലെ പലഹാരങ്ങള്‍ എത്തിക്കാന്‍ വിതരണക്കാരുണ്ട്.
രാത്രി പത്തുമണിയോടെയാണ് യൂണിറ്റുകള്‍ സജീവമാകുന്നത്. പകല്‍ സമയങ്ങളില്‍ വീട്ടുകാര്‍ അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കും. വെള്ളപ്പത്തിനും മറ്റും ആവശ്യമായ അരി, ഉഴുന്ന് തുടങ്ങിയവ പകല്‍ സമയത്ത് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കും. സമൂസക്ക് ആവശ്യമായ ചേരുകള്‍ ഒരുക്കും. രാത്രി പത്തുമണിക്ക് ആരംഭിക്കുന്ന പൊരിക്കല്‍ ജോലികള്‍ പുലര്‍ച്ചെ മൂന്നു മണി വരെ നീളും. അപ്പോഴേക്ക് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിതരണക്കാര്‍ പലഹാരങ്ങള്‍ കൊണ്ടു പോകാന്‍ സമൂസപ്പടിയില്‍ എത്തിയിട്ടുണ്ടാകും. ബൈക്ക്, ഓട്ടോറിക്ഷ, കാറുകള്‍ എന്നിവയിലാണ് വിതരണം. വയനാട്ടില്‍ നിന്നും മണ്ണാര്‍ക്കാട്, പെരുമ്പിലാവ് തുടങ്ങിയ അയല്‍ ജില്ലകളിലെ ചെറുപട്ടണങ്ങളില്‍ നിന്നും വരെ വിതരണക്കാര്‍ എത്താറുണ്ട്. ഏതാണ്ട് 80 കിലോ മീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന വിതരണ ശൃംഖല. നൂറിലേറെ വിതരണക്കാരാണ് വിവിധ ഭാഗങ്ങളിലുള്ളത്. രാവിലെ 6 മണിയോടെ വിദൂരസ്ഥലങ്ങളിലെ ഹോട്ടലുകളിലും ചെറിയ ടീഷോപ്പുകളിലും കൂള്‍ബാറുകളിലും സമൂസയും മറ്റു പലഹാരങ്ങളും എത്തുമെന്ന് 17 വര്‍ഷമായി വിതരണക്കാരനായ പഴമള്ളൂര്‍ സ്വദേശി ഫൈസല്‍ ചീനിയന്‍ പറയുന്നു.
രണ്ട് ലക്ഷത്തില്‍ അധികം പലഹാരങ്ങളാണ് ഇവിടെ ദിവസേന നിര്‍മിക്കുന്നത്. എണ്ണ പലഹാരങ്ങളാണ് കൂടുതലും. സാധാരണ ദിവസങ്ങളില്‍ അര ലക്ഷത്തിലേറെ സമൂസ മാത്രം ഇവിടെ നിന്ന് വിപണിയിലെത്തും. റമദാന്‍ നോമ്പ് കാലമായാല്‍ സമൂസക്കുള്ള ഡിമാന്റ് ഒരു ലക്ഷം കടക്കും. അപ്പോള്‍ ജോലി സമയത്തിനും മാറ്റം വരും. രാവിലെയാണ് ഉല്‍പ്പാദനം. വൈകീട്ട് മൂന്നു മണിയോടെ കടകളില്‍ എത്തിക്കും. മറ്റു പലഹാരങ്ങളും വലിയ തോതില്‍ നിര്‍മിക്കുന്നുണ്ട്. ദിവസേന 20,000 ല്‍ ഏറെ വെള്ളപ്പം ഉണ്ടാക്കുന്ന യൂണിറ്റുകള്‍ പലതുണ്ട്. 20 തൊഴിലാളികള്‍ വരെ ജോലി ചെയ്യുന്ന യൂണിറ്റുകളുണ്ട്. നിരവധി ചട്ടികള്‍ വെക്കാവുന്ന വലിയ ഗ്യാസ് സ്റ്റൗകളില്‍ ഒരോ വെള്ളപ്പവും പ്രത്യേകം ചുട്ടെടുക്കുന്നു. തുടര്‍ന്ന് ഹോട്ടലുകളിലേക്ക് ഓര്‍ഡര്‍ അനുസരിച്ച് പായ്ക് ചെയ്ത് വിതരണം ചെയ്യും. ഓരോ പലഹാരങ്ങള്‍ക്കും പ്രത്യേക വിതരണക്കാരുണ്ട്. അമ്പത് കടകളില്‍ വരെ ഒരാള്‍ ദിവസേന പലഹാരങ്ങള്‍ എത്തിക്കും. ഏതാണ്ട് 5,000 കടകളില്‍ ഈ ഗ്രാമത്തില്‍ നിന്നുള്ള പലഹാരങ്ങള്‍ എത്തുന്നു. ഓരോ പ്രദേശത്തും ഡിമാന്റുള്ള പലഹാരങ്ങളാണ് എത്തിക്കുന്നത്. മലയാളികള്‍ക്കൊപ്പം തന്നെ അന്യസംസ്ഥാന തൊഴിലാളികളാണ് രാവിലെ പലഹാരങ്ങള്‍ കൂടുതലായി കഴിക്കുന്നതെന്ന് ഫൈസല്‍ പറയുന്നു. നെയ്യപ്പമാണ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ കൂടുതല്‍ ഡിമാന്റുള്ളത്. കടകളിലേക്കുള്ള സ്ഥിരം ഓര്‍ഡറുകള്‍ക്ക് പുറമെ കാറ്ററിംഗ് കമ്പനികള്‍ വലിയ ഓര്‍ഡറുകള്‍ മുന്‍കൂട്ടി നല്‍കാറുണ്ട്. വീടുകളില്‍ നടക്കുന്ന പാര്‍ട്ടികളിലേക്കും ഓര്‍ഡറുകള്‍ ലഭിക്കുന്നു.
സംരംഭകര്‍ ചെറിയ ലാഭം മാത്രമെടുത്താണ് പലഹാരങ്ങള്‍ വില്‍ക്കുന്നത്. 5 രൂപ വരെയാണ് ഓരോന്നിന്റെയും പരമാവധി വില. വിതരണക്കാര്‍ 50 പൈസയോ 75 പൈസയോ ലാഭമെടുത്താണ് കടകള്‍ക്ക് നല്‍കുന്നത്. കടകളില്‍ 10 രൂപക്ക് വില്‍ക്കും. വില്‍പ്പന കൂട്ടി വരുമാനം വര്‍ധിപ്പിക്കുന്നതാണ് ബിസിനസ് മോഡല്‍. അതേസമയം, പ്രത്യേക മാര്‍ക്കറ്റിംഗ് രീതികളൊന്നുമില്ല. വര്‍ഷങ്ങളായുള്ള ബിസിനസ് അതേ രീതിയില്‍ തുടരുന്നുണ്ട്. ഇവിടുത്തെ സമൂസക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രചാരണം സ്വാഭാവികമായി ലഭിച്ചതോടെ ബിസിനസിന് കുറവില്ല. വരുമാനമില്ലാത്തതു കൊണ്ട് യുണിറ്റുകള്‍ അടച്ചു പൂട്ടേണ്ടി വന്നിട്ടില്ലെന്ന് സംരംഭകര്‍ പറയുന്നു. പലപ്പോഴും ഡിമാന്റിന് അനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ യഥാസമയം തയ്യാറാക്കാന്‍ കഴിയാറില്ല. നാലോ അഞ്ചോ മണിക്കുറിനുള്ളില്‍ ഉപയോഗിക്കേണ്ട ഭക്ഷണസാധനങ്ങള്‍ ആയതിനാല്‍ വലിയ ഓര്‍ഡറുകള്‍, കുറഞ്ഞ സമയത്തിനുള്ളില്‍ സ്വീകരിക്കേണ്ടത് വെല്ലുവിളിയാണ്. എങ്കിലും ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ യഥാസമയം ലഭിക്കാതെ സമൂസപ്പടിയില്‍ നിന്ന് ആര്‍ക്കും തിരിച്ചു പോരേണ്ടി വരില്ല.
കാലത്തിനനുസരിച്ച് നവീകരണം നടക്കുന്ന സംരംഭങ്ങളാണ് ഇവിടെയുള്ളത്. പത്തിരി, ചപ്പാത്തി, പൊറോട്ട തുടങ്ങിയ ഉണ്ടാക്കുന്നത് മെഷീനുകളിലാണ്. മുമ്പെല്ലാം 5,000 പത്തിരി വരെ സ്ത്രീകള്‍ കൈകൊണ്ടാണ് നിര്‍മിച്ചിരുന്നത്. ഇപ്പോള്‍ അഞ്ചു ലക്ഷം വരെ വിലയുള്ള മെഷീനൂകള്‍ ചില യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയാണ് ഈ യൂണിറ്റുകളെ പ്രതിസന്ധിയിലാക്കുന്നത്. വെളിച്ചെണ്ണ, സവാള, പഴം, അരി, മൈദ എന്നിവ കൂടുതലായി ഉപയോഗിക്കുന്ന യൂണിറ്റുകളാണിവ. ഇവയുടെ വില വലിയ തോതില്‍ വര്‍ധിക്കുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ മാറ്റിയാണ് പിടിച്ചു നില്‍ക്കുന്നത്. വെളിച്ചെണ്ണക്ക് വില കൂടിയതോടെ ആവിയില്‍ ഉണ്ടാക്കുന്ന പലഹാരങ്ങളിലേക്ക് പല യുണിറ്റുകളും ശ്രദ്ധ തിരിച്ചുണ്ട്. ഇലയട പോലുള്ള എണ്ണ ആവശ്യമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ പല യുണിറ്റുകളിലും കൂടുതലായി ഉണ്ടാക്കുന്നു. പഴത്തിന് വില കൂടുമ്പോള്‍ പഴംപൊരിയുടെ നിര്‍മാണം കുറക്കും. സവാളക്ക് വിലകൂടുമ്പോള്‍ കാബേജ് പോലുള്ള ബദലുകളിലേക്ക് തിരിയും. ഇത്തരത്തില്‍ വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള തന്ത്രങ്ങളാണ് ഇവര്‍ സ്വീകരിക്കുന്നത്.
സ്വയം പര്യാപ്തരാണ് സമൂസപ്പടിയിലെ സംരംഭകര്‍. കഠിനാധ്വാനത്തിലൂടെ മെച്ചപ്പെട്ട ജീവിതത്തിനുള്ള വരുമാനം കണ്ടെത്തുന്നവര്‍. അതോടൊപ്പം ആയിരത്തിലേറെ പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നവര്‍. വലിയ ബിസിനസ് പരീക്ഷണങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോകുന്നവര്‍. സമൂസയുടെ ബ്രാന്റിംഗിനെ കുറിച്ചൊന്നും ഇവര്‍ ആലോചിക്കാറില്ല. അതിനായി വലിയ കമ്പനികളൊന്നും അവരെ ഗൗരവത്തോടെ സമീപിക്കാറുമില്ല. എന്നാല്‍ അവര്‍ പോലുമറിയാതെ, ചെറു സംരംഭങ്ങള്‍ക്ക് ഈ ഗ്രാമീണര്‍ മാതൃകയാകുന്നു. ഒരേ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന നിരവധി യൂണിറ്റുകളുള്ള വ്യവസായ ഗ്രാമമെന്ന അപൂര്‍വ്വത സമൂസപ്പടിക്കുണ്ട്. സംസ്ഥാനത്തെ മറ്റു ജില്ലകള്‍ക്കും പിന്തുടരാവുന്ന മാതൃകയാണിത്. സംസ്ഥാന സര്‍ക്കാര്‍ 2025 നെ സംരംഭക വര്‍ഷമായി ആഘോഷിക്കുമ്പോള്‍, വ്യവസായ വകുപ്പിന് കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ പറ്റിയ നിശബ്ദ സംരംഭകര്‍ ഇവിടെയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine