

400 ഗ്രാമീണ കലാകാരന്‍മാര്‍ ഒരു വര്‍ഷം നിര്‍മിച്ചു വില്‍ക്കുന്നത് 4 കോടിയോളം രൂപ മൂല്യമുള്ള കരകൗശല വസ്തുക്കള്‍. മലബാറില്‍ നിന്ന് ഈ കലാരൂപങ്ങള്‍ എത്തുന്നത് വിവിധ വിദേശ രാജ്യങ്ങളിലും. കലയും ടൂറിസവും സംഗമിക്കുന്ന കോഴിക്കോട് വടകര ഇരിങ്ങലിലുള്ള സര്‍ഗാലയ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ് ആഗോള തലത്തില്‍ ശ്രദ്ധനേടുകയാണിപ്പോള്‍. ഗ്രാമീണ സുന്ദരമായ ഈ കലാഗ്രാമം സന്ദര്‍ശിക്കാനെത്തുന്ന വിദേശികളുടെ എണ്ണവും ഏറെ. കേരളത്തിലെ പ്രമുഖ സഹകരണ സ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ഗാലയ, ഉത്തരവാദിത്ത ടൂറിസത്തിന്റെ വിജയ മാതൃകയാണ്. കലാകാരന്‍മാര്‍ക്ക് വരുമാനം ഉറപ്പാക്കുന്നതിനൊപ്പം പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെ ടൂറിസ്റ്റുകളെയും സര്‍ഗാലയ സ്വീകരിക്കുന്നു.
വടകരയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയുള്ള ഇരിങ്ങലില്‍ പ്രകൃതി സുന്ദരമായ സ്ഥലത്ത് 20 ഏക്കറിലാണ് ഈ കലാഗ്രാമം. 400 ഗ്രാമീണ കരകൗശല വിദഗ്ധർക്ക് നേരിട്ടും 1000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്ന സംരംഭമായി സര്‍ഗാലയ മാറി. കേരളത്തിന്റെ ടൂറിസം മേഖലക്ക് ഏറെയൊന്നും പരിചിതമല്ലാത്ത സംരംഭമായാണ് സര്‍ഗാലയ 2011 ല്‍ 15 കോടി ചിലവിൽ പ്രവര്‍ത്തനം തുടങ്ങിയത്. ഉത്തരവാദിത്വ ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനും പരമ്പരാഗത കലാകാരന്‍മാര്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും സംസ്ഥാന ടൂറിസം വകുപ്പ് രണ്ടിടങ്ങളിലാണ് ക്രാഫ്റ്റ്‌സ് വില്ലേജുകള്‍ ആരംഭിച്ചത്. വടകരക്കടുത്ത് ഇരിങ്ങലിലും കോവളത്തിനടുത്ത് വള്ളാറിലും. ഇരങ്ങലിലേത് 20 ഏക്കറിലും വള്ളാറിലേത് ഒമ്പത് ഏക്കറിലുമാണ്. രണ്ട് വില്ലേജുകളുടെയും നടത്തിപ്പ് ചുമതല ഇപ്പോള്‍ ഊരാളുങ്ങല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനാണ്. കലാരൂപങ്ങളെ ജനങ്ങള്‍ക്ക് അടുത്തറിയാനുള്ള വേദിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ടൂറിസവുമായി ബന്ധപ്പെട്ട വിപണന ശൃംഖലയിലേക്ക് പ്രാദേശിക കലാകാരന്‍മാരെ കൂടി ഉള്‍പ്പെടുത്തുകയെന്ന സാമൂഹിക ദൗത്യവും സര്‍ഗാലയ നിര്‍വ്വഹിക്കുന്നുണ്ട്. പുതു തലമുറയില്‍ കേരളത്തിന്റെ കലാ ചരിത്രത്തെ കുറിച്ചുള്ള അവബോധം വളര്‍ത്തുകയെന്ന പങ്കും നിര്‍വ്വഹിക്കപ്പെടുന്നു. അന്യം നിന്ന് പോകുന്ന കലാപാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും സര്‍ഗാലയയുടെ സാന്നിധ്യം പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കരകൗശല വിദഗ്ധരെ കണ്ടെത്തി അവരുടെ കലാസൃഷ്ടികള്‍ക്ക് വിപണിയൊരുക്കാനും അവര്‍ക്ക് വരുമാനമുണ്ടാക്കാനും സര്‍ഗാലയക്ക് കഴിയുന്നുണ്ട്. ഉല്‍പ്പന്നങ്ങള്‍ സന്ദര്‍ശകര്‍ക്ക് നേരിട്ട് വില്‍ക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കുന്നത്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ ഇവിടെ ശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നു. അവ വില്ലേജിലെ ഗാലറിയില്‍ വില്‍പ്പനക്കായി പ്രദര്‍ശിപ്പിക്കുന്നു. ഗള്‍ഫ് നാടുകള്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കും ഇവയെത്തുന്നു. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്കൊപ്പം മറ്റു സംസ്ഥാനങ്ങളിലെ കലാരൂപങ്ങളും ഇവിടെ വില്‍പ്പനക്കുണ്ട്. കര കൗശല വസ്തുക്കളുടെ വിശാലമായ പ്രദര്‍ശന ശാല സര്‍ഗാലയിലെ പ്രധാന ആകര്‍ഷണമാണ്. ടെറകോട്ട ശില്‍പ്പങ്ങള്‍, ഡ്രൈ ഫ്ലവർ കലാരൂപങ്ങള്‍, ചൂരല്‍ ഫര്‍ണിച്ചറുകള്‍, വിവിധ നാരുകള്‍ കൊണ്ടുള്ള കലാസൃഷ്ടികള്‍, കയര്‍ ഉല്‍പ്പന്നങ്ങള്‍, കക്ക കൊണ്ടുള്ള കലാരൂപങ്ങള്‍, ചിരട്ട കൊണ്ടുള്ള ആഭരണങ്ങള്‍, ബാഗുകള്‍, ഹാന്റ്‌ലൂം, മുള, ഇമിറ്റേഷന്‍ ആഭരങ്ങള്‍, മരത്തടി ശില്‍പ്പങ്ങള്‍, കളിപ്പാട്ടങ്ങള്‍, ക്ഷേത്ര ശില്‍പ്പങ്ങള്‍. കോറ പുല്‍ പായകള്‍ തുടങ്ങി കരകൗശല മേഖലയിലെ ഒട്ടുമിക്ക സൃഷ്ടികളും ഇവിടെ രൂപമെടുക്കുന്നു. എല്ലാം പരിസ്ഥിതി സൗഹൃദമായ ഉല്‍പ്പന്നങ്ങള്‍. ഇവ നേരില്‍ കാണുന്നതിനും വാങ്ങുന്നതിനുമാണ് ടൂറിസ്റ്റുകള്‍ പ്രധാനമായും സര്‍ഗാലയയില്‍ എത്തുന്നത്.
ടൂറിസത്തെ കുറിച്ചുള്ള പാടി പതിഞ്ഞ ദൃശ്യങ്ങളും അനുഭവങ്ങളുമല്ല ഇവിടെയുള്ളത്. തിരക്കുകള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ നിന്ന് സ്വച്ഛമായ അന്തരീക്ഷം തേടിയാണ് സന്ദര്‍ശകര്‍ ഇവിടെയെത്തുന്നത്. സാധാരണ ടൂറിസം കേന്ദ്രങ്ങളിലെ യാത്രാനുഭവമായിരിക്കില്ല സര്‍ഗാലയ പ്രദാനം ചെയ്യുന്നത്. ഷോപ്പിംഗ് മാളുകളില്‍ കാണാന്‍ കഴിയാത്ത കലാസൃഷ്ടികളുടെ അപൂര്‍വ്വ കാഴ്ചകളാണ് പ്രശാന്തമായ ഈ കലാഗ്രാമം ഒരുക്കി വെച്ചിരിക്കുന്നത്. ഗവേഷകര്‍, കലാസ്വാദകര്‍, കലാമൂല്യം തിരിച്ചറിയുന്നവര്‍, വേറിട്ട കലാസൃഷ്ടികള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍, ചിത്രകലാ വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി പേര്‍ ദിവസേന ഇവിടെയെത്തുന്നു.
അതോടൊപ്പം എല്ലാ വിഭാഗം ടൂറിസ്റ്റുകള്‍ക്കും ആസ്വദിക്കാനാവുന്ന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത് താമസിക്കാന്‍ ഗസ്റ്റ് റൂമുകള്‍, സംഘമായെത്തുന്നവര്‍ക്ക് ഡോര്‍മെട്രി, കോണ്‍ഫറന്‍സ് ഹാള്‍, ടൂറിസ്റ്റുകള്‍ക്കായി ബോട്ടിംഗ്, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, അക്വേറിയം തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. കരകൗശല വസ്തുക്കളുടെ നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്ന ട്രെയിനിംഗ് അക്കാഡമിയും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്ററാണ് സര്‍ഗാലയയിലേക്കുള്ള ദൂരം.
പ്രതിവര്‍ഷം 4 കോടി രൂപയുടെ കരകൗശല വസ്തുക്കള്‍ ഇവിടെ നിന്ന് വില്‍ക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍, ഓസ്‌ട്രേലിയ, അമേരിക്ക, യുകെ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് കലാരൂപങ്ങള്‍ കൊണ്ടു പോകുന്നവരുമുണ്ട്. ബംഗളുരു ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ നിന്ന് സ്ഥിരമായി ഓര്‍ഡറുകള്‍ ലഭിക്കുന്നു. കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിന് പുറമെ വിവിധ സ്ഥലങ്ങളില്‍ കലാരൂപങ്ങള്‍ ഒരുക്കുന്നതിനുള്ള കോണ്‍ട്രാക്ടുകളും സര്‍ഗാലയ ഏറ്റെടുക്കുന്നുണ്ട്. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല, കോഴിക്കോട്,കണ്ണൂര്‍, വടകര റെയില്‍വെ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ കലാമൂല്യമുള്ള ശില്‍പ്പങ്ങള്‍ ഒരുക്കാന്‍ നിയോഗിക്കപ്പെട്ടത് സര്‍ഗാലയയിലെ കലാകാരന്‍മാരാണ്. പ്രാദേശിക കലാകാരന്‍മാര്‍ക്കൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരും ഈ സംരംഭവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയും ഇപ്പോള്‍ സജീവമാണ്. വിവിധ റീട്ടെയില്‍ ശൃംഖലകള്‍ സ്ഥിരമായി ഉല്‍പ്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നുണ്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ നടന്ന സര്‍ഗാലയ ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റിസ് ഫെസ്റ്റിവെലില്‍ രണ്ട് ലക്ഷത്തോളം പേരാണ് സന്ദര്‍ശകരായി എത്തിയതെന്ന് സര്‍ഗാലയുടെ പ്രൊജക്ട് മാനേജറും ഊരാളുങ്കല്‍ സീനിയര്‍ ജനറല്‍ മാനേജറുമായ ടി.കെ. രാജേഷ് ധനം ഓണ്‍ലൈനോട് പറഞ്ഞു. ''ഇത്തവണ 15 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ എത്തിയിരുന്നു. സാധാരണ ദിവസങ്ങളില്‍ 250 മുതല്‍ 500 പേര്‍ വരെ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്. വാരാന്ത്യങ്ങളില്‍ ശരാശരി ആയിരം പേര്‍ എത്തും. പ്രാദേശിക കലാകാരന്‍മാര്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ക്ക് വരുമാനമുണ്ടാക്കാന്‍ സര്‍ഗാലയക്ക് കഴിയുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ ഹാന്റിക്രാഫ്റ്റ്‌സ് മേളകളായ ദില്ലി ഹാട്ട്, ശില്‍പ്പാരാമം തുടങ്ങിയ ഫെസ്റ്റിവെലിനോട് ചേര്‍ത്ത് വെക്കാവുന്ന അന്താരാഷ്ട്ര ശ്രദ്ധ സര്‍ഗാലയ ഫെസ്റ്റിവെലിനും ലഭിച്ചു തുടങ്ങിയിരിക്കുന്നു.'' ടി.കെ.രാജേഷ് പറഞ്ഞു.
സൗത്ത് ഏഷ്യന്‍ ട്രാവല്‍ അവാര്‍ഡ്‌സില്‍ (sata) പ്രത്യേക അംഗീകാരം, ഇന്ത്യയിലെ മികച്ച ഗ്രാമീണ ടൂറിസം പ്രോജക്ടിനുള്ള ദേശീയ അവാര്‍ഡ്, കേരളത്തിലെ മികച്ച ടൂറിസം ഡെസ്റ്റിനേഷന്‍ അവാര്‍ഡ്, കലാ മികവിനുള്ള വേള്‍ഡ് ക്രാഫ്റ്റ്‌സ് കൗണ്‍സില്‍ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ്‌സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സര്‍ഗാലയയെ തേടിയെത്തി.
ഇരിങ്ങല്‍ ഗ്രാമത്തെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടു വരാന്‍ സഹായിക്കുന്ന വികസന പദ്ധതികളാണ് വരാനിരിക്കുന്നതെന്ന് പ്രൊജക്ട് മാനേജര്‍ ടി.കെ.രാജേഷ് പറയുന്നു. സര്‍ഗാലയ വില്ലേജ് മുതല്‍ ബേപ്പൂര്‍ വരെ ടൂറിസം ശൃംഖല വികസിപ്പിക്കുന്ന ഗ്ലോബല്‍ ഗേറ്റ് വേ ടു കള്‍ച്ചറല്‍ ക്രൂസിബിള്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന ടൂറിസം വകുപ്പ് സമര്‍പ്പിച്ച പദ്ധതിയാണിത്. 95.34 കോടിയുടെ വികസനമാണ് നടക്കുക. പദ്ധതി നടപ്പാകുന്നതോടെ ഈ മേഖല പ്രധാന ടൂറിസം ഇടനാഴിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ആഗോള തലത്തില്‍ സര്‍ഗാലയ കൂടുതല്‍ ശ്രദ്ധിക്കപ്പെടും.'' അദ്ദേഹം പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine