ബിസിനസ് സ്‌കെയ്ല്‍ അപ്പ് ചെയ്യാം; സംരംഭക സംഗമം പെരിന്തല്‍മണ്ണയില്‍

മലബാറിലെ ഏറ്റവും വലിയ ബിസിനസ് കോണ്‍ക്ലേവ് ആയ 'സ്കെയിൽ അപ് 2024' ഫെബ്രുവരി 2,3 തീയതികളില്‍ പെരിന്തല്‍മണ്ണയില്‍ നടക്കുന്നു. നിക്ഷേപ സാധ്യതകളേറെയുള്ള പെരിന്തല്‍മണ്ണയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള കോണ്‍ക്ലേവ് ഷിഫാ കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്.

മൂന്നു വര്‍ഷം കൊണ്ട് 50 പുതിയ സംരംഭങ്ങളിലൂടെ 1,000 തൊഴിലവസരങ്ങളുണ്ടാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ ചിന്തകളുമായെത്തുന്നവര്‍ക്ക് സ്‌കെയില്‍ അപ് വില്ലേജ് തുടങ്ങും.

സ്കെയിൽ അപ് വില്ലേജ്

പെരിന്തല്‍മണ്ണയില്‍ തുടങ്ങുന്ന സ്‌കെയില്‍ അപ്പ് വില്ലേജില്‍ 25,000 ചതുരശ്ര അടിയില്‍ പുതിയ കെട്ടിടം നിര്‍മിക്കും. പുതിയ സംരംഭകര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കാന്‍ വ്യവസായ മേഖലയിലെ വിദഗ്ധരുടെ പങ്കാളിത്തം ഉറപ്പാക്കും. കേരള സര്‍ക്കാരിന് കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെ.എസ്.ഐ.ഡി.സി., അസാപ്പ്, നോളജ് ഇക്കോണമി മിഷന്‍ തുടങ്ങിയവര്‍ പുതിയ സംരംഭത്തില്‍ പങ്കാളികളാകും. ഇക്കോസിസ്റ്റം പാര്‍ട്ണറാകുന്നത് മലയാളികള്‍ നേതൃത്വം നല്‍കുന്ന ഫിന്‍ടെക് കമ്പനിയായ 'ഓപ്പണ്‍' ആണ്.
സംരംഭങ്ങൾക്ക് പ്രോത്സാഹനം
ഡി 2 സി ബിസിനസ് (നേരിട്ട് ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്ന സംരംഭം) മാതൃകയിലുള്ള കമ്പനികള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ പ്രോത്സാഹനം നല്‍കുക. വ്യവസായ പാര്‍ക്ക് നടത്തിപ്പിനായി ഒരു നിക്ഷേപ കമ്പനിയും ആരംഭിക്കും. നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ നൈപുണ്യം ഉപയോഗപ്പെടുത്തുന്ന പ്രത്യേക പദ്ധതി തയ്യാറാക്കാനും വില്ലേജില്‍ പദ്ധതിയുണ്ട്. ഇതിനായി കോണ്‍ക്ലേവില്‍ പ്രവാസി സംരംഭകര്‍ക്കായി പ്രത്യേക സെഷനുകളുണ്ടാകും.

മന്ത്രി പി.രാജീവ്, എം.എല്‍.എ പി.കെ കുഞ്ഞാലിക്കുട്ടി, നജീബ് കാന്തപുരം തുടങ്ങിയവര്‍ക്കൊപ്പം കേരളത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖ വ്യവസായികളും പ്രഭാഷകരാകും.

രജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കും: www.scaleupconclave.com

Related Articles
Next Story
Videos
Share it