ബൈജൂസിന് അടുത്ത തിരിച്ചടി; വേദാന്തയിലേക്ക് തിരിച്ചുപോയി സി.എഫ്.ഒ

സാമ്പത്തിക ഞെരുക്കത്തില്‍പ്പെട്ട് പതറുന്ന പ്രമുഖ വിദ്യാഭ്യാസ ടെക്‌നോളജി സ്ഥാപനമായ (EdTech) ബൈജൂസിന് (Byju's) കൂടുതല്‍ പ്രതിസന്ധിയുമായി തലപ്പത്ത് നിന്ന് വീണ്ടും ഉന്നതന്റെ രാജി.

ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (CFO) അജയ് ഗോയലാണ് രാജിവച്ചത്. പുനഃസംഘടനാ (Read details) നടപടികളിലേക്ക് കടക്കുന്ന വേദാന്തയിലേക്ക് 'മടങ്ങുന്ന' അദ്ദേഹം ഒക്ടോബര്‍ 30ന് പുതിയ ചുമതല ഏറ്റെടുക്കും. നേരത്തേ വേദാന്തയില്‍ നിന്ന് രാജിവച്ചായിരുന്നു ഗോയല്‍ ബൈജൂസില്‍ ചേര്‍ന്നത്.
വേദാന്തയുടെ സി.എഫ്.ഒയായ സനല്‍ ശ്രീവാസ്തവ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 24ന് രാജിവച്ചുവെന്ന് ഓഹരി വിപണികള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ വേദാന്ത വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിസന്ധിക്കിടെ വിടപറയല്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടബാദ്ധ്യതകളിലും അകപ്പെട്ട ബൈജൂസ് ഏത് വിധേനയും കരകയറാനുള്ള മാര്‍ഗങ്ങള്‍ തേടവേയാണ് സി.എഫ്.ഒ സ്ഥാനത്തുനിന്ന് അജയ് ഗോയല്‍ രാജിവച്ചത്.
ബൈജൂസില്‍ നിന്ന് ഉന്നതര്‍ രാജിവച്ചൊഴിയുന്നത് സമീപകാലത്ത് തുടര്‍ക്കഥയാണ്. ബൈജൂസ് ഇന്ത്യ ബിസിനസ് സി.ഇ.ഒ മൃണാള്‍ മോഹിത് പടിയിറങ്ങിയത് കഴിഞ്ഞമാസമാണ്.
ചീഫ് ബിസിനസ് ഓഫീസര്‍ പ്രത്യുഷ അഗര്‍വാള്‍, ബൈജൂസ് ട്യൂഷന്‍ സെന്റേഴ്‌സ് ബിസിനസ് ഹെഡ് ഹിമാന്‍ഷു ബജാജ്, ക്ലാസ് 4-10 ബിസിനസ് ഹെഡ് മുക്ത ദീപക്, ബൈജൂസിന്റെ അന്താരാഷ്ട്ര ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റും മലയാളിയുമായ ചെറിയാന്‍ തോമസ് തുടങ്ങിയവരും രാജിവച്ചത് സമീപ കാലത്താണ്.
പ്രവര്‍ത്തനഫലം പുറത്തുവിടാനിരിക്കേ രാജി
2020-21ന് ശേഷം പ്രവര്‍ത്തനഫലം പുറത്തുവിടാന്‍ ബൈജൂസ് തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ഓഡിറ്റര്‍മാരായ ഡിലോയിറ്റ് രാജിവച്ചിരുന്നു.
എന്നാല്‍, 2021-22ലെ പ്രവര്‍ത്തനഫലം ഉടന്‍ പുറത്തുവിടുമെന്ന് ബൈജൂസ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. ഓഡിറ്റിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയാണ് സി.എഫ്.ഒ അജയ് ഗോയല്‍ രാജിവച്ചതെന്ന് ബൈജൂസ് വ്യക്തമാക്കിയിട്ടുണ്ട്.
2020-21ല്‍ 2,280 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനം നേടിയ ബൈജൂസ് 4,558 കോടി രൂപയുടെ നഷ്ടവും നേരിട്ടിരുന്നു. തൊട്ടു മുന്‍വര്‍ഷത്തെ 262 കോടി രൂപയില്‍ നിന്നാണ് നഷ്ടം കുതിച്ചുയര്‍ന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബൈജൂസ് പ്രതാപകാലത്ത് ഏറ്റെടുത്ത ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസിന്റെ ഓഹരികള്‍ വിറ്റൊഴിയാനുള്ള നീക്കത്തിലാണ് ഇപ്പോഴെന്നാണ് സൂചനകള്‍.

Related Articles

Next Story

Videos

Share it