ഷാജിയുടെ അക്വാ വിപ്ലവം

വിദേശിയാണ് എല്‍ വനാമി ചെമ്മീന്‍. അങ്ങ് ദൂരെ മെക്‌സിക്കന്‍ സ്റ്റേറ്റായ സൊനോറയില്‍ കിഴക്കന്‍ പസഫിക് സമുദ്രത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ 12-14 മാസം കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ ഒരു കിലോ പിടിച്ച് പാത്രത്തിലിട്ടാല്‍ കഷ്ടി പത്തെണ്ണം കണ്ടെന്നിരിക്കും. അതേ എല്‍ വനാമിയെ വെറും 100-130 ദിവസം കൊണ്ട്, 80 ഗ്രാമെന്ന ഒത്തഭാരത്തില്‍ കുളത്തില്‍ വളര്‍ത്തി വിളവെടുത്തിരിക്കുകയാണ് കിംഗ്‌സ് ഇന്‍ഫ്ര.

''ലോകത്ത് ഒരിടത്തുമുള്ള അക്വാഫാമുകളില്‍ ഒന്നിന് 80 ഗ്രാം തൂക്കം വരുന്ന എല്‍ വനാമിയെ വിളവെടുത്തതായി ഇതുവരെ അറിവില്ല. ഞങ്ങളുടെ സ്വന്തം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം വികസിപ്പിച്ചെടുത്ത സവിശേഷമായ കൃഷിരീതിയും അനുബന്ധ സംവിധാനങ്ങളും വഴിയാണ് ഇത്തരമൊരു റെക്കോര്‍ഡ് സൃഷ്ടിക്കാനായത്,'' കിംഗ്‌സ് ഇന്‍ഫ്രയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഷാജി ബേബി ജോണ്‍ പറയുന്നു.

വലുപ്പത്തില്‍ മാത്രമല്ല എല്‍ വനാമിയുടെ വമ്പത്തം. ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ഏറെ പ്രിയങ്കരമാണിതിന്റെ രുചി. രാജ്യത്തെ ചെമ്മീന്‍ കെട്ടുകളില്‍ വളര്‍ത്തി വിളവെടുക്കുന്ന ചെമ്മീനുകള്‍ക്ക് കിലോയ്ക്ക് ശരാശരി അഞ്ച് ഡോളര്‍ വില ലഭിക്കുമ്പോള്‍ അതേ കുളങ്ങളില്‍ തന്നെ വളര്‍ത്തുന്ന എല്‍ വനാമിക്ക് കിലോയ്ക്ക് 15 ഡോളര്‍ വരെ ലഭിക്കാം. എവിടെ, എങ്ങനെ, ഏത് രീതിയില്‍ വളര്‍ത്തിയെന്ന ഊരുപേരുമായി വിപണിയിലെത്തുന്ന വമ്പന്‍ എല്‍ വനാമി, ചെമ്മീന്‍ കൃഷിയുടെ തലവര മാറ്റുന്നതിങ്ങനെയാകുമെന്ന് വിശദീകരിക്കുന്ന ഷാജി ബേബി ജോണ്‍.

അക്വാകള്‍ച്ചറിന്റെ ശൈലികള്‍ തന്നെ മാറ്റുന്നത് ഷാജി ബേബി ജോണിന് പുത്തരിയല്ല. കേരള രാഷ്ട്രീയത്തിലെ കരുത്തനും മുന്‍മന്ത്രിയുമായിരുന്ന ബേബി ജോണിന്റെ മകന്‍ ഷാജി ബേബി ജോണ്‍, പിതാവ് തുടക്കമിട്ട കിംഗ്‌സ് ഇന്‍ഫ്രയ്ക്ക് ഒപ്പം ചേര്‍ന്ന് 1980കളില്‍ തന്നെ ബ്ലൂ റവല്യൂഷനിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരുന്നു. അന്നേ ഷാജി ബേബിജോണിന് കൈമുതലായുണ്ട് അതിനൂതന സാങ്കേതിക വിദ്യകള്‍ അവലംബിച്ചുള്ള കൃഷിരീതികള്‍.
വമ്പന്‍ വനാമിയെകൊണ്ട് എന്താണ് മെച്ചം?
ആഗോള മത്സ്യോല്‍പ്പാദനത്തിന്റെ ഇന്ത്യയുടെ സംഭാവന ഏഴ് ശതമാനമാണ്. അതില്‍ 68 ശതമാനവും അക്വാകള്‍ച്ചര്‍ ഉല്‍പ്പാദനം. ഹാച്ചറി, പ്രോസസിംഗ്, കയറ്റുമതി, ആഭ്യന്തര വിപണി എന്നിങ്ങനെ അക്വാകള്‍ച്ചര്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട മറ്റെല്ലാ മേഖലകളും ഏറെ പുരോഗതി കൈവരിച്ചെങ്കിലും കര്‍ഷകരുടെ കാര്യത്തില്‍ അതു സംഭവിച്ചിട്ടില്ലെന്ന് ഷാജി ബേബി ജോണ്‍ നിരീക്ഷിക്കുന്നു. അക്വാകള്‍ച്ചര്‍ ഇന്‍ഡസ്ട്രിയുടെ നട്ടെല്ലായ കര്‍ഷകര്‍ക്കു കൂടി എങ്ങനെ കൂടുതല്‍ മെച്ചം സമ്മാനിക്കാമെന്ന അന്വേഷണമാണ് വമ്പന്‍ എല്‍ വനാമിയുടെ വളര്‍ത്തലിലേക്ക് കിംഗ്‌സ് ഇന്‍ഫ്രയെ നയിച്ചത്.

ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മത്സ്യങ്ങളുടെ വലുപ്പം കുറവാണെന്നത് ഒരു പ്രധാന പ്രശ്നമാണ്. ഒരു ചെമ്മീന്റെ ഭാരം ശരാശരി 10-20 ഗ്രാം മാത്രമായിരിക്കും. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ഭാരമുള്ള ചെമ്മീനുകളെ കുറഞ്ഞ സ്ഥലത്ത് വിളയിച്ചെടുത്താല്‍ കര്‍ഷകര്‍ക്ക് മെച്ചമേറെയായിരിക്കും. ഇതിനായുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.
വിജയരഹസ്യം സിസ്റ്റ 360!
ഇന്ത്യന്‍ ചെമ്മീന്‍ കെട്ടുകളില്‍ ലോകത്തുതന്നെ വലിയ ചെമ്മീന്‍ വളര്‍ത്തുകയെന്നതായിരുന്ന കിംഗ്‌സ് ഇന്‍ഫ്രയുടെ ലക്ഷ്യം. ഇതിനായി തൂത്തുകുടിയിലെ കുളത്തില്‍ കിംഗ്‌സ് ഇന്‍ഫ്രയുടെ സ്വന്തം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം നൂതന വിദ്യ വികസിപ്പിച്ചെടുത്താന്‍ അഹോരാത്രം യത്‌നിച്ചു. സിസ്റ്റ360 എന്ന പ്രോട്ടോക്കോള്‍ പിറവിയെടുത്തത് അങ്ങനെയാണ്.

ചെമ്മീനുള്ള തീറ്റ ബാക്കി വരുന്നതും, മാലിന്യങ്ങളും പുനരുപയോഗത്തിനായി മാറ്റിയെടുക്കുന്നതടക്കം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തിയ അക്വ കൃഷി സംവിധാനമാണ് സിസ്റ്റ360. സിംബിയോട്ടിക് (സഹജീവിപരമായ) ആയ കൃഷി രീതിയാണിത്. അതിന് പുറമെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും, രോഗങ്ങള്‍ തടയുന്നതിനും പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളായ ശര്‍ക്കര, ചെറുനാരങ്ങ, തൈര്, മഞ്ഞള്‍, പുളി, മുരിങ്ങയില, വെളുത്തുള്ളി തുടങ്ങിയവ ചേര്‍ന്നുള്ള മിശ്രിതം ഉപയോഗിച്ചിരുന്നു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഉപേക്ഷിച്ചെന്നതും പ്രത്യേകതയാണ്.
കിംഗ്‌സ് ഇന്‍ഫ്രയും വളരുന്നു
അക്വാകള്‍ച്ചര്‍ ഫാമിംഗ് കൂടാതെ, സീ ഫുഡ് പ്രോസസിംഗ്, സമുദ്രോല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം, അക്വാകള്‍ച്ചര്‍ കണ്‍സള്‍ട്ടന്‍സി, അടിസ്ഥാനസൗകര്യ വികസനം, സമുദ്രോല്‍പ്പന്നങ്ങളുടെ റീട്ടെയില്‍ സപ്ലൈ തുടങ്ങി, അക്വാകള്‍ച്ചറിന്റെ വിവിധ മേഖലകളില്‍ കൂടി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.

വലുപ്പമേറിയ ചെമ്മീന്‍ വിളവെടുപ്പ് കിംഗ്‌സ് ഇന്‍ഫ്രായുടെ മൊത്തം വരുമാനത്തിലും, ലാഭത്തിലും ഒരു വര്‍ഷത്തിനുള്ളില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നു ഷാജി. ചെമ്മീന്‍ കൃഷിയുടെ സാമ്പത്തിക മാനദണ്ഡങ്ങളില്‍ ആകമാനം മാറ്റം കൊണ്ടുവരുന്നതിന് പുതിയ സംവിധാനം ഇട വരുത്തും. സുസ്ഥിര ഉല്‍പ്പാദന പ്രക്രിയയില്‍ ഉറവിട സര്‍ട്ടിഫിക്കറ്റുമായി വിപണിയിലെത്തുന്ന ഈ ചെമ്മീന്‍ ആഗോള-ആഭ്യന്തര വിപണികളില്‍ പ്രീമിയം വിലയില്‍ വിറ്റുപോകുമെന്നും അദ്ദേഹം പറയുന്നു.

മുംബൈ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുളള സ്ഥാപനമായ കിംഗ്‌സ് ഇന്‍ഫ്രാ ജപ്പാനിലെ എന്‍ഇസി കോര്‍പ്പറേഷനുമായി കരാറില്‍ ഒപ്പിട്ടിരുന്നു. നിര്‍മിത ബുദ്ധിയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും ഉപയോഗപ്പെടുത്തി പ്രൂഫ് ഓഫ് കണ്‍സപ്റ്റ് (പിഒസി) സംവിധാനം വികസിപ്പിക്കുന്നതിനായിരുന്നു കരാര്‍. പിഒസി-2 ഇപ്പോള്‍ പുരോഗമിക്കുകയാണ്.

ഡോ. ജെ ജയലളിത ഫിഷറീസ് യൂണിവേഴ്‌സിറ്റിയുമായും സഹകരണത്തിനുള്ള ഒരു കരാറില്‍ കമ്പനി ഒപ്പുവെച്ചിട്ടുണ്ട്. കുളത്തില്‍ RAS (റീസര്‍ക്കുലേറ്റഡ് അക്വാകള്‍ച്ചര്‍ സിസ്റ്റം) വികസിപ്പിക്കുന്നതിനുള്ള സഹകരണത്തിന്റെ ഭാഗമായ ആദ്യ പരിശീലന വിളവെടുപ്പ് വിജയകരമായി പൂര്‍ത്തിയായി. 110-ദിവസം കഴിഞ്ഞ വിളവെടുപ്പില്‍ ചെമ്മീന്റെ ശരാശരി തൂക്കം 43 ഗ്രാം ആയിരുന്നു.

പുതിയ സീസണില്‍ കമ്പനിയുടെ എല്ലാ കുളങ്ങളിലും സിസ്റ്റ360 സംവിധാനം നടപ്പാക്കാനാണ് പദ്ധതി. ജംബോ വലുപ്പത്തിലുള്ള ചെമ്മീനുകളുടെ ഉല്‍പ്പാദനത്തില്‍ സ്ഥിരത കൈവരിക്കുകയാണ് ലക്ഷ്യം. സിസ്റ്റ360 ചെമ്മീന്‍ നഴ്‌സറിയും, 100 ദശലക്ഷം വിത്തുല്‍പ്പദാന ശേഷിയുള്ള വിത്ത് ബാങ്കും കമ്പനിയുടെ പദ്ധതി പ്രദേശത്തിന് തൊട്ടടുത്ത് തന്നെ താമസിയാതെ പ്രവര്‍ത്തനമാരംഭിക്കും.
ചെമ്മീന്‍ കുഞ്ഞുങ്ങളുടെ ലഭ്യത അതുവഴി ഉറപ്പാവുന്നതോടെ ഇപ്പോഴത്തെ രണ്ട് വിളവെടുപ്പിന് പകരം മൂന്ന് വിളവെടുപ്പ് സാധ്യമാകും. വിളവെടുപ്പിന്റെ എണ്ണത്തിലെ വര്‍ധന കമ്പനിയുടെ ലാഭം അടുത്ത 12 മാസത്തിനകം ഇരട്ടിയാക്കുന്നതിനും മൊത്തം വരുമാനം 200 ശതമാനം ഉയര്‍ത്തുന്നതിനും സഹായിക്കുമെന്നു കരുതുന്നു.
സിസ്റ്റ360 വ്യാപിപ്പിക്കും
സിസ്റ്റ360 ഘട്ടംഘട്ടമായി രാജ്യത്തുടനീളം വ്യാപിപ്പിക്കുന്ന പദ്ധതിക്ക് കമ്പനി അന്തിമരൂപം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടിന്റെ തീരദേശങ്ങളിലാവും പദ്ധതി ആദ്യം നടപ്പിലാക്കുക. അടുത്ത അഞ്ചു വര്‍ഷത്തിനകം 10,000 അക്വപ്രെണേഴ്സിന്റെ (അക്വ എന്റര്‍പ്രെണേഴ്സ്) ശൃംഖല രൂപപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കിംഗ്‌സ് ഇന്‍ഫ്രായുടെ സബ്‌സിഡിയറിയായി കിംഗ്‌സ് സിസ്റ്റ360 പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു SPV ഇതിനായി രൂപീകരിച്ചു കഴിഞ്ഞു. സുസ്ഥിരവും, ഉറവിടം കണ്ടെത്താനാവുന്നതുമായ നിലയിലുള്ള 500 ദശലക്ഷം ഡോളറിന്റെ വിപണന ശൃംഖല അടുത്ത അഞ്ചു വര്‍ഷത്തിനകം SPVയുടെ കീഴില്‍ രൂപീകരിക്കാനാണ് പദ്ധതി.

കര്‍ഷക രംഗത്തെ സമൂലമായ മാറ്റം ഉള്‍പ്പെടെ കൊണ്ടുവരുന്നതോടെ, ഇന്ത്യയില്‍ അക്വാകള്‍ച്ചര്‍ രംഗത്ത് വലിയ സാധ്യതയാണുള്ളതെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയാണ് ഷാജി. ഇന്ത്യന്‍ കാലാവസ്ഥ അക്വാകള്‍ച്ചര്‍ ഇന്‍ഡസ്ട്രിക്ക് അനുയോജ്യമായ ഘടകമാണ്. അക്വാകള്‍ച്ചറിനായി വിനിയോഗിക്കാനാവുന്നതിന്റെ 10 ശതമാനം പോലും സ്ഥലം ഇതുവരെ ഇന്ത്യയില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. ചൈന ഇക്കാര്യത്തില്‍ 90 ശതമാനവും ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. എ.ഐ അടക്കമുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃഷി വ്യാപിപ്പിക്കുകയാണെങ്കില്‍ ചൈനയെ മറികടക്കാന്‍ പോലും ഇന്ത്യയ്ക്കാവുമെന്നും ഷാജി പറയുന്നു.


Razack M. Abdullah
Razack M. Abdullah  

Senior Sub Editor

Related Articles
Next Story
Videos
Share it