തനതായ രുചികള്‍ നല്‍കി സംരംഭകരാകാം, പുതിയ ഹോംഫുഡ് പ്ലാറ്റ്‌ഫോം കേരളത്തിലും

വീട്ടിലുണ്ടാക്കുന്ന സാമ്പാറും അവിയലും തീയലുമെല്ലാം ആശിച്ച് പലപ്പോഴും ഓണ്‍ലൈന്‍ ഹോം ഡെലിവറി ആപ്പുകളില്‍ ബുക്ക് ചെയ്ത് കാത്തിരുന്നാലും കിട്ടുന്നത് വെള്ളത്തില്‍ ഓടിക്കളിക്കുന്ന പച്ചക്കറി കഷണങ്ങള്‍ ചേര്‍ത്ത എന്തോ കറികളാകും. എന്നാല്‍ ഒരേ രുചികളില്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മിനിറ്റുകള്‍ക്കുള്ളില്‍ കിട്ടിയാലോ? ഇന്ത്യയിലെ ആദ്യ ബ്രാന്‍ഡഡ് ഹോംഫുഡ് പ്ലാറ്റ്‌ഫോം കേരളത്തിലും എത്തുകയാണ്.

കോഴിക്കോടും കൊച്ചിയിലും വിളമ്പുന്ന ഭക്ഷണത്തിന് ഇനി ഒരേ സ്വാദ്.
ഉണ്ടാക്കുന്നത് പല വീടുകളില്‍ നിന്നാണെങ്കിലും ഒരേ സ്വാദ് എന്നത് എങ്ങനെ സാധ്യമാകും എന്നല്ലേ, അതാണ് ഷീറോ ഹോം ഫുഡ് എന്ന ബ്രാന്‍ഡിന്റെ പ്രത്യേകത. മാത്രമല്ല, പ്രീ ഓര്‍ഡറുകള്‍ ഇല്ലാതെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.
സ്വിഗ്ഗി, സൊമാറ്റോ, പൊട്ടാഫോ എന്നിവയുമായി ബന്ധിപ്പിച്ചുള്ള ഷീറോ ഹോം ഫുഡ് 2020 ല്‍ തമിഴ്‌നാട് ആരംഭിച്ച് 30 നഗരങ്ങളിലെ 280 അടുക്കളകളില്‍ നിന്നായി 3,64,326 വിഭവങ്ങള്‍ ഇതിനോടകം വിതരണം ചെയ്തു. 1,26,412 ഓര്‍ഡറുകള്‍ ആണ് ഷീറോ ഹോം ഫുഡ് നടത്തിയത്.
തിലക് വെങ്കടസാമി, എ ജയശ്രീ എന്നിവരാണ് ചെന്നൈ ആസ്ഥാനമായ ഷീറോ ഹോം ഫുഡ് ഫൗണ്ടര്‍മാര്‍. ചെന്നൈ ആസ്ഥാനമായ ഷീറോ ഹോം ഫുഡ് സ്റ്റാര്‍ട്ടപ്പിന്റെ ഫ്രാഞ്ചൈസിംഗ് ബിസിനസ്, കേരളത്തില്‍ വര്‍ഗീസ് ആന്റണി, നിമ്മി വര്‍ഗീസ്, ഓപ്പറേഷന്‍ മാനേജര്‍ ജോര്‍ജ് കെ ഏലിയാസ്, എന്നിവര്‍ ചേര്‍ന്നാണ് നയിക്കുന്നത്. ദക്ഷിണേന്ത്യയില്‍ പലയിടത്തും വിജയകരമായി പരീക്ഷിച്ച ശേഷമാണ് ഷീറോ കേരളത്തിലെത്തുന്നത്. വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ നിന്നും ഒരു മാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ ഇത് അവസരമൊരുക്കുന്നതായി പ്ലാറ്റ്‌ഫോമിന്റെ സേവനങ്ങളെ വിശദമാക്കി വര്‍ഗീസ് ആന്റണി പറഞ്ഞു.
ഫുഡ് ഡെലിവറി മാത്രമല്ല പരിശീലനം മുതല്‍ ലൈസന്‍സിംഗും വിപണനവും വിതരണവും ഗുണനിലവാരം ഉറപ്പാക്കുന്നതും വരെ നീളുന്നു ഈ പ്ലാറ്റ്‌ഫോം മുന്നാട്ടുവയ്ക്കുന്ന സേവനങ്ങള്‍. 'ഉബര്‍' മാതൃകയിലുള്ള ഒരു ഹോം ഫുഡ് പ്ലാറ്റ്‌ഫോം ആണിത്. 280 ല്‍ കൂടുതല്‍ വീടുകളിലെ അടുക്കളകളില്‍ ഉണ്ടാക്കുന്ന 175 ല്‍ അധികം വിഭവങ്ങള്‍ ഷിറോ ഇപ്പോള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നുണ്ട്. ശുചിത്വ മാനദണ്ഡങ്ങളിലോ, ഗുണനിലവാരത്തിലോ ഒട്ടും വിട്ടുവീഴ്ചയില്ല.
'ഹോം' സംരംഭകര്‍
ഷീറോ ഹോം ഫുഡിന്റെ ഭാഗമാകാന്‍ അടുക്കളയില്‍ അധിക മുതല്‍മുടക്ക് ആവശ്യമില്ല. പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കുന്നതിന് ചില അടിസ്ഥാന മാനദണ്ഡങ്ങള്‍ കമ്പനി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വീടുകളില്‍ തന്നെ അടുക്കളകള്‍ സജ്ജീകരിക്കുന്ന ന്യൂക്ലിയര്‍ കിച്ചണ്‍, കുറച്ചുകൂടി വിപുലമായി കൂടുതല്‍ സൗകര്യങ്ങളോടെ ജീവനക്കാരെ ഉള്‍പ്പെടുത്തി സജ്ജമാക്കുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ എന്നീ രണ്ട് ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. ട്രെയ്‌നിംഗും നല്‍കും.
കേരള, തമിഴ്, ചെട്ടിനാട്, ആന്ധ്ര, നോര്‍ത്ത് ഇന്ത്യന്‍ വെജ് വിഭവങ്ങളാണ് ഇപ്പോള്‍ മെനുവില്‍ ഉള്ളത്. നോണ്‍ വെജ് വിഭവങ്ങള്‍ ഏറെ വൈകാതെ ഷീറോ മെനുവിന്റെ ഭാഗമാകും. അതിനായി പ്രത്യേക പ്ലാറ്റ്ഫോം ഒരുങ്ങുകയാണ്. 2025 ഓടെ പതിനായിരം ഇന്ത്യന്‍ വീട്ടമ്മമാരെ സംരംഭകരാക്കാന്‍ ലക്ഷ്യമിടുന്നു. അവരുടെ മാസ വരുമാനത്തില്‍ ഗണ്യമായ വളര്‍ച്ച ഷീറോ ഉറപ്പാക്കുന്നു.

ഇന്ത്യയിലെ ആദ്യ ബ്രാന്‍ഡഡ് ഹോം ഫുഡ് പ്ലാറ്റ്‌ഫോം ആയ 'ഷീറോ' കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ പ്രഖ്യാപനം ഷീറോ ഹോം ഫുഡ്സ് കേരള ഓപ്പറേഷന്‍ മാനേജര്‍ ജോര്‍ജ് കെ ഏലിയാസ്, മാസ്റ്റര്‍ ഫ്രാഞ്ചൈസി ഉടമകളായ വര്‍ഗീസ് ആന്റണി, നിമ്മി വര്‍ഗീസ് എന്നിവര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിക്കുന്നു

സ്വിഗി, സൊമാറ്റോ തുടങ്ങിയ വമ്പന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകളുമായി ഷീറോ ധാരണയായിട്ടുണ്ട്. അതുവഴി പഴുതുകളില്ലാത്ത, അതിവേഗ ഡെലിവറി ഇന്ത്യയിലെവിടെയും സാധ്യമാകും. പ്രാദേശിക ഡെലിവറി ശൃംഖലകള്‍ വഴിയും വിതരണമുണ്ട്.
കേരളത്തില്‍ വലിയ വളര്‍ച്ച കമ്പനി ലക്ഷ്യമിടുന്നു. 500 കിച്ചണ്‍ പാര്‍ട്ടിനേഴ്‌സിനെ ഇക്കൊല്ലം തന്നെ സജ്ജരാക്കാന്‍ ബ്രാന്‍ഡ് ലക്ഷ്യമിടുന്നു. കേരളത്തില്‍ കിച്ചണ്‍ പാര്‍ട്‌നേഴ്‌സിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. 2000 രൂപ നല്‍കി ആര്‍ക്കും ഷീറോ ഹോം ഫുഡിന്റെ ഭാഗമാകാം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Related Articles
Next Story
Videos
Share it