ഓഫീസില്‍ ചാറ്റ്ജിപിടി നിരോധിക്കണോ?

എന്തിനും ഏതിനും ടീമംഗങ്ങള്‍ ചാറ്റ്ജിപിടിയെ ആശ്രയിക്കുമ്പോള്‍ ഓഫീസില്‍ അത് നിരോധിക്കുന്നതാണോ നല്ലത്?
Lawyers use chatgpt for case using phone laptop ai systems
Representational Image From Canva
Published on

ഒരു ദിവസം വൈകിട്ട് കഫ്‌റ്റേരിയയില്‍ വെച്ചാണ് ആ സുഹൃത്തിനെ കണ്ടത്. ബിസിനസുകാരനായ അദ്ദേഹം ആരോടോ സംസാരിച്ച് ഫോണ്‍ കട്ട് ചെയ്യുന്നു. മുഖത്ത് ദേഷ്യഭാവം. അങ്ങോട്ടെന്തെങ്കിലും ചോദിക്കുന്നതിന് മുമ്പേ സുഹൃത്ത് സംസാരിച്ചു തുടങ്ങി. ''ഭാര്യയാണ് വിളിച്ചത്. മകള്‍ ഹോംവര്‍ക്ക് ചെയ്യുന്നത് മുഴുവന്‍ ചാറ്റ്ജിപിടിയെ ആശ്രയിച്ചാണെന്നാണ് പരാതി. അങ്ങനെ ചെയ്യരുതെന്ന് കര്‍ശനമായി വിലക്കിയതാണ്. ഓഫീസിലും ചാറ്റ്ജിപിടി നിരോധിക്കണം,'' ദേഷ്യം അല്‍പ്പം പോലുംതണുക്കാതെ തന്നെ സുഹൃത്ത് പറഞ്ഞു.

'എന്തിന്?' ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു. 'എന്ത് പറഞ്ഞാലും അത് ചാറ്റ്ജിപിടിയോട് ചോദിച്ച് എന്തൊക്കെയോ ചെയ്തുകൊണ്ടുവരും. അവര്‍ ചിന്തിക്കുന്നുപോലുമില്ല. യാതൊരു സെന്‍സുമില്ലാത്ത കാര്യം ഫയല്‍ ചെയ്തിട്ട് വെറുതെ ഇരുന്ന് സമയം കളയുന്നു. അടുത്ത മീറ്റിംഗില്‍ തീര്‍ച്ചയായും ചാറ്റ്ജിപിടി ഓഫീസില്‍ പാടില്ലെന്ന് പറയും''

'ഇങ്ങനെ ചാടിപ്പിടിച്ച് നിരോധനം ഏര്‍പ്പെടുത്തണോ?'' ഞാന്‍ ആരാഞ്ഞു. 'കാര്യങ്ങള്‍ തോന്നുംപോലെ നടന്നാല്‍ മതിയെന്നാണോ അജയ് പറയുന്നത്,'' സുഹൃത്തിന്റെ രോഷമടങ്ങുന്നില്ല.

സാധ്യതകള്‍ അപാരമാണ്

എന്തിനെയും കീഴ്മേല്‍ മറിക്കാനുള്ള കരുത്തുണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും അത് അധിഷ്ഠിതമായുള്ള ടൂളുകള്‍ക്കും. സ്വന്തം ടീമംഗങ്ങള്‍ ഒരു സെന്‍സുമില്ലാതെ അത് ഉപയോഗിക്കുന്നുവെന്ന കാരണത്താല്‍ അത് നിരോധിക്കുകയല്ല വേണ്ടത്. ഒരുപക്ഷേ നിങ്ങളുടെ എതിരാളികള്‍ മാര്‍ക്കറ്റ് റിസര്‍ച്ച് മുതല്‍ പുതിയ ആശയം കണ്ടെത്താന്‍ വരെ മികച്ച രീതിയില്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നുണ്ടാകും.

ചാറ്റ്ജിപിടി പറയുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങരുത്. അത് ശരിയുമല്ല. നമ്മുടെ വൈദഗ്ധ്യവും അനുഭവസമ്പത്തും എല്ലാം ഉപയോഗിച്ച് ചാറ്റ്ജിപിടിയെ കൊണ്ട് പണിയെടുപ്പിക്കാനാകും. ചാറ്റ്ജിപിടിയുടെ ഉപയോഗം തൊഴിലിടത്ത് ഉല്‍പ്പാദനക്ഷമത കൂട്ടുമെന്ന് പഠനങ്ങള്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്.

ചാറ്റ്ജിപിടി വ്യാപകമായി, തോന്നിയ പോലെ ഉപയോഗിക്കുന്നുവെന്ന് പരാതിപ്പെടും മുമ്പ് എങ്ങനെ മികച്ച രീതിയില്‍ ചാറ്റ്ജിപിടി ഉപയോഗിക്കാന്‍ ടീമംഗങ്ങളെ പ്രാപ്തരാക്കാം എന്നാണ് നോക്കേണ്ടത്. ആര്‍ക്കും മടുപ്പുണ്ടാക്കുന്ന ചില ജോലികളില്ലേ? മീറ്റിംഗ് ഷെഡ്യൂള്‍ ചെയ്യല്‍, മീറ്റിംഗിന്റെ അജണ്ട തീരുമാനിക്കല്‍ അങ്ങനെ ചിലതെല്ലാം മികച്ച രീതിയില്‍ ചാറ്റ്ജിപിടിയുടെ സഹായത്താല്‍ വളരെ വേഗം തീര്‍ക്കാനാകും.

സ്വന്തം ഓഫീസില്‍, അല്ലെങ്കില്‍ ബിസിനസില്‍ ചാറ്റ്ജിപിടി എവിടെയെല്ലാം എങ്ങനെയെല്ലാം ഉപയോഗിക്കാമെന്ന് കൃത്യമായി അറിയണം. ഒന്നോര്‍ക്കുക, ഈ സാങ്കേതിക വിദ്യ അനുദിനം മെച്ചപ്പെട്ടുവരുന്ന ഒന്നാണ്. പിഴവുകളും പ്രശ്നങ്ങളും കാണും. റിസ്‌കുമുണ്ടാകും. പക്ഷേ അതെല്ലാം ചാറ്റ്ജിപിടിക്ക് നേരെ വാതില്‍ അടയ്ക്കാനുള്ള കാരണമല്ല.

ഇത്തരം ടൂളുകള്‍ ഉപയോഗിക്കുന്നതിന് ബിസിനസില്‍ ഒരു നയവുമുണ്ടായിരിക്കണം. ഏറ്റവും കൃത്യമായി ചാറ്റ്ജിപിടി പ്രോംപ്റ്റ് എഴുതുന്നതാവാം ഒരുപക്ഷേ ഭാവിയിലെ ഡിമാന്‍ഡ് ഏറെയുള്ള ജോലി. ആര്‍ക്കറിയാം. എല്ലാം കാത്തിരുന്ന് കാണാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com