സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ മോഹമുണ്ടോ? ഈ ലിസ്റ്റ് പരിശോധിക്കൂ!

സ്റ്റാര്‍ട്ടപ്പ് എന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ പദമായിരിക്കുന്നു. എല്ലാവരും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടിയുള്ള ശ്രമത്തിലാണ്. പക്ഷെ പലരും എന്താണ് ബിസിനസ് എന്നു പോലുമറിയാതെ അതിന്റെ ബാലപാഠങ്ങള്‍ പോലും മനസിലാക്കാതെയാണ് ഇതിലേക്ക് എടുത്തു ചാടുന്നത്. ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിനു മുന്‍പ് സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളാണ് ഇവിടെ കൊടുക്കുന്നത്. സ്വന്തമായി ഓരോന്നിനും ഉത്തരം കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ ഏതാണ്ട് തയ്യാറായി എന്നാണ് അര്‍ഥം!

1. എന്തിനാണ് ബിസിനസ് തുടങ്ങുന്നത്?

ജോലി ചെയ്യാന്‍ മടി ഉള്ളതു കൊണ്ടോ, വേറെ ഒരാളുടെ കീഴില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യം ഇല്ലാത്തതുകൊണ്ടോ, കുറെ പൈസ പെട്ടെന്ന് ഉണ്ടാക്കണം എന്നതുകൊണ്ടോ ആണ് നിങ്ങള്‍ ബിസിനസിലേക്ക് ഇറങ്ങുന്നതെങ്കില്‍ തീരുമാനം പുനഃപരിശോധിക്കേണ്ടി വരും. കാരണം, ഇതിനെല്ലാം ഉപരിയായി ബിസിനസ് ചുറ്റുമുള്ള ഒരു പ്രശ്‌നത്തെ പരിഹരിക്കുന്ന ഒന്നാകണം. അതിലുപരിയായി ഒരു ബിസിനസുകാരന്‍ ചില കഴിവുകള്‍ ഉള്ളവനാകുകയും വേണം. റിസ്‌ക് എടുക്കാനുള്ള ധൈര്യവും, ക്രിയേറ്റീവ് ആയി ചിന്തിക്കാനും, തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കാനുള്ള കഴിവും അത്യാവശ്യമാണ്. ഒരു ലീഡര്‍ ആയി മറ്റുള്ളവര്‍ക്ക് മാതൃക ആകാനും കഴിവ് ഉള്ളവനായിരിക്കണം ഒരു സംരംഭകന്‍. നിങ്ങള്‍ നിങ്ങളുടെ തന്നെ ഒരു swot (Strength, weakenes, Opportunities, Threats) Analysis ചെയ്തു നോക്കുക. ഉറപ്പുണ്ടെങ്കില്‍ മുന്നോട്ടു പോകുക.

2. എന്താണ് ഒരു നല്ല ബിസിനസ് ഐഡിയ?

എല്ലാവര്‍ക്കും ഐഡിയകള്‍ ഉണ്ടാകാം. സ്വന്തം ഐഡിയ എല്ലാവര്‍ക്കും നല്ലതായി തോന്നുകയും ചെയ്യും. പക്ഷെ യഥാര്‍ത്ഥത്തില്‍ അത് നല്ല ഐഡിയ തന്നെയാണോ? ഇത് മാര്‍ക്കറ്റില്‍ വര്‍ക്ക് ചെയ്യുമോ? ഇത്തരം പ്രായോഗികമായ ചിന്തകള്‍ കൂടി വേണം. താഴെ പറയുന്ന ചില സ്‌െറ്റപ്പുകളിലൂടെ ഒരു നല്ല ഐഡിയ കണ്ടുപിടിക്കാം.

  • സ്വന്തം ഇഷ്ടങ്ങള്‍, ഹോബികള്‍, കഴിവുകള്‍ എന്നിവയുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക
  • ഈ ഇഷ്ടങ്ങള്‍, ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍, ഹോബികള്‍ എന്നിവയില്‍ നമ്മളോ ചുറ്റും ഉള്ളവരോ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ലിസ്റ്റ് ചെയ്യുക
  • ഈ ബുദ്ധിമുട്ടുകള്‍ എങ്ങനെ പരിഹരിക്കാം എന്ന് ആലോചിക്കുക
  • നിങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ഉപയോഗിച്ച് അല്ലെങ്കില്‍ നിങ്ങളുടെ കഴിവുകള്‍ ഉപയോഗിച്ച് അത് സാധ്യമാണോ എന്ന് പരിശോധിക്കുക
  • അതിനായി ഒരു മോഡല്‍ ഉണ്ടാക്കുക
  • സുഹൃത്തുക്കളും, ഈ പ്രശ്‌നം അനുഭവിക്കുന്നവരുമായി ചര്‍ച്ച ചെയ്യുക.
  • വേണ്ട മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം വിശദമായ പ്ലാന്‍ ഉണ്ടാക്കുക
  • സാമ്പത്തികമായി അത് എങ്ങനെ നടപ്പിലാകും എന്ന് ഉറപ്പു വരുത്തുക.

സ്റ്റാര്‍ട്ട് അപ്പ് ഐഡിയ റെഡി!

3. ചില ഉറപ്പു വരുത്തലുകള്‍

പക്ഷെ അതിനു മുന്‍പ് മാര്‍ക്കറ്റ് നന്നായി പഠിക്കുന്നത് നല്ലതാണ്. ശരിയായ മാര്‍ക്കറ്റ് അനാലിസിസ് ഉണ്ടെങ്കില്‍ പിന്നീട് സെയ്ല്‍സിനു ബുദ്ധിമുട്ടേണ്ടി വരില്ല.

അതിനായി,

  • കസ്റ്റമര്‍ ആരാണെന്നും അവരുടെ ആവശ്യങ്ങള്‍ എന്താണെന്നും ആഴത്തില്‍ മനസിലാക്കുക
  • ആരൊക്കെയാണ് ഈ ഫീല്‍ഡില്‍ ഉള്ളതെന്നും മത്സരം എത്ര കടുത്തതാണെന്നും മനസിലാക്കുക
  • ഒപ്പം, ആരും ഉപയോഗിച്ചിട്ടില്ലാത്ത അവസരങ്ങള്‍ കണ്ടെത്തി ഉപയോഗിക്കുക

അതിനു ശേഷമാണ് വിശദമായ ബിസിനസ് പ്ലാന്‍ തയ്യാറാക്കേണ്ടത്. ഒരു ബിസിനസ് പ്ലാനില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഞാന്‍ കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞിരുന്നു. ആ ഫോര്‍മാറ്റ് ഉപയോഗിച്ച് നല്ലൊരു പ്ലാന്‍ കൂടി ഉണ്ടാക്കുക. പക്ഷെ ഒരു നല്ല പേര് അതിനു മുന്‍പ് തന്നെ തെരഞ്ഞെടുത്തോളൂ... മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് വെബ്‌സൈറ്റില്‍ നോക്കി പേര് ലഭ്യമാണ് എന്ന് ഉറപ്പു വരുത്തിയേ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആണെങ്കില്‍ പേരിടാവൂ... ഒപ്പം ട്രേഡ് മാര്‍ക്കും ലഭ്യമാണ് എന്ന് ഉറപ്പ് വരുത്തണം. ഒരു നല്ല ലോഗോ കൂടി ഡിസൈന്‍ ചെയ്യാന്‍ സാധിച്ചാല്‍ സംഗതി ഉഷാറായി. ലോഗോ നമ്മുടെ കമ്പനിയെ പ്രതിനിധാനം ചെയ്യുന്ന ഒന്നാകണം. ഒപ്പം ഇപ്പോഴത്തെ ട്രെന്‍ഡുകള്‍ക്കൊപ്പം നില്‍ക്കുന്നതും ആകണം.

ഫിനാന്‍സിന്റെ കാര്യം എടുത്തു പറയേണ്ടതുണ്ട്. താഴെയുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കണ്ടുപിടിക്കാന്‍ നമുക്ക് കഴിഞ്ഞേ പറ്റൂ...

  • നിങ്ങളുടെ സേവിംഗ്‌സ് ആണോ ഉപയോഗിക്കുന്നത്?
  • അല്ലെങ്കില്‍, ഏതെല്ലാം മാര്‍ഗങ്ങളിലൂടെയാണ് ഫണ്ട് സ്വരൂപിക്കുന്നത്?
  • ബാങ്ക്, ആണെങ്കില്‍ ഏറ്റവും ചെറിയ പലിശ ആണെന്നു ഉറപ്പു വരുത്തിയിട്ടുണ്ടോ? അത് തിരിച്ചടക്കാന്‍ ഉള്ള മാര്‍ഗത്തെ പറ്റി വ്യക്തത ഉണ്ടോ?
  • സുഹൃത്തുക്കളോ, ഇന്‍വെസ്റ്റേഴ്‌സോ ആണെങ്കില്‍ അവര്‍ക്ക് എത്ര, എപ്പോഴെല്ലാം തിരിച്ചു കൊടുക്കും എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടോ? എഗ്രിമെന്റുകള്‍ തയ്യാറാക്കിയിട്ടുണ്ടോ ?
  • ചുരുങ്ങിയത് ഒരു വര്‍ഷം എങ്കിലും കാര്യമായ വരവ് ഒന്നും പ്രതീക്ഷിക്കാതെ കമ്പനി നടത്താന്‍ ഉള്ള ഫണ്ട് കൈവശം ഉണ്ടോ?
  • ഈ മാര്‍ഗങ്ങളിലൂടെ ഫണ്ട് ലഭ്യമായില്ലെങ്കില്‍, അതിനുള്ള വേറെ എന്തെങ്കിലും വഴികള്‍ കണ്ടുവെച്ചിട്ടുണ്ടോ?

ആവശ്യമായ രജിസ്‌ട്രേഷനുകള്‍ ചെയ്യേണ്ടതുണ്ട്. ടാക്‌സുമായി ബന്ധപ്പെട്ടതും, ലോക്കല്‍ ഗവണ്‍മെന്റില്‍ നിന്നും ലഭ്യമാക്കേണ്ടതും പൊതുവായുള്ളതാണ്. ഓരോ ബിസിനസിനും അതിന്റെ പ്രത്യേകതകള്‍ അനുസരിച്ച് കൂടുതല്‍ ലൈസന്‍സുകള്‍ ആവശ്യമായി വരാം. ഇതെല്ലാം ഉണ്ട് എന്ന് ഉറപ്പു വരുത്തുക കൂടി ചെയ്യുക.

ഇനി ലോഞ്ച് ചെയ്യാം

ഇതെല്ലാമായാല്‍ നമ്മള്‍ സംഭവം ലോഞ്ച് ചെയ്യാന്‍ ഏതാണ്ട് റെഡിയാണ്. ഇതിനായുള്ള അവസാന സ്‌റ്റെപ്പുകള്‍ എന്തൊക്കെയാണെന്ന് നോക്കാം

  • ഓഫീസ് കണ്ടുപിടിക്കുക. ആദ്യം ഓഫീസ് ആവശ്യമുണ്ടോ എന്ന് നോക്കണം. ചില ബിസിനസുകള്‍ക്ക് ഒരു വിര്‍ച്വല്‍ ഓഫീസ് മാത്രം മതിയാകും. ചിലതിനു നഗരമധ്യത്തില്‍ തന്നെ വേണം. മറ്റു ചിലത് വീട്ടില്‍ ആയാലും കുഴപ്പമില്ല.
  • ഓര്‍ഗനൈസേഷന്‍ സ്ട്രക്ചര്‍ പ്രകാരം ആവശ്യമുള്ള നല്ല ടീമിനെ റിക്രൂട്ട് ചെയ്യുക. ട്രെയ്ന്‍ ചെയ്യുക
  • സോഫ്റ്റ്‌വെയറോ, മറ്റു റിപ്പോര്‍ട്ട് ഫോര്‍മാറ്റുകള്‍ എന്നിവയോ ശരിയാക്കി വെയ്ക്കുക.
  • മാര്‍ക്കറ്റിംഗ് പ്ലാന്‍ അനുസരിച്ചുള്ള മാര്‍ക്കറ്റിംഗ് ആരംഭിക്കുക
  • ഒരു ചെറിയ ട്രയല്‍ റണ്‍ നടത്തി അഭിപ്രായങ്ങള്‍ സ്വരൂപിക്കുക.
  • മാര്‍ക്കറ്റിനെ ശരിയായി മനസിലാക്കി ആവശ്യമുള്ള മാറ്റങ്ങള്‍ നടത്തി കൂടെയുള്ള എല്ലാവരെയും, നമ്മുടെ കസ്റ്റമര്‍ ആകാന്‍ സാധ്യതയുള്ള എല്ലാവരെയും അറിയിച്ച് സംരംഭം ലോഞ്ച് ചെയ്യുക.

ഇതിനിടയിലും ഇതു കഴിഞ്ഞും പ്രായോഗികമായ ഒരുപാട് തടസങ്ങള്‍ വന്നു എന്നിരിക്കും. അതിനെ മറികടക്കാനുള്ള ആര്‍ജ്ജവം ആണ് ഒരു സംരംഭകന്‍ നേടേണ്ട ഏറ്റവും പ്രധാന കഴിവ്. അതുകൂടി ഉണ്ടെങ്കില്‍ കണ്ണുമടച്ച് മുന്നോട്ടു പൊയ്‌ക്കോളൂ...
വിജയം ഉറപ്പ്!



AR Ranjith
AR Ranjith  

ലേഖകന്‍ ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സിന്റെ സി.ഇ.ഒ യും, 400ലധികം കമ്പനികളെ വിജയപാതയില്‍ എത്തിക്കാന്‍ സഹായിച്ച മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാണ്.

Related Articles
Next Story
Videos
Share it