ബൈജൂസിന് ആശ്വാസം; ആകാശിനെ ചൊല്ലിയുള്ള കോടതിപ്പോരില്‍ വിജയം

വായ്പാദാതാക്കള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി
Byju Raveendran, Ranjan Pai
Image : manipal.edu and byjus.com
Published on

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പതറുന്ന പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസിനെതിരെ വായ്പാദാതാക്കള്‍ സമര്‍പ്പിച്ച കേസ് കോടതി തള്ളി. ബൈജൂസിന്റെ ഉപസ്ഥാപനമായ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രഞ്ജന്‍ പൈ ഓഹരി പങ്കാളിത്തം നേടുന്നതിനെതിരെയായിരുന്നു ഹര്‍ജി.

ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡോ. രഞ്ജന്‍ പൈ 2,000-2,500 കോടി രൂപയുടെ വായ്പ നല്‍കിയിരുന്നു. ഇത് പിന്നീട് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തമാക്കി. ഇതുവഴി 40 ശതമാനം ഓഹരി പങ്കാളിത്തം നേടി അദ്ദേഹം ആകാശിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയുമായി. ഇതിനെതിരെയാണ് ചില വായ്പാദാതാക്കള്‍ ഹര്‍ജി നല്‍കിയത്.

കടം ഓഹരികളാക്കി മാറ്റിയത് ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണിന് കുറഞ്ഞ മൂല്യം (Valuation) നിശ്ചയിച്ചുകൊണ്ടായിരുന്നു എന്നാണ് വായ്പാദാതാക്കള്‍ വാദിച്ചത്.

എതിര്‍പ്പിന് പിന്നില്‍

വായ്പാദാതാക്കള്‍ 120 കോടി ഡോളര്‍ (ഏകദേശം 10,000 കോടി രൂപ) വായ്പ ബൈജൂസിന് നല്‍കിയിട്ടുണ്ട്. അതുകൊണ്ട്, വായ്പാദാതാക്കളുടെ അനുവാദമില്ലാതെ മണിപ്പാല്‍ ഗ്രൂപ്പിന് ഓഹരി പങ്കാളിത്തം നല്‍കിയത് അംഗീകരിക്കരുതെന്ന് എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

2021ല്‍ തിങ്ക് ആന്‍ഡ് ലേണ്‍ ആകാശിനെ ഏറ്റെടുത്തപ്പോള്‍ മൂല്യം 95 കോടി ഡോളറായിരുന്നു. അതായത് ഏകദേശം 7,915 കോടി രൂപ. ഇപ്പോഴത്തെ ഇടപാടിലെ മൂല്യം 60 കോടി ഡോളറാണ് (5,000 കോടി രൂപ). എന്നാല്‍, ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ട് കോടതി ബൈജൂസിന് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു.

രഞ്ജന്‍ പൈ കൂടുതൽ നിക്ഷേപത്തിന്

ആകാശിലെ നിക്ഷേപം ഓഹരി പങ്കാളിത്തമാക്കി മാറ്റിയ നടപടിക്ക് അനുമതി തേടി ഡോ. രഞ്ജന്‍ പൈ കോമ്പറ്റീഷന്‍ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ആകാശില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള നീക്കത്തിന് മുന്നോടിയായി കൂടിയാണ് ഈ നടപടി.

കഴിഞ്ഞ ഏതാനും മാസങ്ങളായി ബൈജൂസ് നേരിടുന്ന പലവധി പ്രതിസന്ധികളില്‍ ഒടുവിലത്തേതായിരുന്നു ആകാശിനെ ചൊല്ലിയുള്ള കോടതിപ്പോര്. എന്നാല്‍, ഈ പ്രശ്‌നത്തില്‍ വിജയം ഒപ്പം നിന്നത് ബൈജൂസിന് വലിയ ആശ്വാസവുമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com