വിജയിക്കണോ, കരുത്തുറ്റ ബ്രാന്‍ഡ് സൃഷ്ടിക്കണം
കേരളത്തില്‍ റീറ്റെയ്ല്‍ മേഖലയ്ക്ക് വലിയ സാധ്യതകളുണ്ട്. റീറ്റെയ്ല്‍ രംഗം ബ്രാന്‍ഡ് സങ്കല്‍പ്പത്തിലേക്ക് മാറുന്നുവെന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. അതുകൊണ്ടു തന്നെ ബിസിനസ് വിജയിക്കാന്‍ ബ്രാന്‍ഡ് വികസനം ഉണ്ടാവണം. ഒരാള്‍ മറ്റൊരാളോട് പ്രത്യേക ബ്രാന്‍ഡ് ശുപാര്‍ശ ചെയ്യുന്നിടത്താണ് വിജയം.
അങ്ങനെയുണ്ടാവണമെങ്കില്‍ ബ്രാന്‍ഡ് നല്‍കുന്ന ഫീല്‍ നന്നായിരിക്കണം. മികച്ചത് നല്‍കണം. ഉല്‍പ്പന്നം സംബന്ധിച്ച് 10 വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ 12 എണ്ണമെങ്കിലും നല്‍കാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ കസ്റ്റമര്‍ ഡിലൈറ്റ് ഉണ്ടാവുകയുള്ളൂ. പ്രതീക്ഷിച്ചതിനേക്കാള്‍ കിട്ടുമ്പോള്‍ ഉപഭോക്താവിന് സന്തോഷമാകും. അത് മൗത്ത് പബ്ലിസിറ്റിക്കും കാരണമാകും.
കര്‍ഷക കുടുംബത്തില്‍ നിന്നാണ് ഞാന്‍ ബിസിനസില്‍ എത്തുന്നത്. പിതാവിന്റെ കാഴ്ചപ്പാടുകളാണ് എന്നെ നയിച്ചത്. സത്യസന്ധതയും, കൃത്യനിഷ്ഠയും, എല്ലാവരെയും സ്‌നേഹിക്കാനും കൂടെ പ്രവര്‍ത്തിക്കുന്നവരെ ഒരുപോലെ കാണാനും എല്ലാ വാഗ്ദാനങ്ങളും പാലിക്കാനും ചെറുപ്പം മുതല്‍ പഠിച്ചു. ഇതു തന്നെ ഗ്രൂപ്പിന്റെ ശക്തിയും. പിതാവ് മരിച്ചയുടനെ ബിസിനസിലേക്ക് വന്നു.
24 വയസില്‍ ബിസിനസില്‍ പ്രവേശിക്കുന്ന കാലത്ത് സമ്പത്ത് സൃഷ്ടിക്കുന്നത് പാപം എന്ന ചിന്താഗതിക്കാരായിരുന്നു നമ്മള്‍. രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാവരും അതേ നിലപാടെടുത്തിരുന്നു. എന്നാല്‍ കാര്‍ഷിക രംഗത്ത് പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ കോഴിക്കോട്ട് വന്ന് ബിസിനസ് തുടങ്ങുകയാണ് ഞാന്‍ ചെയ്തത്. ഗള്‍ഫ് പണത്തിന്റെ സ്വാധീനം നമ്മേ ഏറെ മാറ്റി. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം വര്‍ധിക്കുകയും കേരളത്തില്‍ നഷ്ടത്തിലായിരുന്ന കൃഷി ഭൂമി കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ക്കുള്ള ഭൂമിയായി മാറുകയും ചെയ്തു. കേരളം ഒറ്റനഗരം എന്ന നില വന്നു.
ഇവിടെ ഉപഭോക്തൃ സംസ്‌കാരവും രൂപമെടുത്തു. എന്നാല്‍ പുറത്തു നിന്നു വരുന്ന വരുമാനം നിലച്ചാല്‍ എല്ലാം തകരുന്ന സ്ഥിതിയാണ്. മാറ്റങ്ങള്‍ അനുദിനം റീറ്റെയ്ല്‍ രംഗം അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഓരോ അഞ്ചു വര്‍ഷത്തിലും ജനറേഷന്‍ ഗ്യാപ് ഉണ്ടാകുന്നു. ഉപഭോക്താവിനെ സന്തോഷിപ്പിക്കുക എന്നതായിരിക്കണം ഓരോ റീറ്റെയ്‌ലറുടെയും ലക്ഷ്യം. ഉപഭോക്താവ് തന്നെയായിരിക്കണം നമ്മുടെ ബ്രാന്‍ഡ് അംബാസഡര്‍.
റീറ്റെയ്‌ലിനു പുറമേ റിയല്‍ എസ്റ്റേറ്റിനും കൃഷിക്കുമാണ് കേരളത്തില്‍ ഏറെ സാധ്യതകളുള്ളത്. അഫോര്‍ഡബ്ള്‍ ഹൗസിംഗ് മേഖലയ്ക്ക് സര്‍ക്കാര്‍ തന്നെ പ്രാധാന്യം നല്‍കിക്കൊണ്ടിരിക്കുന്നു. എട്ടു ശതമാനം പലിശയ്ക്ക് ഭവന വായ്പയും ലഭ്യമാകുന്നു. കമ്യൂണിറ്റി ലിവിംഗ്, ഷോപ്പിംഗ് മാള്‍ സംസ്‌കാരവും വളര്‍ന്നു വരുന്നു.
ബിസിനസില്‍ ബ്രാന്‍ഡിംഗിനാണ് പ്രാധാന്യം നല്‍കേണ്ടത്. എം ബ്രാന്‍ഡ് എന്ന മലബാര്‍ ബ്രാന്‍ഡിന് ഇന്ന് ലോകമെങ്ങും സ്വീകാര്യത കൈവരിക്കാനായി. വിവിധ രാജ്യങ്ങളിലായി 172 ഷോറൂമുകള്‍ മലബാറിനുണ്ട്. ലോകത്തെ നമ്പര്‍ വണ്‍ ജൂവല്‍റി ബ്രാന്‍ഡ് ആവുകയാണ് ലക്ഷ്യം. ഗിഫ്റ്റ് ഐറ്റം എന്ന നിലയില്‍ ആഭരണങ്ങള്‍ക്ക് ഏറെ സാധ്യതകളാണ് ഉള്ളത്. അതുകൊണ്ട് തന്നെ എവിടെയും വളരാന്‍ മലബാറിന് സാധിക്കും.
കഠിനാധ്വാനമാണ് വിജയത്തിന് പ്രധാന അടിസ്ഥാനം. ഹാവാര്‍ഡ് അല്ല ഹാര്‍ഡ് വര്‍ക്ക് ആണ് പ്രധാനം എന്ന നമ്മുടെ പ്രധാനമന്ത്രിയുടെ വാക്ക് ശരിയാണ്. മലബാര്‍ ഗ്രൂപ്പില്‍ എല്ലാവരും ഒരുപോലെയാണ്. എനിക്കും ശമ്പളമാണ്. വര്‍ക്കിംഗ് പാര്‍ട്ണര്‍ എന്ന നിലയിലാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യമാണ്. കടുത്ത മത്സരമാണ് ഈ രംഗത്തുള്ളത്. നികുതി വെട്ടിപ്പ് നടത്തുന്നവര്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ജിഎസ്ടി വരുമ്പോള്‍ എല്ലാം ശരിയാകും എന്നാണ് കരുതുന്നത്. എന്നാല്‍ ഉയര്‍ന്ന നിരക്ക് നിലനിര്‍ത്തിയാല്‍ നികുതി വെട്ടിപ്പ് കുറയില്ല.
ബിസിനസ് വിപുലീകരണത്തിനും മറ്റും ഫണ്ടിന്റെ അപര്യാപ്തത പറയാറുണ്ട്. എന്നാല്‍ എന്റെ അനുഭവത്തില്‍ നിക്ഷേപകരാവാന്‍ ഒരുപാടു പേര്‍ തയാറായി വരുന്നുണ്ട്. നിക്ഷേപിച്ച പണം തിരിച്ചു കിട്ടും എന്ന വിശ്വാസം ഉണ്ടായാല്‍ നിക്ഷേപിക്കാന്‍ അവര്‍ തയാറാവും.
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിക്ക് വലിയ പ്രാധാന്യം നല്‍കണം. വലുതായി വളര്‍ന്ന ശേഷം അത് ചെയ്യാമെന്ന് കരുതരുത്. തുടക്കത്തില്‍ തന്നെ നിശ്ചിത ശതമാനം അതിനായി മാറ്റി വെക്കണം. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ലാഭത്തില്‍ നിന്ന് അഞ്ച് ശതമാനം സമൂഹത്തിനായി ചെലവഴിക്കുന്നു. നികുതി നല്‍കുന്നതു പോലെ തന്നെ നിര്‍ബന്ധ ബുദ്ധിയോടെ ചെയ്യേണ്ട കാര്യമാണിത്. ഈ തുകയില്‍ നികുതിയിളവിന് സാധ്യത തേടുക.
അതാത് മേഖലയില്‍ അറിവുള്ളവരുമായി ബിസിനസ് സഖ്യം സ്ഥാപിക്കുക. ഗൃഹോപകരണ വിപണിയില്‍ മികച്ച അനുഭവ പരിജ്ഞാനമുള്ള എംഎംവി മൊയ്തുവിനൊപ്പം ചേര്‍ന്ന് കോഴിക്കോട്ട് ഇഹം ഡിജിറ്റല്‍ തുടങ്ങിയത് ഈ നയത്തിന്റെ ഭാഗമാണ്. കേരളത്തില്‍ പുതിയ ബിസിനസ് മേഖലകള്‍ കണ്ടെത്തുക അത്ര പ്രയാസമുള്ള കാര്യമല്ല. ചായക്കടകള്‍ ഇഷ്ടം പോലെ കേരളത്തിലുണ്ട്. എന്നാല്‍ ബ്രാന്‍ഡഡ് ചായക്കട ശൃംഖലയായി അധികമാരും വളര്‍ത്തിയിട്ടില്ല. ജൈവ പച്ചക്കറികള്‍, മുട്ട, പാല്‍ എന്നിവയെല്ലാം ഇങ്ങനെ വിപണനം ചെയ്യാനാവും.