ഉജാലയെ വിജയ സംരംഭമാക്കി മാറ്റിയ 15 ഘടകങ്ങള്‍ ഇവയാണ്

അഴുക്കാണ് തന്റെ ശത്രുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് അതിനെതിരെ പോരാട്ടം നടത്തുന്ന ശുഭ്രവസ്ത്രധാരിയായ രാമചന്ദ്രന്‍ ശത്രുസംഹാരത്തിനായി ആവിഷ്‌കരിച്ചത് തനതായ ഉല്‍പ്പന്നങ്ങളാണ്. ആദ്യം അലക്കിയ വെള്ള വസ്ത്രങ്ങളിലെ അവശേഷിക്കുന്ന അഴുക്കിനെ അകറ്റി വെണ്‍മ കൂട്ടാന്‍ ഉജാല. അതിനുശേഷം അഴുക്കിനെ തുരത്താന്‍ സോപ്പും സോപ്പുപൊടിയും. അതിനും ശേഷം വസ്ത്രത്തിന്റെ വടിവ് നിലനിര്‍ത്താന്‍ സ്റ്റിഫ് ആന്‍ഡ് ഷൈന്‍, വസ്ത്രങ്ങള്‍ അലക്കിത്തരാന്‍ 'ഫാബ്രിക് സ്പാ' ലോണ്‍ട്രി സര്‍വീസ്. അങ്ങനെയങ്ങനെ കേവലം ഒരു സ്വയം തൊഴില്‍ സംരംഭമായി തുടങ്ങിയ ജ്യോതി ലബോറട്ടറീസ് ഇന്ന് ഇന്ത്യയിലെ 33 ലക്ഷം കടകളില്‍ വില്‍ക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളാണ്.

നാല് ലക്ഷം കടകളില്‍ കൂടി ഉല്‍പ്പന്നങ്ങളെത്തിയാല്‍ വിതരണ ശൃംഖലയുടെ കാര്യത്തില്‍ ഹിന്ദുസ്ഥാന്‍ ലിവറിനൊപ്പമെത്തും ജ്യോതി ലാബ്. കേവലം 5000 രൂപയുടെ മുടക്കുമുതലില്‍ ഉജാലയെന്ന 3.25 രൂപ വിലയുള്ള ഉല്‍പ്പന്നവുമായി 1983ല്‍ എം.പി രാമചന്ദ്രനെന്ന ഒരു മലയാളി തുടക്കമിട്ട ഈ സ്ഥാപനം ഇന്ന് ഇന്ത്യയിലെ മുന്‍നിര എഫ്.എം.സി.ജി കമ്പനികളിലൊന്നാണ്. ജ്യോതി ലബോറട്ടറീസിന്റെ വിജയരഹസ്യം എന്താണ്? മലയാളികള്‍ മാത്രമല്ല ഇന്ത്യയിലെ പല സംരംഭകരും അല്‍ഭുതത്തോടെ പരസ്പരം ചോദിക്കുന്ന ആ വിജയഘടകങ്ങളെ കണ്ടെത്തി അവതരിപ്പിക്കുകയാണ് ഇവിടെ.

1. ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് ഉല്‍പ്പന്നം തെരഞ്ഞെടുത്തു.

വസ്ത്രങ്ങളുടെ വെണ്‍മ കൂട്ടാന്‍ പൊടി നീലമാണ് പൊതുവെ ആളുകള്‍ 25 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്നത്. അതിനേക്കാള്‍ മെച്ചപ്പെട്ടെ ഒരുല്‍പ്പന്നം ഓരോ തവണ വെള്ള വസ്ത്രം നീലയില്‍ മുക്കുമ്പോഴും ആളുകള്‍ ആഗ്രഹിച്ചിരുന്നു, അല്ലെങ്കില്‍ മോഹിച്ചിരുന്നു. ആ മോഹത്തെ കണ്ടെത്തി ഉല്‍പ്പന്നമായി അവരുടെ മുമ്പില്‍ ജ്യോതി ലബോറട്ടറീസ് എത്തിച്ചപ്പോള്‍ അവര്‍ അതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു.

2. യുക്തിസഹമായ വില മാത്രം ഈടാക്കി.

ഉപഭോക്താവിന്റെ മോഹത്തെ സാക്ഷാല്‍ക്കരിക്കുന്ന ഉല്‍പ്പന്നം മാത്രമായാല്‍ പോര അത് യുക്തിസഹമായ വിലയ്ക്കു നല്‍കുക കൂടി വേണം എന്ന് രാമചന്ദ്രന്‍ വിശ്വസിച്ചു. ഒരുല്‍പ്പന്നത്തിന് വിലയിടുന്നത് അത് ഉപയോഗിക്കുമ്പോള്‍ ഉപഭോക്താവിന് കിട്ടുന്ന സംതൃപ്തി നിര്‍മാതാവ് അളന്ന ശേഷമേ ആകാവൂ എന്ന് രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. കൊടുക്കുന്ന പണത്തിനേക്കാള്‍ കൂടുതല്‍ മൂല്യമുള്ള സംതൃപ്തി ഉപഭോക്താവിന് കിട്ടണം. അതിനനുസരിച്ചുള്ള വിലയാണ് ഈടാക്കേണ്ടത്. 1983ല്‍ 3.25 രൂപയായിരുന്നു ഉജാലയുടെ വില. അത് ഇന്ന് 12 രൂപയേ ആയിട്ടുള്ളു. എന്നാല്‍ ഇതേ വില അന്നുണ്ടായിരുന്ന മറ്റ് എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില ഇന്ന് 30 രൂപയില്‍ അധികമായിട്ടുണ്ട്. അസംസ്‌കൃതവസ്തുക്കളുടെ വില കൂടിയാലും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യം വന്നാലേ ഉജാല വില കൂട്ടൂ.

3. മികച്ച പരസ്യ പ്രചാരണ രീതികള്‍ അവലംബിച്ചു

ഉല്‍പ്പന്നത്തെക്കുറിച്ച് പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമായിരിക്കണം. എങ്കിലേ ഒരിക്കല്‍ വാങ്ങിയവര്‍ വീണ്ടും വാങ്ങൂ. ഉല്‍പ്പന്നത്തെക്കുറിച്ചുള്ള സന്ദേശം ജനങ്ങളിലെത്തിക്കാന്‍ പരസ്യം വളരെ പ്രധാനപ്പെട്ട മാധ്യമമാണ്. ഓരോ കാലത്തിനും യോജിക്കുന്ന പരസ്യ മാധ്യമത്തെ ഉജാല ഉചിതമായി പ്രയോജനപ്പെടുത്തി. ആദ്യം ഉജാല റേഡിയോയെ ഫലപ്രദമായി ഉപയോഗിച്ചു. ഏറ്റവും ആകര്‍ഷകവും ശ്രദ്ധേയവുമായിരുന്നു ഉജാലയുടെ പരസ്യങ്ങള്‍. പിന്നീട് അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കി. വളര്‍ച്ചാ പാതയില്‍ പ്രവേശിക്കുകയും ഉല്‍ന്നങ്ങള്‍ പലതാകുകയും ചെയ്തതോടെ പരസ്യ ചുമതല പല ഏജന്‍സികള്‍ക്കായി വിഭജിച്ച് നല്‍കി. എഫ്.എം.സി.ജി വിപണിയില്‍ വിറ്റുവരവിന്റെ 810 ശതമാനം വരെ പരസ്യത്തിനായി ചെലവാക്കേണ്ടിവരും. പരസ്യം ചെയ്യാന്‍ തുടക്കം മുതലെ രാമചന്ദ്രന്‍ ശ്രദ്ധിച്ചു.

4. ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തി

പരസ്യത്തിലൂടെ ഉല്‍പ്പന്നത്തെക്കുറിച്ച് ആളുകളുടെ മനസില്‍ മോഹമുണ്ടാക്കിയിട്ട് മാത്രം കാര്യമില്ല. അത് അവന് വാങ്ങാന്‍ പാകത്തില്‍ ലഭ്യമാകുകയും വേണം. ഉല്‍പ്പന്നത്തിന്റെ ഫോര്‍മുലേഷനും ടെസ്റ്റ് മാര്‍ക്കറ്റിംഗും ബോംബെയിലാണ് നടത്തിയത്. വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലിറക്കിയത് ആദ്യം മലപ്പുറത്താണ്. വെള്ളവസ്ത്രം ഉപയോഗിക്കുന്നവര്‍ അവിടെ ധാരാളമായി ഉള്ളതാണ് കാരണം. അതിനുശേഷം തൃശൂരില്‍ എത്തിച്ചു. പരസ്യം തുടങ്ങിയശേഷം കേരളമൊട്ടാകെ എത്തിച്ചു.1997 ആയപ്പോഴേക്ക് ഇന്ത്യയൊട്ടാകെയും ഏഷ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും എത്തി. ആവശ്യക്കാര്‍ ഉള്ളിടത്തൊക്കെ ഉല്‍പ്പന്നമെത്തിക്കാന്‍ ഫീല്‍ഡ് സ്റ്റാഫിന് സമഗ്രമായ പരിശീലനമാണ് രാമചന്ദ്രന്‍ നേരിട്ട് നല്‍കിയത്.

5. ഗുണമേയുടെ കാര്യത്തില്‍ കടുത്ത നിഷ്‌കര്‍ഷ പുലര്‍ത്തി

ഗുണമേയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ സ്ഥാപനം ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് രാമചന്ദ്രന്‍ വിശ്വസിക്കുന്നു. മേന്മ നിലനിര്‍ത്താന്‍ ഉല്‍പ്പന്ന വില കൂട്ടേണ്ടിവന്നാല്‍ പോലും വിട്ടുവീഴ്ച ചെയ്യാന്‍ ഉജാല ഒരുക്കമായിരുന്നില്ല. എക്കാലവും നിലനില്‍ക്കണമെന്ന് ആഗ്രഹമുള്ള ഒരു സ്ഥാപനവും അതിന് തുനിയരുത് എന്നാണ് രാമചന്ദ്രന്റെ അഭിപ്രായം. ഉജാലയുടെ കോണ്‍സട്രേറ്റ് പേസ്റ്റ് രൂപത്തില്‍ ഒരു സ്ഥലത്ത് മാത്രമാണ് തയാറാക്കുന്നത്. അവിടെനിന്നാണ് അത് മറ്റ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. അവിടങ്ങളില്‍ ഏകീകരിച്ച ഉല്‍പ്പാദന രീതി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജിയര്‍) ഉണ്ട്. അക്കാര്യത്തില്‍ എല്ലാവര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.

6. ഡീലര്‍മാര്‍ക്ക് മെച്ചപ്പെട്ട മാര്‍ജിന്‍ നല്‍കി

ഉജാല എന്ന ഏക ഉല്‍പ്പന്നവുമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെന്നാേള്‍ വിറ്റുകിട്ടുന്നതില്‍ നല്ലൊരു പങ്ക് കടക്കാര്‍ക്ക് നല്‍കി. അങ്ങനെ അവരുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചു. ചുരുങ്ങിയ കാലം കൊണ്ട് വളരെ വലിയ ഒരു ശൃംഖല സ്ഥാപിച്ചെടുക്കാന്‍ ഇത് ഉജാലയെ സഹായിച്ചു.

7. ഇന്ത്യയുടെ നാനാഭാഗത്തും ഉല്‍പ്പാദന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു

1993 വരെ കേരളത്തില്‍ മാത്രമായിരുന്നു ഉല്‍പ്പാദനം. അങ്ങനെ ഉല്‍പ്പാദനം ഒരിടത്തു മാത്രമായി കേന്ദ്രീകരിക്കുന്നതില്‍ റിസ്‌ക് ഉണ്ട്. അധികം തൊഴിലാളികള്‍ ഒരിടത്ത് കേന്ദ്രീകരിക്കുമ്പോള്‍ നിരവധി പ്രശ്നങ്ങള്‍ തലപൊക്കാം. അത്തരം പ്രശ്നങ്ങളുടെ സൂചനകള്‍ കണ്ടു തുടങ്ങിയപ്പോള്‍ ഏറ്റവും ഉചിതമായ സമയത്ത് തന്നെ ആ റിസ്‌ക് വിഭജിക്കാന്‍ രാമചന്ദ്രന്‍ തീരുമാനിച്ചു. ചെന്നൈയിലും പോണ്ടിച്ചേരിയിലും പശ്ചിമബംഗാളിലും അസമിലും ഒറീസയിലും ഹിമാചല്‍പ്രദേശിലും, ഉത്തരാഞ്ചലിലും ഫാക്റ്ററികള്‍ തുടങ്ങിയത് അങ്ങനെയാണ്.

8. ഉചിതമായ ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം

പലവിധ കാരണങ്ങളാലാണ് രാമചന്ദ്രന്‍ ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിന് തുനിഞ്ഞത്. ഒരൊറ്റ ഉല്‍പ്പന്നവുമായി പോയാല്‍ വലിയ റിസ്‌ക് ആണ്. വമ്പന്മാര്‍ക്ക് ഏതു സമയത്തുവേണമെങ്കിലും അത്തരമൊരു ഉല്‍പ്പന്നമിറക്കാം. അതോടെ കടുത്ത മല്‍സരത്തെ നേരിടേണ്ടിവരും. വില്‍പ്പന കുറഞ്ഞാല്‍ സ്ഥാപനത്തെ ആകെ അത് ബാധിക്കും. ഫീല്‍ഡ് സ്റ്റാഫിനെ പരമാവധി ഉപയോഗിക്കണമെങ്കില്‍ ഒന്നിലേറെ ഉല്‍പ്പന്നങ്ങളും ആവശ്യമാണ്. അവരുടെ വളര്‍ച്ചയ്ക്കാവശ്യമായ ശമ്പളം നല്‍കണമെങ്കില്‍ അതിനുള്ള വരുമാനം ഒരുല്‍ന്നത്തില്‍ നിന്ന് മാത്രം ലഭിക്കില്ല. ഇത്തരം നിരവധി കാരണങ്ങളാലാണ് ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിലേക്ക് കടന്നത്.

9. ചെറിയ വിപണിയില്‍ 101 വട്ടം പരീക്ഷിച്ചുറപ്പിച്ചു

എല്ലാ ഉല്‍പ്പന്നങ്ങളും ചെറിയ വിപണിയില്‍ ആവര്‍ത്തിച്ച് പരീക്ഷിച്ച് വിജയം ഉറപ്പിച്ച ശേഷമേ വലിയ വിപണികളിലേക്ക് പോകൂ. ജീവ ആയുര്‍വേദ സോപ്പിന്റെ കാര്യത്തില്‍ മാത്രമാണ് ഈ പതിവ് തെറ്റിയത്. ആ ഉല്‍പ്പന്നത്തിന് വിപണിയില്‍ തിരിച്ചടിയും നേരിട്ടു. അഖിലേന്ത്യാ വിപണിയില്‍ ഒറ്റയടിക്കാണ് ജീവ സോപ്പ് അവതരിപ്പിച്ചത്. ആദ്യ മാസം രണ്ട് ശതമാനം വരെ മാര്‍ക്കറ്റ് വിഹിതം കിട്ടി. ആദ്യ കൊല്ലം 46 കോടി രൂപയുടെ വരെ വില്‍പ്പന നേടി. എന്നാല്‍ പിന്നീടത് നിലനിര്‍ത്താനായില്ല. വില്‍പ്പന കുറഞ്ഞുവന്നു. ആയുര്‍വേദ മരുന്നിലെ ചില ചേരുവകള്‍ സുഗന്ധത്തെ ഇല്ലാതാക്കും. ജീവയുടെ സുഗന്ധത്തിന്റെ കാര്യത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. ഉത്തരേന്ത്യയില്‍ ആയുര്‍വേദത്തോട് മതിപ്പില്ലാത്തതും വില്‍പ്പന കുറയാന്‍ കാരണമായി.

10. വായ്പകള്‍ കൃത്യതയോടെ സമര്‍ത്ഥമായി ഉപയോഗിച്ചു

ഉജാല തുടങ്ങുമ്പോള്‍ രാമചന്ദ്രന്റെ മുടക്കുമുതല്‍ 5000 രൂപയായിരുന്നു. അന്ന് വന്‍തോതില്‍ മൂലധനവും ആവശ്യമായിരുന്നില്ല. പരസ്യം ചെയ്തു തുടങ്ങിയപ്പോള്‍ കൂടുതല്‍ ഫണ്ട് ആവശ്യമായി വന്നു. അപ്പോള്‍ വായ്പയെ ആണ് കൂടുതലായി ആശ്രയിച്ചത്. 1986 ല്‍ ഒരു വണ്ടി സ്വന്തമായി വാങ്ങുന്നതും ബാങ്ക് വായ്പ എടുത്താണ്. ബിസിനസ് വളര്‍ത്താന്‍ വായ്പയെ ആശ്രയിക്കുന്നതില്‍ തെറ്റില്ല എന്ന് രാമചന്ദ്രന്‍ വിശ്വസിക്കുന്നു. അതിന് അദ്ദേഹം കാരണമായി പറയുന്നത് ഇതാണ് ഏതു കടവും എടുക്കുന്നതില്‍ തെറ്റില്ല. 10 ശതമാനം പലിശ നിരക്കില്‍ വായ്പ എടുത്തു എന്ന് വിചാരിക്കുക. ബിസിനസില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന വില്‍പ്പന മാര്‍ജിന്‍ അഞ്ച് ശതമാനമാണ്. വായ്പാ തുക കൊണ്ട് 12 തവണ ബിസിനസ് ചെയ്തപ്പോള്‍ 60 ശതമാനം മാര്‍ജിന്‍ കിട്ടി. 10 ശതമാനം പലിശ നല്‍കി. ബാക്കി 50 ശതമാനം നമ്മുടെ കൈയിലുണ്ട്. അതുപയോഗിച്ച് 12 തവണ കൂടി ചെയ്താേള്‍ മുതലും തിരിച്ചടയ്ക്കാനായി. കടമെടുത്ത പണം കൊണ്ട് ഈ രീതിയില്‍ മുന്നോട്ടുപോയാലെ വിജയിക്കൂ. പണം മറ്റൊന്നിനും ചെലവഴിക്കരുത്. ഉടമ ഒരു നിശ്ചിത തുക ശമ്പളമായി എടുക്കുക. ബാക്കിയുള്ളത് ബിസിനസില്‍ തന്നെ നിക്ഷേപിക്കുക.

11. ആധുനിക കോര്‍പ്പറേറ്റ് രീതികള്‍ അവലംബിച്ചു

ഒരു വ്യക്തിയില്‍ മാത്രം അധിഷ്ഠിതമായ സിസ്റ്റമാണ് വികസിപ്പിച്ചെടുക്കുന്നതെങ്കില്‍ അയാളുടെ കാലശേഷം ബിസിനസ് അസ്തമിക്കും. നമ്മള്‍ ഇല്ല എങ്കിലും കമ്പനി നടക്കണം. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഫണ്ട് വേണം. കോര്‍റേറ്റ് രീതിയില്‍ സ്ഥാപനത്തിന്റെ ഘടന മാറ്റിയാല്‍ ഇതിനെല്ലാം പരിഹാരമാകുമെന്ന് രാമചന്ദ്രന്‍ തിരിച്ചറിഞ്ഞു. ആവശ്യമായ സമയത്ത് പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് തേടി. ഉചിതമായ സമയത്ത് അവര്‍ക്ക് ഒഴിവാകാനുള്ള സാഹചര്യവും ഒരുക്കി. അതിനാണ് പബ്ലിക് ഇഷ്യു നടത്തിയത്. കൃത്യമായ രീതിയില്‍ റിട്ടേണ്‍സ് നല്‍കുകയാണ് എങ്കില്‍ ഓഹരി ഉടമകള്‍ക്ക് കമ്പനിയില്‍ വിശ്വാസം ഉണ്ടാകും.

12. ബിസിനസിലെ ലാഭം ബിസിനസില്‍ തന്നെ നിക്ഷേപിച്ചു

ബിസിനസിലെ പണം ഒരിക്കലും വഴിവിട്ട് ഉപയോഗിച്ചില്ല. ലാഭം ബിസിനസില്‍ തന്നെ നിക്ഷേപിച്ചു. കടമില്ലാത്ത, ഗണ്യമായ കാഷ് റിസര്‍വ് ഉള്ള അപൂര്‍വം ചില കമ്പനികളിലൊന്നാണ് ജ്യോതി ലബോറട്ടറീസ് ഇന്ന്.

13. ജീവനക്കാരെ സഹപ്രവര്‍ത്തകരായി കണ്ടു

രാമചന്ദ്രന്‍ ഒരിക്കലും സ്വയം ഒരു തൊഴിലുടമയായി കാണുന്നില്ല. ജീവനക്കാരെ മീറ്റിംഗുകളില്‍ എന്റെ സഹപ്രവര്‍ത്തകരേ എന്ന് അഭിസംബോധന ചെയ്യുന്ന അദ്ദേഹം തന്നെ അവരില്‍ ഒരാളായി മാത്രം കാണുന്നു. തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള വ്യത്യാസം ഇവിടെ ഇല്ല.

14. കൃത്യമായ അധികാര വിഭജനം

ഓരോ ഉല്‍പ്പന്നത്തിന്റെയും ടാര്‍ഗറ്റ് നിശ്ചയിച്ച് അതാത് ടീമിനെ ഏല്‍പ്പിക്കുന്നു. പ്രതിമാസ വില്‍പ്പനയുടെ കണക്ക് മാത്രമേ രാമചന്ദ്രന്‍ നേരിട്ട് പരിശോധിക്കാറുള്ളൂ. ഓരോ മേഖലയുടെയും തലവന്മാരുമായി മാത്രമേ അദ്ദേഹം ഇപ്പോള്‍ നേരിട്ട് വില്‍പ്പന കാര്യങ്ങള്‍ സംസാരിക്കാറുള്ളൂ. എല്ലാ മാസവും മേഖല തലവന്മാരുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നു. ഇത്രയും കാര്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയെല്ലാം പ്രൊഫഷണലുകളെ ഏല്‍പ്പിച്ചിരിക്കുകയാണ്. കമ്പനിയെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ അവര്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു.

15. പേയ്മെന്റ് കൃത്യമായി കൊടുക്കുക

നല്‍കാനുള്ള പണം കൃത്യമായി നല്‍കണം എന്നത് ജ്യോതി ലബോറട്ടറീസിന്റെ നയമാണ്. പണം വാങ്ങാനായി ആരും ഒരു ഓഫീസിനു മുന്നിലും കാത്തുനില്‍ക്കേണ്ട അവസ്ഥ ഉണ്ടാകരുത് എന്ന് രാമചന്ദ്രന് നിര്‍ബന്ധമാണ്. നല്‍കാനുള്ള പണം കഴിയുമെങ്കില്‍ പറഞ്ഞതിനും ഒരു ദിവസം മുമ്പെ നല്‍കാന്‍ ജ്യോതി ലാബ് ശ്രദ്ധിക്കുന്നു. ഇത് ഇടപാടുകാരില്‍ മതിപ്പുണ്ടാക്കുക മാത്രമല്ല ജ്യോതി ലാബിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും അവരുടെ കൂടി ആവശ്യമായി വരുന്നു.

മുംബൈയിലെ ജ്യോതിലാബിന്റെ ആസ്ഥാന മന്ദിരത്തില്‍ വെച്ച് എം.പി രാമചന്ദ്രനുമായി നടത്തിയ സംഭാഷണത്തെ അടിസ്ഥാനമാക്കി രജത ജൂബിലി വര്‍ഷത്തില്‍ ( 2009 ഒക്ടോബറില്‍) ധനം മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്.

Related Articles
Next Story
Videos
Share it