'ഇന്നൊവേഷനിലൂടെ തുറക്കുന്നത് അവസരങ്ങൾ'; ഭാരത് ബയോട്ടെക്കിന്റെ സുചിത്ര എല്ല

ഇന്നൊവേഷനിലൂടെ മാത്രമേ പുത്തന്‍ അവസരങ്ങള്‍ തുറന്നും സ്വയാർജിതമായും മുന്നോട്ട് കുതിക്കാന്‍ വ്യവസായ മേഖലയ്ക്ക് കഴിയൂവെന്ന് ഭാരത് ബയോടെക് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ല. കൊവിഡ് കാലത്ത് മറ്റ് രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുന്നതിന് പകരം തദ്ദേശീയമായി വാക്‌സിന്‍ സജ്ജമാക്കാന്‍ കഴിഞ്ഞത് ആഭ്യന്തരമായുള്ള ഇന്നൊവേഷനും ഗവേഷണ-വികസനവും (R&D) നടത്തിയതിലൂടെയാണെന്ന് കൊവാക്‌സിന്റെ നിര്‍മ്മാതാക്കള്‍ കൂടിയായ ഭാരത് ബയോടെക്കിന്റെ സഹ സ്ഥാപക പറഞ്ഞു.

രാജ്യത്ത് ആര്‍ ആന്‍ഡ് ഡിയും ഇന്നൊവേഷനുകളും ശക്തമാക്കാന്‍ സര്‍ക്കാരും വ്യവസായ മേഖലകളും സര്‍വകലാശാലകളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണം. ഇന്നൊവേഷനിലൂടെ ഓട്ടോമാറ്റിക്കായി തന്നെ പുതിയ അവസരങ്ങള്‍ തുറക്കും. കൊവിഡ് കാലത്ത് നമ്മളത് തെളിയിച്ചതാണ്. കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, സുഹൃദ് രാജ്യങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ നമുക്ക് കഴിഞ്ഞു. ഇന്നൊവേഷനിലും ആര്‍ ആന്‍ഡ് ഡിയും ശ്രദ്ധിക്കുന്നതിലൂടെ സ്വയാര്‍ജിതമായി തന്നെ ഇന്ത്യക്ക് മുന്നേറാനാകും.

ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പിലാണ് ഇന്ത്യ. ഈ നേട്ടത്തിലേക്ക് കടക്കുമ്പോള്‍ നമുക്കുള്ള ഉത്തരവാദിത്വങ്ങളും ഏറെയാണ്. ഇന്ത്യ 100-ാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കാന്‍ ഇനി 25 വര്‍ഷങ്ങള്‍ മുന്നിലുണ്ട്. ഈയൊരു കാല്‍ നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും സുചിത്ര എല്ല പറഞ്ഞു.

കാര്‍ഷികം, മാനവ വിഭവ ശേഷി, ആരോഗ്യം എന്നിങ്ങനെ ഇന്ത്യക്ക് നിരവധി കരുത്തുകളുണ്ട്. ആര്‍ ആന്‍ഡ് ഡിയും ഇന്നൊവേഷനും മുന്നേറുമ്പോള്‍ ഏറ്റവുമധികം പ്രയോജനം ലഭിക്കുകയും ഈ മേഖലകള്‍ക്കായിരിക്കും. കാര്‍ഷിക മേഖലയുടെ ഉന്നമനം, ഭക്ഷ്യസുരക്ഷ തുടങ്ങിയവ ഇന്നത്തെ കാലത്തിന്റെ അനിവാര്യതകളാണ്.

ഇന്നൊവേഷന്‍, ആര്‍.ആന്‍ഡ്.ഡി എന്നിവയിലൂടെയാണ് താരതമ്യേന ചെറുകിട കമ്പനിയായിരുന്ന ഭാരത് ബയോടെക് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടുന്ന വാക്‌സിന്‍, മരുന്ന് നിര്‍മ്മാതാക്കളായി ഉയര്‍ന്നുവന്നത്. കോ വാക്‌സിനടക്കം 19 വാക്സിനുകൾ കമ്പനി നിർമിക്കുകയും ലോക വിപണിയില്‍ എത്തിക്കുകയും ചെയ്യുന്നു. കൊവാക്‌സിന്‍ ലോകത്തെ പ്രമുഖ മെഡിക്കല്‍ ജേണലുകളിലെല്ലാം സ്ഥാനം പിടിച്ചു. 400ലധികം പേറ്റന്റ് കമ്പനിക്കുണ്ട്. ഇതില്‍ പാതിയോളവും ഉത്പാദന ഘട്ടത്തിലുമാണ്.

രാജ്യത്തിന്റെ കുതിപ്പിന് വനിതകളെയും സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരികയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഭാരത് ബയോടെക്കിന്റെ പിന്നിലെ ശക്തിയായി 300ഓളം വനിതാ ശാസ്ത്രജ്ഞരുണ്ടെന്നും സുചിത്ര പറഞ്ഞു. കൊച്ചിയിൽ നടന്ന പന്ത്രണ്ടാമത് ടൈകോൺ കേരള സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു സുചിത്ര എല്ല.

Related Articles
Next Story
Videos
Share it