ആംസ്റ്റര്‍ഡാമില്‍ ഇനി ഇന്ത്യന്‍ രുചി; പുതിയ ഇന്നിംഗ്‌സുമായി സുരേഷ് റെയ്‌ന
ഭക്ഷണമേഖലയില്‍ പുതിയ ഇന്നിംഗ്‌സുമായി പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ക്രിക്കറ്റിൽ നിന്ന് അടുത്തിടെ വിരമിച്ച, ഭക്ഷണപ്രിയൻ കൂടിയായ റെയ്‌ന തനത് ഇന്ത്യന്‍ രുചികളുമായി നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ പുതിയ റസ്റ്റോറന്റ് തുറന്നു. 'റെയ്‌ന, കലിനറി ട്രഷേഴ്‌സ് ഓഫ് ഇന്ത്യ' എന്നാണ് പുതിയ ഭക്ഷണശാലയുടെ പേര്. യൂറോപ്പിലുള്ളവർക്ക് ഇന്ത്യയുടെ രുചിഭേദങ്ങൾ പരിചയപ്പെടുത്തുന്ന റസ്റ്റോന്റിനു തുടക്കമിടുന്ന കാര്യം റെയ്ന തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് 2005ല്‍ കടന്നുവന്ന സുരേഷ് റെയ്‌ന 226 ഏകദിനങ്ങളില്‍ നിന്ന് 5615 റണ്‍സും 78 രാജ്യാന്തര ടി20കളില്‍ നിന്ന് 1604 റണ്‍സും 18 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 768 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഐ.പി.എല്ലിലും മികച്ച പ്രകടനമാണ് സുരേഷ് റെയ്‌ന കാഴ്ചവച്ചിട്ടുള്ളത്.
ഇന്ത്യയുടെ തനത് രുചികള്‍
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തനതായ രുചികള്‍ ഈ ഭക്ഷണശാലയില്‍ ലഭ്യമായിരിക്കുമെന്ന് താരം അറിയിച്ചു. പരിചയസമ്പന്നരായ ഷെഫുമാരുടെ മേല്‍നോട്ടത്തിലാണ് പാചകം. ഇന്ത്യന്‍ രുചിവൈവിധ്യത്തെ ആഴത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും സ്‌നേഹത്തോടെയും കൃത്യതയോടെയുമാണ് അവ തയ്യാറാക്കുന്നതെന്നും റെയ്‌ന പറയുന്നു. റെസ്റ്റോറന്റ് ബിസിനസ് രംഗത്തേക്ക് ഇറങ്ങിയ റെയ്‌നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ അദ്ദേഹത്തിന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്.