നിലവിലുള്ള ബിസിനസിനെ ഏറ്റെടുത്തും സംരംഭകനാകാം

ആനന്ദ് കുമാര്‍. എച്ച്

ബിസിനസിലുള്ള നിങ്ങളുടെ വൈഭവം തെളിയിക്കാന്‍ ആഗ്രഹിക്കുന്നോ? ഒരു സംരംഭകനായി ഈ രംഗത്ത് ഒരു ട്രാക്‌റെക്കോഡോ മുന്‍പരിചയമോ ഇല്ലെങ്കില്‍ ആദ്യം മുതല്‍ തന്നെ തുടങ്ങേണ്ടിവരും.

ഒരു ഉല്‍പ്പന്നമോ സേവനമോ ആസൂത്രണം ചെയ്യുക, ബിസിനസ് നടത്തിക്കൊണ്ട് പോകുന്ന തിനുള്ള സ്ഥലം കണ്ടെത്തുക, സാമ്പത്തിക സ്രോതസുകള്‍ വിലയിരുത്തുക, വിശ്വസ്തരായ സപ്ലൈയേഴ്‌സിനെ അന്വേഷിക്കുക, ജീവനക്കാരെ നിയമിക്കുക എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ ചെയ്യേ ണ്ടിവരും.

അതിനു പിന്നാലെ ബിസിനസിനെ വിപണിയിലേക്ക് എത്തിക്കുക, ഉപഭോക്തൃ അടിത്തറ കെട്ടിപ്പടുക്കുക, കാഷ് ഫ്‌ളോ ഉറപ്പാക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ വേറെയുമുണ്ട്. ബിസിനസില്‍ നിങ്ങള്‍ക്ക് നല്ലൊരു ട്രാക്ക് റെക്കോഡോ പ്രശസ്തിയോ ഇല്ലെന്നത് ഓര്‍മിക്കുക.

അതുകൊണ്ടു തന്നെ പുതിയൊരു ബിസിനസ് തുടങ്ങാന്‍ കഠിന പ്രയത്‌നം ആവശ്യമായി വരും. അക്കാരണത്താലാണ് പല സംരംഭകരും നിലവിലുള്ള ബിസിനസിനെ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്.

റിസ്‌ക് കുറവ്, വിജയ സാധ്യത കൂടുതല്‍

പൊതുവെ നിലവിലുള്ളൊരു ബിസിനസ് വാങ്ങുമ്പോള്‍ റിസ്‌ക് കുറവാണെന്ന് മാത്രമല്ല അതു പോലൊരു ബിസിനസ് പുതുതായി തുടങ്ങുന്നതിനേക്കാള്‍ വിജയസാധ്യതയും കൂടുതലാണ്.

നിലവിലുള്ള ഒരു ബിസിനസ് വാങ്ങുന്നതിന്റെ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. പ്രാരംഭഘട്ടത്തിലെ വെല്ലുവിളികളെ അതിജീവിച്ച് ശക്തിയോടെ മുന്നോട്ട് പോകുന്ന ഒന്നാണ് നിലവിലുള്ളൊരു ബിസിനസ്. കാലതാമസം കൂടാതെ തന്നെ നിങ്ങള്‍ക്ക് വരുമാനം നേടാനാകുമെന്നാണ് ഇതിനര്‍ത്ഥം. ഇന്‍വെന്ററി തയ്യാറാക്കാന്‍ നിങ്ങളാഗ്രഹിക്കുന്നെങ്കില്‍ അതിന് മാസങ്ങള്‍ എടുത്തേക്കും. എന്നാല്‍

നിലവിലുള്ളൊരു ബിസിനസ് വാങ്ങുകയാണെങ്കില്‍ ക്ലേശകരമായ ആ ജോലി നേരത്തെ ചെയ്തിട്ടുണ്ടായിരിക്കും. അതിനായുള്ള സമയം ലാഭിക്കാം. ബിസിനസ് നടത്തിക്കൊണ്ട് പോകുന്നതിനാവശ്യമായ വിജയകരമായൊരു ഫോര്‍മുല അതിലുണ്ടായിരിക്കും.

ബിസിനസ് നിയന്ത്രണം, നടപടിക്രമങ്ങള്‍, നയങ്ങള്‍ എന്നിവയെല്ലാം ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ടാകും. പരമാവധി കാര്യക്ഷമത കൈവരിക്കുന്നതിനായി നിങ്ങള്‍ അവയെ മൊത്തത്തിലൊന്നു പരിഷ്‌ക്കരിച്ചാല്‍ മതിയാകും.

നല്ലൊരു ഉപഭോക്തൃ അടിത്തറ സ്ഥാപിച്ചിട്ടുണ്ടായിരിക്കും. അതിനാല്‍ ശക്തമായൊരു പരസ്യപ്രചരണവും വിപണനവും ഒഴിവാക്കി ചെലവ് ലാഭിക്കാം.

വിശ്വസ്തരായ സപ്ലൈയേഴ്‌സുമായി മികച്ചൊരു ബന്ധം ഇതിനകം ബിസിനസ് സൃഷ്ടിച്ചിട്ടുണ്ടാകും. അതിനാല്‍ നിങ്ങള്‍ക്ക്് നിലവിലുള്ള ക്രെഡിറ്റ് ലൈന്‍ ഉപയോഗിച്ചുകൊണ്ടു തന്നെ മുന്‍ ഉടമസ്ഥന് ലഭ്യമായിരുന്ന ഡിസ്‌ക്കൗണ്ടുകള്‍ നേടുകയും ചെയ്യാം

നിങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള കാഷ് ഫ്‌ളോയുടെ ചരിത്രം, പെര്‍ഫോമന്‍സ് ഡേറ്റ, മറ്റുള്ള റെക്കോഡുകള്‍ എന്നിവയൊക്കെ ഉപയോഗിച്ച് SWOT അനാലിസിസ് നടത്താനാകും. ബിസിനസിന്റെ കരുത്തും ദൗര്‍ബല്യങ്ങളും മനസിലാക്കുന്നതിനുള്ള ശക്തമായൊരു സങ്കേതമാണിത്.

കൂടാതെ ബിസിനസില്‍ ഉണ്ടാകാനിടയുള്ള പുതിയ അവസരങ്ങളും ഭീഷണികളും കണ്ടെത്തുന്നതിനും ഇത് സഹായിക്കും. ഇങ്ങനെ ലഭിക്കുന്ന റിസള്‍ട്ടുകളെ നിങ്ങളുടെ എതിരാളിയുടേതുമായി താരതമ്യം ചെയ്ത് ബിസിനസിനെ കൂടുതല്‍ മല്‍സരക്ഷമവും ലാഭകരവുമാക്കുന്നതിന് വേണ്ട തന്ത്രങ്ങള്‍ രൂപപ്പെടുത്താവുന്നതാണ്.

ഗുഡ്‌വില്ലിന്റെ ഭാഗമായി ആരംഭഘട്ടത്തില്‍ മുന്‍ ഉടമസ്ഥര്‍ നിങ്ങള്‍ക്ക് വേണ്ടത്ര സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാനുള്ള സാദ്ധ്യതയുണ്ട്. ബിസിനസിന്റെ എല്ലാ വശങ്ങളെയും കുറിച്ച് നല്ലപോലെ അറിയാവുന്ന ഒരുകൂട്ടം ജീവനക്കാരെ നിങ്ങള്‍ക്ക് ലഭിക്കും. നിലവിലുള്ള ഒരു ബിസിനസ് വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം താരതമ്യേന വേഗത്തില്‍ ലഭിക്കുന്നതാണ്.

ബിസിനസ് ലോകത്ത് നിലവിലൊരു സ്ഥാനമുണ്ടെന്നതിനാല്‍ അത്തരം ഇടപാടുകളില്‍ ബാങ്കുകള്‍ക്കും നിക്ഷേപകര്‍ക്കും പൊതുവെ സുരക്ഷിതത്വം തോന്നും. നിലവിലുള്ള ഒരു ബിസിനസിന് പേറ്റന്റ്‌സ്, കോപ്പിറൈ റ്റ്‌സ് എന്നീ നിയമപരമായ അവകാശങ്ങള്‍ ഉള്ളതി നാല്‍ അത് സംരംഭത്തിന്റെ ലാഭക്ഷമത വര്‍ധിപ്പിക്കും. ചുരുക്കത്തില്‍ നിലവിലുള്ള ബിസിനസ് ഏറ്റെടുത്താല്‍ പുതിയ ഒരു സംരംഭം കെട്ടിപ്പടുക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാം.

(ലേഖകന്‍ കൊച്ചി ആസ്ഥാനമായി പ്രാക്ടീസ് ചെയ്യുന്ന ഒരു പ്രമുഖ ചാര്‍ട്ടേഡ് എക്കൗണ്ടന്റ് ആണ്. Email: anand@jaksllp.com )

Related Articles
Next Story
Videos
Share it