'ഗ്രൗണ്ട് സീറോ'യില്‍ നിന്ന് ഉയരങ്ങളിലേക്ക് ഇന്‍ഫ്ര എലിവേറ്റേഴ്സ്

ഇന്‍ഫ്ര എലിവേറ്റേഴ്സിന്റെ കഥ ഒറ്റവാക്കില്‍ ഇതുപോലെ പറഞ്ഞാല്‍, 'ഗ്രൗണ്ട് സീറോ'യില്‍ നിന്ന് ഉയരങ്ങളിലേക്കെത്തിയ കമ്പനി. 2005ല്‍ ക്ലയന്റ്സില്‍ നിന്ന് മുന്‍കൂര്‍ സമാഹരിച്ച തുക പ്രാരംഭ മൂലധനമാക്കി പ്രവര്‍ത്തനം തുടങ്ങിയ ഇന്‍ഫ്ര ഇന്ന് ദിവസത്തില്‍ ഒരു ലിഫ്റ്റ് നിര്‍മിക്കാന്‍ പ്രാപ്തിയുള്ള കമ്പനിയായിരിക്കുന്നു.

വ്യവസായങ്ങള്‍ പച്ചപിടിക്കുമോയെന്ന് സംശയിക്കുന്ന ആലപ്പുഴ ജില്ലയില്‍ തന്നെയാണ് ഇന്‍ഫ്രയും വേരാഴ്ത്തിയിരിക്കുന്നത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും മാത്രമല്ല ഇന്‍ഫ്രയുടെ ലിഫ്റ്റുകളും എലിവേറ്ററുകളും ഉയരങ്ങളിലേക്ക് പോകുന്നത്. നേപ്പാളിലും ഒമാനിലും ഇതര ജിസിസി രാജ്യങ്ങളിലും ശ്രീലങ്കയിലും മാലിയിലുമെല്ലാമുണ്ട്.
ഒരു വര്‍ഷം 365 ലിഫ്റ്റ് നിര്‍മിക്കാന്‍ ശേഷിയുള്ള, ബഹുരാഷ്ട്ര കമ്പനികളോട് മത്സരിച്ച് വിപണിയില്‍ ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്ന ഇന്‍ഫ്ര എലിവേറ്റേഴ്സ് താണ്ടിയിട്ടുണ്ട് കഠിനപാതകള്‍.
നാല് ടെക്നോക്രാറ്റുകളുടെ സൗഹൃദത്തില്‍ നിന്നാണ് ഇന്‍ഫ്ര എലിവേറ്റേഴ്സ് എന്ന കമ്പനി പിറക്കുന്നത്. ''യാതൊരു ബിസിനസ് പശ്ചാത്തലവുമില്ലാത്ത കുടുംബമാണ് എന്റേത്. 1995 മുതല്‍ ദേശീയ, രാജ്യാന്തരതലത്തിലെ കമ്പനികളില്‍ പ്രവര്‍ത്തിച്ചുള്ള അനുഭവസമ്പത്തും ഞങ്ങള്‍ നാലുപേര്‍ക്കും വ്യത്യസ്ത മേഖലകളിലുള്ള പരിചയവും കൈമുതലാക്കിയാണ് കേരളത്തില്‍ ഒരു ലിഫ്റ്റ് നിര്‍മാണ കമ്പനിക്ക് തുടക്കമിട്ടത്,'' മാനേജിംഗ് ഡയറക്റ്റര്‍ മനോജ് കുമാര്‍ വി എ പറയുന്നു.
കമ്പനിയുടെ ഫിനാന്‍സ് ഡയറക്റ്ററായ രജീഷ് രാജ് ആര്‍, മനോജ് കുമാറിന്റെ സഹപാഠിയായിരുന്നു. ബഹുരാഷ്ട്ര കമ്പനിയായ ടിസണ്‍ക്രുപ്പില്‍ മനോജിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഗോവിന്ദന്‍ എ എസ് ആണ് ഇന്‍ഫ്രയുടെ സെയ്ല്‍സ് ഡയറക്റ്റര്‍. മനോജിനൊപ്പം മറ്റൊരു കമ്പനിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന ബിജുകുമാര്‍ പി കെയാണ് കമ്പനിയുടെ ഡയറക്റ്റര്‍ മാനുഫാക്ചറിംഗ്. ''എല്ലാ രംഗത്തും എന്നേക്കാള്‍ മിടുക്കരെ കണ്ടെത്തി ചുമതലപ്പെടുത്തുക എന്നതാണ് എന്റെ രീതി,'' ടീമിനെ കെട്ടിപ്പടുത്തതിനെ കുറിച്ച് മനോജ് പറയുന്നു.
പ്രാരംഭ മൂലധനം കസ്റ്റമേഴ്സില്‍ നിന്ന്!
2005ല്‍ നാലുപേരും ചേര്‍ന്ന് കമ്പനി തുടങ്ങുമ്പോള്‍ പ്രാരംഭ മൂലധനം സമാഹരിച്ചത് ക്ലയ്ന്റ്സില്‍ നിന്ന് തന്നെയാണ്. ''ഗോവിന്ദന് വിപണിയിലുള്ള സ്വാധീനമാണ് ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് സഹായകരമായത്,'' മനോജ് കുമാര്‍ പറയുന്നു. ആദ്യകാലത്ത് കമ്പനിയുടെ എല്ലാ ജോലികളും നിര്‍വഹിച്ചിരുന്നത് ഈ നാല്‍വര്‍ സംഘമായിരുന്നു. തുടക്കത്തില്‍ ഏതാണ്ട് ആറുമാസത്തോളം തൊഴിലാളി പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു. പക്ഷേ പിന്നീട് അതിനെയെല്ലാം മറികടന്ന് പടിപടിയായി വളരുകയായിരുന്നു.
രാജ്യാന്തര കമ്പനികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വരുന്ന രംഗമാണിത്. എന്നിട്ടും ഇന്‍ഫ്ര പിടിച്ചുനിന്ന് വളര്‍ന്നത് അവരുടേതായ രീതികള്‍ കൊണ്ടാണ്. ''ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയിലോ നല്‍കുന്ന സേവനങ്ങളിലോ ഞങ്ങള്‍ ഒരുവിട്ടുവീഴ്ചയും ചെയ്യില്ല. മാത്രമല്ല, ഞങ്ങളുടെ ഡിസൈന്‍ വിഭാഗം കരുത്തുറ്റതാണ്. ഏത് കെട്ടിടത്തിലും ലഭ്യമായ സ്പേസില്‍ ലിഫ്റ്റും എസ്‌കലേറ്ററുമെല്ലാം ഞങ്ങള്‍ക്ക് രൂപകല്‍പ്പന ചെയ്ത് സ്ഥാപിക്കാനാവും,'' മനോജ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
2009 ല്‍ ബാംഗ്ലൂരിലേക്കും 2013 ല്‍ ഹൈദരാബാദിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ച കമ്പനി 2015ല്‍ എറണാകുളത്ത് കോര്‍പ്പറേറ്റ് ഓഫീസ് തുറന്നു. ''ഒരുകാലത്ത് ബാഗും കൈയില്‍ പിടിച്ച് അലയുമ്പോഴുള്ള സ്വപ്നമായിരുന്നു നഗരത്തില്‍ ഒരു കോര്‍പ്പറേറ്റ് ഓഫീസ് എന്നത്. മറ്റൊരു സ്വപ്നമായ അത്യാധുനിക ഫാക്ടറി 2019ല്‍ ചേര്‍ത്തല പള്ളിപ്പുറത്തും പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടെ നൂതന ലേസര്‍ കട്ടിംഗ് മെഷീന്‍ സ്ഥാപിച്ചതോടെ ഉല്‍പ്പാദന ശേഷി മാസത്തില്‍ 30 ലിഫ്റ്റ് എന്നതായി,'' മനോജ് കുമാര്‍ പറയുന്നു.
സേവനം തൊട്ടരികില്‍
ഓരോ ഉപഭോക്താവിന്റെയും ആവശ്യമനുസരിച്ചുള്ള ലിഫ്റ്റ് നിര്‍മിച്ചു നല്‍കുന്നതിനൊപ്പം ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും സേവനം നല്‍കാനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ കമ്പനിക്ക് സര്‍വീസ് പോയ്ന്റുകളുണ്ട്.
245 ഓളം സ്ഥിരം ജീവനക്കാരും ഇന്‍ഫ്രയ്ക്കൊപ്പമുണ്ട്. '' ഉപഭോക്താവിന് തികച്ചും കസ്റ്റമൈസ്ഡ് ആയ ഉല്‍പ്പന്നം നല്‍കുന്നതിനൊപ്പം ഏത് സമയത്തും സേവനവും ലഭ്യമാണ്. വിപണിയില്‍ ഞങ്ങള്‍ക്ക് സ്ഥാനമുറപ്പിക്കാന്‍ സഹായിച്ച ഘടകങ്ങളും ഇതാണ്. അതുപോലെ തന്നെ ഞങ്ങളുടെ ഉപഭോക്താവിന് ഫാക്ടറിയില്‍ വന്ന് അവര്‍ക്കായി നിര്‍മിക്കുന്ന ഉല്‍പ്പന്നം നേരില്‍ കാണാനാവുമാകും,'' മനോജ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
സ്റ്റീല്‍ ഉള്‍പ്പടെ അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയരുമ്പോഴും വില താഴ്ത്തി വിപണി പിടിച്ചാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ മത്സരിക്കുമ്പോഴും ഇന്‍ഫ്ര ഉരുക്കിന്റെ കരുത്തോടെ നില്‍ക്കുന്നത് ഇതെല്ലാം കൊണ്ടുകൂടിയാണെന്ന് വ്യക്തമാക്കുന്നു കമ്പനി സാരഥികള്‍.
നാല് വര്‍ഷത്തിലേറെയായി നേപ്പാളിലേക്ക് ഇന്‍ഫ്ര ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം മറ്റ് ലിഫ്റ്റ് മാനുഫാക്ചറേഴ്സിനായി ഒഇഎം (ഒറിജിനല്‍ എക്വിപ്മെന്റ് മാനുഫാക്ചറര്‍) ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ഒമാനില്‍ ഇന്‍ഫ്രയുടെ 40 ഓളം ലിഫ്റ്റുകളുണ്ട്. മറ്റ് പ്രമുഖ ലിഫ്റ്റ് നിര്‍മാണകമ്പനികള്‍ക്ക് പാര്‍ട്സുകളും വിപണനം ചെയ്യാറുണ്ട്.
പാസഞ്ചര്‍ ലിഫ്റ്റുകള്‍, ക്യാപ്സൂള്‍ ലിഫ്റ്റുകള്‍, ഹോം ലിഫ്റ്റുകള്‍, ഹോസ്പിറ്റല്‍ ലിഫ്റ്റുകള്‍, കാര്‍ ലിഫ്റ്റുകള്‍, കണ്‍വെയറുകള്‍, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സിസ്റ്റം, എസ്‌കലേറ്ററുകള്‍ തുടങ്ങിയവയെല്ലാം കമ്പനിയുടെ ഉല്‍പ്പന്ന നിരയിലുണ്ട്. ''ഇവയ്ക്കെല്ലാം മാത്രമായുള്ള എക്സ്‌ക്ലൂസീവ് ഫാക്ടറി കേരളത്തില്‍ ഞങ്ങളുടേത് മാത്രമാണ്,'' ഇന്‍ഫ്ര ടീം പറയുന്നു.


Related Articles
Next Story
Videos
Share it