ആരോഗ്യം മുതല്‍ സാമൂഹ്യ അസമത്വം വരെ; ഇന്ത്യന്‍ സിഇഒമാരെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ഇതൊക്കെയാണ്

ഒരു കമ്പനിയുടെ തലപ്പത്ത് ഇരിക്കുന്നതുകൊണ്ട് തന്നെ സിഇഒമാര്‍ നേരിടുന്ന വെല്ലുവിളികള്‍ പലതാണ്. പ്രാദേശിക- അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ ഒരു പോലെ തങ്ങളുടെ വിപണിയെ ബാധിക്കുമെന്ന വ്യക്തമായ ധരണയോടെയാണ് കമ്പനികള്‍ നയങ്ങള്‍ സ്വീകരിക്കുന്നതും. ലോകത്തെ വിവിധി സിഇഒമാര്‍ വെല്ലുവിളിയായി ഉയര്‍ത്തിയ പ്രശനങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് പ്രൊഫഷണല്‍ സര്‍വീസ് നെറ്റ്വര്‍ക്ക് ആയ പിഡബ്യുസിയുടെ സിഇഒ സര്‍വ്വേ.

ലോകത്തെ 80 ശതമാനം സിഇഒമാരും ആരോഗ്യ രംഗത്തെ വെല്ലുവിളികളെക്കുറിച്ച് ആശങ്കപ്പെടുന്നവരാണ്. ഇന്ത്യന്‍ സിഇഒമാരില്‍ ഇത് 89 ശതമാനം ആണ്. കൊവിഡ് തന്നെയാണ് ആശങ്കയുടെ പ്രധാന കാരണം.
വാക്‌സിനേഷന്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കൊവിഡ് വകഭേദങ്ങള്‍ വെല്ലുവിളിയാണ്. കൊവിഡ് ഭീക്ഷണി നിലനില്‍ക്കെ മികച്ച തൊഴിലാളികളെ നിലനിര്‍ത്തുന്നതും കണ്ടെത്തുന്നതും വെല്ലുവിളിയാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 61 ശതമാനം പേരും പറയുന്നു. സിഇഒമാര്‍ അവരുടെ ജിവനക്കാരുടെ ആരോഗ്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്ന് പിഡബ്ല്യുസി ഇന്ത്യ ചെയര്‍മാന്‍ സഞ്ജീവ് കൃഷ്ണ പറയുന്നു.
ആരോഗ്യം കഴിഞ്ഞാല്‍ തങ്ങളുടെ ബിസിനസിനെ ബാധിക്കുന്ന ഏറ്റവും വലിയ ഭീഷണിയായി ഇന്ത്യയിലെ സിഇഒമാര്‍(77%) കാണുന്നത് അഗോള രാഷ്ട്രീയ സംഘര്‍ഷങ്ങളെ ആണ്. ലോകത്തിലെ 66 ശതമാനം സിഇഒമാരും രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ആശങ്കാകുലരാണ്. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തങ്ങളുടെ വിപണിയെ ബാധിക്കുമെന്ന ആശങ്ക ഭൂരിഭാഗത്തിനുമുണ്ട്. സൈബര്‍ ആക്രമണങ്ങളും ഇന്ത്യയിലെ സിഇഒമാരെ (77%) അലട്ടുന്നുണ്ട്.
സാമ്പത്തിക അസ്ഥിരത (75%),കാലാവസ്ഥാ വ്യതിയാനം(62%), സാമൂഹ്യ അസമത്വം(45%) എന്നിവയാണ് മറ്റ് പ്രധാന പ്രശ്‌നങ്ങളായി ഇവര്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത 12 മാസത്തിനുള്ളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുമെന്നാണ് രാജ്യത്തെ 99 ശതമാനം സിഇഒമാരും കരുതുന്നത്. ലോകത്തെ 89 മേഖലകളില്‍ നിന്നായി 4,446 സിഇഒമാരാണ് സര്‍വ്വേയുടെ ഭാഗമായത്. ഇന്ത്യയില്‍ നിന്ന് 77 പേരാണ് പങ്കെടുത്തത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it