

റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി അടുത്തിടെ രാജ്യത്തെ ചെറുകിട, ഇടത്തരം മേഖലയ്ക്കായി വീണ്ടും ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വായ്പാ ക്രമീകരണം സംബന്ധിച്ചുള്ളതാണത്. കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംരംഭങ്ങളെ സഹായിക്കാനും പുനരുജ്ജീവിപ്പിക്കാനും സര്‍ക്കാരുകള്‍ നിരവധി പദ്ധതികളും സഹായങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അവയില്‍ പലതും പല കാരണങ്ങള്‍ കൊണ്ട് ലഭിക്കാത്ത സംരംഭകരുണ്ട്. ഇങ്ങനെ സഹായങ്ങളുടെ പരിധിയില്‍ നിന്ന് പുറത്തുപോയ സംരംഭകരില്‍ ഒരു വിഭാഗത്തിന് പ്രയോജനപ്പെടുത്താവുന്ന ആനുകൂല്യമാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എംഎസ്എംഇകള്‍ക്കുള്ള വായ്പാ പുനഃക്രമീകരണത്തിലെ വ്യവസ്ഥകളിലെ മാറ്റം അത്തരത്തിലുള്ളതാണ്.
എങ്ങനെ ഇത് ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താമെന്ന് നോക്കാം.
മേഖലാ ഗ്രാമീണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള വാണിജ്യ ബാങ്കുകള്‍, പ്രാഥമിക (അര്‍ബന്‍) സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സെന്‍ട്രല്‍ സഹകരണ ബാങ്കുകള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് 25 കോടി രൂപ വരെ വായ്പ എടുത്ത എല്ലാ ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും ഈ ആനൂകൂല്യത്തിന് അര്‍ഹതയുണ്ട്. 2020 മാര്‍ച്ച് ഒന്നിന്, സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തിലായിരുന്ന എക്കൗണ്ടുകള്‍ക്കാണ് പക്ഷേ ഇതിനുള്ള അര്‍ഹതയുള്ളൂ. അതായത്, നേരത്തെ മാര്‍ച്ച് ഒന്നിന് എസ് എം എ 2 കാറ്റഗറിയിലേക്ക് പോയിരുന്ന എക്കൗണ്ടുകള്‍ക്ക് പോലും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.
വായ്പാ പുനഃക്രമീകരണ നടപടികള്‍ 2021 മാര്‍ച്ച് 31നകം പൂര്‍ത്തിയായിരിക്കണം. വായ്പാ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൃത്യമായി സമര്‍പ്പിക്കുകയും ബാങ്കുകളുടേയോ അല്ലെങ്കില്‍ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളുടേയോ ബുക്കില്‍ വായ്പകള്‍ പുതുക്കിയ വ്യവസ്ഥകളോടെ ചേര്‍ക്കപ്പെടുകയും ചെയ്താല്‍ മാത്രമേ വായ്പാ പുനഃക്രമീകരണം പൂര്‍ത്തിയാകൂ. ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാത്ത സംരംഭമാണെങ്കില്‍ വായ്പാ പുനഃക്രമീണം പൂര്‍ത്തിയാകും മുമ്പേ രജിസ്റ്റര്‍ ചെയ്തിരിക്കണം.
റിസര്‍വ് ബാങ്കിന്റെ പുതിയ പ്രഖ്യാപനം ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വലിയ ആശ്വാസം തന്നെയാണ്. വായ്പ എടുത്തവര്‍ക്ക് പുതിയ സാഹചര്യത്തില്‍ തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടാകാത്ത വിധം, വായ്പകള്‍ പുനഃക്രമീകരിച്ച് നല്‍കാന്‍ ഇതിലൂടെ സാധിക്കും.
ചില സംരംഭകര്‍ നേരത്തേ മോറട്ടോറിയത്തിന് അപേക്ഷിച്ചുണ്ടാവില്ല. ചിലര്‍ക്ക് ബാങ്കുകള്‍ മോറട്ടോറിയം അനുവദിച്ചിട്ടുമുണ്ടാവില്ല. ഇതിന് പല കാരണങ്ങള്‍ കാണും. ഇത്തരത്തിലുള്ള ചില എക്കൗണ്ടുകള്‍ 2020 മാര്‍ച്ച് രണ്ടിനുശേഷം എന്‍ പി എ ആയിട്ടുണ്ടാകും. ഇത്തരം എക്കൗണ്ടുകള്‍ക്കും റിസര്‍വ് ബാങ്ക് ആനുകൂല്യപ്രകാരം വായ്പാ പുനഃക്രമീകരണത്തിന് അര്‍ഹതയുണ്ട്. ഇത് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്പ എടുത്തവര്‍ക്കുമെല്ലാം അനുഗ്രഹമാണ്. 2020 മാര്‍ച്ച് രണ്ടിന് ശേഷം എന്‍ പി എ ആയ എക്കൗണ്ടുകള്‍, 2021 മാര്‍ച്ച് 31നുള്ളില്‍ വായ്പ പുനഃക്രമീകരണം നടത്തിയാല്‍ മതിയെന്നത് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട നിരവധി എം എസ് എം ഇ യൂണിറ്റുകള്‍ക്ക് അനുഗ്രഹം തന്നെയാണ്.
ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്ത, ഇപ്പോള്‍ കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായവര്‍ക്ക്, സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാന്‍ വേണ്ടി വായ്പാ ദാതാവ് നല്‍കുന്ന ഇളവാണ് വായ്പാ പുനഃക്രമീകരണം. റീ പെയ്‌മെന്റ് ഹോളിഡേ, രീ പെയ്‌മെന്റ് കാലാവധിയില്‍ മാറ്റം വരുത്തല്‍, പലിശ നിരക്കില്‍ വ്യത്യാസം വരുത്തല്‍, മാസത്തവണയില്‍ മാറ്റം വരുത്തല്‍, അധികമായി ക്രെഡിറ്റ് സൗകര്യം നല്‍കല്‍, നിലവിലുള്ള ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്തല്‍, സെക്യൂരിറ്റിയില്‍ മാറ്റം വരുത്തല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വായ്പാ പുനഃക്രമീകരണത്തിന്റെ ഭാഗമായി നടന്നേക്കാം.
വായ്പാ പുനഃക്രമീകരണം എന്നാല്‍ വായ്പ എടുത്തവരുടെ അവകാശമല്ല. എന്തുകൊണ്ടാണ് സംരംഭകര്‍ കടുത്ത പ്രതിസന്ധിയിലായത്, എങ്ങനെയാണ് ഭാവിയില്‍ അതില്‍ നിന്ന് പുറത്തുകടക്കാന്‍ പോകുന്നത് എന്നതൊക്കെ ബാങ്കിന് വ്യക്തമായി മനസ്സിലാക്കി കൊടുക്കാന്‍ സംരംഭകര്‍ക്ക് കഴിയണം. അതായത്, ബിസിനസ് മെച്ചപ്പെടും എന്ന് വാക്കാല്‍ പറഞ്ഞതുകൊണ്ട് കാര്യമില്ല. ബാങ്കിന് ആ വാക്കുകളില്‍ വിശ്വാസ്യത തോന്നുന്ന വിധത്തിലുള്ള കരുത്തുറ്റ നടപടികള്‍ സംരംഭകന്റെ ഭാഗത്തുനിന്ന് വേണം. കാര്യങ്ങള്‍ മെച്ചപ്പെട്ട് വരുമാനവും ലാഭവും കൂടുമെന്നും മെച്ചപ്പെട്ട കാഷ് ഫ്‌ളോ ഉണ്ടാകുമെന്നുമൊക്കെ ബാങ്കിനെ ധരിപ്പിക്കേണ്ട ചുമതല സംരംഭകന്റേതാണ്.
മോറട്ടോറിയം, സംരംഭകര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മറികടക്കാനുള്ള ഹ്രസ്വകാലത്തേക്കുള്ള ഒരു വഴി മാത്രമാണ്. എന്നാല്‍ വായ്പാ പുനഃക്രമീകരണം മൂലം സംരംഭങ്ങളുടെ ഘടനാപരമായ പ്രശ്‌നങ്ങള്‍, നിലവിലുള്ളതും ഭാവിയില്‍ വരാനിടയുള്ളതും, പരിഹരിക്കാന്‍ പറ്റും. അതുകൊണ്ട് ആയുസ്സില്‍ ഒരിക്കല്‍ മാത്രമുള്ള അവസരമാണിത്. ഇതിന് കൃത്യമായ ഫിനാന്‍ഷ്യല്‍ പുനഃക്രമീകരണ പദ്ധതി വേണം. എന്തുകൊണ്ടാണ് ബിസിനസില്‍ തകര്‍ച്ച നേരിട്ടത് എന്ന് മനസ്സിലാക്കി, ഭാവിയിലെ സാധ്യതകള്‍ പരിഗണിച്ച് കൃത്യമായ പുനഃക്രമീകരണമാണ് വേണ്ടത്. അല്ലെങ്കില്‍ പ്രശ്‌നം കുറച്ചുകാലത്തേക്ക് മാറ്റി വെയ്ക്കാമെന്നല്ലാതെ അത് പരിഹരിക്കാന്‍ സാധിക്കില്ല.
(കൂടുതല്‍ വിവരങ്ങള്‍ക്ക് ലേഖകനെ വിളിക്കാം. ഫോണ്‍: 75588 91177, ഇമെയ്ല്‍: jizpk@yescalator.com)
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine