സിലിക്കണ്‍ വാലി സംരംഭകരെപ്പോലെ ചിന്തിക്കൂ, നിങ്ങള്‍ക്കും വിജയിക്കാം

19ാമത്തെ വയസില്‍ കണ്ണുപൊട്ടനെപ്പോലെയാണ് ഞാന്‍ ബിസിനസ് ആരംഭിച്ചത്. 24ാമത്തെ വയസില്‍ രണ്ടു ബിസിനസുകള്‍ പരാജയപ്പെട്ടു. ഒപ്പം 30 ലക്ഷം ഡോളര്‍ കടക്കാരനുമായി. ഏതാണ്ട് 20 വര്‍ഷത്തിനിപ്പുറം ഞാനിന്ന് വിവിധ രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ ശതകോടികള്‍ വിറ്റുവരവുള്ള കമ്പനികളെ വരെ അവരുടെ ബിസിനസ് വളര്‍ത്താന്‍ സഹായിക്കുന്നു. ഇതൊരു നീണ്ട യാത്രയായിരുന്നു. കണ്ടും അറിഞ്ഞും മുറിവേറ്റും ഒരുപാട് കാര്യങ്ങള്‍ പഠിച്ച യാത്ര.

എന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ ഞാന്‍ ഏറെ ആസ്വദിച്ചിട്ടുള്ളത് സിലിക്കണ്‍ വാലി സംരംഭകരെ മെന്റര്‍ ചെയ്യുമ്പോഴാണ്. നമ്മുടെ പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇല്ലാത്ത ചില സവിശേഷതകള്‍ അവര്‍ക്കുണ്ട്. അവരുടെ മനോഭാവത്തിലേക്ക് വരുന്നതിലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചരിത്രം തിരുത്തിയെഴുതി മുന്നേറാന്‍ സാധിക്കും. സിലിക്കണ്‍ വാലി സംരംഭകരെ മെന്റര്‍ ചെയ്യുമ്പോള്‍, ഇടപഴകുമ്പോള്‍ എന്നെ അതിശയിപ്പിച്ചിട്ടുള്ള അവരുടെ ചില സ്വഭാവ സവിശേഷകളെക്കുറിച്ചാണ് ഇവിടെ പങ്കുവെക്കുന്നത്.

1) മുമ്പേ നടക്കുന്നവര്‍

സിലിക്കണ്‍ വാലിയിലെ സംരംഭകര്‍ മുമ്പേ നടന്ന് വഴിതെളിക്കുന്നവരാണ്. അതായത് അവര്‍ പയനിയേഴ്‌സ് (Pioneers) ആണ്. സുഖമായി നടക്കാവുന്ന പാത മുന്നിലുണ്ടെങ്കിലും അതിലൂടെ പോകാന്‍ തയാറാകാതെ സ്വന്തമായി ഒരു വഴി വെട്ടിത്തെളിച്ച് മുന്നോട്ടുപോകുന്നവര്‍. ഇതുവരെ ആരും ചിന്തിക്കാത്ത പുതിയ ആശയങ്ങള്‍ നടപ്പാക്കുന്നവര്‍. എന്നാല്‍ ഇത് അത്ര എളുപ്പമല്ല. ഇത്തരക്കാര്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളെ നേരിടേണ്ടിവരും. അവര്‍ക്ക് മാതൃകയാക്കാനോ വഴികാട്ടാനോ ആരുമുണ്ടാകില്ല. പയനിയേഴ്‌സ് പരാജയപ്പെടാനുള്ള സാധ്യതകളേറെയാണ്. എന്നാല്‍ വന്‍വിജയങ്ങള്‍ നേടുന്നവര്‍ പയനിയേഴ്‌സ് ആയിരിക്കും.

2) സാഹസികര്‍

ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് പറഞ്ഞത് ഇലക്ട്രിക് കാര്‍ കമ്പനിയുണ്ടാക്കി എനിക്ക് വിജയിക്കാനുള്ള സാധ്യത വെറും 10 ശതമാനം മാത്രമായിരുന്നു എന്നാണ്. ബാക്കി 90 ശതമാനമാണ് പരാജയപ്പെടാനുള്ള സാധ്യത. എവിടേക്ക് നോക്കിയാലും പരാജയം മാത്രമേ കാണാനുള്ളു. കാരണം ആരും ഇങ്ങനെ ചെയ്തിട്ടില്ല. ചെയ്തവര്‍ വിജയിച്ചിട്ടില്ല. പക്ഷെ സാഹസികരായ ഇത്തരം സംരംഭകര്‍ പരാജയത്തിലേക്ക് നോക്കുന്നില്ല. വിജയിക്കാനുള്ള ആ നേരിയ സാധ്യത കണ്ടെത്തി അതില്‍ പരമാവധി ഫോക്കസ് ചെയ്ത് ബിസിനസിനെ മുന്നോട്ടുനയിക്കുന്ന മനോഭാവം. സിലിക്കണ്‍ വാലി സംരംഭകരുടെ ആ ധൈര്യവും ചങ്കൂറ്റവും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്.

3) പര്‍പ്പിള്‍ ആനകള്‍

വഴിയില്‍ വെച്ച് ഒരു ആനയെ കണ്ടാല്‍ നാം ഒരു മിനിറ്റ് നിന്ന് അതിനെ നോക്കിയെന്നിരിക്കും. എന്നാല്‍ സാധാരണ ആനയ്ക്ക് പകരം നിങ്ങളൊരു പര്‍പ്പിള്‍ നിറമുള്ള ആനയെയാണ് കാണുന്നതെങ്കിലോ? നിങ്ങള്‍ വലിയ അല്‍ഭുതത്തോടെ നോക്കും. വേഗം ഫോണില്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയിലിടും. കൂടെ നിന്ന് സെല്‍ഫി എടുക്കും. അത് വൈറലാകും. ഇത്തരം പര്‍പ്പിള്‍ ആനകളാകാനാണ് ഓരോ സിലിക്കണ്‍ വാലി സ്റ്റാര്‍ട്ടപ്പുകളും ശ്രമിക്കുന്നത്. ലോകത്ത് അനേകം ബിസിനസുകളുണ്ട്. എന്നാല്‍ സിലിക്കണ്‍ വാലി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതിനുള്ള സവിശേഷതകളുണ്ട്. ഈ അസാധാരണത്വം നിങ്ങളുടെ സ്റ്റാര്‍ട്ടപ്പിനു ണ്ടോയെന്ന് പരിശോധിക്കുക.

4) പരാജയത്തെ സ്വീകരിക്കുന്നവര്‍

സിലിക്കണ്‍ വാലി സംരംഭകര്‍ അവരുടെയും അവരുടെ കൂടെയുള്ള ടീമിന്റെയും സകല കഴിവുകളും ഉപയോഗിച്ച് പരാജയത്തെ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്ക് പരാജയത്തെ യാതൊരു പേടിയുമില്ല. പരാജയപ്പെട്ടതുകൊണ്ട്് മോശമായി എന്ന് സിലിക്കണ്‍ വാലിയില്‍ ആരും കരുതുന്നുമില്ല. പകരം പരാജയപ്പെട്ടാല്‍ മാത്രമേ നിങ്ങള്‍ ശ്രമിച്ചിട്ടുള്ളു, അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ തയാറായിട്ടുള്ളു... എന്നാണ് കരുതുന്നത്. ശതകോടീശ്വരിയായ സേറ ബ്ലേക്ലി കുട്ടിയായിരുന്ന കാലത്ത് അവരുടെ പിതാവ് വൈകിട്ട് അത്താഴം കഴിക്കാന്‍ ഇരിക്കുമ്പോള്‍ കുട്ടികളോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 'ഇന്ന് എന്ത് കാര്യത്തിലാണ് മക്കളെ നിങ്ങള്‍ പരാജയപ്പെട്ടത്?' ഒന്നുമില്ലെന്ന് പറഞ്ഞാല്‍ അദ്ദേഹം പറയും. 'നിങ്ങള്‍ പരാജയപ്പെട്ടിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം ഇന്ന് നിങ്ങളൊന്നും ശ്രമിച്ചിട്ടില്ല എന്നാണ്.' പരാജയപ്പെടുകയെന്നത് ഒരു മഹാ അപരാധം അല്ല. അതൊരു കഴിവില്ലായ്മയല്ല. ധൈര്യമുള്ളവര്‍ക്കേ അതിന് സാധിക്കൂ. പരാജയത്തെ സിലിക്കണ്‍ വാലി സംരംഭകര്‍ തങ്ങള്‍ക്ക് കിട്ടിയ ഒരു വലിയ പാഠമായി കരുതും. അവര്‍ക്കറിയാം, അഞ്ചു കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതില്‍ ഒരു കാര്യത്തിലായിരിക്കും വിജയിക്കുന്നതെന്ന്. ആ ഒന്നില്‍ അവര്‍ പിടിച്ചുകയറി വളരും. ബാക്കി നാല് കാര്യങ്ങളെ മറ്റുള്ളവര്‍ പരാജയം എന്ന് വിളിക്കുമ്പോള്‍ സിലിക്കണ്‍ വാലി സംരംഭകര്‍ അവയെ ലേണിംഗ് എന്ന് വിളിക്കും.

5) ബിഗ് ഡ്രീമേഴ്‌സ്

വലിയ സ്വപ്നം കാണാന്‍ അവര്‍ക്ക് ഒരു ലജ്ജയുമില്ല. അങ്ങനെയൊരു സംസ്‌കാരമാണ് സിലിക്കണ്‍ വാലിയിലുള്ളത്. 'എങ്ങനെ ഇത് ചെയ്യും' എന്ന് എല്ലാവരും ചോദിക്കുമ്പോള്‍ 'എന്തുകൊണ്ട് എനിക്കിത് ചെയ്തുകൂടാ' എന്നാണ് അവര്‍ ചോദിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു കള്‍ച്ചറായി എനിക്ക് തോന്നിയിട്ടുള്ള കാര്യം ഇതാണ്. അവര്‍ വലിയ സ്വപ്നങ്ങള്‍ കാണുന്നു. ആ സ്വപ്നങ്ങള്‍ അവര്‍ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍ അവരും അതിനെ പിന്തുണച്ച് കൂടെ നില്‍ക്കുന്ന നല്ലൊരു സംസ്‌കാരം. സംരംഭകത്വത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷമാണ് അവിടെയുള്ളത്.

6) ഇന്റലിജന്റ് തിങ്കേഴ്‌സ്

അന്ധമായി പോസിറ്റീവ് ചിന്തകളും സ്വപ്നങ്ങളുമായി മാത്രം നടക്കുന്നവരല്ല സിലിക്കണ്‍ വാലി സംരംഭകര്‍. അവര്‍ ഇന്റലിജന്റ് തിങ്കേഴ്‌സും ആയിരിക്കും. കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നിയാലും ഇത് വളരെ പ്രധാനമാണ്. കാരണം പോസിറ്റീവ് ചിന്തകളുമായി മാത്രം നടക്കുന്നവര്‍ അബദ്ധത്തില്‍ ചെന്ന് ചാടാനുള്ള സാധ്യത വളരെ കൂടുതലാണ്. സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമെല്ലാം നല്ലതിനാണല്ലോ എന്ന് ചിന്തിച്ച് അവര്‍ മുന്നില്‍ വരുന്ന അപകടസൂചനകളെ അവഗണിച്ചേക്കും. പോസിറ്റീവ് തിങ്കിംഗ് വേണ്ടെന്നല്ല. ശുഭാപ്തി വിശ്വാസത്തിനൊപ്പം ബൗദ്ധികമായി ചിന്തിക്കുകയും വേണം. സ്വപ്നങ്ങളുടെ പിന്നാലെ പോകുന്നതിനൊപ്പം ആ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ട വഴിയും സിലിക്കണ്‍ വാലി സംരംഭകര്‍ കണ്ടെത്തും. ഇന്റലിജന്റ് തിങ്കിംഗ് എന്നാല്‍ പ്രായോഗിക ചിന്തയല്ല. സാധ്യതകളെ വലുതായി കാണുന്നതിനൊപ്പം മാറ്റങ്ങളെ മുന്‍കൂട്ടി കണ്ട് മാറാനും അപകടങ്ങളെ മണത്തറിഞ്ഞ് അതിനെ തരണം ചെയ്യാനും അവര്‍ക്ക് ഒരേസമയം സാധിക്കും.

7) ദീര്‍ഘവീക്ഷണമുള്ളവര്‍

കേരളത്തിലെ പല പുതുസംരംഭകരിലും ഞാന്‍ കണ്ടിട്ടുള്ള ഒരു വലിയ പോരായ്മ അവര്‍ക്ക് ക്ഷമയില്ലാത്തതാണ്. എത്രയും പെട്ടെന്ന് പണമുണ്ടാക്കണം എന്ന മനോഭാവം. എന്നാല്‍ സിലിക്കണ്‍ വാലി സംരംഭകര്‍ വളരെ ദീര്‍ഘവീക്ഷണമുള്ളവരാണ്. കുറഞ്ഞത് 10 വര്‍ഷത്തേക്കാണ് അവര്‍ ചിന്തിക്കുന്നതും പ്ലാന്‍ ചെയ്യുന്നതും. ബില്‍ ഗേറ്റ്‌സ് പറഞ്ഞതുപോലെ ഒരു വര്‍ഷം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ പൊലിപ്പിച്ചുകാണുകയും 10 വര്‍ഷം കൊണ്ട്് ചെയ്യാവുന്ന കാര്യങ്ങളെ വിലകുറച്ച് കാണുകയും ചെയ്യുന്നതാണ് പൊതുവേയുള്ള ശീലം.
ദീര്‍ഘവീക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് ഓര്‍മ്മവരുന്നത് ഉറുമ്പുകളെയാണ്. ഉറുമ്പിന്റെ കൂട് ഒരു ഉറുമ്പിന്റെ വലുപ്പത്തെക്കാള്‍ ആയിരമിരട്ടി വലുപ്പമുള്ളതായിരിക്കും. ഒറ്റ ദിവസം കൊണ്ട് എനിക്ക് കൂടുണ്ടാകണം എന്ന് പറഞ്ഞാല്‍ ഉറുമ്പിന് കൂടുണ്ടാവില്ല. സംരംഭകന് ബിസിനസുമുണ്ടാകില്ല. സിലിക്കണ്‍ വാലി സംരംഭകര്‍ എമേര്‍ജന്‍സ് (Emergence) എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരാണ്. വെറും ഒരു കോശം ഇരട്ടിച്ചാണല്ലോ മനുഷ്യന്‍ ഉണ്ടാകുന്നത്. കോശം കണ്ടിട്ട് അതില്‍ നിന്ന് വലിയൊരു മനുഷ്യന്‍ ഉണ്ടാകുമെന്ന് പറയാനാകില്ല. ചെറിയ വിത്തില്‍ നിന്ന് വലിയ വൃക്ഷമുണ്ടാകുമെന്നും. അതുപോലെയാണ് സിലിക്കണ്‍ വാലി സംരംഭകരും.

8) അടിയുറച്ച വിശ്വാസം

ഇല്ലാത്ത കാര്യങ്ങള്‍ കാണാന്‍ പറ്റുന്നതാണ് വിശ്വാസം (Faith). അതൊരു ബിസിനസ് ടൂളായി ഉപയോഗിക്കാനാകണം. മറ്റുള്ളവരാരും കാണാത്ത കാര്യം അവര്‍ ആദ്യമായി കൃത്യതയോടെ കാണുന്നു. അതുകൊണ്ട് തന്നെ അവര്‍ക്കത് യാഥാര്‍ത്ഥ്യമാക്കാന്‍ എളുപ്പമാകുന്നു. എന്നാല്‍ വെറുതെ മിഥ്യാലോകത്തല്ല ഈ സ്വപ്നം കാണല്‍. ഇവിടെയാണ് നേരത്തെ പറഞ്ഞ ഇന്റലിജന്റ് തിങ്കിംഗിന്റെ പ്രസക്തി. ഒര്‍ലാന്‍ഡോയില്‍ ഡിസ്‌നി വേള്‍ഡ് സ്ഥാപിച്ചത് പൂര്‍ത്തിയാക്കി കാണാന്‍ വാള്‍ട്ട് ഡിസ്‌നിക്ക് കഴിഞ്ഞില്ല. അദ്ദേഹം മരിച്ചുപോയി. അദ്ദേഹത്തിന് കാണാന്‍ കഴിയാതെ പോയത് കഷ്ടമായല്ലേ എന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് വാള്‍ട്ട് ഡിസ്‌നിയുടെ സഹോദരന്‍ റോയി ഒ.ഡിസ്‌നി പറഞ്ഞ മറുപടി നാം എല്ലാവരും ഓര്‍ത്തിരിക്കേണ്ടതാണ്. 'അദ്ദേഹം അത് ആദ്യമായി കണ്ടതുകൊണ്ടാണല്ലോ ഡിസ്‌നി വേള്‍ഡ് ഇവിടെ യാഥാര്‍ത്ഥ്യമായത്.'

9) സ്വാധീനിക്കാനറിയാം

ആവശ്യമുള്ളവരെ സ്വാധീനിച്ച് കൂടെ നിര്‍ത്താന്‍ കഴിവുള്ളവരാണ് മിക്ക സിലിക്കണ്‍ വാലി സംരംഭകരും. തങ്ങളുടെ ആശയത്തിലേക്ക് അവരുടെ ടീമിനെ, ബിസിനസ് പങ്കാളികളെ, നിക്ഷേപകരെ, ഉപഭോക്താക്കളെയെല്ലാം ആകര്‍ഷിക്കാന്‍ അവര്‍ക്ക് കഴിവുണ്ടാകും. അതു
പോലെ അവര്‍ക്ക് സ്വന്തം ടീമിനെ പ്രചോദിപ്പിക്കാനും അസാമാന്യകഴിവാണ്. നേരത്തെ പറഞ്ഞ ഉറുമ്പുകളുടെ കാര്യം തന്നെയെടുക്കാം. ഒരു ഉറുമ്പ് പണിയെടുക്കാതെ മടിച്ചിരുന്നാല്‍ ഉറുമ്പിന്‍ കൂട് നല്ല രീതിയില്‍ പൂര്‍ത്തിയാകണമെന്നില്ല. ഏറ്റവും കഴിവുള്ളവരെ ജോലിക്കെടുക്കാനും അവരെ തങ്ങളുടെ ആശയത്തിലേക്ക് ആകര്‍ഷിച്ച് കൂടെ നിര്‍ത്താനും അവര്‍ക്കറിയാം. വിജയിക്കാത്ത പല സ്റ്റാര്‍ട്ടപ്പുകളെയും നോക്കിക്കോളൂ. അതിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് ഇത്തരത്തില്‍ ആളുകളെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ആ കഴിവ് വളര്‍ത്തിയെടുക്കുക.

10) സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍

സിലിക്കണ്‍ വാലി സംരംഭകര്‍ ആശയത്തില്‍ നിന്ന് ആവിഷ്‌കാരത്തിലേക്ക് വളരെ പെട്ടെന്ന് എത്തിച്ചേരും. എല്ലാ മേഖലകളിലും ഡിസ്രപ്ഷന്‍ നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്തു ഈ തന്ത്രമാണ് സംരംഭകരെ ഏറ്റവും സഹായിക്കുന്നത്. കാരണം ഡിസ്ര്പ്ഷന്‍ വന്നു ഒരു ഇന്‍ഡസ്ട്രി മുഴുവനായി ഇല്ലാതായാലും സാധ്യതകളുള്ള പുതിയ ഒരു മേഖലയിലേക്ക് അതിവേഗം കടന്നുവന്നു പെട്ടെന്ന് കുതിച്ചുയരാന്‍ ഇവരെ സഹായിക്കുന്നത് ഈ സ്വഭാവമാണ്. സിലിക്കണ്‍ വാലി സംരംഭകര്‍ ചിന്തിക്കുന്നത് ആക്ഷനിലൂടെയാണ്. അതായത് എന്തൊക്കെ കാര്യങ്ങള്‍ ചെയ്ത് തങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താനാകും എന്നാണവര്‍ ചിന്തിക്കുന്നത്. അതിലേക്ക് തങ്ങളെ എത്തിക്കുന്ന ആക്ഷനാണ് അവര്‍ എടുക്കുന്നത്. അവര്‍ക്ക് അതിലേക്ക് എത്താനുള്ള വഴി കൃത്യമായി അറിയണമെന്നില്ല. ആ സാഹചര്യത്തില്‍ സഹായിക്കാന്‍ അവരുടെ മെന്റര്‍മാരുണ്ടാകും. ഈ മെന്റര്‍മാരുടെ സഹായത്തോടെയായിരിക്കും അവര്‍ തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താന്‍ വേണ്ട കാര്യങ്ങള്‍ നടപ്പിലാക്കുന്നത്.

എന്റെ ഹൃദയത്തെ ഏറെ സ്പര്‍ശിച്ച ഒരു സംഭവം പങ്കുവെച്ച് അവസാനിപ്പിക്കാം. മെന്ററിംഗിന്റെ ഭാഗമായി ഒരു സിലിക്കണ്‍ വാലി കമ്പനിയുടെ സിഇഒയുമായി ഞാന്‍ സംസാരിക്കുകയായിരുന്നു. ശതകോടീശ്വരനായ അദ്ദേഹം എന്നോട് പറഞ്ഞുതുടങ്ങി. '10 വര്‍ഷം കഴിയുമ്പോള്‍ എന്റെ കമ്പനി എവിടെയെത്തണം, 50 വര്‍ഷം കഴിയുമ്പോള്‍ എന്റെ കമ്പനി എവിടെയെത്തണം... എന്നെനിക്ക് കൃത്യമായ ബോധ്യമുണ്ട്. അതിന് വേണ്ട സ്ട്രാറ്റജികള്‍ തീരുമാനിക്കാന്‍ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്.' ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഈ പറഞ്ഞയാള്‍ ഒരു ചെറുപ്പക്കാരനായിരിക്കുമെന്ന്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രായം എത്രയാണെന്നറിയാമോ? 82 വയസ്! ഇതാണ് സിലിക്കണ്‍ വാലി സംരംഭകരുടെ ദീര്‍ഘവീക്ഷണം.

(ബിസിനസ് സ്ട്രാറ്റജിസ്റ്റും മെന്ററുമായ ലേഖകന്‍ യു.എസ് ഉള്‍പ്പടെ 14 രാജ്യങ്ങളിലുള്ള സംരംഭകര്‍ക്ക് മെന്ററിംഗ് സേവനങ്ങള്‍ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് help@rublechandy.com എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it