ലോകത്തെ മികച്ച 10 സി.ഇ.ഒമാരില്‍ 3 ഇന്ത്യന്‍ വംശജര്‍

ലോകത്തെ മികച്ച 10 സി.ഇ.ഒമാരില്‍ 3 ഇന്ത്യന്‍ വംശജര്‍
Published on

ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂ തയ്യാറാക്കിയ ലോകത്തെ മികച്ച 10 ചീഫ് എക്‌സിക്യൂട്ടീവുകളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ 3 സി.ഇ.ഒമാര്‍ സ്ഥാനം നേടി. ആറാം സ്ഥാനത്ത് അഡോബ് സി.ഇ.ഒ ശന്തനു നാരായണനും ഏഴാമതായി മാസ്റ്റര്‍കാര്‍ഡ് സി.ഇ.ഒ അജയ് ബംഗയും ഒമ്പതാമത് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയുമാണുള്ളത്. ഇന്ത്യയില്‍ ജനിച്ച ഡിബിഎസ് ബാങ്ക് സി.ഇ.ഒ പീയൂഷ് ഗുപ്ത 89-ാം സ്ഥാനത്താണ്.

'ലോകത്തിലെ ഏറ്റവും മികച്ച സി.ഇ.ഒമാര്‍ - 2019' പട്ടികയില്‍ 100 പേരാണുള്ളത്. അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ എന്‍വിഡിയയുടെ സി.ഇ.ഒ ജെന്‍സന്‍ ഹുവാങ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. ആപ്പിള്‍ സിഇഒ ടിം കുക്ക് 62-ാം സ്ഥാനത്താണ്. നൈക്ക് സിഇഒ മാര്‍ക്ക് പാര്‍ക്കര്‍ (20), ജെ പി മോര്‍ഗന്‍ ചേസ് ചീഫ് ജാമി ഡിമോണ്‍ (23), ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സിഇഒ മാരിലിന്‍ ഹ്യൂസണ്‍ (37), ഡിസ്‌നി സിഇഒ റോബര്‍ട്ട് ഇഗെര്‍ (55), സോഫ്റ്റ് ബാങ്ക് മേധാവി മസായോഷി സോണ്‍ (96) എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.പട്ടികയിലെ റാങ്കിംഗിന്റെ ആദ്യ പകുതിയില്‍ നാല് വനിതാ സി.ഇ.ഒമാരുണ്ട്. 2018 ല്‍ മൂന്ന് പേരാണുണ്ടായിരുന്നത്.

സാമ്പത്തിക പ്രകടനത്തിനു പുറമേ പരിസ്ഥിതി, സാമൂഹിക, ഭരണ ഘടകങ്ങളുമായി ബന്ധപ്പെട്ട (ഇ എസ് ജി) റേറ്റിംഗിന്റെ കൂടി അടിസ്ഥാനത്തിലാണ് എച്ച്.ബി.ആര്‍  ഇത്തവണ റാങ്കിംഗ് നടത്തിയത്. ലോകത്തെ ഓഹരി വിപണി മൂലധനത്തിന്റെ 70 ശതമാനം പ്രതിഫലിപ്പിക്കുന്ന 1200 കമ്പനികളുടെ വിവരങ്ങള്‍ ഇതിനു വേണ്ടി അവലോകനം ചെയ്തു.സാമ്പത്തിക പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം 2014 മുതല്‍ എല്ലാ വര്‍ഷവും മികച്ച സിഇഒ മാരില്‍ ഒരാളായി പരിഗണിക്കപ്പെട്ടുപോന്ന ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് ഇത്തവണ പട്ടികയ്ക്കു പുറത്തായി. ആമസോണിന്റെ താരതമ്യേന കുറഞ്ഞ ഇ എസ് ജി സ്‌കോര്‍ ആണു കാരണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com