'വര്‍ക് ഫ്രം ഹോം' ഇങ്ങനെ ചെയ്യൂ, സത്യ നാദെല്ല പറയുന്നു
രാജ്യത്തെ ഐറ്റി മേഖലയിലെ അടക്കമുള്ള ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും ഈ ലോക്ഡൗണ്‍ സമയത്ത് വര്‍ക് ഫ്രം ഹോം പ്രവര്‍ത്തനശൈലി സ്വീകരിച്ചിരിക്കുകയാണ്. എന്നാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ജീവനക്കാരും കമ്പനികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല അതിനുള്ള ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കുന്നു.
$ സ്ഥാപനങ്ങള്‍ റിമോട്ട് വര്‍ക്കിംഗിനായി കൃത്യമായ ഒരു പ്രോട്ടോക്കോള്‍ സ്ഥാപിക്കേണ്ടതുണ്ട്. പലരും ആദ്യമായായിരിക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത്. ഇക്കാര്യത്തില്‍ സ്ഥാപനങ്ങള്‍ നിരവധി ഘടകങ്ങള്‍ പരിഗണിക്കണം.
$ വീട്ടിലെ നിങ്ങളുടെ തൊഴിലിടം ഒരുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം. അത് ജോലിയിലേക്ക് നിങ്ങളെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന രീതിയിലായിരിക്കണം.
$ ഒന്നിനുപിന്നാലെ മറ്റൊന്നായി മീറ്റിംഗുകള്‍ വരാം. എന്നാല്‍ ഓഫീസിലാണെങ്കില്‍ മീറ്റിംഗുകള്‍ക്കിടയില്‍ ചെറിയ ഇടവേളകള്‍ കിട്ടിയേക്കും. എന്നാല്‍ റിമോട്ട് വര്‍ക്കിംഗില്‍ ഒന്നിനുപിന്നാലെ മറ്റൊന്നായി മീറ്റിംഗുകളില്‍ പങ്കെടുക്കേണ്ടിവരുന്നത് മടുപ്പുളവാക്കും. നാദെല്ല തന്റെ ജീവനക്കാരോട് പറയുന്നത് മീറ്റിംഗുകള്‍ക്കിടയില്‍ ആവശ്യത്തിന് ഇടവേള എടുക്കാനാണ്.
$ ദിവസവും ഓഫീസില്‍ പോകുമ്പോള്‍ വീടും ഓഫീസും തമ്മില്‍ ഭൗതീകമായ ഒരു വേര്‍തിരിവ് ഉണ്ടാകുന്നു. എന്നാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഓഫീസും വീടും തമ്മിലുള്ള വേര്‍തിരിവ് വളരെ നേര്‍ത്തുപോകുകയാണ് ചെയ്യുന്നത്. ഇത് മാനസികമായ സമ്മര്‍ദ്ദത്തിലേക്ക് കൊണ്ടുപോകാനുള്ള സാധ്യത കൂടുതലാണ്.
$ മാനസികസമ്മര്‍ദ്ദം അകറ്റാനും മനസിന് ഊര്‍ജ്ജം പകരാനും വെര്‍ച്വല്‍ മെഡിറ്റേഷന്‍ ക്ലാസുകള്‍ നടത്താനാണ് നാദെല്ല തന്റെ ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കുന്നത്. ഇതിനായി ശല്യങ്ങളിലാത്ത ഒരു സ്ഥലം കണ്ടെത്തണം. ഗ്രൂപ്പ് മെഡിറ്റേഷന്‍ സെഷനുകളും അല്‍ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറയുന്നു. മൈക്രോസോഫ്റ്റ് മീറ്റിംഗുകള്‍ക്കിടയില്‍ ബാലന്‍സ് കൊണ്ടുവരാന്‍ മെഡിറ്റേഷനും ആരംഭിച്ചിട്ടുണ്ട്.
$ മാനേജര്‍മാരോടും നാദെല്ലയ്ക്ക് പറയാനുണ്ട്. ജീവനക്കാര്‍ക്കിടയില്‍ ടീം സംസ്‌കാരം പ്രോല്‍സാഹിപ്പിക്കാന്‍ അദ്ദേഹം മാനേജര്‍മാരെ ഓര്‍മ്മിപ്പിക്കുന്നു.
$ മഹാമാരിയെ നേരിടാന്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളെ സഹായിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നാദെല്ല പറയുന്നു. ഒരു സ്ഥാപനത്തിനും ഒറ്റയ്ക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കില്ല. കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം. പൊതു-സ്വകാര്യമേഖലകള്‍ സംയോജിതമായി ഈ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline