Begin typing your search above and press return to search.
അഗ്രിപ്രണര്‍മാരെ സൃഷ്ടിച്ച്, കര്‍ഷകര്‍ക്കൊപ്പം വളരാൻ ട്രാവന്‍കോ
കേരളത്തിലെ കര്‍ഷക സമൂഹത്തെ സമൃദ്ധിയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് മുന്നേറുകയാണ് അടൂര്‍ ആസ്ഥാനമായ പ്രമുഖ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയായ ട്രാവന്‍കൂര്‍ റൂറല്‍ ഡെവലപ്മെന്റ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (ട്രാവന്‍കോ/Travanco).
അംഗങ്ങളായ 15,000ലധികം വരുന്ന കര്‍ഷകര്‍ക്ക് സാങ്കേതികവിദ്യയും പരിശീലനവും പ്രായോഗികമായ പിന്തുണയും വിപണന സഹായവും നല്‍കിക്കൊണ്ട് കര്‍ഷകരെ 'അഗ്രിപ്രണേഴ്‌സ്' ആക്കി മാറ്റാനാണ് ട്രാവന്‍കോ ശ്രമിക്കുന്നത്. ആധുനിക കാര്‍ഷിക സങ്കേതങ്ങളായ പോളിഹൗസ്, അക്വാപോണിക്‌സ്,
പ്രിസിഷന്‍ ഫാമിംഗ്, ഡ്രിപ്പ് ഇറിഗേഷന്‍ തുടങ്ങിയവയും പ്രോത്സാഹിപ്പിക്കുന്നണ്ടെന്ന് ട്രാവന്‍കോ സിഇഒ അടൂര്‍ സേതു പറഞ്ഞു.
വായ്പാ പദ്ധതി ഒരുലക്ഷം പേരിലേക്ക്
രണ്ട് പ്രളയങ്ങളും തുടര്‍ന്നുണ്ടായ മഹാമാരിയും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മൊത്തത്തില്‍ ഉലച്ചപ്പോള്‍ ഏറെ പ്രതിസന്ധിയിലായത് ഇവിടുത്തെ സാധാരണ കര്‍ഷകരായിരുന്നു. അവരുടെ ജീവിതം പഠിക്കാന്‍ ട്രാവന്‍കോ കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളില്‍ നടത്തിയ സര്‍വേയില്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്ന 40,000ലധികം പേരെ പ്രാഥമികമായി കണ്ടെത്തി. അവര്‍ക്ക് മതിയായ പരിശീലനും വായ്പയും
നല്‍കി വരുമാനം പല മടങ്ങു വര്‍ധിപ്പിക്കാനുതകുന്ന പ്രൊജക്റ്റുകള്‍ക്ക് ട്രാവന്‍കോ രൂപം നല്‍കി.
'സ്ട്രെംഗ്തനിംഗ് ഓഫ് ദി ലൈവ്ലി ഹുഡ് ഓഫ് 40,000 മാര്‍ജിനല്‍ ഫാര്‍മേഴ്സ്' എന്ന പദ്ധതിയില്‍ ട്രാവന്‍കോയുടെ സ്വന്തം ഫണ്ടിനൊപ്പം ഫെഡറല്‍ ബാങ്കും പങ്കാളികളായി. പദ്ധതിയുടെ മാനവിക മൂല്യവും സാമൂഹ്യ പ്രതിബദ്ധതയും മുന്‍നിറുത്തി ട്രാവന്‍കോയുമായി സഹകരിക്കാന്‍ ഇതര ബാങ്കുകളും തയാറായി വരുന്നുണ്ടെന്ന് അടൂര്‍ സേതു പറഞ്ഞു. ട്രാവന്‍കോയുടെ പൊഫഷണലായ സമീപനവും ടെക്നോളജിയിലും ഇന്‍ഫ്രാസ്ട്രക്ചറിലുമുള്ള നിലവാരവുമാണ് ബാങ്കുകളുടെ സഹകരണം ഉറപ്പാക്കാന്‍ കാരണമായിട്ടുള്ളത്. 2025-26 ഓടുകൂടി 1,000 കോടിരൂപ വായ്പലഭ്യമാക്കി ഒരു ലക്ഷത്തിലധികം ദരിദ്ര കര്‍ഷകരെ സ്വയം പര്യാപ്തതയിലെത്തിക്കാനുള്ള ലക്ഷ്യത്തിലാണ് ട്രാവന്‍കോയെന്നും അദ്ദേഹം പറഞ്ഞു.
അംഗങ്ങളുടെ ക്ഷേമത്തിനായി
കൃഷി ഭൂമി 50 സെന്റില്‍ താഴെയുള്ളതും അതില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിതം നയിക്കുന്നവരുമായ കര്‍ഷകര്‍ക്കാണ് സഹായം ലഭിക്കുക. 35,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് നിലവില്‍ വായ്പ നല്‍കുന്നത്. ചെറിയ കാലയളവിനുള്ളില്‍ തന്നെ 45 കോടി രൂപ കര്‍ഷകര്‍ക്ക് വായ്പയായി നല്‍കി. മെയ് മാസം മാത്രം 10 കോടി രൂപയാണ് വായ്പ നല്‍കിയത്.
വായ്പയെടുത്ത അംഗങ്ങള്‍ മരണപ്പെട്ടാല്‍ പണം തിരിച്ചടയ്ക്കേണ്ട ബാധ്യത കുടുംബത്തിന് വരുന്നില്ല. മാത്രമല്ല അടച്ച പൈസ ക്ഷേമനിധിയില്‍ നിന്ന് തിരിച്ചു കൊടുക്കുകയും ചെയ്യും. പദ്ധതിയിലൂടെ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 250 കോടി രൂപയുടെ വായ്പാ വിതരണമാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 15,000 പേര്‍ക്ക് വായ്പ ലഭ്യമാക്കിയിട്ടുണ്ട്. വായ്പ തിരിച്ചടവ് കാലാവധി 80 ആഴ്ചയാണ്. ഇതുവരെ ഒരാള്‍ പോലും വായ്പാതിരിച്ചടവ് മുടക്കിയിട്ടില്ലെന്നതാണ് ട്രാവന്‍കോയുടെ വിജയം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 54 ലക്ഷമായിരുന്നു ലാഭം. 2023-24ല്‍ ഏകദേശം ഒന്നര കോടിയോളമാണ് ലാഭം പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം അഞ്ച് കോടി രൂപയാണ് ലക്ഷ്യമിടുന്നത്.
മുന്നില്‍ വലിയ ലക്ഷ്യങ്ങള്‍
കുട്ടനാട്ടിലെ നെല്‍ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാനുള്ള നോഡല്‍ ഏജന്‍സിയായി മാറാനുള്ള പദ്ധതികളും ട്രാവന്‍കോ ആലോചിക്കുന്നുണ്ട്. ഇതു കൂടാതെ വിവിധ വിളകളുടെ സംഭരണത്തിലേക്ക് കടക്കാനും ആലോചിക്കുന്നു. 14 ജില്ലകളിലും അഗ്രി ഹൈപ്പര്‍മാര്‍ക്കറ്റും കര്‍ഷകര്‍ക്ക് വിത്തുകള്‍, വളങ്ങള്‍, മെഷിനറികള്‍, സാങ്കേതിക പിന്തുണ, കാര്‍ഷിക കര്‍മസേന തുടങ്ങിയവ ലഭ്യമാക്കുന്ന മെഗാഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാനും പദ്ധതിയുണ്ട്. ഫ്രാഞ്ചൈസി മോഡലിലായിരിക്കും ഇത് നടപ്പാക്കുക.ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 11 ശാഖകളാണ് സ്ഥാപനത്തിനുള്ളത്. 2025 സെപ്റ്റംബറിന് മുമ്പ് 100 ശാഖകളും 1,000 കോടി രൂപ വിറ്റുവരവുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഭാര്യ സീന, മകള്‍ സാന്ദ്ര സേതു എന്നിവര്‍ കമ്പനിയുടെ ഡയറക്റ്റര്‍മാരാണ്. മധു അലോഷ്യസ് ആണ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍.
വായ്പകള്‍ എങ്ങനെ ലഭ്യമാക്കുന്നു
കര്‍ഷകരെ അഞ്ച് പേരുള്ള ഫാര്‍മര്‍ ഇന്ററസ്റ്റ് ഗ്രൂപ്പാക്കിയും രണ്ട് ഗ്രൂപ്പുകളെ ഒരു സെന്ററാക്കിയുമാണ് വായ്പകള്‍ ലഭ്യമാക്കുന്നത്. വായ്പയുപയോഗിച്ച് രണ്ടര സെന്റ് മുതല്‍ പോളി ഹൗസുകള്‍, പച്ചക്കറി കൃഷി,വാഴക്കൃഷി, ആട് വളര്‍ത്തല്‍, പശു വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, കൂണ്‍ കൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ കൃഷികള്‍ ചെയ്യാം. ഓരോ ആഴ്ചയും ട്രാവന്‍കോയുടെ ഫീല്‍ഡ് ഓഫീസര്‍മാര്‍ കൃഷിയുടെ പുരോഗതി വിലയിരുത്തും. വിളകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡികളും ഇന്‍ഷുറന്‍സുകളും ലഭ്യമാക്കുന്നതു മുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പോളത്തില്‍ മികച്ച വില ലഭിക്കുന്നതിനുള്ള വിപണന സാധ്യതവരെ ഒരുക്കികൊടുക്കാനാണ് ട്രാവന്‍കോ ശ്രമിക്കുന്നത്.
Next Story