15,000 ദിര്‍ഹം ഉണ്ടെങ്കില്‍ കമ്പനി തുടങ്ങാം; ഫ്രീ സോണുകളിലേക്ക് സംരംഭകരെ ആകര്‍ഷിച്ച് യു.എ.ഇ

'' 15,000 ദിര്‍ഹം (മൂന്നര ലക്ഷം രൂപ) ഉണ്ടെങ്കില്‍ ലോകത്ത് മറ്റെവിടെയെങ്കിലും ഒരു കമ്പനി തുടങ്ങാന്‍ കഴിയുമോ? യു.എ.ഇയില്‍ അതിന് കഴിയും. അതുകൊണ്ടാണ് സംരംഭകര്‍ ഇങ്ങോട്ട് കൂടുതലായി വരുന്നത്.' പറയുന്നത് അജ്മാനിലെ ന്യുവെഞ്ചേഴ്‌സ് സെന്റര്‍ ഫ്രീസോണ്‍ സി.ഇ.ഒ ഋഷി സുമയ്യ. '' ആവശ്യങ്ങള്‍ക്ക് വേണ്ടി പണം ചെലവിടാന്‍ ആളുകള്‍ ഒരുക്കമാണ്. അതേസമയം, അവര്‍ ചില കാര്യങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നു. സേവനം, വേഗത, കാര്യക്ഷമത തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമാണ്.'' ഋഷി സുമയ്യ കൂട്ടിച്ചേര്‍ക്കുന്നു.

കൂടുതല്‍ ഫ്രീ സോണുകള്‍ ഒരുക്കി വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ് യു.എ.ഇ ഇപ്പോള്‍. വിവിധ എമിറേറ്റുകളിലായി 48 ഫ്രീസോണുകളാണ് യു.എ.ഇ യില്‍ ഉള്ളത്. പരസ്പരം മല്‍സര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന വ്യവസായ ഫ്രീസോണുകള്‍ വിദേശ നിക്ഷേപം എത്തിക്കുന്നതിന് പ്രത്യേക പദ്ധതികളാണ് ആസൂത്രണം ചെയ്തു വരുന്നത്. അടുത്തിടെ ആരംഭിച്ച അജ്മാന്‍ ന്യൂവെഞ്ച്വര്‍ സെന്റര്‍ ഫ്രീ സോണില്‍ രണ്ട് മാസത്തിനിടെ ലൈസന്‍സ് എടുത്തത് 450 കമ്പനികളാണ്.

15 മിനുട്ടില്‍ കമ്പനി ലൈസന്‍സ്

കമ്പനികള്‍ തുടങ്ങുന്നതിനുള്ള വീസ, ലൈസന്‍സ്, കുറഞ്ഞ ഫണ്ട് എന്നിവയുടെ കാര്യത്തില്‍ സംരംഭക സൗഹൃദ നയങ്ങളാണ് യു.എ.ഇ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നേരത്തെ യു.എ.ഇയില്‍ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് വീസ ലഭിക്കാന്‍ രണ്ട് ആഴ്ച കാത്തിരിക്കേണ്ടി വന്നിരുന്നു. പുതിയ കമ്പനി ലൈസന്‍സുകള്‍ക്ക് നാലു ദിവസം വരെയും എടുത്തിരുന്നു. എന്നാല്‍ ഫ്രീസോണുകളില്‍ കമ്പനി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 48 മണിക്കൂറിലാണ് വീസ നല്‍കുന്നത്. 15 മിനുട്ടില്‍ കമ്പനി ലൈസന്‍സും ലഭിക്കും. നിക്ഷേപിക്കുന്ന തുകക്ക് കുറഞ്ഞ പരിധിയില്ലാത്തതും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ അടക്കമുള്ള വ്യവസായ സംരംഭങ്ങളെ ആകര്‍ഷിക്കുന്നു. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന് ഐക്യ എമിറേറ്റുകളുടെ സാമ്പത്തിക നയ ഘടനയില്‍ വരുന്നത് വലിയ മാറ്റങ്ങളാണ്.

ഓഹരികളുടെ എണ്ണത്തിന് പരിധിയില്ല

ഓഹരി ഉടമകളില്‍ നിന്ന് പണം സ്വീകരിച്ച് കമ്പനി തുടങ്ങുന്നതിന് നിയന്ത്രണങ്ങള്‍ ഇല്ലാത്തത് കൂടുതല്‍ സംരംഭകരെ യു.എ.ഇയിലേക്ക് ആകര്‍ഷിക്കുന്നു. അജ്മാനിലെ ന്യുവെഞ്ച്വര്‍ ഫ്രീസോണില്‍ ആരംഭിക്കുന്ന കമ്പനികളില്‍ ഏറെയും കൂടുതല്‍ നിക്ഷേപകരുള്ളതാണ്. നേരത്തെ ഒരാള്‍ മാത്രമായി തുടങ്ങുന്ന കമ്പനികള്‍ക്ക് 12,000 ദിര്‍ഹം വരെ വീസക്കും ലൈസന്‍സിനും ഫ്രീസോണുകളില്‍ ഫീസ് ഈടാക്കിയിരുന്നു. അജ്മാന്‍ ഫ്രീസോണില്‍ 10,800 ദിര്‍ഹമാണ് ചെലവ്. ഒരു കമ്പനിയില്‍ ഓഹരികളുടെ എണ്ണത്തിന് പരിധിയില്ല. പത്ത് മേഖലകളില്‍ ബിനിനസ് ആരംഭിക്കുന്നതിനുള്ള ലൈസന്‍സാണ് ലഭിക്കുന്നത്.

'' മാറ്റങ്ങള്‍ മുന്നില്‍ കണ്ട് സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനങ്ങളോടെയാണ് അജ്മാന്‍ ഫ്രീസോണ്‍ ആരംഭിച്ചിരിക്കുന്നത്. ഗെയിമിംഗ്, ബ്ലോക്ക് ചെയിന്‍, നിര്‍മിത ബുദ്ധി എന്നിവക്കാണ് മുന്‍ഗണന. പത്തു വര്‍ഷം മുമ്പ് ജനങ്ങള്‍ തൊഴിലാണ് അന്വേഷിച്ചിരുന്നത്. ഇപ്പോള്‍ എങ്ങനെ സംരംഭങ്ങള്‍ തുടങ്ങാം എന്നാണ് ആലോചിക്കുന്നത്. വലിയ പബ്ലിക്കേഷനുകളേക്കാള്‍ ബ്ലോഗര്‍മാര്‍ക്ക് ഫോളേവ്‌ഴ്‌സ് ഉണ്ട്. യുവാക്കള്‍ കുറഞ്ഞ സമയം കൊണ്ട് ക്രിപ്‌റ്റോ കറന്‍സിയിലൂടെ കോടീശ്വരന്‍മാരാകുന്നു. പുത്തന്‍ സാങ്കേതിക വിദ്യകള്‍ ബിസിനസിന്റെ അടിത്തറ മാറ്റുകയാണ്. ഈ മാറ്റങ്ങളെ ഉള്‍കൊണ്ടുള്ള ഡിജിറ്റല്‍ സംവിധാനങ്ങളാണ് അജ്മാന്‍ സ്മാര്‍ട്ട് സിറ്റിയില്‍ ഒരുക്കിയുട്ടുള്ളത്.'' ന്യൂവെഞ്ച്വര്‍ സെന്റര്‍ സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ ഋഷി സുമയ്യ പറയുന്നു.

Related Articles
Next Story
Videos
Share it