

കൊച്ചി ഇന്‍ഫോ പാര്‍ക്കിന്റെ വളര്‍ച്ചയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി അമേരിക്കന്‍ കമ്പനിയായ എന്‍ഒവി (NOV) ഡിജിറ്റല്‍ ടെക്‌നോളജി സെന്ററിന് (ഡിടിസി) സമാരംഭം. ഇന്‍ഫോ പാര്‍ക്കിലെ ലുലു സൈബര്‍ ടവര്‍ 2 ല്‍ 17,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുക്കിയ സെന്ററിന്റെ ഉദ്ഘാടനം സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് നിര്‍വ്വഹിച്ചു. അധുനിക സജ്ജീകരണങ്ങളുള്ള ഡിജിറ്റല്‍ ടെക്‌നോളജി സെന്ററില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറിംഗ് സെന്റര്‍, കോര്‍പ്പറേറ്റ് ഡിജിറ്റല്‍ സര്‍വ്വീസ്, കസ്റ്റമര്‍ സപ്പോര്‍ട്ട് സെന്റര്‍ തുടങ്ങിയവയാണ് പ്രവര്‍ത്തിക്കുക. കേരളം ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പരിസ്ഥിതിക്കും ജനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും സംരക്ഷണം നല്‍കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. ഐ.ടി രംഗത്ത് കേരളം അന്താരാഷ്ട്ര തലത്തില്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടു വരികയാണ്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, മേന്മയുള്ള കണക്ടിവിറ്റി, വിദഗ്ധ പ്രൊഫഷണലുകളുടെ ലഭ്യത തുടങ്ങിയവയാണ് ഇതിന് സഹായിക്കുന്നത്. മന്ത്രി പി.രാജീവ് പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനം
ഇന്‍ഫോ പാര്‍ക്കിലെ എന്‍ഒവി ഡിജിറ്റല്‍ ടെക്‌നോളജി സെന്റര്‍, കമ്പനിയുടെ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനമാണ്. ഊര്‍ജ മേഖലയില്‍ 150 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിയില്‍ വിവിധ രാജ്യങ്ങളിലായി 34,000 ജീവനക്കാരുണ്ട്. ഇന്ത്യയില്‍ മാനിഫാക്ചറിംഗ് രംഗത്ത് പൂനയിലും ചെന്നൈയിലും കമ്പനിക്ക് യൂണിറ്റുകളുണ്ട്. ഇന്‍ഫോ പാര്‍ക്കിലെ കമ്പനിയില്‍ തുടക്കത്തില്‍ 70 ജീവനക്കാരെയാണ് നിയമിക്കുന്നത്. അടുത്ത വര്‍ഷം ആദ്യപാദത്തില്‍ ജോലിക്കാരുടെ എണ്ണം ഇരട്ടിയാക്കും. മികച്ച പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി കമ്പനിയുടെ ആഗോള വളര്‍ച്ചയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് എന്‍ഒവി പ്രൊഡക്ട് ഐടി വൈസ് പ്രസിഡന്റ് സ്റ്റാലെ ജോര്‍ദന്‍ വ്യക്തമാക്കി. മികച്ച സേവനം,നവീനത, ആഗോള സാന്നിധ്യം എന്നിവക്കാണ് കമ്പനി മൂല്യം നല്‍കുന്നത്. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷവും കേരള സര്‍ക്കാരിന്റെ പിന്തുണയും ഇന്ത്യയില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് സഹായിക്കുന്നതായും സ്റ്റാലെ ജോര്‍ദന്‍ പറഞ്ഞു.
ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ എന്‍ഒവി ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അലക്‌സ് ജെ ഫിലിപ്പ്‌സ്, എൻഒവി ഡിജിറ്റൽ ടെക്‌നോളജീസ് ഡയറക്ടർ ആനന്ദ് നാരായണസ്വാമി, ഡയറക്ടര്‍ ഓഫ് ബിസിനസ് ഡവലപ്‌മെന്റ് ജെയിംസ് ലാസര്‍, ഡയറക്ടര്‍ ഓഫ് കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് എംഡിടി ഗാരി ഹിക്കിന്‍സ്, എസ്.വി.പി സോഫ്ട്‌വെയർ എഞ്ചിനീയറിംഗ് ഹാന്‍സ് റോണി കെംപജന്‍, എൻഒവി പ്രസിഡന്റ് രെഞ്ചു ജോസ് കുരുവിള, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ എന്നിവരും സന്നിഹിതരായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine