വി-ഗാര്‍ഡ് ഓഹരി വിറ്റ് നേടിയ 110 കോടി സാമൂഹിക പ്രവര്‍ത്തനത്തിന്; വേറിട്ടുള്ള വഴിയുമായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി

വി-ഗാര്‍ഡ് ഓഹരി വിറ്റ് നേടിയ 110 കോടി സാമൂഹിക പ്രവര്‍ത്തനത്തിന്; വേറിട്ടുള്ള വഴിയുമായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി
Published on

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സ്ഥാപക പ്രമോട്ടറായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി കമ്പനിയുടെ 51.20 ലക്ഷം ഓഹരികള്‍ വിറ്റ് 110 കോടി രൂപ സമാഹരിച്ചു. കൊച്ചിയില്‍ പൊതുപാര്‍ക്കും പൂന്തോട്ടവും ഉള്‍പ്പെടുന്ന ബൃഹദ് പദ്ധതി നടപ്പാക്കുന്നതുള്‍പ്പെടെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരിക്കും ഈ പണം വിനിയോഗിക്കുകയെന്ന് ' ബിസിനസ്‌ബെഞ്ച്മാര്‍ക്ക്.ന്യൂസ് ' റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഹരികള്‍ പൊതു വിപണിയില്‍ വിറ്റ കാര്യം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി രേഖാമൂലം അറിയിച്ചു.കമ്പനിയുടെ അടവ് മൂലധനത്തിന്റെ 1.2 ശതമാനം വരും ഇത്. തൃക്കാക്കര മേഖലയില്‍ 'ചിറ്റിലപ്പിള്ളി സ്‌ക്വയര്‍' എന്ന പേരില്‍ പാര്‍ക്ക് സ്ഥാപിക്കാന്‍  സ്ഥലം വാങ്ങിയ ഇനത്തിലെ ഹ്രസ്വകാല വായ്പ അടയ്ക്കുന്നതിനും മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും പണം കണ്ടെത്താനായിരുന്നു ഓഹരി വില്‍പ്പനയെന്ന് കമ്പനി വ്യക്തമാക്കി. കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ (കെസിഎഫ്) ആണ് പദ്ധതി നടപ്പാക്കുന്നത്.

ബിഎസ്ഇയില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഓഹരിയുടെ ഇന്നത്തെ ശരാശരി വില 213.50 രൂപയാണ്. 2019 മാര്‍ച്ച് 31 ലെ രേഖകളനുസരിച്ച് കമ്പനിയില്‍ 27.72 ശതമാനമായിരുന്നു കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ ഓഹരി പങ്കാളിത്തം.ഇപ്പോഴത്തെ ഓഹരിവില്‍പ്പനയോടെ ഏകദേശം 26.5 ശതമാനമായെന്നു കണക്കാക്കപ്പെടുന്നു. 2019 മാര്‍ച്ച് 31 ല്‍ കമ്പനിയിലെ പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 64.13 ശതമാനമായിരുന്നു.

സെക്ഷന്‍ 8 കമ്പനിയായി 2012ല്‍ രൂപീകരിച്ച കെസിഎഫിനു കീഴില്‍ വൈദ്യസഹായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, ഭവനനിര്‍മാണ സഹായം, സ്ത്രീ സംരംഭക വികസനം തുടങ്ങി നിരവധി സാമൂഹ്യസേവനങ്ങളാണ് വൃക്ക ദാനം ചെയ്തു സമൂഹത്തിനു മാതൃകയായ  കൊച്ചസേഫ് ചിറ്റിലപ്പിള്ളിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തോടെ നടത്തിവരുന്നത്. സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിലും ഫൗണ്ടേഷന്‍ രംഗത്തുണ്ട്.

സീ പോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡില്‍ ഇന്‍ഫോ പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, സെപ്സ് എന്നിവയ്ക്കു സമീപത്തായുള്ള 11 ഏക്കറിലാണ് ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ സ്ഥാപിക്കുന്നത്. വിജോ ഭവനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ ഭൂമി എറണാകുളം-അങ്കമാലി അതിരൂപതയില്‍നിന്നാണ്  കെസിഎഫ് വാങ്ങിയത്. സഭയുടെ കടബാധ്യതകള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായായിരുന്നു ഭൂമി വില്‍പ്പന.

കെസിഎഫിന്റെ എല്ലാ സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായാണ് 'ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ (സിഎസ്) ' വിഭാവനം ചെയ്തിട്ടുള്ളത്. പൂന്തോട്ടം, നടത്തത്തിനും ജോഗിംഗിനുമുള്ള ട്രാക്കുകള്‍, സ്‌പോര്‍ട്‌സ്-ഗെയിംസ് ഏരിയകള്‍, യോഗ-ഹെല്‍ത്ത് ക്ലബ്, ആംഫിതിയേറ്ററുകള്‍, ഓഡിറ്റോറിയം, സാമൂഹിക ഒത്തുചേരലുകള്‍ക്കായി ഒന്നിലധികം ഹാളുകള്‍, പൈതൃക സാംസ്‌കാരിക മ്യൂസിയം, എക്‌സിബിഷന്‍ സെന്റര്‍, ലൈബ്രറി, റീഡിംഗ് റൂം, മോഡല്‍ ഓര്‍ഗാനിക് ഫാം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. കൊച്ചി നഗരവാസികള്‍ക്ക് ഉല്ലസിക്കാനും വിശ്രമിക്കാനുമുള്ള പൊതു ഇടമായി ചിറ്റിലപ്പിള്ളി സ്‌ക്വയറിനെ ഒരുക്കാനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com