സംരംഭകത്വത്തിന്റെ 'യുവജനോത്സവം'; വിജയീ ഭവ അലുമ്‌നി സമ്മിറ്റ് കൊച്ചിയില്‍

വിജയീ ഭവ സംരംഭക സമ്മേളനത്തിന്റെ ഏഴാമത് എഡിഷന്‍ ജനുവരി 31ന് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ ആണ് നടക്കുന്നത്
സംരംഭകത്വത്തിന്റെ 'യുവജനോത്സവം'; വിജയീ ഭവ അലുമ്‌നി സമ്മിറ്റ് കൊച്ചിയില്‍
Published on

സംരംഭക കൂട്ടായ്മയായ വിജയീ ഭവ അലുമ്‌നി അസോസിയേഷന്റെ (വി.ബി.എ) ഏഴാമത് സമ്മേളനം ജനുവരി31ന് കാക്കനാട്ടെ ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടക്കും. 

വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ആഭിമുഖ്യത്തിലുള്ള കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും പ്രമുഖ ചാര്‍ട്ടേഡ് എക്കൗണ്ടന്റ്സിസ്ഥാപനമായ വര്‍മ&വര്‍മയിലെ സീനിയര്‍ പാര്‍ട്ണറായ വി. സത്യനാരായണന്റെയും സാരഥ്യത്തിലുള്ള സംരംഭകത്വ പരിശീലന പരിപാടിയാണ് വിജയീഭവ.

ഈ പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയ സംരംഭകരുടെ കൂട്ടായ്മയാണ് വിബിഎ. ബിസിനസ് നടത്തുന്ന, അതിനെ അടുത്ത തലത്തിലേക്ക് വളര്‍ത്താന്‍ അദമ്യമായ ആഗ്രഹമുള്ള സംരംഭകര്‍ക്കായുള്ള ലീഡര്‍ഷിപ്പ് ഡെവലപ്‌മെന്റ് പരിപാടിയാണ് വിജയീ ഭവ. യുവ സംരംഭകരെ ശാക്തീകരിച്ച് അവരെ മെന്റര്‍ ചെയ്ത് ധാര്‍മിക മൂല്യങ്ങളിലൂന്നി ബിസിനസ് ചെയ്യുന്ന വിജയികളായ സംരംഭകരായി വളര്‍ത്തുകയെന്നതാണ് വിജയീ ഭവയുടെ ലക്ഷ്യം.

ഇതുവരെ 22 ബാച്ചുകളിലായി 700 സംരംഭകര്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇങ്ങനെ പരിശീലനം നേടിയവര്‍ അറിവുകള്‍ വീണ്ടും വീണ്ടുംതേച്ചുമിനുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിജയീ ഭവ അലുമ്‌നി അസോസിയേഷന് രൂപംനല്‍കിയത്.

നിരന്തര നവീകരണം, കൃത്യമായ ആസൂത്രണം, നൈപുണ്യ വികസനം, കൂടുതല്‍ അറിവുകള്‍ ആര്‍ജിക്കല്‍, ശരിയായ മനോഭാവം വളര്‍ത്തല്‍ എന്നിവയൊക്കെയാണ് വിബിഎയിലൂടെ ലക്ഷ്യമിടുന്നത്, വി.ബി.എ സാരഥികള്‍ പറയുന്നു.

സംരംഭക കൂട്ടായ്മ എല്ലാ വര്‍ഷവും

എല്ലാ വര്‍ഷവും അരങ്ങേറുന്ന സംരംഭക സമ്മേളനമാണ് വി.ബി.എ സമ്മിറ്റ്. വിബിഎ അംഗങ്ങള്‍ അല്ലാത്ത സംരംഭകര്‍ക്കും ഈ സമ്മിറ്റില്‍ സംബന്ധിച്ച് പുതിയ കാര്യങ്ങള്‍ അറിയാനും വിവിധ മേഖലകളിലെ പ്രമുഖരുമായി ഇടപഴകാനുമുള്ള അവസരമുണ്ട്. ഓരോ സമ്മിറ്റിലും ആയിരത്തോളം സംരംഭകര്‍ പങ്കെടുക്കും.

വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും പ്രമുഖ സംരംഭകരും മെന്റര്‍മാരും ഇവരെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ മുന്‍വര്‍ഷങ്ങളില്‍ എത്തിയിട്ടുണ്ട്.

യുവ സംരംഭകര്‍ക്ക് അവരുടെ ബിസിനസുകള്‍ പൊതുസമൂഹത്തിന് മുന്നില്‍പരിചയപ്പെടുത്താനും പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനും വിഭിന്ന മേഖലകളിലുള്ളവരുമായി പങ്കാളിത്തമുണ്ടാക്കാനും വി.ബി.എ സമ്മിറ്റ് വേദിയൊരുക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com