

ഡോ. ജോസ് പോള്‍
2024 ജൂലൈയില്‍ കമ്മീഷന്‍ ചെയ്യുകയും ഡിസംബര്‍ മുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്ത വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2026 ജൂലൈ അവസാനത്തോടെ 1,057 കപ്പലുകളും 2.24 ദശലക്ഷം ടിഇയു (Twetny foot Equivalent Units) കണ്ടെയ്‌നറുകളും കൈകാര്യം ചെയ്തുകഴിഞ്ഞു. അതായത് ഇതിനകം വിഴിഞ്ഞം അതിന്റെ പ്രഖ്യാപിത ശേഷിയായ 1.6 ദശലക്ഷം ടിഇയു മറികടന്നുകഴിഞ്ഞു.
ദുബായ്, സലാല തുടങ്ങിയ സുസ്ഥിര ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖങ്ങളോടും കൊളംബോ, സിംഗപ്പൂര്‍, മലേഷ്യയിലെ പോര്‍ട്ട് ഓഫ് തഞ്ചുങ് പെലെപാസ് (Tanjung Pelepas) എന്നിവയോടുമാണ് വിഴിഞ്ഞത്തിന് ഇനി മത്സരിക്കേണ്ടി വരിക.
15.5 ദശലക്ഷം ടിഇയു ചരക്കുനീക്കവുമായി ലോകത്തിലെ ഒമ്പതാമത്തെ വലിയ കണ്ടെയ്‌നര്‍ തുറമുഖമാണ് ദുബായ്. ഇതിലെ ഏതാണ്ട് 60 ശതമാനവും ട്രാന്‍സ്ഷിപ്പ്‌മെന്റ് കാര്‍ഗോയാണ്. 3.79 ദശലക്ഷം ടിഇയു കൈകാര്യം ചെയ്യുന്ന ഒമാനിലെ സലാല 52-ാമത്തെ വലിയ കണ്ടെയ്‌നര്‍ തുറമുഖമാണ്.
ഏറ്റവും അടുത്തുള്ള കൊളംബോ തുറമുഖം 200 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ്. 8.29 ദശലക്ഷം ടിഇയു ചരക്കുനീക്കമുള്ള ഈ തുറമുഖം 27-ാം സ്ഥാനത്താണ്. ഇതിന്റെ ഏതാണ്ട് 81 ശതമാനവും ട്രാന്‍സ്ഷിപ്പ്‌മെന്റാണ്.
സിംഗപ്പൂര്‍ തുറമുഖം ലോകത്തിലെ രണ്ടാമത്തെ വലിയ കണ്ടെയ്‌നര്‍ തുറമുഖമാണ്. 44.66 ദശലക്ഷം ടിഇയു കൈകാര്യം ചെയ്യുന്ന ഇവിടെ 85 ശതമാനവും ട്രാന്‍സ്ഷിപ്പ്മെന്റാണ്. അതേസമയം മലേഷ്യയിലെ പോര്‍ട്ട് ഓഫ് തഞ്ചുങ് പെലെപാസ് 12-ാം സ്ഥാനത്താണ്. 12.2 ദശലക്ഷം ടിഇയു കൈകാര്യം ചെയ്യുന്നതില്‍ 95 ശതമാനവും ട്രാന്‍സ്ഷിപ്പ്മെന്റാണ്.
ഉയര്‍ന്ന ഉല്‍പാദനക്ഷമതയും കപ്പലുകളുടെ ദ്രുതഗതിയിലുള്ള ടേണ്‍എ റൗണ്ടും ഉറപ്പാക്കുന്ന നൂതനവും കാര്യക്ഷമവുമായ സാങ്കേതികവിദ്യ സ്വായത്തമാക്കിയ മുന്‍നിര തുറമുഖങ്ങളാണിവയെല്ലാം. 18 മുതല്‍ 20 മീറ്റര്‍ വരെ ഡ്രാഫ്റ്റുള്ള (ആഴം) കൂറ്റന്‍ മദര്‍ഷിപ്പുകളെ സ്വീകരിക്കാന്‍ ശേഷിയുള്ള ആഴമേറിയ ബെര്‍ത്തുകളും അപ്രോച്ച് ചാനലുകളും ഈ തുറമുഖങ്ങള്‍ക്കെല്ലാമുണ്ട്.
പ്രവര്‍ത്തന രീതി കണക്കിലെടുത്ത് തുറമുഖങ്ങളെ പ്രധാനമായും ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖങ്ങളെന്നും ഗേറ്റ്വേതുറമുഖങ്ങളെന്നും തരംതിരിക്കാം. കൂടിയ അളവില്‍ ചരക്കുകള്‍ വഹിക്കുന്നതും കൂടുതല്‍ ആഴം ആവശ്യമുള്ളതുമായ മദര്‍ഷിപ്പുകള്‍, ആഴവും സാങ്കേതിക മികവുമുള്ള ചുരുക്കം ചില പ്രധാന തുറമുഖങ്ങളില്‍ എത്തി (ഇറക്കുമതി) കണ്ടെയ്‌നറുകള്‍ ഇറക്കുകയോ (കയറ്റുമതി) കണ്ടെയ്‌നറുകള്‍ കയറ്റുകയോ ചെയ്യുന്ന രീതിയാണ് ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖങ്ങളിലുള്ളത്. ഫീഡര്‍, അഥവാ ഡോട്ടര്‍ വെസലുകള്‍ (Daughter vessels) ചെറിയ തുറമുഖങ്ങളില്‍ നിന്ന് കയറ്റുമതി ചരക്കുകള്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുവരികയും മദര്‍ഷിപ്പുകള്‍ ഇറക്കുന്ന ഇറക്കുമതി ചരക്കുകള്‍ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു.
എന്നാല്‍ ഗേറ്റ്വേ തുറമുഖങ്ങളെന്നത് അവയുടെ പ്രാഥമിക, ദ്വിതീയ, തൃതീയ ഉള്‍നാടന്‍ വിപണികളില്‍ (Hinterland) നിന്ന് കയറ്റുമതി ചരക്കുകള്‍ സമാഹരിക്കുകയും ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ ആ പ്രദേശങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്നവയാണ്. മത്സരസ്വഭാവമുള്ള ഒരു പോര്‍ട്ട് സര്‍വീസ് വിപണിയില്‍ ഗേറ്റ്വേ തുറമുഖങ്ങള്‍ക്ക് സ്വയം നിലനില്‍ക്കാന്‍ കഴിയും. കാരണം, അവ സ്വന്തം ഉള്‍നാടന്‍ വിപണികളില്‍ നിന്നുള്ള ചരക്കുനീക്കത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. നേരെ മറിച്ച്, ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖങ്ങള്‍ക്ക് പ്രധാനമായും ബാഹ്യ സ്രോതസുകളെ ആശ്രയിക്കേണ്ടി വരുന്നു. മദര്‍ഷിപ്പുകള്‍ക്ക് ആവശ്യമായ ഹബ്ബ് തുറമുഖങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴുമുണ്ട്. അവ ഒരു പ്രത്യേക തുറമുഖത്തോടും പ്രതിബദ്ധത കാണിക്കാറില്ല. അതിവേഗം മാറുന്ന വിപണി സാഹചര്യങ്ങളില്‍ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് കപ്പല്‍ കമ്പനികള്‍ തുറമുഖങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും. ഈ പ്രവണത ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖങ്ങളുടെ ഭാവിയെ കൂടുതല്‍ അനിശ്ചിതത്വത്തിലും അപകട സാധ്യതയിലും ആക്കുന്നു.
ഈ സാഹചര്യത്തില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി പോര്‍ട്സ്, ഭാവി വികസനത്തിനായി ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പിങ് ലൈനായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുമായി (MSC) പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത് തികച്ചും ഉചിതമായ തീരുമാനമാണ്. എംഎസ്സിയുടെ ഈ പങ്കാളിത്തവും വിഴിഞ്ഞം തുറമുഖത്ത് അവര്‍ കൈവരിച്ചതായി പറയപ്പെടുന്ന 49% ഓഹരി പങ്കാളിത്തവും തുറമുഖത്തിന്റെ ഭാവിക്കും സുസ്ഥിരതക്കും കരുത്തേകും. വിഭാവനം ചെയ്ത വികസന പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം അദാനിക്ക് നല്‍കാന്‍ എംഎസ്സിയുമായുള്ള ഈ പങ്കാളിത്തം സഹായിക്കും.
ഏകദേശം 10,000 കോടി രൂപ ചെലവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങള്‍ 2028 ഓടെ പൂര്‍ത്തിയാക്കാനുള്ള വലിയ വികസന പദ്ധതികള്‍ തുറമുഖം ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ രംഗത്ത് മത്സരിക്കുന്ന മറ്റ് തുറമുഖങ്ങളും തങ്ങളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. അതിനാല്‍ ഭൂമിശാസ്ത്രപരമായ ആനുകൂല്യം മാത്രമല്ല, വിഴിഞ്ഞത്തേക്ക് സര്‍വീസുകള്‍ മാറ്റുകയോ, പുതിയവ ആരംഭിക്കുകയോ ചെയ്യുന്നത് വഴി യഥാര്‍ത്ഥ സാമ്പത്തിക-പ്രവര്‍ത്തന ലാഭം ഉണ്ടെന്ന് ഷിപ്പിങ് ലൈനുകളെ ബോധ്യപ്പെടുത്താന്‍ വിഴിഞ്ഞത്തിന് സാധിക്കണം.
അതുകൊണ്ടുതന്നെ, ഭൗതികമായ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ എണ്ണവും ഉള്‍നാടന്‍ വിപണിയും വികസിപ്പിക്കാന്‍ തുറമുഖത്തിന് കഴിയണം. കയറ്റുമതി-ഇറക്കുമതി ചരക്കുകള്‍ ആകര്‍ഷിച്ച് ഒരു ഗേറ്റ്വേ തുറമുഖമായി പ്രവര്‍ത്തിക്കുകയെന്നതാണ് വിഴിഞ്ഞത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യം. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ തുറമുഖം കൈകാര്യം ചെയ്യുന്ന മൊത്തം ചരക്കിന്റെ 30 മുതല്‍ 40% വരെ കയറ്റുമതി-ഇറക്കുമതി ചരക്കുകള്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് തുറമുഖം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, കൊച്ചി, ന്യൂ മാംഗളൂര്‍, തൂത്തുക്കുടി, ചെന്നൈ തുടങ്ങിയ സമീപത്തെ പ്രധാന തുറമുഖങ്ങളുടെ സ്വാധീന മേഖലകള്‍ ഇതിനകം പരസ്പരം പങ്കിടുന്നുണ്ട്. കയറ്റുമതി-ഇറക്കുമതി ചരക്കുകള്‍ ആകര്‍ഷിക്കാന്‍ ഈ തുറമുഖങ്ങളില്‍ നിന്നെല്ലാം വലിയ തോതിലുള്ള മത്സരമുണ്ടാകും.
വിഴിഞ്ഞത്തേക്ക് നേരിട്ടുള്ള റെയില്‍-റോഡ് കണക്റ്റിവിറ്റി ഇല്ലാത്തതിനാല്‍ ഗേറ്റ്വേ ചരക്കുകള്‍ കാര്യമായി ആകര്‍ഷിക്കാന്‍ തുറമുഖത്തിന് ഇനിയും ഏറെ സമയമെടുക്കും. റെയില്‍-റോഡ് ലിങ്കുകള്‍ പൂര്‍ത്തിയായ ശേഷവും ഗതാഗതച്ചെലവ് വിഴിഞ്ഞത്ത് കയറ്റുമതി-ഇറക്കുമതി ചരക്കുകള്‍ സമാഹരിക്കുന്നതിന് ഒരു പ്രതികൂല ഘടകമായി തുടരാന്‍ സാധ്യതയുണ്ട്. 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടായിട്ടും മലേഷ്യയിലെ തഞ്ചുങ് പെലെപാസിനും ഒമാനിലെ സലാലക്കും യഥാക്രമം അഞ്ച്, 15 ശതമാനം എന്നിങ്ങനെ മാത്രമാണ് ഗേറ്റ്വേ ചരക്കുകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അതിനാല്‍, അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ലക്ഷ്യമിട്ടിട്ടുള്ള 5.71 ദശലക്ഷം ടിഇയു കൈകാര്യം ചെയ്യാന്‍ തക്കവണ്ണം തുറമുഖ ശേഷി വര്‍ധിപ്പിച്ചുകൊണ്ട് ട്രാന്‍സ്ഷിപ്പ്‌മെന്റ് ചരക്കുകളുടെ അളവ് പരമാവധി ഉയര്‍ത്തുന്നതില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് വിഴിഞ്ഞത്തെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ മാര്‍ഗം.
(മുംബൈ ജെഎന്‍ പോര്‍ട്ട് മുന്‍ ആക്ടിങ് ചെയര്‍മാനും മര്‍മഗോവ് പോര്‍ട്ട് ട്രസ്റ്റ് മുന്‍ ചെയര്‍മാനുമാണ് ലേഖകന്‍)
Vizhinjam International Transshipment Deepwater Multipurpose Seaport surpasses its initial capacity targets, but faces intense competition from global ports and inland connectivity hurdles in its gateway ambitions.
(ധനം മാഗസീന്‍ 2026 സെപ്റ്റംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine