ചെറുപ്പക്കാരോട് വാറൻ ബുഫെയ്ക്ക് പറയാനുള്ളത്!
പ്രഗത്ഭ ഓഹരി നിക്ഷേപകനായ വാറൻ ബുഫെയ്ക്ക് യുവ തലമുറയ്ക്കായി ഒരു ചെറിയ ഉപദേശമുണ്ട്. അത് ഓഹരി വിപണിയിൽ എങ്ങനെ നിക്ഷേപിക്കണം പോർട്ട്ഫോളിയോ എങ്ങനെ വികസിപ്പിക്കണം എന്നതിനെക്കുറിച്ചൊന്നുമല്ല.
മികച്ച രീതിയിൽ, ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള നൈപുണ്യം ഇന്നത്തെ ചെറുപ്പക്കാർ നേടിയിരിക്കണം എന്നാണ് ബുഫെ പറയുന്നത്. "പ്രൊഫഷണൽ കരിയർ തുടങ്ങുന്ന ഒരു ചെറുപ്പക്കാരന് തന്റെ മൂല്യം 50 ശതമാനം വരെ ഉയർത്താനുള്ള എളുപ്പവഴിയാണ് മികച്ച കമ്മ്യൂണിക്കേഷൻ സ്‌കിൽ," സംരംഭകനായ മൈക്കൽ ഹുഡിനോട് സംസാരിക്കവെ ബുഫെ പറഞ്ഞു.
കോളെജ് പഠനം പൂർത്തിയാക്കിയ 21-22 വയസ് പ്രായപരിധിയിലുള്ളവർക്ക് ഉപയോഗിക്കാവുന്ന ഒരു ടിപ്പ് നൽകാമോ എന്ന ഹുഡിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ബുഫെ ഇത് പറഞ്ഞത്.
വിജയത്തിന്റെ അടിസ്ഥാനം തന്നെ മികച്ച ആശയവിനിമയമാണെന്നാണ് ബുഫെ വിശ്വസിക്കുന്നത്. "നിങ്ങൾക്ക് നന്നായി ആശയവിനിമയം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അത് ഇരുട്ടത്ത് ഒരു പെൺകുട്ടിയെ നോക്കി കണ്ണിറുക്കുന്നത് പോലെയാണ്. നിങ്ങൾ ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ വ്യക്തിയായിരിക്കും. എന്നാൽ അത് പ്രകടിപ്പിക്കാൻ കഴിഞ്ഞാലേ കാര്യമുള്ളൂ," ബുഫെ അഭിപ്രായപ്പെട്ടു.
പെൻസിൽവാനിയ, കൊളംബിയ തുടങ്ങിയ മികച്ച യൂണിവേഴ്‌സിറ്റികളിൽ നിന്ന് നേടിയ ബിരുദങ്ങൾ ഉണ്ടെങ്കിലും ബുഫെ തന്റെ ചുമരിൽ തൂക്കിയിരിക്കുന്നത് ഡെയ്ൽ കാർണെജിയിൽ നിന്ന് കമ്മ്യൂണിക്കേഷൻ കോഴ്‌സിൽ നേടിയ സർട്ടിഫിക്കറ്റ് ആണ്. കാരണം പൊതുവേദിയിൽ സംസാരിക്കാനുള്ള ഭയത്തെ തരണം ചെയ്തതാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഈ കോഴ്‌സ് പൂർത്തിയാക്കാൻ സാധിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപമായും ബുഫെ കരുതുന്നു.
52 മത്തെ വയസിലാണ് അദ്ദേഹം ആദ്യമായി ഫോർബ്‌സ് പട്ടികയിൽ ഇടം പിടിക്കുന്നത്. 250 മില്യൺ ഡോളറായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ നെറ്റ് വർത്ത്. മൂന്ന് വർഷങ്ങൾക്ക് ശേഷം ഇത് നാലിരട്ടിയായി. 1989 നും 1999 നും ഇടയിലുള്ള വർഷങ്ങളിൽ അദ്ദേഹത്തിന്റെ നെറ്റ് വർത്ത് 10 മടങ്ങാണ് വളർന്നത്. നിലവിൽ 77.5 ബില്യൺ ഡോളർ ആണ് ബുഫെയുടെ ആസ്തി.