മഹാമാരിയെ തടുക്കാന്‍ പ്രശസ്തര്‍ എന്തൊക്കെയാണ് ചെയ്യുന്നത്?
കോവിഡ് 19 എന്ന മാരകരോഗം ലോകത്തെ കണ്ണീരണിയിക്കുമ്പോള്‍ സഹായഹസ്തവുമായി ശതകോടീശ്വരന്മാരും പ്രശസ്തരും. ബില്‍ ഗേറ്റ്‌സ് ജാക് മാ, സുക്കര്‍ബെര്‍ഗ് തുടങ്ങിയവ ആഗോളപ്രമുഖര്‍ കാണിച്ച വലിയ മാതൃകകള്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരും സ്വീകരിക്കുകയാണ്. മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര തുടങ്ങിയവര്‍ വിപുലമായ പദ്ധതികളുമായാണ് മുന്നോട്ടുവന്നിരിക്കുന്നത്.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് കോവിഡ് 19 ബാധിച്ച രോഗികള്‍ക്കുള്ള 100 കിടക്കകളുള്ള സെന്ററാണ് ഒരുക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള മാസ്‌കുകളും സുരക്ഷാവസ്ത്രങ്ങളും നിര്‍മിക്കുന്നതിനുള്ള ഉല്‍പ്പാദനശേഷിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് വര്‍ധിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിദാശ്വാസഫണ്ടിലേക്ക് അഞ്ച് കോടി രൂപയും മുകേഷ് അംബാനി വാഗ്ദാനം ചെയ്തു.
''മൈ ഗവണ്‍മെന്റ് കോറോണ ഹെല്‍പ്പ്‌ഡെസ്‌ക്'' എന്ന വാട്ട്‌സാപ്പ് ചാറ്റ്‌ബോട്ടും റിലയന്‍സ് ഇന്‍ഡസ്ട്രീസ് സൗജന്യമായി വികസിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ തരുന്ന ലിസ്റ്റ് അനുസരിച്ച് കോവിഡ് 19 അടിയന്തരാവശ്യങ്ങള്‍ക്കായി ഓടുന്ന ആംബുലന്‍സുകള്‍ക്ക് സൗജന്യ ഇന്ധനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
തന്റെ കമ്പനിയുടെ കീഴിലുള്ള റിസോര്‍ട്ടുകള്‍ ആവശ്യം വന്നാല്‍ കോവിഡ് 19 രോഗികള്‍ക്കുള്ള താല്‍ക്കാലിക സംരക്ഷണകേന്ദ്രങ്ങളാക്കാന്‍ തയാറാണെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. കൂടാതെ വെന്റിലേറ്ററുകളുടെ അടിയന്തരാവശ്യം മുന്നില്‍ക്കണ്ട് തങ്ങളുടെ മാനുഫാക്ചറിംഗ് പ്ലാന്റുകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് 19 മൂലം സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന ചെറുകിടക്കാര്‍, സ്വയം തൊഴില്‍ സംരംഭകര്‍ തുടങ്ങിയവരെ സഹായിക്കാന്‍ മഹീന്ദ്ര ഫൗണ്ടേഷന്‍ ഫണ്ട് ഉണ്ടാക്കുമെന്നും സ്വന്തം ശമ്പളം 100 ശതമാനം ഇതിലേക്ക് സംഭാവന ചെയ്യുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു.
ബില്‍ ഗേറ്റ്‌സ്, ജാക് മാ തുടങ്ങിയ ലോകനേതാക്കള്‍ കൈയയച്ച് സഹായിക്കുമ്പോള്‍ ഇന്ത്യയിലെ സമ്പന്നര്‍ മടിച്ചുനില്‍ക്കുകയാണെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ രാജ്യത്തെ പ്രശസ്തരും സാഹചര്യത്തിനൊത്ത് ഉയര്‍ന്നുകഴിഞ്ഞു. വരും നാളുകളില്‍ കൂടുതല്‍പ്പേര്‍ ഇവരെ മാതൃകയാക്കി സഹായഹസ്തവുമായി മുന്നോട്ടുവന്നേക്കാം.
മാതൃക കാണിച്ച് ലോകനേതാക്കള്‍
ആഗോളതലത്തില്‍ ഈ രോഗം തുടച്ചുനീക്കാനായി ലോകത്തെ രണ്ടാമത്തെ ശതകോടീശ്വരനായ ബില്‍ ഗേറ്റ്‌സ് 100 മില്യണ്‍ ഡോളര്‍ നല്‍കാന്‍ തയാറാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇദ്ദേഹവും ഭാര്യയും കൂടി നടത്തുന്ന ബില്‍ & മെലീന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ വഴിയായിരിക്കും തുക നല്‍കുന്നത്. രോഗം തിരിച്ചറിയുക, ഐസൊലേറ്റ് ചെയ്യുക, ചികില്‍സ എന്നിവയ്ക്കായിരിക്കും ഈ തുക സംഭാവന ചെയ്യുന്നത്.
കോവിഡ് 19 മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ച ചൈനയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിക്ക് എങ്ങനെ മാറിനില്‍ക്കാനാകും? അലിബാബ സ്ഥാപകനായ ജാക് മാ കൊറോണ വൈറസ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി 14 മില്യണ്‍ ഡോളറാണ് കൊടുക്കുന്നത്. അദ്ദേഹം അഞ്ചു ലക്ഷം ടെസ്റ്റിംഗ് കിറ്റുകളും ഒരു മില്യണ്‍ ഫേസ് മാസുകളും നല്‍കും.
ഈ രോഗത്തെ ചെറുക്കാന്‍ ഫേസ്ബുക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് 20 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുണൈറ്റഡ് നേഷന്‍സ് ഫൗണ്ടേഷനും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് കോവിഡ് 19 സോളിഡാരിറ്റി റെസ്‌പോണ്‍ ഫണ്ട് തുടങ്ങും. ഇതുവഴി ആര്‍ക്കും സംഭാവനകള്‍ നല്‍കാന്‍ സാധിക്കും.
എയര്‍ ബിഎന്‍ബി സിഇഒ ബ്രിയാന്‍ ചെസ്‌കി തങ്ങളുടെ അതിഥികള്‍ക്ക് ബുക്കിംഗ് റദ്ദാക്കിയാലും റീഫണ്ട് നല്‍കാനുള്ള അവസരമൊരുക്കുന്നു. ഹെഡ്ജ് ഫണ്ട് ബില്യണറായ കെന്‍ ഗ്രിഫിന്റെ ഉടമസ്ഥതയിലുള്ള സിറ്റാഡെല്‍ എന്ന സ്ഥാപനം 7.5 മില്യണ്‍ ഡോളറാണ് ചൈനയില്‍ ഏറ്റവും ദുരിതം വിതച്ച പ്രവിശ്യകളിലേക്ക് സംഭാവന ചെയ്യുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline