

''ജോലി രാജിവെച്ച് സംരംഭം തുടങ്ങാന്‍ പോകുന്നു.'' എന്റെ ഒരു സുഹൃത്ത് മാസങ്ങള്‍ക്ക് മുമ്പാണ് ഇങ്ങനെയൊരു തീരുമാനം എന്നോട് പങ്കുവെച്ചത്. പിന്നീട് വീണ്ടും കണ്ടപ്പോള്‍ സുഹൃത്ത് ജോലി രാജിവെച്ചില്ലെന്ന് മാത്രമല്ല, സംരംഭം തുടങ്ങാനുള്ള മോഹവും ഉപേക്ഷിച്ചു.
''അജയ്, ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ച ശേഷം ഒന്നുകൂടി ആഴത്തില്‍ നോക്കിയപ്പോഴാണ് മനസിലായത് ഞാന്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നതു പോലുള്ള ഒട്ടേറെ കമ്പനികള്‍ ഇപ്പോള്‍ തന്നെയുണ്ടെന്ന്. അതിനിടെ എന്റെ കമ്പനി കൂടി വന്നാല്‍ എങ്ങനെ ബിസിനസ് കിട്ടും. ജോലി രാജിവെച്ച് ഇപ്പോള്‍ തന്നെ മത്സരമുള്ള മേഖലയില്‍ സംരംഭം തുടങ്ങുന്നത് ആത്മഹത്യാപരമല്ലേ? അതുകൊണ്ട് തീരുമാനം മാറ്റി.''
എന്റെ ആ പ്രിയ സുഹൃത്ത് പറഞ്ഞതില്‍ കാര്യമുണ്ട്. പക്ഷേ മത്സരം ഭയന്ന് സംരംഭം തുടങ്ങാതിരിക്കുന്നത് ശരിയുമല്ല. പകരം ഓരോ സംരംഭകനും ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി സ്വീകരിക്കണം. ഒട്ടുമിക്ക സംരംഭകരും കേട്ടിട്ടുണ്ടാവും ഈ മാര്‍ക്കറ്റിംഗ് തന്ത്രത്തെ കുറിച്ച്. Chan Kim, Renee Mauborgne എന്നിവര്‍ ചേര്‍ന്നെഴുതിയ ലോകപ്രശസ്ത ബെസ്റ്റ് സെല്ലര്‍ ഗ്രന്ഥം ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി പലരും വായിച്ചിട്ടുമുണ്ടാവും. സമാനമായ ഒട്ടേറെ കമ്പനികള്‍ മത്സരിക്കുന്ന ഇടമാണ് റെഡ് ഓഷ്യന്‍. എന്നാല്‍ മറ്റാരുമെത്തി വിപണി തുറക്കാത്തയിടം ബ്ലൂ ഓഷ്യനും. ഒരു പുതിയ വിപണി തുറക്കുന്നതിനെയും പുതിയ ഡിമാന്‍ഡ് സൃഷ്ടിക്കുന്നതിനെയുമാണ് ബ്ലൂ ഓഷ്യന്‍ എന്ന് വിശേഷിപ്പിക്കുന്നത്.
ഒരുപാട് മത്സരമുള്ളയിടത്ത് പുതിയ വിപണി സൃഷ്ടിക്കാന്‍ സാധിക്കുമോ? തീര്‍ച്ചയായും പറ്റും. ലോകത്തിലെ ഏറ്റവും വലിയ കണ്ടംപററി സര്‍ക്കസ് കമ്പനി Cirque du Soleilന്റെ വിജയകഥ നോക്കിയാല്‍ ഇത് മനസിലാകും. സര്‍ക്കസ് കമ്പനികള്‍ക്ക് സുവര്‍ണകാലമായിരുന്ന നാളുകളുണ്ട്. പക്ഷേ പിന്നീട് ഈ രംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളവര്‍ പോലും കാലത്തിനൊത്ത് മാറാന്‍ പറ്റാത്തതുകൊണ്ടും കടുത്ത മത്സരത്തെ അതിജീവിക്കാന്‍ പറ്റാതെയും അടച്ചുപൂട്ടേണ്ടി വന്നു.
പക്ഷേ കനേഡിയന്‍ കമ്പനിയായ Cirque du Soleil സര്‍ക്കസും തിയേറ്ററും അതിസുന്ദരമായി സമന്വയിപ്പിച്ചു. മറ്റാരും നല്‍കാത്ത വേറിട്ടൊരു അനുഭവം കാഴ്ചക്കാര്‍ക്ക് സമ്മാനിച്ചു. എന്റര്‍ട്ടെയ്ന്‍മെന്റ് ലോകത്ത് അവരങ്ങനെ വേറിട്ടൊരു വിപണി തുറന്നു. അവിടെ അവരോട് മത്സരിക്കാന്‍ മറ്റാരുമില്ലായിരുന്നു. കാഴ്ചക്കാര്‍ ഇവരുടെ ഷോകള്‍ക്കായി കാത്തുനിന്നു.
കമ്പനിയുടെ സാരഥിയുടെ വാക്കുകള്‍ തന്നെ എടുത്ത് പറഞ്ഞാല്‍ അവര്‍ സര്‍ക്കസിനെ പുനഃസൃഷ്ടിക്കുകയായിരുന്നില്ല, മറിച്ച് പുതിയൊരു പാക്കേജിംഗിലൂടെ നല്‍കുകയായിരുന്നു. ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജിയില്‍ അതിന്റെ രചയിതാക്കള്‍ തന്നെ എഴുതിവെച്ചിരിക്കുന്ന ഒരു വാചകമുണ്ട്. ''മത്സരം അതിജീവിക്കാനുള്ള ഏകവഴി മത്സരം അതിജീവിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കുക എന്നതാണ്'' മത്സരമില്ലാത്ത ഒരു രംഗത്തിലേക്ക് കടക്കൂ. അതിനായി ഭാവനയും വൈദഗ്ധ്യവും ഉപയോഗിക്കൂ. നിങ്ങള്‍ക്കും നീന്താം നീലക്കടലില്‍.
Read DhanamOnline in English
Subscribe to Dhanam Magazine