ബിസിനസിലേക്ക് ഫണ്ട് കണ്ടെത്തണോ; ഈ വഴികൾ നിങ്ങളെ സഹായിക്കും
കോവിഡ് കാലം നമ്മുടെ നാട്ടിലെ ചെറുകിട സംരംഭകരുടെയും സ്റ്റാര്‍ട്ടപ്പ് സാരഥികളുടെയും ഉള്ളില്‍ അക്ഷരാര്‍ത്ഥത്തില്‍ തീ കോരിയിട്ടിരിക്കുകയാണ്. ഒട്ടനവധി ബിസിനസുകളുടെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് കോവിഡ്.
കേരളത്തിലെ ചെറുകിട സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമെല്ലാം കോവിഡ് പോലെ എന്ന് തീരുമെന്ന് അറിയാത്ത പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ച് മുന്നേറാന്‍ പാകത്തിലുള്ള കരുത്തുറ്റ അടിത്തറയില്ല. ബിസിനസ് മുന്നോട്ടുപോകാന്‍ ഫണ്ട് വേണം. അന്നന്നത്തെ കാര്യങ്ങള്‍ തട്ടിമുട്ടി പോയവര്‍ക്ക് എവിടെ നിന്നും പണം വരാത്ത കാലത്ത് എങ്ങനെ മുന്നോട്ടുപോകാനാകും?
ഈ ഘട്ടത്തില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും ബിസിനസ് നിലനിര്‍ത്താനുള്ള പ്രവര്‍ത്തന മൂലധനം എവിടെനിന്നെല്ലാം കിട്ടുമെന്ന് നോക്കാം.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എവിടെ നിന്ന് സഹായം കിട്ടും?
കോവിഡ് ബാധ പല സ്റ്റാര്‍ട്ടപ്പുകളുടെയും നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സൂക്ഷ്മ സംരംഭങ്ങളെയും ചെറുകിട ഇടത്തരം സംരംഭങ്ങളെയും എല്ലാം അപേക്ഷിച്ച് നോക്കുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കുറച്ചധികം നിരീക്ഷണ സംവിധാനങ്ങളും മെന്ററിംഗ് പ്ലാറ്റ്‌ഫോമുകളുമുണ്ട്.
കോവിഡ് ബാധയെ തുടര്‍ന്നുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായ വാഗ്ദാനങ്ങളുമായി നിരവധി വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്.
മെന്ററിംഗ്, ടെക്‌നിക്കല്‍ ഗൈഡന്‍സ്, ബിസിനസ് തുടര്‍ച്ചാ പദ്ധതി ആസൂത്രണം എന്നിവയ്‌ക്കൊപ്പം സാമ്പത്തിക സഹായങ്ങളും ഇത്തരം വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനികള്‍ ലഭ്യമാക്കുന്നുണ്ട്. മാട്രിക്‌സ് പാര്‍ട്‌ണേഴ്‌സ്, സെക്വയ കാപ്പിറ്റല്‍, ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ്, കളരി കാപ്പിറ്റല്‍ തുടങ്ങിയ പലതലത്തിലുള്ള പിന്തുണകളുമായി രംഗത്തുണ്ട്. വിവിധ ആക്‌സിലേറ്റര്‍ പ്രോഗ്രാമുകളും ബൂട്ട് കാംപുകളും അവര്‍ നടത്തുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും ഉന്നത തലത്തിലെ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി വിവിധ വിഷയങ്ങളില്‍ വിശദമായ സെഷനുകള്‍ നടത്തുന്നുണ്ട്.
2019ല്‍, ആഗോള സമ്പദ് വ്യവസ്ഥയില്‍ അസ്ഥിരത തുടരുന്ന കാലഘട്ടത്തില്‍ പോലും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഫണ്ട് ഒഴുകിയിരുന്നു. മാത്രമല്ല, സിഡ്ബി തന്നെ ഫണ്ട് ഓഫ് ഫണ്ട്‌സ്് ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ് വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട്് ( FFS - VCF) അവതരിപ്പിച്ചിട്ടുണ്ട്. 251ല്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഇതിനകം 1683 കോടി രൂപ FFS-VCF നിക്ഷേപിച്ചിട്ടുണ്ട്. ഇനി 1500 കോടി രൂപ നിക്ഷേപിക്കാനും പദ്ധതിയുണ്ട്.
നിലവില്‍ പല സ്റ്റാര്‍ട്ടപ്പുകളും വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളുമായി ചേര്‍ന്ന് വിവിധ സര്‍വൈവല്‍ പ്ലാനുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്്. ചില ഫണ്ട് ഹൗസുകള്‍ ഈ സവിശേഷ സാഹചര്യങ്ങളില്‍ സഹായകമാകാന്‍ പറ്റുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ഫണ്ടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
സ്റ്റാര്‍ട്ടപ്പുകളേ, ഇത് ശ്രദ്ധിക്കൂ
കോവിഡ് കാലത്ത് വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന മാര്‍ഗനിര്‍ദേശം ഇതാണ്. ഏറ്റവും മോശം സാഹചര്യത്തെ തന്നെ മുന്നില്‍ കാണുക. പിന്നീട് സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിന് അനുസരിച്ച് ബിസിനസ് തന്ത്രങ്ങള്‍ പരിഷ്‌കരിക്കുക. അസ്ഥിരതയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.
ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ സാഹചര്യത്തിലും പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളുമുണ്ട്. ഈ കോവിഡ് കാലത്തും ഫണ്ട് ലഭ്യതയ്ക്കുള്ള സാഹചര്യമുണ്ട്. 80,000 ത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. അതില്‍ വെറും എട്ട് ശതമാനത്തിന് മാത്രമേ ഇപ്പോള്‍ ഫണ്ട് സമാഹരിക്കാന്‍ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ള 92 ശതമാനം സ്റ്റാര്‍ട്ടപ്പുകളില്‍ മികച്ച ആശയങ്ങളും വ്യക്തമായ പദ്ധതികളുമുള്ളവര്‍ക്ക് വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളെ സമീപിച്ച് സര്‍വൈവല്‍ ഫണ്ടുകള്‍ നേടിയെടുക്കാനുള്ള അവസരം ഇപ്പോഴുമുണ്ട്്.
പരമ്പരാഗത രീതി പിന്തുടരുന്ന കമ്പനികളെ പോലെയല്ല സ്റ്റാര്‍ട്ടപ്പുകളുടെ ശൈലി. അവയ്ക്ക് വളരെ പെട്ടെന്ന് ഒരു മെന്ററിംഗ് സംവിധാനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാം. മറ്റൊരു നല്ല വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനിയുടെ ഇക്കോ സിസ്റ്റത്തിലേക്ക് കടക്കാം. അതുകൊണ്ട് ഈ പ്രതിസന്ധി ഘട്ടത്തിലും മുന്നേറണമെന്ന് ആഗ്രഹമുള്ള ഏത് സ്റ്റാര്‍ട്ടപ്പിനും അതിനുള്ള അവസരമുണ്ട്്.
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍
കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ സ്റ്റാര്‍ട്ടപ്പുകളേക്കാള്‍ കോവിഡ് കഷ്ടത്തിലാക്കിയിരിക്കുന്നത് ചെറുകിട, ഇടത്തരം സംരംഭങ്ങളെയാണ്. സംസ്ഥാനത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മതിയായ പിന്തുണ ലഭിച്ചില്ലെങ്കില്‍ വന്‍ ദുരന്തമാകും സമ്പദ് മേഖലയിലുണ്ടാവുക.
ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ബിസിനസ് കണ്‍ടിന്യൂറ്റി ഫണ്ടുകളുടെ പ്രസക്തിയും ഈ സാഹചര്യത്തിലാണ് ഏറ്റവും വര്‍ധിക്കുന്നത്. നബാര്‍ഡിനും സിഡ്ബിക്കും സവിശേഷമായ ചില പദ്ധതികളുണ്ട്.
സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള സിഡ്ബിയുടെ FFS-VCF നെ കുറിച്ച്് നേരത്തെ സൂചിപ്പിച്ചു. ഇത് കൂടാതെ മറ്റ് രണ്ട് ഫണ്ടുകള്‍ കൂടിയുണ്ട്. ഓള്‍ട്ടനേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് റെഗുലേഷന്‍സിന്റെ കീഴിലുള്ള ഇന്ത്യ ആസ്പിരേഷന്‍ ഫണ്ടും ആസ്പയര്‍ ഫണ്ടുമാണത്.
ഗ്രാമീണ ഇന്ത്യ ഫാമിംഗ്, അഗ്രികള്‍ച്ചറല്‍ മേഖലയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ളതാണ് ആസ്പയര്‍ ഫണ്ട്. ഇടത്തരം സംരംഭങ്ങളെ ലക്ഷ്യമിട്ടുള്ള ഫണ്ടാണ് ഇന്ത്യ ആസ്പിരേഷന്‍ ഫണ്ട്്.
നിലവില്‍ ആസ്പയര്‍ ഫണ്ട് 310 കോടി രൂപയും ഇന്ത്യ ആസ്പിരേഷന്‍ ഫണ്ട്് 2000 കോടിയും നിക്ഷേപം നടത്തിയിട്ടുണ്ട്്.
സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വുണ്ടാകാന്‍ ചെറികിട കച്ചവടക്കാര്‍ക്കും സേവനദാതാക്കള്‍ക്കുമെല്ലാം അടച്ചുപൂട്ടാതെ പിടിച്ചു നിന്ന് മുന്നേറാനുള്ള വഴികളുണ്ടാകണം. ഇവര്‍ക്ക് നല്ല മെന്ററിംഗ് സംവിധാനവും ഫണ്ട് ലഭ്യതയും ഉറപ്പാക്കണം.
എന്നാല്‍ നമ്മുടെ നാട്ടിലെ ഭൂരിഭാഗം ചെറുകിട ഇടത്തരം സംരംഭങ്ങളും ഇത്തരത്തിലുള്ള ഫോര്‍മല്‍ ഫണ്ടിംഗ് രീതികള്‍ ഇതുവരെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇനി അത്തരം പഴയ ശീലങ്ങള്‍ കൊണ്ട്് ആര്‍ക്കും മുന്നോട്ടുപോകാനാവില്ല. സര്‍ക്കാരുകള്‍ക്ക് ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ക്ക് പണം നല്‍കി താങ്ങി നിര്‍ത്തുന്നതിന് പരിമിതിയുണ്ട്. കാരണം, സര്‍ക്കാരുകള്‍ക്ക് തന്നെ പണഞെരുക്കം രൂക്ഷമാണ്.
പക്ഷേ മെന്ററിംഗിന്റെ കാര്യത്തില്‍ ആ പരിമിതിയില്ല. സര്‍ക്കാര്‍ വകുപ്പുകള്‍ ഇപ്പോള്‍ തന്നെ അത് നല്‍കുന്നുണ്ട്്. ചില സാമ്പത്തിക വിദഗ്ധര്‍ വിശേഷിപ്പിക്കുന്നതുപോലെ കോവിഡ് ഒരു മൂന്നാം ലോക യുദ്ധമാണ്. ഇതിന് ശേഷം കാര്യങ്ങള്‍ പഴയതുപോലെ ആവര്‍ത്തിക്കുകയല്ല, മറിച്ച് പുതിയൊരു ലോകമാണ് സൃഷ്ടിക്കപ്പെടുക.
ഇതുവരെ കേരളത്തിലെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ഫണ്ടിനായി സമീപിച്ചിരുന്ന ചെറിയ ഒരു വൃത്തമുണ്ട്. സൃഹുത്തുക്കള്‍, കുടുംബാംഗങ്ങള്‍, ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍ തുടങ്ങിയ. കോവിഡിന് ശേഷം ഇവരാരും ബിസിനസുകാര്‍ക്ക് മതിയായ ഫണ്ട് നല്‍കാന്‍ പ്രാപ്തരായിരിക്കണമെന്നില്ല. അതുകൊണ്ട്, ബിസിനസ് തുടര്‍ന്ന് നടത്തണമെങ്കില്‍ ഫോര്‍മല്‍ ഫണ്ടിംഗ് രീതികളിലേക്ക് സംരംഭകര്‍ മാറണം. അതുപോലെ വളരണം.
ബിസിനസ് കണ്ടിന്യുറ്റി ഫണ്ടുകളെ പറ്റി പറയുമ്പോള്‍ ഇ്ന്ത്യയില്‍ ചില സോഷ്യല്‍ ഫണ്ടിംഗ് മോഡലുകള്‍ കൂടിയുണ്ട്്. ഇവ കൂടുതലായും ഗ്രീന്‍, പരിസ്ഥിതി സൗഹൃദ പദ്ധതികളെയാണ് ലക്ഷ്യമിടുന്നത്. പിന്നെ ഫാമിംഗ് ബിസിനസുകളെയും.
ഇതുപോലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ബിസിനസ് തുടര്‍ച്ച ഉറപ്പാക്കാന്‍ ബദല്‍ ആയുള്ള സോഷ്യല്‍ ഫണ്ടിംഗ് രീതി കൊണ്ടുവരാവുന്നതാണ്. ഇത്തരം ബദല്‍ സോഷ്യല്‍ ഫണ്ടിംഗ് രീതികളില്‍ ലാഭ ലക്ഷ്യം മറ്റ് കോമേഴ്‌സ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളെ അപേക്ഷിച്ച് വളരെ കുറവായിരിക്കണം. അതുതന്നെയാരിക്കണം ഇത്തരം ഫണ്ടുകളുടെ സവിശേഷതയും.
അതുപോലെ തന്നെ തന്നെ ചെറുകിട, ഇടത്തരം സംരംഭകരുടെ മനോഭാവത്തിലും ഇത്തരം ഫണ്ടുകള്‍ വലിയ മാറ്റം വരുത്തും. ഇതൊരു സൗജന്യ ഫണ്ടോ സബ്‌സിഡിയോ അല്ല. പൊതുവേ ഒരു നിക്ഷേപത്തിന് നിക്ഷേപകന്‍ പ്രതീക്ഷിക്കുന്ന റിട്ടേണിനേക്കാള്‍ കുറവായിരിക്കുമെങ്കിലും തീര്‍ച്ചയായും ചെറിയതെങ്കിലും ഒരു ലാഭ ലക്ഷ്യമുണ്ടാകും.
ചെറുകിട സംരംഭങ്ങള്‍ പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ച് നിന്ന് രക്ഷപ്പെടുന്ന തലമെത്തിയാല്‍ ഈ ഫണ്ടുകള്‍ പിന്‍വാങ്ങും. ഇത് പിന്നീട് മറ്റ് ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ പുനര്‍നിക്ഷേപിക്കാം.
കേരള സര്‍ക്കാരിന് നേരിട്ടോ അല്ലെങ്കില്‍ കെ എസ് ഐ ഡി സി പോലുള്ള ഏജന്‍സികള്‍ മുഖാന്തിരമോ ഇതുപോലെ ബദല്‍ ബിസിനസ് കണ്‍ടിന്യുവിറ്റി ഫണ്ടിന് മുന്‍കൈ എടുക്കാം. സാമൂഹ്യ പ്രതിബദ്ധതയുള്ള ഹൈ നെറ്റ് വര്‍ത്ത് ഇന്‍ഡിവിജ്വല്‍സ്, ചില വന്‍കിട കോര്‍പ്പറേറ്റുകള്‍ എന്നിവയ്‌ക്കൊപ്പം സര്‍ക്കാരിന്റെ കുറച്ച് ഫണ്ടുകള്‍ കൂടി ഉള്‍ച്ചേര്‍ത്താല്‍ വിശ്വാസയോഗ്യമായ, ബദല്‍ ബിസിനസ് കണ്ടിന്യുവിറ്റി ഫണ്ട് രൂപീകരിക്കാന്‍ സാധിക്കും.
ഇത്തരം ഫണ്ടുകള്‍ നേടിയെടുക്കാനുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ ക്രിയാത്മകമായ വിധത്തിലുള്ളതാകണം. എങ്ങനെ ഫണ്ട് കൊടുക്കാതിരിക്കാം എന്നതല്ല എങ്ങനെ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാമെന്നതാകണം അടിസ്ഥാനം.
പണം കിട്ടിയതുകൊണ്ടു മാത്രം കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിക്കാന്‍ സാധിക്കണമെന്നില്ല. ശരിയായ മെന്ററിംഗും നിരന്തര നിരീക്ഷണവും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും അനിവാര്യമാണ്. ബദല്‍ ബിസിനസ് കണ്ടിന്യുവിറ്റി ഫണ്ടിനൊപ്പമുള്ള ഇക്കാര്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ വ്യവസായ വകുപ്പിലെ നിലവിലെ സംവിധാനങ്ങളും അതിനു പുറമേ ഓരോ ജില്ലയിലും പ്രവിശ്യയിലും പ്രൊഫഷണലുകളുടെ സേവനം ഉപയോഗപ്പെടുത്തിയുള്ള സംവിധാനങ്ങളും ഒരുക്കാനാകും.
സൂക്ഷ്മ സംരംഭങ്ങളും മൈക്രോ ഫിനാന്‍സിംഗും
സൂക്ഷ്മ സംരംഭങ്ങളുടെ കാര്യം അങ്ങേയറ്റം വ്യത്യസ്തമാണ്. ഇത്തരം സംരംഭങ്ങളില്‍ നേരത്തെ ചര്‍ച്ച ചെയ്തതുപോലെ നേരിട്ട് ഫണ്ടിംഗ് സാധ്യമല്ല. എന്നാല്‍ സൂക്ഷ്മ സംരംഭങ്ങളില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണം. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് സൂക്ഷ്മ സംരംഭങ്ങളില്‍ നിക്ഷേപം നടത്തി വിപുലമായ അനുഭവ സമ്പത്തുണ്ട്്.
എന്നാല്‍ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ ധനകാര്യ സേവന രംഗത്ത് ഏറ്റവും കൂടുതല്‍ പ്രത്യാഘാതം ഏറ്റുവാങ്ങുന്ന ഒരു മേഖല മൈക്രോ ഫിനാന്‍സ് രംഗമാണ്. പലര്‍ക്കും പുതുതായി ഫണ്ട് ലഭിക്കുന്നില്ല. വായ്പാ വിതരണവും തടസ്സപ്പെട്ടിരിക്കുന്നു. നല്‍കിയ വായ്പകളുടെ തിരിച്ചടവ് തന്നെ പ്രശ്‌നത്തിലാണ്. സൂക്ഷ്മ സംരംഭങ്ങളുടെ വരുമാനത്തിലും കുത്തനെ ഇടിവുണ്ട്. പല സൂക്ഷ്മ സംരംഭങ്ങളുടെയും വായ്പകള്‍ എഴുതി തള്ളേണ്ട സാഹചര്യത്തിലാണ്.
അതുകൊണ്ട്് ബിസിനസ് കണ്ടിന്യുവിറ്റി ഫണ്ടുകള്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുകയും അത് സൂക്ഷ്മ സംരംഭകര്‍ക്ക്് വിതരണം ചെയ്യപ്പെടുകയും ചെയ്യണം. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ സൂക്ഷ്മ സംരംഭങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും മെന്റര്‍ ചെയ്യുകയും വേണം.
അതായത് ലോക്ക്ഡൗണിന് ശേഷം സ്റ്റാര്‍ട്ടപ്പുകള്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളില്‍ നിന്ന് പണം സമാഹരിക്കാന്‍ ശ്രമിക്കണം. ഒപ്പം അവര്‍ക്കൊപ്പം നിന്ന് വളര്‍ച്ചയുടെ പുതുപാതകളിലേക്ക് കടക്കണം.
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി സോഷ്യല്‍ ഫണ്ടിംഗിന്റെ സാധ്യത ഉപയോഗപ്പെടുത്തി ബിസിനസ് കണ്ടിന്യുവിറ്റി ഫണ്ട് രൂപീകരിക്കണം. മൈക്രോ ഫിനാന്‍സ് സംരംഭങ്ങള്‍ക്ക്് ബിസിനസ് കണ്ടിന്യുവിറ്റി ഫണ്ട് നല്‍കി കൊണ്ട്് സൂക്ഷ്മ സംരംഭങ്ങളിലേക്ക് ഫണ്ട് എത്തിക്കാനാകുമാകും.
നമ്മുടെ സമ്പദ് വ്യവസ്ഥയെ സാധാരണ നിലയിലേക്ക് എത്തിക്കാനും ബിസിനസുകളുടെ പുനരുജ്ജീവന രംഗത്ത് മറ്റൊരു കേരള മോഡല്‍ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും
(ലേഖകന്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രാക്ടീസിംഗ് കമ്പനി സെക്രട്ടറിയും ഇന്ത്യയിലും വിവിധ രാജ്യങ്ങളിലും ഓഫീസുകളുള്ള താസ് ആന്‍ഡ് ഹംജിത് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ ഡയറക്റ്ററുമാണ്. ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഇന്ത്യയുടെ കോഴിക്കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ കൂടിയാണ്)
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine