വിമന്‍ ഇന്‍ ബിസിനസ് കോണ്‍ക്ലേവ് ഇന്ന് കൊച്ചിയിൽ

രാജ്യാന്തര സംരംഭക കൂട്ടായ്മയായ ടൈയുടെ കേരള ചാപ്റ്ററും കേരളത്തിലെ പ്രമുഖ വനിതാ സംരംഭകത്വ കൂട്ടായ്മയായ വിമന്‍ എന്റര്‍പ്രണേഴ്‌സ് നെറ്റ്വര്‍ക്കും (വെന്‍) സംയുക്തമായി സംഘടിപ്പിക്കുന്ന വിമന്‍ ഇന്‍ ബിസിനസ് കോണ്‍ക്ലേവ് ഇന്ന് കൊച്ചിയിൽ . ഈ ഡിജിറ്റല്‍ ലോകത്ത് സംരംഭകര്‍ക്ക് വളരാനും വിജയകരമായ സംരംഭം നയിക്കാനും വേണ്ട പ്രായോഗിക കാര്യങ്ങള്‍ വിജയികളായ സംരംഭകരുടെ അനുഭവകഥകളില്‍ നിന്ന് കേട്ടറിയാനും അവരുമായി നേരിട്ട് സംസാരിക്കാനുമുള്ള വലിയ അവസരമാണ് വിമന്‍ ഇന്‍ ബിസിനസ് കോണ്‍ക്ലേവ് 2022 ഒരുക്കുന്നത്.

ഓരോ വീട്ടിലും ഒരു വനിതാ സംരംഭകയെ സൃഷ്ടിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്റെ തീം 'വിമന്‍ എന്റര്‍പ്രണര്‍ - അണ്‍ലീഷിംഗ് ദി പവര്‍' എന്നതാണ്.
പ്രചോദിപ്പിക്കുന്ന സെഷനുകള്‍
രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെ നീളുന്ന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുന്നത് പാര്‍ലമെന്റേറിയനും ഗ്രന്ഥകാരനുമായ ഡോ. ശശി തരൂരാണ്. സംരംഭത്തിന്റെ പ്രാരംഭഘട്ടത്തിലും വളര്‍ച്ചയുടെ അടുത്തതലത്തിലേക്ക് പ്രവേശിപ്പിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കുമെല്ലാം ഉപകാരപ്പെടുന്ന വിധമാണ് കോണ്‍ക്ലേവ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന പരിപാടിയില്‍ നിക്ഷേപകരെയും മെന്റര്‍മാരെയും വിഖ്യാത സംരംഭങ്ങളുടെ സാരഥികളെയും നേരില്‍ കാണാനും അവരുമായി ഇടപഴകാനുമുള്ള അവസരവും ലഭിക്കും. 400 ലേറെ പ്രതിനിധികള്‍ സംബന്ധിക്കുന്ന കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്യാന്‍ 20 ലേറെ പേര്‍ എത്തുന്നു.


പ്രതിഭകളുടെ സംഗമം
ക്രിസില്‍ മുന്‍ എംഡിയും സിഇഒയുമായ അഷു സുയാഷ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഡയറക്ടര്‍ സുപ്രിയ മേനോന്‍, തന്‍വി ഭട്ട് ഇന്റര്‍നാഷണല്‍ സ്ഥാപക തന്‍വി ഭട്ട്, താമര ലീഷന്‍ എക്‌സ്പീരിയന്‍സ് സിഇഒ ശ്രുതി ഷിബുലാല്‍, ടൈ വിമന്‍ ഗ്ലോബല്‍ കോ ചെയര്‍ ഷമീമ പര്‍വീണ്‍ എന്നിവരും കോണ്‍ക്ലേവില്‍ പങ്കെടുക്കും.
കേരളസ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് പി അംബിക, വൈല്‍ഡ് എര്‍ത്ത് സ്ഥാപക ഷാബിയ വാലിയ, ഡെയ്‌ലി ഹണ്ട് ഗ്രൂപ്പ് എച്ച്ആര്‍ മേധാവി മായാ ജോണ്‍, വി സ്റ്റാര്‍ ക്രിയേഷന്‍സ് സ്ഥാപകയും എംഡിയുമായ ഷീല കൊച്ചൗസേപ്പ്, മനോരമ ഓണ്‍ലൈന്‍ സിഇഒ മറിയം മാമ്മന്‍ മാത്യു, ഫൈസല്‍ & ഷബാന ഫൗണ്ടേഷന്‍ സാരഥ്യത്തിലുള്ള ഷബാന ഫൈസല്‍, മക്കളായ സോഫിയ ഫൈസല്‍, സാറാ ഫൈസല്‍, ശാന്തി മെഡിക്കല്‍ ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഉമ പ്രേമന്‍ എന്നിവരും വിവിധ സെഷനുകളില്‍ സംസാരിക്കും.
ഡോറ ബ്യൂട്ടി വേള്‍ഡ് എംഡിയും ട്രാന്‍സ് ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ചിമാര്‍, നടിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ അനുരാധ മേനോന്‍, ദി അണ്‍ബോട്ട്ല്‍ കോ. യുടെ സഹസ്ഥാപകയും സിഇഒയുമായ ഐശ്വര്യ മുരളി തുടങ്ങി വിവിധ മേഖലകളില്‍ തങ്ങളുടേതായ ഇടം നേടിയവരാണ് സംരംഭകരുമായി സംവദിക്കാനും അവരുടെ കഥകള്‍ പങ്കുവെക്കാനും എത്തിച്ചേരുന്നത്.


Related Articles
Next Story
Videos
Share it