പങ്കജകസ്തൂരി ഗ്രൂപ്പ് സ്ഥാപകന്‍ ഡോ.ജെ.ഹരീന്ദ്രന്‍ നായര്‍ പങ്കുവയ്ക്കുന്ന വിജയ മന്ത്രങ്ങള്‍

പങ്കജകസ്തൂരി ഗ്രൂപ്പ് സ്ഥാപകന്‍ ഡോ.ജെ.ഹരീന്ദ്രന്‍ നായര്‍ പങ്കുവയ്ക്കുന്ന വിജയ മന്ത്രങ്ങള്‍
Published on

കൃത്യനിഷ്ഠ

സമയത്തിന് വളരെയധികം പ്രാധാന്യം കൊടുത്തുകൊണ്ടാണ് എന്റെ പ്രവര്‍ത്തനം. ബിസിനസിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണമെന്നുണ്ടെങ്കില്‍ കൃത്യനിഷ്ഠ പാലിച്ചേ മതിയാകൂ. അതിനാല്‍ പറയുന്ന സമയത്തില്‍ വിട്ടുവീഴ്ച വരുത്താതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഹോസ്പിറ്റലില്‍ എന്റെ ഒ.പി സമയം എട്ടര മുതല്‍ നാലര വരെയാണ്. എന്നാല്‍ ഞാന്‍ ഏഴര മണിക്കേ എത്തി വാര്‍ഡില്‍ കിടക്കുന്ന രോഗികളെ നോക്കിയശേഷം എട്ട് മണിക്ക് തന്നെ കണ്‍സള്‍ട്ടേഷന്‍ റൂമിലെത്തിയിരിക്കും. മറിച്ച് ഓഫീസിലുള്ള ദിവസങ്ങളിലാണെങ്കില്‍ രാവിലെ കൃത്യം എട്ടരക്ക് തന്നെ അവിടെ എത്തിയിരിക്കും.

ഉറച്ച ഈശ്വരവിശ്വാസം

ഈശ്വരനില്‍ അമിതമായൊരു വിശ്വാസം എനിക്കുണ്ട്. പക്ഷെ അന്ധവിശ്വാസമില്ല. എന്നിലെ തിന്മകളെ മാറ്റണ മെന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കാറുള്ളത്. ഓരോ പ്രാവശ്യം അമ്പലത്തില്‍ പോകുമ്പോഴും ഞാന്‍ എന്റെ മനസിനെ കൂടുതല്‍ ശുദ്ധീകരിക്കാനാണ് ശ്രമിക്കുന്നത്. ഈശ്വരവിശ്വാസമെന്നത് മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തികഞ്ഞ സത്യസന്ധതയാണ്. ഞാനുണ്ടാക്കുന്ന ഒരു മരുന്ന് 100 ശതമാനം സത്യസന്ധതയോടെ ചെയ്താല്‍ അത് ക്ഷേത്രത്തില്‍ പോകുന്നതിന് തുല്യമാണ്. ണീൃസ ശ െണീൃവെശു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതെല്ലാം കൂടി ഒരുമിക്കുന്നതാണ് സക്‌സസ്. ചിലര്‍ അതിനെ ഭാഗ്യമെന്ന് വിളിക്കുമെങ്കിലും അങ്ങനെയൊന്നില്ല. ഇന്നലത്തെ കഠിന പ്രയത്‌നമാണ് ഇന്നത്തെ ഭാഗ്യമെന്ന് ഞാന്‍ കരുതുന്നു.

കാലത്തിനൊത്തുള്ള മാറ്റം

ഒരു സംരംഭകന്‍ കാലത്തിനൊത്ത് മാറിയേ മതിയാകൂ. ഉദാഹരണമായി ആയുര്‍വേദ രംഗത്ത് പരമ്പരാഗത ശൈലിയില്‍ തന്നെ മുന്നോട്ട് പോയാല്‍ ഒരിടത്തും എത്തുകയില്ല. അതിനാല്‍ ജനങ്ങള്‍ക്ക് സ്വീകാര്യമായ രീതിയില്‍ ആയുര്‍വേദ ചികിത്സാരംഗത്ത് പരിവര്‍ത്തനം കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചു. അതിലേക്കായി ആയുര്‍വേദത്തിന്റെ അടിസ്ഥാന തത്വസംഹിതകളില്‍ മാറ്റം വരുത്താതെ ആധുനിക രീതിയിലുള്ള ഔഷധങ്ങള്‍ തയാറാക്കി. ഉദാഹരണമായി കഷായങ്ങള്‍ക്ക് പകരം കഷായ ഗുളികകളാണ് ഞങ്ങള്‍ നല്‍കുന്നത്. ഇത്തരം ഇന്നവേഷനുകള്‍ക്ക് വേണ്ടി മികച്ച ആര്‍ & ഡി സംവിധാനം ഞങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.

പരിമിതികളെക്കുറിച്ചുള്ള തിരിച്ചറിവ്

എനിക്ക് എന്റെ കുറവുകളും പരിമിതികളും എന്തൊക്കെയാണെന്ന് അറിയാം. സ്വന്തം കുറവുകളെക്കുറിച്ചുള്ള തിരിച്ചറിവാണ് ഒരു സംരംഭകനുണ്ടാകേണ്ട സുപ്രധാന ഘടകം. 'അന്ധ പംഗു ന്യായം' എന്ന സിദ്ധാന്തമാണിത്. കാഴ്ചയില്ലാത്ത അന്ധന്റെ ചുമലില്‍ നടക്കാനാകാത്ത മുടന്തന്‍ കയറിയിരുന്ന് വഴികാട്ടിക്കൊണ്ട് അവര്‍ ഒരുമിച്ച് നീങ്ങുന്ന പരസ്പരപൂരകമായ ഒരു ബന്ധമാണിത്. നമുക്ക് ദൗര്‍ബല്യമുള്ള മേഖലകളില്‍ കഴിവുള്ള ആള്‍ക്കാരെ കണ്ടെത്തി അവരുടെ കഴിവ് ഉപയോഗപ്പെടുത്തിക്കൊണ്ട് ബിസിനസിനെ നയിക്കുക എന്നതാണ് ഇതിനര്‍ത്ഥം. അതിനാല്‍ എന്റെ കുറവുകളെ തിരുത്തി മുന്നോട്ട് പോകുന്നതിനായി പ്രൊഫഷണലുകളുടെ ഒരു ടീമിനെ ബില്‍ഡ് ചെയ്ത് മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, അഡ്മിനിസ്‌ട്രേഷന്‍, ആര്‍&ഡി എന്നിവയിലൊക്കെ അവരുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് ഞാന്‍ ചെയ്യുന്നത്.

ബിസിനസിനൊപ്പം കുടുംബവും

കുടുംബത്തെയും ബിസിനസിനെയും ഒരുപോലെ ഒന്നിച്ച് കൊണ്ടുപോകേണ്ടതുണ്ട്. കുടുംബത്തിലെ എല്ലാവരേയും കരുതലോടെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോയെങ്കില്‍ മാത്രമേ അതിന് സാധിക്കുകയുള്ളൂ. കുടുംബത്തില്‍ സന്തോഷമില്ലെങ്കില്‍ ഒരു ബിസിനസുകാരനും വിജയിക്കാനാവില്ല. എല്ലാ ഞായറാഴ്ചകളും എന്റെ കുടുംബത്തിന് വേണ്ടി ഞാന്‍ മാറ്റിവച്ചിട്ടുണ്ട്. അന്നേദിവസം എത്ര അത്യാവശ്യമുണ്ടായാലും മുഴുവന്‍ സമയവും കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com