വിജയികളായ സംരംഭകരുടെ 10 ശീലങ്ങൾ
ബിസിനസിൽ വിജയിക്കണമെന്ന് ആഗ്രഹമില്ലാത്ത സംരംഭകരുണ്ടാകില്ല. വിജയികളായ സംരംഭകരെക്കുറിച്ച് അറിയുന്നതും പഠിക്കുന്നതും നമ്മിലെ സംരംഭകനെ ഉണർത്താനും കുറെ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും സഹായിക്കും. ശതകോടീശ്വരൻമാരായ സംരംഭകർക്ക് ചില പൊതു സ്വഭാവങ്ങളുണ്ട്. അവയിൽ ചിലത് ഇതാ.
വായന
വിജയികളായ സംരംഭകർ മറ്റാരേക്കാളും വായന ശീലമുള്ളവരായിരിക്കും. തിരക്കുള്ള ജീവിതത്തിനിടയിൽ വായിക്കാനുള്ള സമയം മാറ്റിവെക്കാൻ ഇവർ മറക്കാറില്ല. രാത്രി ഉറങ്ങുന്നതിന് മുൻപ് 20 മിനിറ്റ് വായന ശീലമാക്കി നോക്കൂ. നിങ്ങളുടെ ലോകം തന്നെ മാറിമറിഞ്ഞേക്കാം!
ഉറക്കം
വിജയികളുടെ മറ്റൊരു ശീലമാണ് ഉറക്കം. നിങ്ങളുടെ ആരോഗ്യം മുതൽ തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെ വരെ ഉറക്കം സ്വാധീനിക്കും. ഒരു സംരംഭകനെന്ന നിലയിൽ നിങ്ങളുടെ മികച്ച പെർഫോമൻസ് പുറത്തുകൊണ്ടുവരണമെന്നുണ്ടെങ്കിൽ നന്നായി ഉറങ്ങൂ.
മണി മാനേജ്മെന്റ്
ഇവർ പണം ഉപയോഗിക്കുന്നത് വളരെ ശ്രദ്ധയോടെയാണ്. കാഷ് ഫ്ലോ ബാലൻസ് ചെയ്യുന്നതിലും കടക്കെണിയിൽ പെടാതിരിക്കുന്നതിലും ഇവർ പ്രത്യേക ശ്രദ്ധ നൽകും. ഇക്കൂട്ടർ പിശുക്കരായിരിക്കണമെന്നില്ല. എന്നാൽ ചെലവാക്കുന്ന ഓരോ രൂപയും നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തിലേക്കാണ് കൊണ്ടുപോകുന്നതെന്നുള്ള കാര്യം ഇവർ ഉറപ്പാക്കിയിരിക്കും.
വ്യായാമം
കൃത്യമായി വ്യായാമം ചെയ്യുന്നവരായിരിക്കും വിജയികളായ പല സംരംഭകരും. ഒരു സെലിബ്രിറ്റിയുടേത് പോലുള്ള ശരീരം സൂക്ഷിക്കണമെന്നല്ല ഇതിനർത്ഥം. ഒട്ടുമിക്ക സംരംഭകരുടെയും സിഇഒമാരുടെയും ചിത്രങ്ങൾ പരിശോധിച്ചാൽ അവർ ഈ നിലയിലെത്തുന്നതിനു മുൻപുള്ള അവരുടെ ശരീര ഭാഷയും ഇപ്പോഴത്തേതും തമ്മിൽ വലിയ വ്യത്യാസം കാണാം. ആരോഗ്യമുള്ള ശരീരത്തിലെ ആരൊഗ്യമുള്ള മനസും ഉണ്ടാകൂ എന്ന ചൊല്ല് ഇവിടെ നമ്മൾ ഓർക്കുന്നത് നല്ലതായിരിക്കും.
ഉല്ലാസത്തിനും വിശ്രമത്തിനും സമയം കണ്ടെത്തുക
തുടർച്ചയായ മീറ്റിംഗുകളും ജോലികളും യാത്രയും കൊണ്ട് അവശരാകുന്ന ഒരു ഘട്ടം എല്ലാ സംരംഭകരുടെയും ജീവിതത്തിലുണ്ടാകും. അതുകൊണ്ടുതന്നെ വിജയികളായ സംരംഭകരെല്ലാം എന്തുവില കൊണ്ടതും ഉല്ലാസത്തിനും വിശ്രമത്തിനും സമയം കണ്ടെത്താറുണ്ട്. സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇടയ്ക്ക് ആരോഗ്യകരമായ ഒരു ബ്രേക്ക് എടുക്കുന്നത് നല്ലതാണ്.
വലിയ, വ്യക്തതയുള്ള ലക്ഷ്യങ്ങൾ
വലിയ ലക്ഷ്യങ്ങൾ ഇവർ നേരത്തേ തന്നെ മനസ്സിൽ കുറിച്ചിടും. അതിന്റെ സാക്ഷാത്ക്കാരത്തിന് വേണ്ടി ശ്രമിക്കും. ലക്ഷ്യങ്ങൾ വളരെ വ്യക്തതയുള്ളവയായിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
ഹൈ വാല്യൂ ടാസ്കുകളിൽ മാത്രം ഫോക്കസ്
ഹൈ വാല്യൂ ടാസ്കുകളിൾക്കു മാത്രം സമയം ചെലവഴിക്കുക ഇവരുടെ സ്വഭാവമാണ്. സാധാരണ ജോലികൾ തന്റെ ടീമിന് വിഭജിച്ച് കൊടുത്ത്, ഏറ്റവും ഗുണം ചെയ്യുമെന്നുറപ്പുള്ള കാര്യങ്ങളിൽ തങ്ങളുടെ സമയം ഇൻവെസ്റ്റ് ചെയ്യുന്നവരാണിവർ.
ശക്തമായ നെറ്റ് വർക്ക്
ശക്തമായതും റിസോർസ്‌ഫുൾ ആയതുമായ നെറ്റ് വർക്ക് സൃഷ്ടിച്ചുകൊണ്ടേയിരിക്കുക ഇവരുടെ ഒരു സ്വഭാവമാണ്. മുൻനിര ബി-സ്കൂളുകളിൽ പഠിച്ചിട്ടില്ലെങ്കിലും മുൻനിര കമ്പനികളിൽ ജോലി ചെയ്തിട്ടില്ലെങ്കിലും ഇവർക്കുള്ള നെറ്റ് വർക്ക് ഉപയോഗിച്ച് ഫണ്ടിംഗ് തുടങ്ങിയ കാര്യങ്ങൾ എളുപ്പത്തിൽ സാധ്യമാക്കിയെടുക്കും.
ദിനചര്യ
പുതിയ തലമുറയിൽപ്പെട്ട പലർക്കും താല്പര്യമില്ലാത്ത ഒരു കാര്യമാണിത്. ഉറക്കവും വായനയും ഭക്ഷണവുമെല്ലാം കൃത്യസമയത്ത് തന്നെ ചെയ്ത് ശീലിച്ചാൽ മറ്റ് കാര്യങ്ങൾക്ക് സമയം കണ്ടെത്താനാകും. വിജയികളായ പലരും ഇത്തരത്തിൽ ഒരു ദിനചര്യ ഉണ്ടാക്കിയെടുത്തവരാണ്.
പരാജയത്തെ ഭയമില്ല
പരാജയപ്പെടുമെന്ന ഭയമില്ലാത്തവരാണ് ഇവർ. നിങ്ങൾ പരാജയപ്പെടുന്നില്ലായെങ്കിൽ നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നില്ല എന്നാണർത്ഥം. നിക്ഷേപകരിൽ നിന്ന് 'നോ' എന്ന വാക്ക് കേൾക്കുന്നില്ലായെങ്കിൽ നിങ്ങൾ ആവശ്യത്തിന് ചോദിക്കുന്നില്ലായെന്നാണ് അർത്ഥം. ഉപഭോക്താക്കളോട് മാപ്പുചോദിക്കുന്നില്ലായെങ്കിൽ നിങ്ങൾ പുതിയ കാര്യങ്ങൾ പരീക്ഷക്കുന്നില്ലായെന്നാണ് അർത്ഥം.
കടപ്പാട്: ഫോബ്‌സ് ലേഖനം (അലക്‌സാൻഡ്രോ ക്രെമഡിസ്)