പണം: ഈ അബദ്ധങ്ങള്‍ ഒഴിവാക്കൂ

1. കൂടിയ പലിശയില്‍ പണം കടമെടുത്ത് സംരംഭം തുടങ്ങരുത്

കുമിഞ്ഞുകൂടുന്ന പലിശനിരക്കുള്ള പണം കടമെടുത്ത് ഒരിക്കലും ബിസിനസ് തുടങ്ങരുത്. ബിസിനസില്‍ നിന്ന് വരുമാനം ഉണ്ടാകുമെന്നും പണവും പലിശയും തിരിച്ചു നല്‍കാനാകുമെന്നും ചിന്തിച്ച് പണം കടം വാങ്ങിയാല്‍ കാര്യങ്ങള്‍ പദ്ധതിയനുസരിച്ച് നടക്കണമെന്നില്ല.

2. ചെലവഴിച്ചശേഷം ബാക്കിയുള്ളവ നിക്ഷേപിക്കാം എന്നു കരുതുന്നു

പണം ലഭിക്കുമ്പോള്‍ അത് മികച്ച രീതിയില്‍ ഭാവിയിലേക്ക് നിക്ഷേപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചെലവഴിച്ചതിനുശേഷം ബാക്കിയുള്ള തുക സേവ് ചെയ്യാം എന്നു ചിന്തിക്കരുത്.

കാരണം പണം ചെലവഴിക്കാനുണ്ടെങ്കില്‍ നിരവധി കാര്യങ്ങളും ഉണ്ടാകും. പദ്ധതിപോലെ കാര്യങ്ങള്‍ നടന്നുകൊള്ളണമെന്നില്ല. എന്നാല്‍ ചെലവഴിക്കാന്‍ പണം കൈയിലില്ലെങ്കില്‍ നിങ്ങള്‍ പണമില്ലാതെ തന്നെ അത് ചെയ്യുന്നതിനുള്ള മാര്‍ഗം കണ്ടെത്തും. അതുകൊണ്ടു തന്നെ ആദ്യം നിക്ഷേപിക്കുന്നതിനുള്ള പണം മാറ്റിവെക്കുക. അതിനുശേഷം ബാക്കിയുള്ള പണം മാത്രം ചെലവിടുക.

3. ആശയങ്ങള്‍ ചോദിക്കുന്നതിന് പകരം പണം ചോദിക്കുന്നു

വളരെ സമ്പന്നനായ ഒരു വ്യക്തിയെ നിങ്ങള്‍ കണ്ടാല്‍ അയാളോട് ഒരിക്കലും പണം ആവശ്യപ്പെടരുത്. പകരം പണം എങ്ങനെ ഉണ്ടാക്കും എന്നതിനെക്കുറിച്ചുള്ള ആശയങ്ങളെക്കുറിച്ച് ചോദിക്കുക. നിങ്ങളുടെ ബിസിനസ് ആശയങ്ങള്‍ മികച്ചതാണെങ്കില്‍ അവര്‍ തന്നെ ചിലപ്പോള്‍ നിങ്ങളുടെ ആശയത്തില്‍ പണം മുടക്കിയെന്നിരിക്കും. പക്ഷെ അവരില്‍ നിന്ന് പണം നേടുകയെന്നതാകരുത് നിങ്ങളുടെ ലക്ഷ്യം.

4. ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് പണം കടം കൊടുക്കുന്നു

ഒരാളുമായുള്ള ബന്ധം ഒരിക്കലും നഷ്ടപ്പെടരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് ഒരിക്കലും പണം കടം കൊടുക്കരുത്. ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നവര്‍ക്ക് പണം കൊടുത്താല്‍ അവര്‍ക്ക് ആ പണം തിരിച്ചുനല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബന്ധം വഷളായേക്കാം. പണം കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ല എന്ന നിലപാട് ആണെങ്കില്‍ മാത്രമേ കടം കൊടുക്കാവൂ. അതുകൊണ്ടു തന്നെ മറ്റെന്തെങ്കിലും രീതിയില്‍ പണം സമാഹരിക്കാന്‍ അവരെ സഹായിക്കുകയോ ബാങ്കിനെ സമീപിക്കാന്‍ പറയുകയോ ചെയ്യാം.

5. മറ്റുള്ളവര്‍ക്ക് വായ്പ നേടാന്‍ ഗാരന്റി നില്‍ക്കുന്നു

മറ്റുള്ളവര്‍ക്ക് പണം കടം വാങ്ങാന്‍ ഒരിക്കലും ഗാരന്റി നില്‍ക്കരുത്. ഇങ്ങനെ ചെയ്താലുള്ള അപകടം നിങ്ങള്‍ക്ക് വ്യക്തമായി അറിയാമല്ലോ.

6. വിത്ത് വിതയ്ക്കുന്നതിന് പകരം അത് സൂക്ഷിച്ചുവെക്കുന്നത്

മിക്കവരും പണം സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പണം സൂക്ഷിച്ചുവെച്ചതുകൊണ്ട് മാത്രം കാര്യമില്ല. സൂക്ഷിച്ചുവെക്കുമ്പോള്‍ പണം വിത്തായി ഇരിക്കുകയാണ്. വിത്ത് വെറുതെ സൂക്ഷിച്ചുവെച്ചാല്‍ ചില വിത്തുകള്‍ നശിച്ചുപോകും. അതായത് പണം വെറുതെ സൂക്ഷിച്ചാല്‍ പണപ്പെരുപ്പം പോലുള്ള ഘടകങ്ങള്‍ അതിനെ കാര്‍ന്നുതിന്നും. പണം വളര്‍ത്തുന്നതും സുരക്ഷിതമായതുമായ വിവിധതരം നിക്ഷേപമാര്‍ഗങ്ങളെക്കുറിച്ച് മനസിലാക്കി ബുദ്ധിപരമായി നിക്ഷേപിക്കുക.

7. അരുതാത്ത സ്ഥലങ്ങളില്‍ പണം സൂക്ഷിക്കുന്നത്

സോക്‌സ്, തലയിണയുടെ അടിയില്‍, അടുക്കളപ്പാത്രങ്ങളില്‍ തുടങ്ങിയ ഇടങ്ങളിലൊന്നും പണം സൂക്ഷിക്കരുത്. ഇതൊക്കെ നഷ്ടപ്പെടാന്‍ വളരെ എളുപ്പമാണ്.

8. കുറഞ്ഞ വിലയ്ക്ക് കിട്ടുമായിരുന്ന സാധനം കൂടിയ വിലയ്ക്ക് വാങ്ങിക്കുന്നത്

നിങ്ങള്‍ വാങ്ങുന്ന അതേ ഉല്‍പ്പന്നം കുറഞ്ഞ വിലയ്ക്ക് മറ്റെവിടെയെങ്കിലും കിട്ടുമെങ്കില്‍ അതിന് ശ്രമിക്കുക.

9. കിട്ടാത്ത പണം ഒരിക്കലും ചെലവഴിക്കരുത്

മറ്റൊരാളില്‍ നിന്നും നിങ്ങള്‍ക്കു ലഭിച്ച വാഗ്ദാനം അനുസരിച്ച് ആര്‍ക്കും പണത്തിന്റെ അടിസ്ഥാനത്തിലുള്ള വാഗ്ദാനം നല്‍കരുത്. ഉദാഹരണത്തിന് ''നാളെ രാവിലെ ഒമ്പത് മണിക്ക് ഓഫീസില്‍ വന്ന് 30,000 രൂപ കൊണ്ടുപോയ്‌ക്കോളൂ'' എന്ന് നിങ്ങളോട് സുഹൃത്ത് പറയുന്നു. എന്നാല്‍ ഈ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പണം പിറ്റേദിവസം നല്‍കാമെന്ന് മറ്റൊരാളോട് വാഗ്ദാനം ചെയ്യുകയോ പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കടമെടുത്ത് ചെലവാക്കുകയോ ചെയ്യരുത്. കാരണം പ്രതീക്ഷിച്ചതുപോലെ പണം സമയത്ത് ലഭിച്ചില്ലെങ്കില്‍ അത് നിങ്ങളെ പ്രശ്‌നത്തിലാക്കും.

10. ആവശ്യമില്ലാത്ത പണം എപ്പോഴും കൂടെ കരുതുന്നു

ഇപ്പോഴുള്ള അല്ലെങ്കില്‍ സമീപഭാവിയിലുള്ള ആവശ്യങ്ങള്‍ക്കല്ലാത്ത പണം എളുപ്പത്തില്‍ കിട്ടുന്നിടത്ത് വെക്കരുത്. ഉദാഹരണത്തിന് ദിവസം 1000 രൂപയുടെ ചെലവേ ഉള്ളുവെങ്കില്‍ പോക്കറ്റില്‍ 10,000 രൂപ വെക്കേണ്ടതില്ല. പണം എടുക്കാന്‍ എളുപ്പമുള്ളിടത്തുവെച്ചാല്‍ അതിന് എപ്പോഴും ആവശ്യങ്ങളുണ്ടാകും. അതുകൊണ്ടുതന്നെ സുരക്ഷിതമായ എവിടേക്കെങ്കിലും മാറ്റുകയോ നിക്ഷേ പിക്കുകയോ ചെയ്യുക.

11. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നു

ഏതെങ്കിലും ഉല്‍പ്പന്നം അതില്ലെങ്കിലും കുഴപ്പമില്ല എന്നാണെങ്കില്‍ അത് വാങ്ങേണ്ടതില്ല. എന്തെങ്കിലും കാര്യം വാങ്ങുന്നതിനുമുമ്പ് അതില്ലെങ്കില്‍ എന്തുണ്ടാകും എന്ന് സ്വയം ചോദിക്കുക. എന്നാല്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടിയ ഒരാളാണ് നിങ്ങളെങ്കില്‍ ഇത് പാലിക്കേണ്ട.

12. വരവിനേക്കാള്‍ ചെലവ് ചെയ്യല്‍

സമ്പാദിക്കുന്നതു മുഴുവന്‍ അല്ലെങ്കില്‍ സമ്പാദിക്കുന്നതിനെക്കാള്‍ ചെലവു ചെയ്യുകയാണെങ്കില്‍ ബാക്കിയെന്തെങ്കിലും ശേഷിക്കുമോ? മാത്രമല്ല വലിയ ബാധ്യതകളില്‍ അകപ്പെട്ടേക്കാം. ഒരു വാട്ടര്‍ ടാങ്കിന്റെ ഉള്ളിലേക്ക് വെള്ളം വരുന്ന ഭാഗത്തേക്കാള്‍ വലുതാണ് പുറത്തേക്ക് പോകുന്ന പൈപ്പെങ്കില്‍ ടാങ്ക് എപ്പോഴും ഉണങ്ങിയിരിക്കും. പകരം നേരെ തിരിച്ചാണെങ്കില്‍ അതില്‍ വെള്ളമുണ്ടാകും എന്നുമാത്രമല്ല ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒഴുകുകയും ചെയ്യും. അതുകൊണ്ട് ഇന്‍ലെറ്റ് വലുതാക്കുക. ഔട്ട്‌ലെറ്റ് ചെറുതാക്കുക.

13. ഹ്രസ്വ/ദീര്‍ഘകാലത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നത്

ദീര്‍ഘകാലത്തേക്ക് വലിയ പദ്ധതികള്‍ ഉണ്ടെങ്കിലും ഹൃസ്വകാലത്തേക്കുറിച്ച് ചിന്തയില്ലാതിരിക്കുക. അല്ലെങ്കില്‍ ഹ്രസ്വകാലത്തെക്കുറിച്ച് മാത്രം ചിന്തിച്ച് ദീര്‍ഘകാല പദ്ധതി ഇല്ലാതിരിക്കുക. ഇവ രണ്ടും തെറ്റാണ്. റിയല്‍ എസ്റ്റേറ്റ് ആണ് മികച്ച നിക്ഷേപമാര്‍ഗം എന്നു മനസിലാക്കിക്കൊണ്ട് ഒരാള്‍ തന്റെ സമ്പാദ്യം മുഴുവനെടുത്ത് 30 ഏക്കര്‍ സ്ഥലം വാങ്ങി.

പക്ഷെ സ്ഥലത്തുനിന്ന് വരുമാനം ഒന്നുമില്ല. ദിവസേനയുള്ള ചെലവുകള്‍ക്കോ കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകാനോ വരെ പണമില്ലാത്ത അവസ്ഥ. അതുപോലെ തന്നെ ഭാവിയെക്കുറിച്ച് ചിന്തയില്ലാതെ ഹ്രസ്വകാലത്തെക്കുറിച്ചുമാത്രം ചിന്തിക്കുന്നത് അപകടമാണ്.

Related Articles
Next Story
Videos
Share it