ബിഗ് ബാസ്‌ക്കറ്റ് കേരളത്തിലേക്ക്
ഓണ്‍ലൈന്‍ ഗ്രോസറി വ്യാപാര രംഗത്തെ വമ്പനായ ബിഗ് ബാസ്‌ക്കറ്റ് കേരളത്തിലേക്കെത്തുന്നു. അടുത്തമാസം ബിഗ് ബാസ്‌ക്കറ്റ് കോച്ചിയിൽ പ്രവർത്തനമാരംഭിക്കുമെന്ന് സ്ഥാപകനും സിഇഒയുമായ ഹരി മേനോൻ പറഞ്ഞു. ധനം റീറ്റെയ്ൽ ആൻഡ് ബ്രാൻഡ് സമ്മിറ്റ് & അവാർഡ് നൈറ്റ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഇ-കോമേഴ്‌സ് ബിസിനസിന് വളരാൻ ധാരാളം അവസരങ്ങൾ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഓൺലൈൻ ഉപഭോക്താക്കളുടെ എണ്ണം ഇപ്പോഴത്തെ 50 ദശലക്ഷത്തിൽ നിന്നും 120 ദശലക്ഷമായി ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.
ഇ-കോമേഴ്‌സ് വിപണിയുടെ വളർച്ചാ നിരക്ക് ഇപ്പോഴത്തെ 25 ശതമാനത്തിൽ തുടർന്നാൽ 2020 ആകുമ്പോഴേക്കും ഇന്ത്യൻ ഇ-കോമേഴ്‌സ് മാർക്കറ്റ് 100 ബില്യൺ ഡോളർ ആകുമെന്ന് അദ്ദേഹം വിലയിരുത്തി.
ബിസിനസ് തീരുമാനങ്ങളെല്ലാം ഡേറ്റ അധിഷ്ഠിതമായിക്കൊണ്ടിരിക്കുകയാണെന്നും അതിനുള്ള തയ്യാറെടുപ്പുകൾ റീറ്റെയ്ലർമാർ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.