വരൂ, മാറ്റങ്ങളെ സ്വീകരിക്കാം, നേതൃമികവ് നേടാം, പുതു ആശയങ്ങൾ പങ്കുവെക്കാം

കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ഫെബ്രുവരി 16, 17 തിയതികളില്‍ കോഴിക്കോട് താജ് ഗേറ്റ് വേയില്‍ നടക്കും. Leadership, Innovation and Transformation എന്ന തീമിനെ ആസ്പദമാക്കി നടക്കുന്ന കണ്‍വെന്‍ഷനില്‍ സാങ്കേതിക വിപ്ലവകാലഘട്ടത്തില്‍ വേണ്ട നേതൃമികവിനെ കുറിച്ച് വിവിധ രംഗങ്ങളിലെ പ്രമുഖര്‍ സംസാരിക്കും.

ആധുനിക കാലഘട്ടത്തില്‍ വിവിധ രംഗങ്ങളിലെ പുതിയ പ്രവണതകള്‍, വ്യത്യസ്ത മേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, വിഭിന്ന രംഗങ്ങളില്‍ നേതൃപരമായ റോളുകള്‍ വഹിക്കുന്നവരുടെ പ്രതീക്ഷകള്‍ എന്നിവയെ കുറിച്ച് അറിയാനുള്ള അവസരം കൂടിയാണ് കണ്‍വെന്‍ഷന്‍ ഒരുക്കുന്നത്.

ബാങ്കിംഗ്, റീറ്റെയ്ല്‍, ടെക്‌നോളജി എന്നുവേണ്ട എല്ലാ രംഗങ്ങളും നിരന്തര മാറ്റത്തിന് വിധേയമാകുമ്പോള്‍ ഓരോ രംഗത്തും പ്രസക്തിയോടെ നിലകൊള്ളാന്‍ ഇന്നൊവേഷന്‍ വേണം. വ്യത്യസ്തത വേണം. ഇതെല്ലാം പരിഗണിച്ചാണ് മാനേജ്‌മെന്റ് കണ്‍വെന്‍ഷന്റെ തീം തീരുമാനിച്ചതെന്ന് കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ എ അജയന്‍ വ്യക്തമാക്കി.

”മാറ്റങ്ങള്‍ അനുനിമിഷം നടക്കുമ്പോള്‍ ഓരോ രംഗത്തുമുള്ള കാര്യങ്ങളെ കുറിച്ച് കൃത്യമായ അവബോധം നേതൃനിരയിലുള്ളവര്‍ക്ക് വേണം. എങ്കില്‍ മാത്രമേ ശരിയായ തീരുമാനങ്ങളെടുത്ത് ടീമിനെ മുന്നോട്ട് നയിക്കാന്‍ സാധിക്കൂ. ലീഡര്‍ തളര്‍ന്നാല്‍ ടീമിന് ദിശാബോധം നഷ്ടപ്പെടും. കരുത്തുള്ള ലീഡറെ സൃഷ്ടിക്കാന്‍ കൂടി പര്യാപ്തമാകുന്ന വിധത്തിലുള്ള സെഷനുകളാണ് കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്,” അജയന്‍ ചൂണ്ടിക്കാട്ടുന്നു.

16ന് വൈകീട്ട് ആറിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണനായിരിക്കും മുഖ്യാതിഥി. എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ (നോക്കിയ) കണ്‍ട്രി ഹെഡും വൈസ് പ്രസിഡന്റുമായ അജയ് മേത്ത, ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് എംഡി ഇ എസ് രംഗനാഥന്‍ എന്നിവര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ആംഫി (AMFI) ചീഫ് എക്സിക്യൂട്ടീവ് എൻ.എസ് വെങ്കടേഷ് ആണ് മുഖ്യ പ്രഭാഷകൻ. സിഎംഎ സ്ഥാപക പ്രസിഡന്റ് ഡോ. വി കെ എസ് മേനോന്‍, സഞ്ജയ് ഗ്രോവര്‍, പ്രൊഫ. എസ് ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ഇൻഫോസിസ് സീനിയർ ലീഡ് (പ്രിൻസിപ്പൽ ലേണിംഗ് & ഡെവലപ്പ്മെന്റ്) ദിവ്യ അമർനാഥ്, റൂട്സ് കാസ്റ്റ് മാനേജിങ് ഡയറക്ടർ ഡോ. ബാലസുബ്രഹ്മണ്യം ഒ.എ, നിസാൻ ഡിജിറ്റൽ ഇന്ത്യ മാനേജിങ് ഡയറക്ടർ സുജ ചാണ്ടി, യുഎൽസിസിഎസ് ഗ്രൂപ്പ് സിഇഒ രവീന്ദ്രൻ കസ്തുരി, ഐഐഎം-എ പ്രൊഫസർ മാർക്കറ്റിംഗ് എബ്രഹാം കോശി, ഹാസ്ബ്രോ ക്ലോത്തിങ് ഡയറക്ടർ സുഹൈൽ സത്താർ, ക്വിക്ക് സ്പേസ് ബ്ലോക്‌ചെയിൻ ബിസിനസ് യൂണിറ്റ് ഹെഡ് ശ്രീനിവാസ് മഹങ്കാളി, FCA TCA അലീനിയൽ ഗ്ലോബൽ ശിഹാബ് തങ്ങൾ, കബനി ചെയർമാൻ & മാനേജിങ് ഡയറക്ടർ സുമേഷ് മംഗലശ്ശേരി, NITC ഡിപ്പാർട്ട്മെന്റ് ഓഫ് ആർക്കിറ്റെക്ച്ചർ & പ്ലാനിംഗ് മുൻ മേധാവിയും പ്രൊഫസറുമായ ഡോ. പി.പി. അനിൽകുമാർ എന്നിവർ പങ്കെടുക്കും.

ചടങ്ങില്‍ വെച്ച് സിഎംഎ അവാര്‍ഡുകളും സമ്മാനിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥാണ് മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡ് ജേതാവ്. സിഎംഎ – സി കെ പ്രഹ്ലാദ് അവാര്‍ഡ് ഫോര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ എക്‌സലന്‍സ് വികെസി ഗ്രൂപ്പിന് സമ്മാനിക്കും. പ്രീതി മന്നിലേടം ( യംഗ് മാനേജര്‍ അവാര്‍ഡ്), അബ്ദുള്‍ ഗഫൂര്‍ കെ വി (യംഗ് എന്റര്‍പ്രണര്‍ അവാര്‍ഡ്) പ്രജീന ജാനകി ( വുമണ്‍ എന്റര്‍പ്രണര്‍ അവാര്‍ഡ്) എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

നവയുഗത്തിലെ മാറ്റങ്ങളെ കുറിച്ചറിയാനും മാറാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കണ്‍വെന്‍ഷനില്‍ സംബന്ധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കോളെജ് ഫാക്കല്‍റ്റികള്‍ക്കുമെല്ലാം രജിസ്‌ട്രേഷന് കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്ന് സിഎംഎ ഭാരവാഹികള്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയും കോളെജ് ഫാക്കല്‍റ്റി, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ തുടങ്ങിയവര്‍ക്ക് 750 രൂപയുമാണ് രജിസ്‌ട്രേഷന്‍ നിരക്ക്. പൊതുവിഭാഗത്തിന് 1250 രൂപയും വേണ്ടിവരും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2366726, ഇ മെയ്ല്‍: cma.calicut@gmail.com, www.cmacalicut.org

Related Articles
Next Story
Videos
Share it