അദാനിക്കെതിരെ വ്യവഹാരം: സര്‍ക്കാരിനെ പരിഹസിച്ച് ടോണി തോമസ്

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയതിന്റെ പശ്ചാത്തലത്തില്‍ നിശിത വിമര്‍ശനം
അദാനിക്കെതിരെ വ്യവഹാരം: സര്‍ക്കാരിനെ പരിഹസിച്ച് ടോണി തോമസ്
Published on

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നലെ തള്ളിയെങ്കിലും സര്‍ക്കാര്‍ വിധി പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ നിശിതമായ വിമര്‍ശനവുമായി ടോണി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സീനിയര്‍ അഡൈ്വസറും നിസാന്റെ മുന്‍ സി ഐ ഒയുമായ ടോണി തോമസ്; അനാവശ്യ വ്യവഹാരങ്ങള്‍ക്ക് പുറകേ പോയി എല്ലാം കളഞ്ഞ് കുളിച്ച പഴയ തറവാട് കാരണവന്മാരുടെ രീതിയുമാണ് കേരള സര്‍ക്കാര്‍ നീക്കത്തെ ഉപമിക്കുന്നത്.

ടോണി തോമസിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പരമ്പരാഗതമായി നല്ല രീതിയില്‍ ജീവിച്ചിരുന്ന പല തറവാടുകളും നശിച്ചു പോയത് അനാവശ്യ കോടതി വ്യവഹാരങ്ങള്‍ക്ക് പുറകേ പോയതാണ്.  ഈ പല കേസുകളും കുടുംബത്തിലെ കാരണവരുടെ അഹന്തയോ, അവിഹിത ബന്ധങ്ങള്‍ സംരക്ഷിക്കുകയോ, തന്നെക്കാള്‍ മറ്റുള്ളവരെ നന്നാവാന്‍ വിടില്ല എന്ന നിര്‍ബന്ധമോ ആവാം. ഒരു കോടതിയില്‍ തോറ്റാല്‍, അവര്‍ക്ക് പിടിവാശി കൂടി, മേല്‍ക്കോടതികളില്‍ ഒന്നൊന്നായി പൊയ്‌ക്കൊണ്ടിരിക്കും. പലപ്പോഴും കടം വാങ്ങിയാണ് ഇവര്‍ കേസുകള്‍ നടത്തുക. അവസാനം കൈവശം കിട്ടിയതെല്ലാം എല്ലാം കളഞ്ഞു കുളിച്ചു, വീട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും വേണ്ടാതെ ഇവര്‍ കുത്തുപാളയെടുക്കും.  

കേരളത്തിന്റെ ഗതിയും മിക്കവാറും ഇങ്ങനെയൊക്കെ തന്നെയാവാനാണ് സാധ്യത.  ഈ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എത്ര കേസുകള്‍? അതില്‍ എത്ര എണ്ണം ജനങ്ങളുടെ ഗുണത്തിന്? എത്ര എണ്ണം ന്യായത്തിന്റെ ഭാഗത്താണ്? എത്രയെണ്ണം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മാത്രം? തോല്‍ക്കും എന്നറിയാമായിട്ടും എത്ര മാത്രം അനാവശ്യ വ്യവഹാരങ്ങള്‍? ഒരേ കേസില്‍ തന്നെ വെവ്വേറെ സര്‍ക്കാര്‍ വകുപ്പുകളും, മേധാവികളും വെവ്വേറെ വക്കീലന്മാരെ എത്ര വയ്ക്കുന്നുണ്ട്? വക്കീല്‍, കോടതി ചെലവുകള്‍ക്കായി മാത്രം (കടം വാങ്ങിച്ച) എത്ര കോടി ചെലവാക്കി?

കേരളാ സര്‍ക്കാരിന്റെ തിരുവനന്തപുരം വിമാനത്താവളത്തിനു മേലുള്ള അവകാശവാദം യാതൊരു രീതിയിലും നിലനില്‍ക്കില്ല എന്ന് വിലയിരുത്തി, പൂര്‍ണ്ണമായി തള്ളിയ ഹൈക്കോടതി വിധി വായിച്ചപ്പോള്‍ മനസ്സില്‍ വന്നതാണ് ഇതൊക്കെ.  അതിലെ ചില വാചകങ്ങള്‍.

'കേരള സര്‍ക്കാരിന്റെ വാദം ദുര്‍ബലവും, അര്‍ഹതയില്ലാത്തതും'

'കിട്ടാത്ത മുന്തിരി പുളിക്കും എന്ന രീതിയിലുള്ള അവകാശവാദം'

'സര്‍ക്കാരിനെ പിന്തുണച്ചു വന്ന ചില തല്‍പരകക്ഷികള്‍ താന്തോന്നിത്തരമായും, അനാവശ്യമായി കോടതിയെ മിനക്കെടുത്തുന്നതുമായത് കൊണ്ട്, അവരില്‍ നിന്ന് ഭീമമായ തുക പിഴയായി വാങ്ങേണ്ടതാണ്'

'സര്‍ക്കാരിന്റെ ഒരു പ്രതിനിധി വസ്തു നിഷ്ഠമല്ലാത്ത വീമ്പു പറച്ചില്‍ നടത്തുകയാണ്'

'പകുതി തമാശ രൂപേണ, KSRTC മര്യാദക്ക് നടത്താന്‍ പറ്റാത്തവരാണോ, വിമാനത്താവളം നടത്താന്‍ നടക്കുന്നത്'

'ദുര്‍വ്യയം നടത്തുന്നു'

'പൊതു ഖജനാവിന് നഷ്ടം വരുത്താന്‍ കോടതി കൂട്ടു നില്‍ക്കരുത്'

'കേരളം ചെയ്യെണ്ടിയതും ഉറപ്പു നല്‍കിയതുമായ പല  കാര്യങ്ങള്‍ ചെയ്തിട്ടില്ല'

'പൊതുജന താല്പര്യം കേന്ദ്ര സര്‍ക്കാരിന്റെ നടപടിയോടൊപ്പം'

കേരളത്തിലെ അധികാരികള്‍ ഇവരുടെ  ദുര്‍ബലമായ തെററിദ്ധാരണകള്‍ കൊണ്ട് കെട്ടിപ്പടുത്ത വാദങ്ങള്‍ കൊണ്ട്, മുഖത്തടിച്ച പോലെയുള്ള ഇത്ര ശക്തമായ വിധിക്കെതിരെ ഡല്‍ഹിയില്‍ സുപ്രീം കോടതിയില്‍ പോയി കുറെ കോടികള്‍ കൂടി കടം വാങ്ങി ചെലവാക്കും, പഴയ ആ തറവാടികളെ പോലെ.  ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമിച്ചുള്ള ആ ഡല്‍ഹി യാത്ര കാണുമ്പോള്‍ മിഗുവേല്‍ ഡെ സെര്‍വാന്റസ് എഴുതിയ ഡോണ്‍ കിഹോട്ടെ എന്ന വിദഗ്ദ്ധനായ തറവാടിയെയും അയാളുടെ ഏറാന്‍മൂളി ചങ്ങാതി സാഞ്ചോ പന്‍സായെയും ആളുകള്‍ക്ക് ഓര്‍മ്മ വന്നാല്‍ അതില്‍ അത്ഭുതമൊന്നുമില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com