

കടത്തിൽ മുങ്ങിയ ജെറ്റ് എയർവേയ്സിന് ഇനി രക്ഷപ്പെടാനുള്ള ഏക അത്താണി ഓഹരിപങ്കാളിയായ എത്തിഹാദാണ്. പക്ഷെ സഹായം ലഭിക്കണമെങ്കിൽ ചില വ്യവസ്ഥകൾ എത്തിഹാദ് മുന്നോട്ടു വെച്ചിട്ടുണ്ട്. ജെറ്റ് മേധാവിയായ നരേഷ് ഗോയലിനെ സംബന്ധിച്ചിടത്തോളം കുറച്ച് കടുത്തതാണ് ഈ വ്യവസ്ഥകൾ.
ജെറ്റിന് ബാങ്കുകൾ ഇനി വായ്പ നൽകണമെങ്കിൽ നിലവിലെ നിക്ഷേപകരുടെ പക്കൽ നിന്ന് കമ്പനി ഇക്വിറ്റി ഫണ്ടിംഗ് നേടിയേ തീരൂ. എത്തിഹാദ് നടത്തുന്ന ഇക്വിറ്റി നിക്ഷേപത്തിന് ഇരട്ടി തുക വായ്പയായി നൽകാമെന്നാണ് ഇന്ത്യയിലെ ബാങ്കുകൾ അറിയിച്ചിരിക്കുന്നത്.
എന്നാൽ തങ്ങളുടെ ഓഹരികൾ ഈടായി നൽകി ജെറ്റിന് വായ്പ ലഭ്യമാക്കേണ്ടതില്ല എന്ന കടുത്ത നിലപാടാണ് എത്തിഹാദ് കൈക്കൊണ്ടിരിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ജെറ്റിന്റെ 24 ശതമാനം ഓഹരിയാണ് എത്തിഹാദിന്റെ കൈവശമുള്ളത്.
ജെറ്റിനു വേണ്ടി ഇനി പണം ചെലവാക്കണമെങ്കിൽ മറ്റൊരു വ്യവസ്ഥകൂടി എത്തിഹാദ് മുന്നോട്ടു വെക്കുന്നുണ്ട്. നരേഷ് ഗോയലിന് നിലവിലുള്ള 51 ശതമാനം ഓഹരി പങ്കാളിത്തം 22 ശതമാനമാക്കി കുറക്കണമെന്നതാണിത്. ഇതോടെ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള അധികാരം ഗോയലിന് നഷ്ടമാവും.
ജെറ്റിന്റെ 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കമ്പനി ഇത്രവലിയ പ്രതിസന്ധി നേരിടുന്നത്. ഡിസംബറിൽ ബാങ്ക് കൺസോർഷ്യത്തിനുള്ള വായ്പാ തിരിച്ചടവ് കമ്പനി മുടക്കിയിരുന്നു. ജീവനക്കാരുടെ ശമ്പളം വൈകി. വിമാനങ്ങൾ പാട്ടത്തിന് നൽകിയവർ പാട്ടത്തുകയിൽ കുടിശിക വരുത്തിയതിനാൽ വിമാനങ്ങൾ തിരിച്ചു നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ.
Read DhanamOnline in English
Subscribe to Dhanam Magazine