ആഗോളതാപനത്തിലെ വര്‍ദ്ധനവ്: അവഗണിച്ചാല്‍ കേരളം വെന്തുരുകും
ആഗോളതാപനത്തിലുണ്ടാകുന്ന വര്‍ദ്ധനവ് 2030ഓടെ പരമാവധി 1.5 ഡിഗ്രി സെല്‍ഷ്യസായി നിയന്തിക്കണമെന്ന് യു.എന്നിന്റെ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയിഞ്ച് (IPCC) ആവശ്യപ്പെട്ടിരിക്കുകയാണ്.
അതില്‍ നിന്നും അര ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിച്ചാല്‍പ്പോലും കൊടും ചൂടും കടുത്ത വരള്‍ച്ചയും വെള്ളപ്പൊക്കവും ദാരിദ്രവുമാണ് ലോകത്തെ കാത്തിരിക്കുന്നതെന്നും ഐ.പി.സി.സി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ആഗോളതാപനം നിയന്ത്രണവിധേയമാക്കാന്‍ ലോകത്തിന് മുന്നിലുള്ളത് ഇനി വെറും 12 വര്‍ഷങ്ങള്‍ മാത്രമാണെന്നും അതിലേക്കായി മുന്‍പില്ലാത്തവിധം സത്വരമായൊരു പരിവര്‍ത്തനം കാര്‍ഷിക, വ്യാവസായിക, ഊര്‍ജ്ജ മേഖലകളിലൊക്കെ നടപ്പാക്കണമെന്നും ഈ മാസം ആദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മനുഷ്യരാശിക്ക് മാത്രമല്ല ഭൂമിയിലെ ജീവജാലങ്ങള്‍ക്കൊക്കെ തന്നെ ആഗോളതാപനം ഭീഷണിയായി മാറുകയാണ്. ആഗോള, പ്രദേശിക തലങ്ങളിലൊക്കെ വന്‍തോതിലുള്ള കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുമെന്നതാണ് ഇതുയര്‍ത്തുന്ന വലിയൊരു ഭീഷണി.
ലോകത്താകമാനം ഇത് മാറ്റമുണ്ടാക്കിയിട്ടുണ്ട്. യൂറോപ്പിലെയും ചൈനയിലെയും ഉയര്‍ന്ന ചൂടും വരള്‍ച്ചയും ഇതിന്റെ പ്രതിഫലനമാണ്. അടുത്തകാലത്ത് അപ്രതീക്ഷിതമായി കേരളത്തിലുണ്ടായ പെരുമഴയും ഇതിനുദാഹരണമാണെന്ന് ന്യൂഡെല്‍ഹിയിലെ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിറോണ്‍മെന്റ് ചൂണ്ടിക്കാട്ടുന്നു.
വരാനിരിക്കുന്നത് വന്‍ പ്രകൃതിദുരന്തം
2030ഓടെ ആഗോളതാപനം 2 ഡിഗ്രി സെല്‍ഷ്യസായി വര്‍ദ്ധിക്കുകയാണെങ്കില്‍ വ്യത്യസ്ത ഭൂപ്രദേശങ്ങളിലെ ചൂടിന്റെ അളവ് ആഗോള ശരാശരിയെക്കാള്‍ കൂടുതലായിരിക്കും. കൂടാതെ കടലിലെ പവിഴപ്പുറ്റുകള്‍ 99 ശതമാനവും നശിക്കുകയും മത്സ്യങ്ങളുടെ ലഭ്യത കുറയുകയും ചെയ്യും.
സമുദ്ര ജലനിരപ്പ് ഉയരുകയും അത് മനുഷ്യര്‍ക്ക് ഭീഷണിയാകുകയും ചെയ്യും. വേനല്‍ക്കാലത്ത് ആര്‍ട്ടിക് മേഖലയിലെ ഐസ് ഇല്ലാതാകും. ഭൂമുഖത്തെ ഇക്കോസിസ്റ്റം താറുമാറായി നശിക്കും. അതോടൊപ്പം കാലാവസ്ഥാ വ്യതിയാനത്താല്‍ വന്‍ പ്രകൃതിദുരന്തങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് ഐ.പി.സി.സി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. എന്നാല്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് കഠിനമായി പരിശ്രമിക്കുകയാണെങ്കില്‍ ഇത് നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ആഗോളതാപനം കുറക്കുന്നതിനായി വനവല്‍ക്കരണം, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം തുടങ്ങിയ സുപ്രധാന തന്ത്രങ്ങളും റിപ്പോര്‍ട്ട് മുന്നോട്ട് വക്കുന്നുണ്ട്. കാര്‍ബണ്‍ എമിഷന്‍ വന്‍തോതില്‍ കുറക്കാമെന്നതാണ് ഇലക്ട്രിക് വാഹനങ്ങളുടെ നേട്ടം.
ഇന്ത്യയില്‍ ഏറ്റവും അധികം വായു മലിനീകരണമുള്ള ന്യൂഡെല്‍ഹിയില്‍ 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും കഴിഞ്ഞ ദിവസം സുപ്രീംകോടതി നിരോധിക്കുകയുണ്ടായി. ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനും അവിടെ കടുത്ത നിയന്ത്രണമുണ്ട്. വായു മലിനീകരണം കാരണം ഇന്ത്യയില്‍ 5 വയസ്സില്‍ താഴെയുള്ള 1.26 ലക്ഷം കുട്ടികള്‍ 2016ല്‍ മരിച്ചതായി ലോകാരോഗ്യ സംഘടനയും വെളിപ്പെടുത്തിയിരിക്കുകയാണ്.
കേരളം പാഠം പഠിക്കുമോ?
പ്രളയദുരന്തത്തെ തുടര്‍ന്ന് സുസ്ഥിര വികസനത്തെ അടിസ്ഥാനമാക്കി നവകേരള നിര്‍മ്മിതിയെന്ന മികച്ചൊരു ആശയമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. എന്നാല്‍ ഏതാനും മാസങ്ങള്‍ പിന്നിടവേ ആദ്യത്തെ ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ പതിയെ പിന്‍വലിഞ്ഞുപോകുന്നൊരു കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
ഇന്ന് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഒന്നുപോലുമല്ലാതായിരിക്കുകയാണ് നവകേരള നിര്‍മ്മാണം. അതൊരു ഉട്ടോപ്യന്‍ ആശയമായി പര്യവസാനിക്കുമോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.'യാ തൊരുവിധ കുഴപ്പങ്ങളും ഇല്ലാതിരുന്നകാലത്ത് ഉണ്ടാകാത്ത നവകേരള നിര്‍മ്മിതി പ്രളയത്തിന് ശേഷം ഇവിടെ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല' പ്രമുഖ മാധ്യമ, സാമൂഹിക പ്രവര്‍ത്തകനായ ഏലിയാസ് ജോണ്‍ അഭിപ്രായപ്പെട്ടു.
പെരുമഴയും ഉരുള്‍പൊട്ടലും മലയിടിച്ചിലുമൊക്കെ തുടരുകയും നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലാകുകയും 500ഓളം മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തപ്പോഴാണ് കേരളീയ സമൂഹത്തിലൊരു പുനര്‍ചിന്തയുണ്ടായത്. സംസ്ഥാനത്തെ പശ്ഛിമഘട്ട മലനിരകളില്‍ 1700 അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുവെന്ന പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്ലിന്റെ വാക്കുകള്‍ക്ക് ഭരണകൂടം ഇനിയും ചെവികൊടുത്തിട്ടില്ല.
അനധികൃത കൈയേറ്റവും മറ്റും കാരണം സംസ്ഥാനത്തെ വനഭൂമിയുടെ വിസ്തൃതി വളരെയേറെ കുറഞ്ഞിരിക്കുകയുമാണ്. അതിനാല്‍ പ്ലാന്റേഷന്‍ മേഖലയെക്കൂൂടി ചേര്‍ത്തുകൊണ്ടാണ് വനഭൂമി നിര്‍ണ്ണയിക്കപ്പെടുന്നത്. വനവല്‍ക്കരണത്തിന്റെ ആവശ്യകത ഐ.പി.സി.സി റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുമ്പോള്‍ ഇപ്പോള്‍ വിവാദഭൂമിയായിരിക്കുന്ന ശബരിമലയില്‍ ഏക്കര്‍ കണക്കിന് വനഭൂമി കൂടി ഏറ്റെടുക്കേണ്ട സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ശബരിമല വിഷയത്തില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒരു ചര്‍ച്ചാവിഷയം പോലുമല്ലാതായിക്കഴിഞ്ഞു. രാഷ്ട്രീയ, ഭരണ താല്‍പര്യങ്ങള്‍ മാറിമറിയുമ്പോള്‍ സുസ്ഥിര വികസനവും അട്ടിമറിക്കപ്പെട്ടേക്കാം.