

ഇന്ത്യൻ വിപണിയിൽ ദിവസങ്ങളായി പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമായ ഐഎല്‍ & എഫ്എസിന്റെ (IL&FS) നിയന്ത്രണം സർക്കാർ ഏറ്റെടുത്തു.
നാഷണൽ കമ്പനി ലോ ട്രിബുണൽ (NCLT) ഇതിനുള്ള അനുമതി കമ്പനി കാര്യ മന്ത്രാലയത്തിന് നൽകിക്കഴിഞ്ഞു. വളരെ അപൂർവമായി മാത്രമേ സർക്കാർ ഇത്തരത്തിൽ സ്വകാര്യ കമ്പനികളുടെ നിയന്ത്രണം ഏറ്റെടുക്കാറുള്ളൂ.
പെട്ടെന്നുള്ള ഈ നീക്കത്തിന് ശേഷം ഐഎല്‍ & എഫ്എസിന്റെ പഴയ ബോർഡിനെ സർക്കാർ പിരിച്ചുവിടും. പകരം സർക്കാർ നിർദേശിക്കുന്ന ആറംഗ ബോർഡ് നിലവിൽ വരും. കൊടാക് മഹിന്ദ്ര എംഡി ഉദയ് കൊടാക്, ടെക് മഹിന്ദ്ര മേധാവിയും മുൻ ഐഎസ് ഉദ്യോഗസ്ഥനുമായ വിനീത് നയ്യാർ, മുൻ സെബി മേധാവി ജി എൻ ബാജ്പായ്, മുൻ ഐ.സി.ഐ.സി.ഐ ബാങ്ക് ചെയർമാൻ ജി സി ചതുർവേദി, മുൻ ഐഎസ് ഉദ്യോഗസ്ഥരായ മാലിനി ശങ്കർ, നന്ദകിഷോർ എന്നിവരടങ്ങിയതായിരിക്കും പുതിയ ബോർഡ്.
ഇതിന് മുൻപ് ഇത്തരമൊരു ഏറ്റെടുക്കൽ നടന്നത് 2009 സത്യം കമ്പ്യൂട്ടർ സർവീസിന്റെതാണ്. ഒടുവിൽ രാജ്യം കണ്ട ഏറ്റവും വലിയ പണത്തട്ടിപ്പ് കേസുകളിൽ ഒന്നായി അത് മാറുകയും ചെയ്തു.
അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ നൽകുന്ന ധനകാര്യ സ്ഥാപനമാണ് ഐഎല്‍ & എഫ്എസ്. വായ്പ തിരിച്ചടവ് മുടങ്ങിയപ്പോഴാണ് കമ്പനിക്ക് 91,000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് പുറത്തറിയുന്നത്. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ ഏറ്റവും ഉയർന്ന (AAA) റേറ്റിംഗ് നൽകിയിരുന്ന കമ്പനിയായിരുന്നു ഇതെന്നുള്ളതാണ് ഏറ്റവും ആശങ്കാപരമായ കാര്യം.
ഇതേത്തുടർന്ന്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. പണലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കാൻ ആർബിഐയും കേന്ദ്ര സർക്കാരും നിരവധി നടപടികൾ സ്വീകരിക്കുകയുണ്ടായി. എന്നിട്ടും ഓഹരിവിപണിയിൽ ദിവസങ്ങളോളം ചാഞ്ചാട്ടം തുടർന്നു.
Read DhanamOnline in English
Subscribe to Dhanam Magazine