മെറ്റാവേഴ്സ് : പണമുണ്ടാക്കാനുള്ള പുതുലോകം

തൊട്ടുനോക്കിയും സുഹൃത്തുക്കള്‍ക്ക് കൈമാറിയും ഹൃദയത്തിന്റെ തുടിപ്പറിയുന്നു, കണ്ണുകള്‍ കൈയിലെടുത്ത് ഓരോ പാളികളും വേര്‍തിരിച്ച് പരിശോധിക്കുന്നു... കോഴിക്കോട് മെഡിക്കല്‍ കോളെജ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികളുടെ സയന്‍സ് ലാബ് ഇങ്ങനെയാണ്. പാഠപുസ്തകത്തിലെ ചിത്രത്തിലൂടെ മാത്രം ഹൃദയത്തെയും കണ്ണിനെയും മനസിലാക്കിയിരുന്നതൊക്കെ ഇവിടെ പഴങ്കഥയാവുന്നു. ഓരോന്നും തൊട്ടും കൈമാറിയും വേര്‍തിരിച്ച് നോക്കിയും പഠിച്ചെടുക്കുന്ന പുതിയ കാലം. ഇന്റര്‍നെറ്റിന്റെ മൂന്നാം പതിപ്പായ മെറ്റാവേഴ്സാണ് ഇതിനൊക്കെയും സൗകര്യമൊരുക്കുന്നത്.

''ഇതൊരു തുടക്കം മാത്രമാണ്. വിദ്യാര്‍ത്ഥികളുടെയും സ്‌കൂളിന്റെയും ആവശ്യമനുസരിച്ച് ഞങ്ങള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കും'', മെഡിക്കല്‍ കോളജ് സ്‌കൂളിലെ മെറ്റാവേഴ്സ് ലാബ് സ്ഥാപിച്ച, കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇലൂസിയ ലാബ് ഫൗണ്ടറും സിഇഒയുമായ പി നൗഫല്‍ പറയുന്നു. സൗദി ഗവണ്‍മെന്റിനു വേണ്ടി വെര്‍ച്വല്‍ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ വരെ ഇലൂസിയലാബിന്റെ പണിപ്പുരയിലുണ്ട്.
ഇലൂസിയയെപ്പോലെ വേറെയും സംരംഭങ്ങളുണ്ട്, കേരളത്തില്‍. അവര്‍ മെറ്റാവേഴ്സിന്റെ സാധ്യതകളില്‍ നിരന്തരം പരീക്ഷണം നടത്തിയും ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കിയും മുന്നേറുകയാണ്. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിനു വേണ്ടി മെറ്റാവേഴ്സില്‍ ഡാറ്റ അനാലിസിസ് സൗകര്യമൊരുക്കുന്ന തിരക്കിലാണ് ഡെന്‍സില്‍ ആന്റണി നേതൃത്വം നല്‍കുന്ന തഞ ഒീൃശ്വീി എന്ന സ്ഥാപനം. വിരസമായ ഡാറ്റകളെ എങ്ങനെ കാഴ്ചാനുഭവമാക്കി മാറ്റി ജോലി സുന്ദരമാക്കാമെന്ന ആശയത്തില്‍ നിന്നാണ് മെറ്റാവേഴ്സ് ഡാറ്റ അനാലിസിസ് സംവിധാനത്തിലെത്തിയത്.
കാസര്‍കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രീി്അക ശിിീ്‌മേശീി െമെറ്റ ഹെല്‍ത്ത് എന്ന പ്ലാറ്റ്‌ഫോമിലൂടെ രണ്ട് ആശുപത്രികളില്‍ മെറ്റാവേഴ്സിന്റെ സഹായത്തോടെയുള്ള ഫിസിയോതെറാപ്പി തുടങ്ങിക്കഴിഞ്ഞു. ''വിആര്‍ ഹെഡ്സെറ്റ് ധരിച്ചാല്‍, ചെയ്യേണ്ട തെറാപ്പികളെപ്പറ്റിയും മറ്റും രോഗിക്ക് നിര്‍ദേശം ലഭിക്കും. രോഗിയെ ലാപ്ടോപ്പിലൂടെ ഡോക്ടര്‍ക്ക് നിരീക്ഷിക്കാനുമാവും വിധമാണ് സജ്ജീകരിച്ചിട്ടുള്ളത്'', രീി്അക സിഇഒയും മാനേജിംഗ് ഡയറക്ടറുമായ എം നന്ദ കിഷോര്‍ പറയുന്നു.
ഇങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ട സകല മേഖലകളിലും മെറ്റാവേഴ്സിന്റെ ഇടപെടല്‍ കടന്നുവരികയാണ്. ഒപ്പം ഗെയ്മിംഗ്, ടൂറിസം പോലുള്ള വിനോദങ്ങള്‍ക്കായും ബിസിനസ് പരമായ ആവശ്യങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വരെ മെറ്റാവേഴ്സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും.
എന്തിനാണ് മെറ്റാവേഴ്സ്?
മെറ്റാവേഴ്സില്‍ എന്തൊക്കെ നടക്കും? ഒറ്റ വരിയില്‍ പറഞ്ഞാല്‍, യഥാര്‍ത്ഥ ലോകത്ത് എന്തൊക്കെ നടക്കുന്നുവോ അതും അതിലപ്പുറവും നടത്താനാവും. ആളുകളുമായി സംവദിക്കാം, സ്ഥലം വാങ്ങാം, വീട് നിര്‍മിച്ചുനോക്കാം, വസ്ത്രം ധരിച്ചുനോക്കാം, കല്യാണം വരെ നടത്താമെന്ന് ഇന്ത്യയില്‍ നിന്നു തന്നെയുള്ള സംഭവത്തില്‍ വ്യക്തമായിക്കഴിഞ്ഞു. ഇങ്ങനെ മെറ്റാവേഴ്സില്‍ 1 ട്രില്യണ്‍ ഡോളറിന്റെ ബിസിനസ് അവസരാണ് തുറന്നുവരുന്നതെന്നാണ് ജെപി മോര്‍ഗന്‍ പ്രതീക്ഷിക്കുന്നത്. ഓരോ മേഖലയിലെയും വമ്പന്മാര്‍ മെറ്റാവേഴ്സിലെ അവസരം മുതലെടുക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് മെറ്റാവേഴ്‌സുമായി ബന്ധപ്പെടുത്തി 'മെറ്റ' എന്ന കമ്പനി തന്നെ ഫെയ്‌സ്ബുക്കിനു മേല്‍സുക്കര്‍ബര്‍ഗ് ഉണ്ടാക്കിയെടുത്തു. ഹൊറൈസണ്‍ വേള്‍ഡ് എന്ന ഗെയിം വേള്‍ഡിലൂടെയും ഒകുലസ് എന്ന വിആര്‍ ഗ്ലാസിലൂടെയും വിപണിയില്‍ സാന്നിധ്യമുറപ്പിച്ച സുക്കര്‍ബര്‍ഗ് മെറ്റാവേഴ്‌സിന്റെ വരവിനെക്കുറിച്ച് പറഞ്ഞതിതാണ്: ''ഇന്ന് നമ്മള്‍ ഇന്റര്‍നെറ്റിലേക്ക് നോക്കുകയാണ് ചെയ്യുന്നത്. ഭാവിയില്‍ നമ്മള്‍ അത് അനുഭവിക്കാന്‍ പോവുകയാണ്''.
പിന്നിലെ സാങ്കേതികവിദ്യ
ലോക മഹാത്ഭുതങ്ങള്‍ കാണാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണ്? എന്നാല്‍ ഇവയെല്ലാം നേരില്‍ കാണാനുള്ള ഭാഗ്യം വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയിലൂടെ ഈഫല്‍ ടവറിനെ ചുറ്റിക്കാണാനും താജ്മഹലിനകത്ത് കയറാനും സാധ്യമാകുന്നു. ഇതിനായി ഇവയുടെ 3ഡി ചിത്രങ്ങള്‍ നിര്‍മിച്ച് വെര്‍ച്വല്‍ ബോക്‌സിലേക്ക് അറ്റാച്ച് ചെയ്യുകയാണ് ചെയ്യുന്നത്. സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന 3ഡി ലോകമാണ് വെര്‍ച്വല്‍ റിയാലിറ്റി അഥവാ വെര്‍ച്വല്‍ വേള്‍ഡ്.
ഇനി നമ്മള്‍ പ്രവേശിച്ച ഓഫീസിലോ, ക്ലാസ് മുറിയിലോ 3ഡി കണ്ടന്റുകള്‍ കൊണ്ടുവരേണ്ടതുണ്ടാവും. ഇതിനെ ഓഗ്മെന്റഡ് റിയാലിറ്റി എന്നു പറയും. മൊബൈല്‍ ഫോണിന്റെയോ എആര്‍ ഗ്ലാസിന്റെയോ സഹായത്തോടെയായിരിക്കും ഇത്.
ഓഗ്മെന്റ് റിയാലിറ്റി (എആര്‍), വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍), ബ്ലോക്ക്ചെയ്ന്‍ എന്നീ സാങ്കേതികവിദ്യകളെല്ലാം ഒന്നിച്ചൊരു ലോകം, അതാണ് മെറ്റാവേഴ്സ്. 3ഡി സോഫ്റ്റ്‌വെയറിന്റെ സഹായത്താല്‍ നിര്‍മിച്ച സ്ഥലങ്ങളിലേക്ക് (കെട്ടിടമാവാം, സാങ്കല്‍പ്പിക സ്ഥലമാവാം, യഥാര്‍ത്ഥത്തിലുള്ളതിന്റെ വെര്‍ച്വല്‍ രൂപമാവാം) വിആര്‍ ബോക്‌സിന്റെ സഹായത്തോടെ പ്രവേശിക്കാനും, അവിടെ പ്രവേശിച്ച മറ്റുള്ളവരോട് സംവദിക്കാനും ഇടപഴകാനും കഴിയുന്നു എന്നതാണ് മെറ്റാവേഴ്‌സ് ഒരുക്കുന്ന സൗകര്യം.
ജനകീയമാവാത്തതിനു പിന്നില്‍
ഡിവൈസുകളുടെ ലഭ്യതക്കുറവും വിലക്കൂടുതലുമാണ് നിലവില്‍ മെറ്റാവേഴ്സ് മേഖല നേരിടുന്ന വെല്ലുവിളിയെന്ന് വ്യക്തമാക്കുകയാണ് ഡെന്‍സില്‍ ആന്റണിയും പി നൗഫലും. വിആര്‍ ഗ്ലാസ് നിര്‍മാണത്തിനായി ജിയോ പോലുള്ള കമ്പനികള്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. വൈകാതെ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാവും. സൗദി അറേബ്യയിലെ 7 ശതമാനം പേര്‍ക്കും ഇത്തരത്തിലുള്ള ഡിവൈസുകള്‍ സ്വന്തമായുണ്ടെന്നാണ് കണക്ക്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലൊക്കെ മെറ്റാവേഴ്സ് സംവിധാനമൊരുക്കാന്‍ വലിയ നിക്ഷേപമാണ് സൗദി, യുഎഇ പോലുള്ള രാജ്യങ്ങള്‍ നടത്തുന്നത്.
കേരളത്തിലെ ബിസിനസുകാര്‍ക്കിടയില്‍
മെറ്റാവേഴ്സിനെപ്പറ്റി വേണ്ടത്ര അവബോധം ലഭിച്ചിട്ടില്ലെന്നും ഇരുവരും പറയുന്നു. ആദ്യകാലത്ത് വീഡിയോ നിര്‍മാണത്തിനൊക്കെ വലിയ ചെലവുണ്ടായിരുന്ന കാര്യമാണല്ലോ. ഇന്നത് എല്ലാവര്‍ക്കും സ്വന്തം മൊബൈലില്‍ ചെയ്യാവുന്ന രൂപത്തില്‍ എളുപ്പവും സൗജന്യവുമായി. അതുപോലെ, മെറ്റാവേഴ്സും വരും വര്‍ഷങ്ങളില്‍ വ്യാപകമാവുമെന്നാണ് ഡെന്‍സില്‍ ആന്റണി പറയുന്നത്.
''മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ വളര്‍ച്ചയുണ്ടാവും, അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ പക്വത പ്രാപിക്കും, പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ജനകീയമാവും'', ഡെന്‍സില്‍ ആന്റണി പറയുന്നു.
മെറ്റാവേഴ്സിലെ ബിസിനസ് അവസരങ്ങള്‍
വെര്‍ച്വലായി ഒരു ലോകം സൃഷ്ടിക്കുക, അവിടേക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആളുകള്‍ക്ക് പ്രവേശിക്കാനും സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുള്ള സൗകര്യമുണ്ടാവുക എന്നാല്‍, അവിടെ അവസരങ്ങളുടെ പല വാതിലുകള്‍ തുറക്കുന്നു എന്നാണ്.
യഥാര്‍ത്ഥ ലോകത്തിനപ്പുറം വലിയൊരു വെര്‍ച്വല്‍ ലോകം തന്നെ സൃഷ്ടിക്കാനാവുമെന്നതിനാല്‍ അവസരങ്ങള്‍ക്ക് പരിധിയുണ്ടാവില്ലെന്നു തന്നെ പറയാം. മെറ്റാവേഴ്സ് ലോകത്തെ ചില ബിസിനസ് അവസരങ്ങളെ പരിചയപ്പെടാം.
റിയല്‍ എസ്‌റ്റേറ്റ്
മെറ്റാവേഴ്സ് ചൊവ്വ ഡിസൈന്‍ ചെയ്യാനായി 70,000 ഡോളറിന്റെ സമ്മാനത്തുകയാണ് നാസ പ്രഖ്യാപിച്ചത്. ചൊവ്വയില്‍ നാസ കണ്ട കച്ചവട സാധ്യത പോലെ, മെറ്റാവേഴ്സ് ലോകത്തെ വമ്പന്‍ ബിസിനസാവാന്‍ പോകുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. വില്‍പ്പനയും വാടകയ്ക്ക് കൊടുക്കലുമായി യഥാര്‍ത്ഥ ലോകത്തിനപ്പുറം ചലിക്കാന്‍ മെറ്റാവേഴ്സിലെ റിയല്‍എസ്റ്റേറ്റ് മേഖലയ്ക്കാവുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. അതിലേക്ക് വിരല്‍ചൂണ്ടുന്നതാണല്ലോ, നാസയുടെ പദ്ധതി. നാസയ്ക്ക് വേണമെങ്കില്‍ മെറ്റാവേഴ്സ് ചൊവ്വയെ വില്‍ക്കുകയോ, അവിടേക്ക് പ്രവേശിക്കാന്‍ ഫീസ് ഏര്‍പ്പെടുത്തി പണമുണ്ടാക്കുകയോ ചെയ്യാം. ക്രിപ്റ്റോകറന്‍സിയോ ഡിജിറ്റല്‍ കറന്‍സിയോ, അല്ലെങ്കില്‍ പുതുതായി ഉരുത്തിരിഞ്ഞു വരുന്ന മെച്ചപ്പെട്ട വിനിമയോപാധിയോ വെച്ചായിരിക്കും മെറ്റാവേഴ്സിലെ ഇടപാടുകള്‍. അങ്ങനെ മെറ്റാവേഴ്സ് ലോകത്തേക്ക്
മാത്രമായി ഒരു സമ്പദ്വ്യവസ്ഥ ഉണ്ടായിവരുമെന്നും ടെക് വിദഗ്ധര്‍ വിലയിരുത്തുന്നു.SuperWorld എന്ന വെര്‍ച്വല്‍ ലാന്‍ഡ് മാര്‍ക്കറ്റ്പ്ലേസില്‍ വമ്പന്‍ വില്‍പ്പനയാണ് ഈയിടെ നടന്നത്. ഈഫല്‍ ടവര്‍ 100 എഥറിയത്തിനും താജ്മഹല്‍ 50 എഥറിയത്തിനുമാണ് വിറ്റുപോയത്.
വാങ്ങിയ ആള്‍ക്ക് ഇത്
വീണ്ടും വില്‍ക്കാന്‍ വെക്കുകയോ, അവിടേക്ക് എത്തുന്ന ആളുകളില്‍ നിന്ന് വിവിധ ആക്ടിവിറ്റികളിലൂടെ പണമുണ്ടാക്കുകയോ ചെയ്യാം. Decetnralandലും സമാനമായ വില്‍പ്പനയും ഗെയിംസ് ആക്ടിവിറ്റികളും പണമുണ്ടാക്കലും നടക്കുകയാണ്.
ഇതൊക്കെ വേറെ ഏതോ ലോകത്ത്, വമ്പന്മാര്‍ ചെയ്തുകൂട്ടുന്നതല്ലേയെന്ന ചിന്ത വേണ്ട. നമ്മുടെ ബിസിനസുകളിലും മെറ്റാവേഴ്സിനൊരിടം വൈകാതെ വേണ്ടിവരും. വെര്‍ച്വല്‍ യോഗങ്ങള്‍ക്ക് വേണ്ട മീറ്റിംഗ് ഹാളുകളോ, കോണ്‍ഫറന്‍സിന് പോകാനായി അവതാറിന് ധരിക്കേണ്ട കോസ്റ്റസ്റ്റിയൂമുകളോ ഡിജിറ്റല്‍ കറന്‍സികള്‍ കൊടുത്ത് വാങ്ങേണ്ടിവരും. അതെല്ലാം തയ്യാറാക്കി കൊടുക്കുന്ന ചെറു മെറ്റാവേഴ്സ് കമ്പനികളും വൈകാതെ നമ്മുടെ നാട്ടിലും വ്യാപകമാവും.
വിദ്യാഭ്യാസം
ചരിത്രവും ഭൂമിശാസ്ത്രവും ബയോളജിയും എല്ലാം അനുഭവിച്ചറിഞ്ഞ് പഠിക്കാനാവുന്ന വിധത്തിലാണ് വിവിധ എഡ്ടെക് കമ്പനികള്‍ മെറ്റാവേഴ്സ് ക്ലാസുകള്‍ ഒരുക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലുള്ള പ്രൊഫസര്‍മാരുമായും ശാസ്ത്രജ്ഞന്മാരുമായും സംസാരിക്കാനും യൂണിവേഴ്‌സിറ്റികളെ തമ്മില്‍ ബന്ധിപ്പിക്കാനും കഴിയുന്നതോടെ മെറ്റാവേഴ്‌സിന്റെ അനന്തസാധ്യതകളാണ് തുറക്കാന്‍ പോകുന്നത്.
ഫാഷന്‍ ഡിസൈനിംഗ്
ഓണ്‍ലൈന്‍ ഷോപ്പിംഗ് വളരെ സാധാരണമായ ഇക്കാലത്ത്, വാങ്ങുന്ന സാധനങ്ങള്‍ ശരീരത്തിന് ചേരുന്നതാണോ എന്ന് ധരിച്ച് നോക്കി മനസിലാക്കാനും ആഭരണങ്ങളും കോസ്‌മെറ്റിക്‌സുകളും വെര്‍ച്വല്‍ ട്രയല്‍ ഔട്ട് ചെയ്യാനും മെറ്റാവേഴ്‌സില്‍ സൗകര്യമൊരുങ്ങും. ഇതുകൂടാതെ, ഫാഷന്‍ഷോ, അന്താരാഷ്ട്ര കോസ്റ്റ്യൂം എക്‌സോപോ തുടങ്ങി വില്‍ക്കാനും വാങ്ങാനും പ്രദര്‍ശിപ്പിക്കാനുമുള്ള ഒരു വലിയ ലോകം തന്നെയാണ് തുറന്നിടാന്‍ പോകുന്നത്.
നിര്‍മാണം, ഇന്റീരിയര്‍ ഡിസൈന്‍
നിര്‍മിക്കേണ്ട സ്ഥലം സ്‌കാന്‍ ചെയ്ത്, അവിടെ വീടോ കെട്ടിടമോ നിര്‍മിച്ച് പരീക്ഷിച്ചുനോക്കാന്‍ സാധ്യമാകും. കൂടാതെ, വീട്ടിനകത്ത് കൂടി കയറി നടക്കാനും ലൈറ്റിംഗ് അടക്കമുള്ള ഓരോ സംവിധാനങ്ങളും പരിശോധിക്കാനുമാവും. ഫര്‍ണിച്ചറുകളുടെ തെരഞ്ഞെടുപ്പ്, ഫര്‍ണിഷിംഗ് രീതി, പെയ്ന്റിംഗ് തുടങ്ങി എല്ലാ പണികളും യഥാര്‍ത്ഥ ജോലിക്ക് മുമ്പേ പരീക്ഷിച്ചുനോക്കാനും സാധിക്കും.
മെഡിക്കല്‍ രംഗം
ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, രോഗനിര്‍ണയം, ആന്ത രികാവയവങ്ങളുടെ കൃത്രിമ കാഴ്ച, ബോഡി സ്‌കെല്‍ട്ടന്‍ അനാലിസിസ് തുടങ്ങി, ഒരു വെര്‍ച്വല്‍ ഡോക്ടര്‍ സെറ്റപ്പ് തന്നെ അതിവിദൂരമല്ല. അമേരിക്കയിലോ ലണ്ടനിലോ ഉള്ള പ്രശസ്തനായൊരു ഡോക്ടറുടെ സേവനം കേരളത്തിലെ ഒരു ഗ്രാമത്തില്‍ ലഭ്യമാകുക എന്നാല്‍ ഇന്ന് ചിന്തിക്കാവുന്നതില്‍ അപ്പുറമാണ്. എന്നാല്‍ മെറ്റാവേഴ്‌സിലൂടെ ഇതിനുള്ള സാധ്യതയും തെളിഞ്ഞുവരുന്നു.
മീറ്റിംഗുകള്‍
ഓണ്‍ലൈന്‍ യോഗങ്ങള്‍ ഇന്ന് സജീവമാണെങ്കിലും അതിന്റെ മെറ്റാവേഴ്സ് രൂപം വ്യത്യസ്തമായിരിക്കും. ക്ലയന്റുകളെയും ഡയറക്ടര്‍മാരെയും സ്വന്തം വെര്‍ച്വല്‍ ഓഫീസ് മുറിയിലേക്കോ മറ്റ് വെര്‍ച്വല്‍ സ്പേസിലേക്കോ കൊണ്ടുവന്ന് സംസാരിക്കാന്‍ മെറ്റാവേഴ്സ് സൗകര്യമൊരുക്കും.
ടൂറിസം
വീട്ടിലെ സ്വീകരണ മുറിയിലിരുന്ന് ലോകത്തെ മറ്റേതെങ്കിലും കോണിലുള്ള പ്രശസ്ത മ്യൂസിയങ്ങളിലും പുരാവസ്തു കേന്ദ്രങ്ങളിലും പോകാനും വീക്ഷിക്കാനും സ്പര്‍ശിക്കാനുമാവും. യഥാര്‍ത്ഥ യാത്രയ്ക്ക് മുന്നൊരുക്കമായും ഇങ്ങനെ വെര്‍ച്വല്‍ യാത്രയ്ക്ക് പ്രിയമേറും. പ്രമുഖ ടൂറിസം കമ്പനികളെല്ലാം വെര്‍ച്വല്‍ ടൂര്‍ ഒരുക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ക്വാളിറ്റി അറിഞ്ഞുകൊണ്ട് ഹോട്ടല്‍ മുറി ബുക്ക് ചെയ്യാനും ഇതിലൂടെ സാധ്യമാവും. ദുബൈയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ് 10 മില്യണ്‍ ഡോളറാണ് മെറ്റാവേഴ്സ് അനുഭവമൊരുക്കുന്നതിനായി നിക്ഷേപിച്ചിരിക്കുന്നത്.
ഉല്‍പ്പന്ന നിര്‍മാണം, മാര്‍ക്കറ്റിംഗ്
വണ്‍ പ്ലസ് മൊബൈല്‍ കമ്പനി തങ്ങളുടെ പുതിയ ഫോണിന്റെ അണ്‍ബോക്‌സിംഗ് ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ചെയ്തത് വലിയ സ്വീകാര്യത നേടിയിരുന്നു. ഇത്തരത്തില്‍ 3ഡി സിമുലേഷനും പ്രോഡക്ട് ഡിസൈനിംഗും, നിര്‍മാണ സമയത്തെ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഡിമാന്റ് കൂട്ടാനുമൊക്കെ സാധിക്കുന്നു എന്നത് കമ്പനികള്‍ക്ക് ഗുണം ചെയ്യും.
ഓട്ടോമോട്ടീവ്
പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ വാഹനങ്ങളുടെ വെര്‍ച്വല്‍ എക്‌സ്പീരിയന്‍സ് കൂടുതല്‍ മികവോടെയാണ് പുതിയ സാങ്കേതികവിദ്യക്കൊപ്പം നല്‍കുന്നത്. ഗെയ്മിംഗ് കണ്‍സോളുകളും വിആര്‍ ഹെഡ് സെറ്റുകളും ഉപയോഗിച്ച് വാഹനം ഓടിക്കാനും ഇന്റീരിയര്‍, ഡാഷ്‌ബോര്‍ഡ് തുടങ്ങിയവ തൊട്ടുനോക്കി മനസിലാക്കാനും സഹായിക്കുന്നു.
ഫിലിം, പരസ്യം
നമുക്ക് ഇഷ്ടമുള്ള തിയേറ്ററില്‍ ഇഷ്ടമുള്ള നടനൊപ്പം സിനിമ കാണാന്‍ ഇരുന്നാലോ? അവരോട് സംസാരിക്കാനും സമ്മാനങ്ങള്‍ കൈമാറാനുമൊക്കെ സാധിക്കുന്ന രീതിയില്‍ സിനിമാ റിലീസിംഗ് മാറിക്കൊണ്ടിരിക്കുകയാണ്. പരസ്യരംഗത്തും വെര്‍ച്വല്‍ ബ്രോഷറുകളടക്കം കമ്പനികള്‍ പരീക്ഷിച്ചുതുടങ്ങിയിരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന മലയാള സിനിമയുടെ ട്രെയ്ലര്‍ റിലീസ് മെറ്റാവേഴ്സില്‍ നടത്തിയിരുന്നു.
ഗെയ്മിംഗ്
വെര്‍ച്വല്‍ ടെക്‌നോളജിയെ ഇരുകൈയ്യും നീട്ടി ആദ്യമേ സ്വീകരിച്ചത് ഗെയ്മിംഗ് മേഖലയാണ്. ലോക താരങ്ങള്‍ക്കൊപ്പം കളിക്കാം, ഇഷ്ടപ്പെട്ട സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്താം, കളി കാണാനെത്താം എന്നു തുടങ്ങി കളിച്ച് പണം നേടാമെന്നതും ഏറെ ആകര്‍ഷകമാക്കുന്നു.
ജോലി സാധ്യതകള്‍ ഇങ്ങനെ
മെറ്റാവേഴ്സ് എന്ന ലോകം സൃഷ്ടിച്ചു തുടങ്ങുന്നതേയുള്ളൂ. അവിടെ ഓഫീസുകള്‍ വേണം, കെട്ടിടങ്ങള്‍ വേണം, ഷോപ്പിംഗ് മാളുകള്‍ വേണം, ഗെയിം സെന്ററുകള്‍ വേണം, അവിടെയൊക്കെ പ്രദര്‍ശിപ്പിക്കാനും വില്‍പ്പന നടത്താനും ഉല്‍പ്പന്നങ്ങളും വേണം... യഥാര്‍ത്ഥ ലോകത്ത് എന്തൊക്കെയുണ്ടോ, അതും അതിലപ്പുറവും സാങ്കേതികമായും സാങ്കല്‍പ്പികമായും സൃഷ്ടിക്കാനാവണം. അത്തരക്കാര്‍ക്ക് വമ്പന്‍ ശമ്പളത്തോടെയുള്ള തൊഴില്‍സാധ്യതയാണ് വരാന്‍ പോകുന്നത്. ഇപ്പോള്‍ കേരളത്തില്‍ കുറച്ച് സ്ഥാപനങ്ങളും പരിമിതമായ പ്രവര്‍ത്തനങ്ങളും മാത്രമാണ് ഉള്ളതെങ്കിലും ഈ രംഗത്ത് കൂടുതല്‍ സംരംഭങ്ങളുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ തിരുവനന്തപുരത്ത് ടിസിഎസും യുഎസ്ടിയും മെറ്റാവേഴ്സ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വമ്പന്മാരെ കൂടാതെ, ചെറു സംരംഭങ്ങള്‍ വിവിധ ഐടി പാര്‍ക്കുകളിലും സൈബര്‍ പാര്‍ക്കുകളിലും അല്ലാതെയും പ്രവര്‍ത്തിക്കുന്നുണ്ട്. മെറ്റാവേഴ്സിലെ പ്രധാന തൊഴിലവസരങ്ങളിതാ.
ഡെവലപ്പര്‍
നൂറു കണക്കിന് പുതിയ സോഫ്റ്റ്വെയറുകളും ആപ്പുകളും ചാനലുകളും മറ്റു മാധ്യമങ്ങളും മെറ്റാവേഴ്സ് ലോകത്ത് സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഡെവലപ്പര്‍മാക്ക് വലിയ സാധ്യതയാണുള്ളത്.
ഡിസൈനര്‍
അമേരിക്കയിലുള്ളൊരു മ്യൂസിയം സന്ദര്‍ശിക്കാനോ, ജോര്‍ദാനിലെ പെട്രയിലൂടെ സഞ്ചരിക്കാനോ മെറ്റാവേഴ്സില്‍ അവസരമൊരുക്കണമെങ്കില്‍, അതിന്റെ വെര്‍ച്വല്‍ പതിപ്പ് തയ്യാറാക്കി വെക്കണം. അതിന് ത്രിഡി ഡിസൈനര്‍മാരെ ആവശ്യമായി വരും. ഇങ്ങനെ, ഓഫീസുകള്‍ സജ്ജമാക്കാനും ഗെയിമുകള്‍ക്ക് വേണ്ട പ്രത്യേക ലോകമൊരുക്കാനുമൊക്കെ ഡിസൈനര്‍മാരെ ആവശ്യമാണ്. ഈ രംഗത്ത് തിളങ്ങാന്‍ ത്രീഡി പരിജ്ഞാനത്തിനൊപ്പം, യുഐ, യുഎക്സ് ഡിസൈന്‍ നൈപുണ്യവും സ്വായത്തമാക്കണം.
മാര്‍ക്കറ്റര്‍
ഇന്റര്‍നെറ്റ് വ്യാപകമായതോടെയുണ്ടായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന പോലെ, മെറ്റാവേഴ്സ് ലോകത്തും മാര്‍ക്കറ്റിംഗ് രീതികളും മാര്‍ക്കറ്റര്‍മാരും ആവശ്യമായി വരും.
നിയമവിദഗ്ധര്‍
എന്‍എഫ്ടി പോലുള്ള ഡിജിറ്റല്‍ ആസ്തികള്‍, ക്രിപ്റ്റോകറന്‍സി, ഡിജിറ്റല്‍ കറന്‍സി പോലുള്ളവയുടെ ഉപയോഗം, സ്മാര്‍ട്ട് കോണ്‍ട്രാക്ട്, കോപ്പിറൈറ്റ്, നികുതി തുടങ്ങിയ മേഖലകളിലെല്ലാം നിയമവിദഗ്ധരുടെ ആവശ്യമേറി വരുന്നുണ്ട്.
സൈബര്‍ സെക്യൂരിറ്റി
വെബ് 2.0 എന്ന പോലെ, വെബ് 3.0 യിലും സൈബര്‍ സുരക്ഷാ വിദഗ്ധരും സുരക്ഷയ്ക്ക് പറ്റിയ ടൂളുകളും ആവശ്യമാണ്. ഡാറ്റ മോഷണം, ആസ്തി മോഷണം തുടങ്ങിയ ആക്രമണ സാധ്യത കൂടുതലുള്ള മേഖല കൂടിയാണിത്.
പ്ലാനര്‍
മെറ്റാവേഴ്സിലേക്ക് വേണ്ട അവതാറുകളുടെ രൂപം മുതല്‍, ഓഫീസ് സെറ്റപ്പ് എങ്ങനെ വേണം, അവതാറുകള്‍ എന്ത് ധരിക്കണം, തുടങ്ങി സൂക്ഷ്മമായ കാര്യങ്ങളില്‍ വരെ വ്യക്തമായ പ്ലാനും, മികച്ച പ്ലാനര്‍മാരെയും ആവശ്യമാണ്.
ഹാര്‍ഡ്‌വെയര്‍ എഞ്ചിനിയര്‍
Oculu പോലുള്ള വിആര്‍ ഹെഡ്സെറ്റുകളാണിന്ന് മെറ്റാവേഴ്സ് അനുഭവത്തിനായി ഉപയോഗിക്കാവുന്ന ഗാഡ്ജറ്റുകള്‍. വിലക്കൂടുതലും ഉപയോഗത്തിനുള്ള ബുദ്ധിമുട്ടും അടക്കം ഒട്ടേറെ പ്രശ്നങ്ങള്‍ ഇപ്പോഴുള്ളതിനെല്ലാമുണ്ട്. മികച്ച ഗാഡ്ജറ്റുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമായാലേ വളരെ പെട്ടെന്ന് ജനപ്രിയമാവുകയുള്ളൂ. ജിയോ, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളൊക്കെ ഈ രംഗത്ത് വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it