യുവ ശൈലി മാറുന്നു, ബിസിനസിൽ
''പിരമല്‍ എന്ന കുടുംബപ്പേരില്‍ ഒതുങ്ങി നില്‍ക്കില്ല ഞാന്‍'' ആനന്ദ് പിരമലിന് ഇത് തലയുയര്‍ത്തി നിന്ന് പറയാം. കാരണം ശതകോടീശ്വരന്റെ മകനായി ജനിച്ചെങ്കിലും പിരമല്‍ ഗ്രൂപ്പിന്റെ തണലില്‍ അനായാസം വളര്‍ന്നുവന്ന ആളല്ല ആനന്ദ്.
യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ആനന്ദ് ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ആരോഗ്യപരിചരണം എത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടു. പിരമല്‍ സ്വാസ്ഥ്യ എന്ന ഈ സംരംഭം ഇന്ന് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ കേസ് സ്റ്റഡി ആണ്. ഹാര്‍വാര്‍ഡില്‍ നിന്ന് എംബിഎ നേടിയ ശേഷം ആനന്ദ് പക്ഷേ, വളര്‍ച്ചയുടെ കൊടിമുടികള്‍ താണ്ടിയ കുടുംബ ബിസിനസിന്റെ കോര്‍ ബിസിനസിലേക്കായിരുന്നില്ല വന്നിറങ്ങിയത്.
പകരം പിരമല്‍ ഗ്രൂപ്പിന് അന്യമായിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയിലയിലാണ് കൈവച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നായ പിരമില്‍ റിയല്‍റ്റിയുടെ സ്ഥാപകനാണ് ആനന്ദ്.
കുടുംബ ബിസിനസിന്റെ പേരിലും പെരുമയിലും സമ്പത്തിലും മയങ്ങാതെ സാഹസികമായ വഴികളിലൂടെ കുടുംബ ബിസിനസിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ആനന്ദ് പിരമല്‍ കേരളത്തിലെ യുവത്വത്തിന് ഒരു റോള്‍ മോഡലാണ്.
കേരളത്തിലെ കുടുംബ ബിസിനസുകളിലെ യുവതലമുറയില്‍ പലരും ഇതേ മനോഭാവം പുലര്‍ത്തുന്നവരാണ്. ചെറുപ്പം മുതലേ കണ്ടുവളര്‍ന്ന ബിസിനസിനോട് അവര്‍ക്ക് അടര്‍ത്തിമാറ്റാന്‍ പറ്റാത്തത്ര ആത്മബന്ധമുണ്ട്. പക്ഷെ അതിന്റെ തണലില്‍ ഒതുങ്ങിക്കൂടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. വൈകാരിക തലങ്ങള്‍ മാറ്റിവെച്ച് ബിസിനസിനെ എങ്ങനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാം എന്നതാണ് അവരുടെ ചിന്ത.
കേരളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സ്ഥാപനങ്ങളെ ലോകം മുഴുവന്‍ എത്തിക്കാനുള്ള സ്വപ്‌നങ്ങള്‍ ഇവര്‍ കാണുന്നു. അതിനുള്ള പദ്ധതികള്‍ തയാറാക്കുന്നു. റിസ്‌കുകളെ ഇവര്‍ പേടിക്കുന്നില്ല. ഇവരില്‍ പലരും ലോകത്തെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഉന്നതവിദ്യാഭ്യാസ യോഗ്യതകള്‍ നേടിയവരാണ്. പലരും അതിനുശേഷം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തുള്ള അനുഭവസമ്പത്തും നേടിയ ശേഷമാണ് കുടുംബ ബിസിനസിലേക്ക് വരുന്നത്.
പുതിയ തലമുറ ബിസിനസിനെ ലളിതമായി കാണുന്നു. അവര്‍ക്ക് പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാനാകുന്നു. എന്നാല്‍ അമിത ആവേശമില്ല.
ബിസിനസ് അറിഞ്ഞു വളര്‍ന്നവര്‍
യുവതലമുറയിലെ 80 ശതമാനത്തിലേറെപ്പേരും സ്‌കൂള്‍ കാലം മുതലേ ബിസിനസ് എന്താണെന്ന് അറിഞ്ഞ് വളര്‍ന്നവരാണ്. ഔദ്യോഗികമായി ബിസിനസിലേക്ക് എത്തും മുമ്പേ തന്നെ അവര്‍ പ്രായോഗികപാഠങ്ങള്‍ പിതാവില്‍ നിന്നും മുത്തച്ഛനില്‍ നിന്നുമൊക്കെ മനസിലാക്കിയിരിക്കും. എങ്കിലും ഒന്നോ രണ്ടോ വര്‍ഷത്തോളം താഴത്തെ തട്ടില്‍ നിന്ന് ജോലി ചെയ്ത് അനുഭവസമ്പത്ത് നേടിയശേഷമാണ് അവര്‍ മാനേജ്‌മെന്റ് തലത്തിലേക്ക് വരുന്നത്.
ഉന്നതവിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍
ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നന്നായി മനസിലാക്കിയിട്ടുള്ളവരാണ് യുവതലമുറ. പലരും വിദേശത്തുനിന്നോ ഇന്ത്യയില്‍ തന്നെയുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ ഉന്നതവിദ്യാഭ്യാസ ബിരുദങ്ങളും അതിനുശേഷം കോര്‍പ്പറേറ്റ് തലത്തില്‍ ജോലി ചെയ്ത് അനുഭവസമ്പത്തും നേടിയശേഷമാണ് കുടുംബ ബിസിനസിലേക്ക് കടക്കുന്നത്. പല കുടുംബ ബിസിനസുകളും അത് പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നു.
എസ്.ഐ പ്രോപ്പര്‍ട്ടി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്റ്റര്‍ അദ്വൈത് ആര്‍.എസ് എന്‍ജിനീയറിംഗിന് ശേഷം ഐ.എസ്.ബിയില്‍ നിന്നും മാനേജ്‌മെന്റ് ഫോര്‍ ഫാമിലി ബിസിനസില്‍ ബിരുദാനന്തരബിരുദം നേടിയിട്ടാണ് ബിസിനസില്‍ പ്രവേശിക്കുന്നത്. കുസാറ്റില്‍ നിന്ന് രണ്ടാം റാങ്കോടെ ബിടെക്കും അതിനുശേഷം പൂനെ സിംബയോസിസില്‍ നിന്ന് എം.ബി.എയും നേടി ജര്‍മ്മനിയില്‍ MAN കമ്പനിയില്‍ ഒരു വര്‍ഷത്തോളം ജോലിയും ചെയ്തിട്ടാണ് പൂങ്കുടി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡയറക്റ്റര്‍ റോഷന്‍ പൂങ്കുടി കുടുംബ ബിസിനസില്‍ സജീവമാകുന്നത്.
കോര്‍പ്പറേറ്റ് ലോകത്ത് നടക്കുന്നത് എന്താണെന്ന് മനസിലാക്കിയ ദിവസങ്ങളായിരുന്നു ജോലി ചെയ്ത കാലഘട്ടമെന്ന് റോഷന്‍ പറയുന്നു. വരാന്‍ പോകുന്ന 20 വര്‍ഷം മുന്നില്‍ക്കണ്ടാണ് വന്‍കിട കമ്പനികള്‍ പുതുമകളും പുതുസാങ്കേതികവിദ്യകളും കൊണ്ടുവരുന്നത്. റോഷന്റെ കണ്ണുതുറപ്പിച്ച അനുഭവമായിരുന്നു അത്.
കെയറോണ്‍ ഹെല്‍ത്ത്‌കെയര്‍ സൊല്യൂഷന്‍സിന്റെ
ഡയറക്റ്റര്‍ കോര ജെയിംസ് എന്‍ജിനീയറിംഗിന് ശേഷം
രണ്ടു വര്‍ഷത്തോളം കുടുംബ ബിസിനസില്‍ ജോലി ചെയ്തതിനുശേഷം ന്യൂസിലന്റില്‍ നിന്ന് എം.ബി.എ നേടി. സ്വന്തം സ്ഥാപനത്തെക്കുറിച്ചായിരുന്നു എം.ബി.എയ്ക്ക് പ്രോജക്റ്റ് ചെയ്തത്. ''ഐ.എസ്.ബിയിലെ ഫാമിലി ബിസിനസിനെക്കുറിച്ചുള്ള കോഴ്‌സ് എന്റെ ചിന്താഗതിയെതന്നെ മാറ്റിമറിച്ചു. കുടുംബ ബിസിനസ് എന്നത് നമുക്ക് കിട്ടിയ വലിയൊരു ഗിഫ്റ്റാണ്. നമ്മള്‍ അത് പണം കൊടുത്ത് വാങ്ങിയതല്ല. അതിനെ യാതൊരു കേടുപാടുമില്ലാതെ സംരക്ഷിച്ച് അടുത്ത തലമുറയിലേക്ക് കൈമാറേണ്ട ചുമതല നമുക്കുണ്ടെന്ന ചിന്ത തീര്‍ച്ചയായും രണ്ടാംതലമുറയിലെ സംരംഭകര്‍ക്ക് ഉണ്ടായിരിക്കണം.'' അദ്വൈത് പറയുന്നു.
പഠിച്ചതെല്ലാം അതേപടി ഉപയോഗിക്കല്ലേ....
ലോകത്തിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളില്‍ പഠിച്ച് യുവതലമുറ കുടുംബ ബിസിനസിലേക്ക് ഇറങ്ങുമ്പോഴുള്ള അവസ്ഥ അത്ര സുഗമമല്ല. ''പുതിയ തലമുറ ബിസിനസിലേക്ക് കയറുമ്പോള്‍ എപ്പോഴും പ്രശ്‌നങ്ങള്‍ പതിവാണ്. പലപ്പോഴും പ്രൊഫഷണല്‍ ആയിട്ടായിരിക്കില്ല പിതാവ് ബിസിനസ് തുടങ്ങുന്നത്. ആ സമയത്ത് വലിയ മല്‍സരം ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് വളരാനായി. മക്കള്‍ വിദേശത്തൊക്കെ പഠിച്ചിട്ട് തിരിച്ചു വരുമ്പോള്‍ പ്രശ്‌നങ്ങള്‍ തുടങ്ങുകയാണ്.
അവര്‍ പഠിച്ച മാനേജ്‌മെന്റ് സിസ്റ്റമൊന്നും ഇവിടെയുണ്ടാകില്ല. അത് നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് ഇഷ്ടപ്പെടില്ല. അവര്‍ മുറുമുറുപ്പ് തുടങ്ങും. അത് പിതാവിലേക്കെത്തും. പുതിയ രീതികളൊന്നും വേണ്ടെന്നായിരിക്കും അദ്ദേഹം പറയുന്നത്. ഇത് അംഗീകരിക്കാന്‍ പുതിയ തലമുറയ്ക്ക് കഴിയുന്നില്ല. പിതാവ് ഒന്ന് മാറിക്കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നെന്ന് ചിന്തിക്കുന്നവര്‍ കുറവല്ല. രണ്ടു കൂട്ടരുടെയും ചിന്താഗതിയില്‍ മാറ്റം വരണം.'' ബിസിനസ് കണ്‍സള്‍ട്ടന്റായ രഞ്ജിത്ത് പറയുന്നു.
ഇതേ അഭിപ്രായമാണ് ബിസിനസ് കണ്‍സള്‍ട്ടന്റായ ടിനി ഫിലിപ്പിനും. ''മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ഉപയോഗിക്കാവുന്ന കാര്യങ്ങളായിരിക്കും കേരളത്തിലെ ചെറിയ കമ്പനികളില്‍ പോലും അവര്‍ പരീക്ഷിച്ചു നോക്കുന്നത്. നിലവിലുള്ള ജീവനക്കാരെ കുറയ്ക്കാനും ബിസിനസ് സ്ട്രക്ചറിംഗിലുമൊക്കെ അവര്‍ ആദ്യമേ തന്നെ കൈവെക്കും. മുതിര്‍ന്ന ജീവനക്കാരുടെ മനോഭാവം അംഗീകരിക്കാന്‍ യുവതലമുറയ്ക്കും യുവതലമുറയുടെ മനോഭാവം അംഗീകരിക്കാന്‍ മുതിര്‍ന്ന ജീവനക്കാര്‍ക്കും മടിയായിരിക്കും. അവിടെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നു.'' അദ്ദേഹം പറയുന്നു.
ഇക്കാര്യത്തില്‍ വളരെ പക്വതയുള്ള നിലപാട് സ്വീകരിക്കുന്ന യുവസാരഥികളും കുറവല്ല. റോഷന്‍ പൂങ്കുടി ബിസി
നസിലേക്ക് എത്തിയപ്പോള്‍ പ്രായം ഒരു പ്രധാന വിഷയമായിരുന്നു, കാലഘട്ടത്തിന് അനുസരിച്ച് സ്ഥാപനത്തില്‍ മാറ്റം വരുത്തേണ്ടിയിരുന്നു. എന്നാല്‍ നിലവിലുള്ള സംവിധാനങ്ങളെ ശല്യപ്പെടുത്താതെ, ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ നിശബ്ദമായി അത് നടപ്പാക്കാന്‍ റോഷന് സാധിച്ചു.
''എം.ബി.എയ്ക്ക് പഠിച്ച പാഠങ്ങള്‍ അതേപടി പകര്‍ത്താന്‍ ഇവിടെ പ്രായോഗികതയുടെ പ്രശ്‌നമുണ്ടെങ്കിലും നമ്മുടെ ബിസിനസിന്റെ സ്വഭാവത്തിലേക്ക് മാറ്റി പ്രയോഗിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയിട്ടുണ്ട്.'' കാസര്‍കോഡ് പ്രവര്‍ത്തിക്കുന്ന ബിന്ദു ജുവലേഴ്‌സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ അഭിലാഷ് കെ.വി പറയുന്നു.
ടെക്‌നോളജി ഞങ്ങളുടെ വീക്ക്‌നെസ്
സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും പേര് മാത്രമല്ല കുടുംബവിശേഷങ്ങള്‍ പോലും അറിയാവുന്ന പിതാവിന്റെ സ്ഥാപനത്തിലേക്കാണ് മകന്‍ വന്‍കിട സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന എച്ച്.ആര്‍ സോഫ്റ്റ് വെയറുമായി ചെല്ലുന്നത്. ആദ്യം പിതാവ് തന്നെ കണ്ടം വഴി ഓടിച്ചുവെന്ന് മകന്‍.
ഒരു മീറ്റിംഗ് വിളിച്ചുകൂട്ടി എച്ച്.ആര്‍ സോഫ്റ്റ്‌വെയറിന്റെ ആവശ്യകതയും ഭാവിസാധ്യതകളും അതുവഴി സ്ഥാപനത്തിനും ഓരോ ജീവനക്കാരനും ഉണ്ടാകുന്ന പ്രയോജനങ്ങളും ബോധ്യപ്പെടുത്തുന്ന മികച്ചൊരു പ്രസന്റേഷന്‍ തന്നെ നടത്തി അച്ഛനെയും സോഫ്റ്റ്‌വെയറിനോട് മുഖം തിരിച്ച സീനിയര്‍ ജീവനക്കാരെയും ഒരുപോലെ കൈയ്യിലെടുത്തു യുവാവ്. മകന്‍ ബിസിനസിലേക്ക് വന്നപ്പോള്‍ സ്ഥാപനത്തിലുണ്ടായിരുന്നത് 35 ജീവനക്കാര്‍. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് സ്ഥാപനം 240 ജീവനക്കാരുമായി വളര്‍ന്നിരിക്കുന്നു.
സ്ഥാപനത്തില്‍ ടെക്‌നോളജിക്കല്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് പിന്നില്‍ യുവതലമുറയുടെ പങ്ക് വളരെ കൂടുതലാണ്. ''ടാലി സോഫ്റ്റ് വെയറായിരുന്നു ഞാന്‍ വരുന്ന സമയത്ത് സ്ഥാപനത്തില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ മാനുഫാക്ചറിംഗ് മേഖലയ്ക്ക് കൂടുതല്‍ അനുയോജ്യമായ സോഫ്റ്റ് വെയറിലേക്ക് മാറാന്‍ തീരുമാനിച്ചു. മാത്രമല്ല ഫാക്റ്ററിയില്‍ ഓട്ടോമേഷന്‍ കൊണ്ടുവന്നു. ലൈന്‍ പ്രൊഡക്ഷന്‍ ആവിഷ്‌കരിച്ചു.'' മെഡിക്കല്‍ ഡിസ്‌പോസി
ബിള്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളായ കെയറോണ്‍ ഹെല്‍ത്ത്‌കെയറിന്റെ ഡയറക്റ്ററായ കോര ജെയിംസ് പറയുന്നു.
നിലമ്പൂര്‍ ഫര്‍ണിച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററായ റ്റിജോ തോമസ് പരമ്പരാഗതമായ തങ്ങളുടെ ബിസിനസിന്റെ ഓണ്‍ലൈന്‍ സാന്നിധ്യം ശക്തമാക്കി. ഗൂഗിള്‍ റാങ്കിംഗില്‍ ആദ്യ മൂന്ന് റാങ്കുകളില്‍ ഗ്രൂപ്പിനെ എത്തിക്കാനായത് ബ്രാന്‍ഡിന്റെ പ്രതിച്ഛായ ഉയര്‍ത്താന്‍ സഹായകമായി.
അതിരുകളില്ലാത്ത ലക്ഷ്യങ്ങള്‍
നമ്മള്‍ ഇങ്ങനെ ഇവിടെ തന്നെ ഒതുങ്ങിക്കൂടിയാല്‍ മതിയോ? എന്ന ചോദ്യം യുവാക്കളില്‍ നിന്ന് വരുമ്പോഴാണ് പല കുടുംബ ബിസിനസുകളും ബിസിനസ് രാജ്യാന്തരതലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ തുടങ്ങുന്നത്.
കോര ജെയിംസ് ബിസിനസിലേക്ക് വരുമ്പോള്‍ കമ്പനി കേരളത്തില്‍ 80 ശതമാനത്തോളം വിപണി നേടിക്കഴിഞ്ഞിരുന്നു. ഇനിയൊന്നും ഇവിടെ ചെയ്യാനില്ല എന്ന ഘട്ടത്തിലാണ് ഇന്ത്യ മുഴുവന്‍ നിറയുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചത്. അതില്‍ ഏറെക്കുറെ മുന്നേറിക്കൊണ്ടിരിക്കുന്ന സ്ഥാപനത്തിനെ രാജ്യാന്തരവിപണിയിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് കോര. ആദ്യം ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നേടി. ഇപ്പോള്‍ ലോകവിപണി ലക്ഷ്യം വെച്ച് സി.ഇ എന്ന സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നു.
റോഷന്‍ പൂങ്കുടി ബിസിനസിലെത്തുമ്പോള്‍ സെയ്ല്‍സ് & സര്‍വീസ് സെന്ററുകളുടെ എണ്ണം അഞ്ച് ആയിരുന്നെങ്കില്‍ ഇന്നത് ഒമ്പതായി. പത്താമത്തേതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. അതുപോലെ തങ്ങളുടെ ഓട്ടോമൊബീല്‍ സ്‌പെയര്‍പാര്‍ട്‌സ് വിതരണം ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഓട്ടോ കമ്പോണന്റ്‌സ് മേഖലയില്‍ മാനുഫാക്ചറിംഗിലേക്ക് കടന്നു.
സ്വന്തമായി Zaan എന്ന ബ്രാന്‍ഡ് ആരംഭിച്ചു. കാലാനുഗതമായമാറ്റങ്ങള്‍ വരുത്തുന്നു പുതിയൊരു ലക്ഷ്യബോധത്തോടെയും പുതു ഊര്‍ജ്ജത്തോടെയുമാണ് പുതിയ തലമുറ ബിസിനസിലേക്ക് വരുന്നത്. ചെറിയ ചെറിയ മാറ്റങ്ങളിലൂടെ ഇവര്‍ ബിസിനസിനെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ച് നടത്തുന്നു. ഉദാഹരണത്തിന് നിലമ്പൂര്‍ ഫര്‍ണിച്ചറിലെ പുതുതലമുറ അംഗമായ റ്റിജോ തോമസ് എത്തുന്നതുവരെ കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത് ഫര്‍ണിച്ചറുകളുടെ ആകര്‍ഷകമായ ഡിസൈനുകള്‍ക്കായിരുന്നു. എന്നാല്‍ ഇരിപ്പിനും ആരോഗ്യത്തിനും കൂടുതല്‍ മെച്ചമായ എര്‍ഗോണമിക്കല്‍ ശൈലിയിലേക്ക് ഫര്‍ണിച്ചറുകളെ മാറ്റിയെടുക്കാന്‍ റ്റിജോയ്ക്ക് ആയി. അത് ബിസിനസില്‍ പ്രതിഫലിച്ചു.
അഭിലാഷ് കെ.വിയും ഇതേ പാതയിലാണ് സഞ്ചരിച്ചത്. ''ആഭരണ വിതരണക്കാര്‍ നല്‍കുന്ന ഡിസൈനുകളില്‍ തൃപ്തിയടയാന്‍ അച്ഛന് കഴിഞ്ഞിരുന്നു. തൃശൂരില്‍ നിന്നും മുബൈയില്‍ നിന്നും ഇത്തരത്തില്‍ ആഭരണങ്ങള്‍ എത്തിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ കൂടുതല്‍ നവീനമായ ഡിസൈനുകള്‍ തേടിപ്പിടിച്ച് എത്തിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തിനകത്തും പുറത്തുമുള്ള പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നു. ആഭരണമേഖലയിലെ ഓരോ പുതിയ മാറ്റങ്ങളും അറിയാന്‍ ശ്രമിക്കുന്നു. അതിലൂടെ ഉപഭോക്താവ് ആഗ്രഹിക്കുന്ന ഡിസൈനുകള്‍ നല്‍കാന്‍ സാധിക്കുന്നു'' അഭിലാഷ് പറയുന്നു.
പുതിയ മേഖലകളിലേക്ക് യുവതലമുറയുടെ അഭിരുചികള്‍ വ്യത്യസ്തമാണ്. കഴിവുകളും. തങ്ങള്‍ക്ക് താല്‍പ്പര്യവും അറിവുമുള്ള മേഖലകളില്‍ അവര്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നു. അല്ലെങ്കില്‍ കുടുംബ ബിസിനസിനെ പുതിയ വഴിത്താരകളിലേക്ക് നയിക്കുന്നു. അതിനായി ചില റിസ്‌കുകള്‍ എടുക്കാനും അവര്‍ക്ക് മടിയില്ല. മിക്ക കുടുംബ ബിസിനസുകളും അതിന് അവരെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് ഇപ്പോള്‍ എടുക്കുന്നത്. ആറു പതിറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന സ്ഥാപനമായ ശ്രീ ഗണേഷ് കുറീസ് കേരള പ്രൈവറ്റ് ലിമിറ്റഡിനെ ഐറ്റി മേഖലയിലേക്ക് വൈവിധ്യവല്‍ക്കരണം നടത്തിയത് യുവതലമുറയിലെ അംഗവും എക്‌സിക്യൂട്ടിവ് ഡയറക്റ്ററുമായ നിശാന്ത് സുരേഷ് ആയിരുന്നു.
ഫോഴ്‌സ് മോട്ടോഴ്‌സ്, ങഅച ട്രക്കുകളുടെ ഡീലറും ഓട്ടോമൊബീല്‍ സ്‌പെയര്‍ പാര്‍ട്‌സ് ഡിസ്ട്രിബ്യൂട്ടറുമായ പൂങ്കുടി ഗ്രൂപ്പിനെ പുതിയ മേഖലകളിലേക്ക് വളര്‍ത്തുന്നത് റോഷന്‍ പൂങ്കുടിയുടെ നേതൃത്വത്തിലാണ്. ഗ്രൂപ്പ് ഇതേവരെ കൈവെച്ചിട്ടില്ലാത്ത മേഖലകളായ റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, എഡ്യുക്കേഷന്‍ രംഗങ്ങളിലേക്ക് കടക്കുകയാണ്. അപ്പാര്‍ട്ട്‌മെന്റ് പ്രോജക്റ്റുകള്‍, ഹോട്ടലുകള്‍, സ്‌കൂള്‍...എന്നിങ്ങനെ പുതിയ സംരംഭങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ ഗ്രൂപ്പിനെ നയിക്കുകയാണ് റോഷന്‍.
ഞങ്ങള്‍ സുഹൃത്തുക്കള്‍
'ഗോഡ്ഫാദര്‍' സിനിമയിലെ എന്‍.എന്‍ പിള്ള ശൈലിയില്‍ മക്കളെ വരച്ച വരയില്‍ നിര്‍ത്തുന്ന പിതാക്കന്മാരുടെ കാലം മാറി. മുന്‍തലമുറയിലെ പിതാക്കന്മാരില്‍ കൂടുതലും വളരെ കണിശമായ നിലപാടായിരുന്നു തങ്ങളുടെ മക്കളോട് കാണിച്ചിരുന്നത്. എന്നാല്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുവളര്‍ന്ന ഇപ്പോഴത്തെ പിതാക്കന്മാര്‍ തങ്ങളുടെ മക്കളോട് സുഹൃത്ബന്ധമാണ് പുലര്‍ത്തുന്നത്.
വീട്ടില്‍ കളിചിരികള്‍ നിറയുമ്പോഴും ഓഫീസിലെത്തുമ്പോള്‍ ബന്ധം കൂടുതല്‍ പ്രൊഫഷണല്‍ ആകും. ''തെറ്റ് ഉണ്ടെന്ന് കണ്ടാല്‍ പിതാവ് അത് തിരുത്താന്‍ പറയും. ആ അഭിപ്രായം ശരിയാണെന്ന് വിശ്വസിക്കുന്നതിനാല്‍ അനുസരിക്കും. അഭിപ്രായ ഭിതന്നയുടെ പ്രശ്‌നം ഉദിക്കുന്നില്ല. ഏത് കാര്യവും പരസ്പരം ബോധ്യപ്പെടുത്തി മാത്രമാണ് ചെയ്യുക.'' കണ്ണൂരിലെ ടൈല്‍ സോണിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ഷക്കീര്‍ പി.പി പറയുന്നു.
പുതിയ തലമുറയുടെ രീതികളെ മനസുകൊണ്ട് അംഗീകരിക്കാനാകാത്ത വലിയൊരു വിഭാഗവും കുടുംബ ബിസിനസിലുണ്ട്. തങ്ങളിലുള്ള മാതാപിതാക്കളുടെ
അമിത പ്രതീക്ഷകള്‍ വല്ലാത്ത സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്ന് യുവതലമുറ പറയുന്നു. താരതമ്യപ്പെടുത്തലുകള്‍ പലപ്പോഴും യുവതലമുറയ്ക്ക് അസഹ്യമാകുന്നു. ''ജോലി ചെയ്യാതെ കൂടുതല്‍ വരുമാനവും സ്ഥാനവും ആഗ്രഹിക്കുന്നതും ആഡംബര പ്രിയരാകുന്നതുമായ സ്വഭാവം യുവതലമുറയില്‍ വലിയൊരു ശതമാനത്തിനുമുണ്ട്.
വിമര്‍ശനങ്ങളെയും തിരുത്തലുകളെയും അവര്‍ക്ക് അംഗീകരിക്കാനാകുന്നില്ല.'' മൂന്നാം തലമുറയിലെ പത്തോളം യുവസാരഥികളെ നയിക്കുന്ന കുടുംബ ബിസിനസ് സാരഥി പറയുന്നു.
സ്വാതന്ത്ര്യം വേണം
വലിയ ലക്ഷ്യങ്ങളുമായി ആകാശത്തേക്ക് ഉയര്‍ന്നുപറക്കാന്‍ ആഗ്രഹിക്കുന്നവരാണ് യുവസാരഥികള്‍. അവര്‍ ബിസിനസില്‍ ഏറെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. യാത്രകളോട് പാഷന്‍ ആണ് അവര്‍ക്ക്. എന്നാല്‍ ഈ സ്വഭാവത്തെ അത്രയ്‌ക്കൊന്നും അംഗീകരിച്ചുകൊടുക്കാന്‍ മുതിര്‍ന്ന തലമുറ തയാറാകുന്നില്ല. വീടും ഓഫീസുമായിരുന്നാല്‍ എങ്ങനെ പുതിയ ആശയങ്ങള്‍ ലഭിക്കും? ലോകത്തെ മാറ്റങ്ങള്‍ എങ്ങനെയറിയും? എന്ന് യുവതലമുറ ചോദിക്കുന്നു. ദൈനംദിന കാര്യങ്ങളില്‍ ഇടപടേണ്ട. പകരം സ്ഥാപനത്തിന് വളരാന്‍ പുതിയ അവസരങ്ങള്‍ തേടുകയാണ് ചെയ്യേണ്ടതെന്ന മനോഭാവമാണ് യുവതലമുറയ്ക്ക്.