

കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ ബോണ്ട് വാങ്ങാന്‍ ഫെബ്രുവരി 4നും 8നും ഇടയില്‍ അവസരം. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആറാമത്തെയും അവസാനത്തെയും സ്വര്‍ണ ബോണ്ട് വിതരണമാണിത്. പണമോ ചെക്കോ നല്‍കുമ്പോഴാണ് ഈ ബോണ്ടുകള്‍ നിങ്ങള്‍ക്ക് ലഭിക്കുക.
എന്താണ് സ്വര്‍ണ നിക്ഷേപ പദ്ധതി
സ്വര്‍ണമായി വാങ്ങാതെ തുല്യമായ തുകയ്ക്കുള്ള സ്വര്‍ണ നിക്ഷേപ സര്‍ട്ടിഫിക്കറ്റ് അഥവാ സ്വര്‍ണ ബോണ്ടിന്റെ രൂപത്തില്‍ വാങ്ങുന്നതിനായി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് ആവിഷ്‌കരിച്ചതാണ് സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതി. സ്വര്‍ണത്തിന്റെ വിപണി വിലയ്‌ക്കൊപ്പം 2.50 ശതമാനം പലിശ കൂടി നിക്ഷേപകന് ലഭിക്കും എന്നതാണ് സ്വര്‍ണ ബോണ്ടിന്റെ പ്രധാന പ്രത്യേകത. ഈ പലിശയെ സ്രോതസ്സിലെ ആദായനികുതി (TDS) പിടിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബോണ്ട് കാലാവധി പൂര്‍ത്തിയാകുന്ന സമയത്തെ സ്വര്‍ണ നിരക്കിനെ അടിസ്ഥാനമാക്കി ഇതിനെ പണമാക്കി മാറ്റാവുന്നതാണ്. കാലാവധി പൂര്‍ത്തിയാകുന്നതു വരെ ബോണ്ട് കൈവശം വച്ചിട്ടുണ്ടെങ്കില്‍ മൂലധന നേട്ടത്തിന്മേല്‍ ആദായ നികുതി ഈടാക്കുകയുമില്ല.
ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ മൂന്ന് ദിവസത്തെ സ്വര്‍ണവിലയുടെ (24 കാരറ്റ്) ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഒരു യൂണിറ്റ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വര്‍ഷം കുറഞ്ഞത് 1 ഗ്രാമും പരമാവധി 4 കിലോ വരെയുള്ള സ്വര്‍ണ്ണത്തിന് തുല്യമായ നിക്ഷേപമാണ് നടത്താനാവുക.
ഡിജിറ്റൽ അപേക്ഷ
സ്വര്‍ണ ബോണ്ടിനായി ഡിജിറ്റലായി അപേക്ഷിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ് നല്‍കാന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്. ജനുവരിയില്‍ വിതരണം ചെയ്ത ഒരു ഗ്രാമിന് തുല്യമായ സ്വര്‍ണ ബോണ്ടിന്റെ നിരക്ക് 3214 രൂപയായിരുന്നു. അതേസമയം, ഇതിനായി ഡിജിറ്റല്‍ രീതിയില്‍ അപേക്ഷിച്ചവരില്‍ നിന്ന് 50 രൂപ ഡിസ്‌കൗണ്ട് കഴിച്ചിട്ട് ഗ്രാമിന് 3164 രൂപയേ ഈടാക്കിയിട്ടുള്ളൂ. ഇത്തവണവയും ഡിജിറ്റലായി സ്വര്‍ണ ബോണ്ടിനു വേണ്ടി അപേക്ഷിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ് ലഭിക്കും.
എങ്ങനെ വാങ്ങാം
ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങൾ, തപാല്‍ ഓഫീസ്, സ്റ്റോക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ശാഖകള്‍, ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയിലൂടെയും ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാവുന്നതാണ്. ഈ ബോണ്ടുകളെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന സര്‍ട്ടിഫിക്കറ്റായോ സാധാരണ ഓഹരികള്‍ വാങ്ങുന്നതു പോലെ ഡീമാറ്റ് അക്കൗണ്ട് രൂപത്തിലോ മാത്രമേ സൂക്ഷിക്കാനാകൂ.
എന്താണ് മെച്ചം?
കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആയതിനാല്‍ നിക്ഷേപത്തിനും പലിശയ്ക്കും സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്. ഫിസിക്കല്‍ സ്വര്‍ണം വാങ്ങുമ്പോഴുള്ള മോഷണ സാധ്യതയില്ല എന്നു മാത്രമല്ല സ്വര്‍ണം വാങ്ങുമ്പോള്‍ ഈടാക്കുന്ന പണിക്കൂലിയോ 3 ശതമാനം ചരക്കു സേവന നികുതിയോ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 0.25 ശതമാനം സെസ്സോ സ്വര്‍ണ ബോണ്ടിന് ബാധകമല്ല.
2018 ഡിസംബര്‍ 31ന് 24 കാരറ്റിന്റെ ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന്റെ വില 24,736 രൂപയായിരുന്നത് ജനുവരി 31 ആയപ്പോഴേക്കും 25,832 രൂപയായി ഉയര്‍ന്നു. ഒരു മാസം കൊണ്ട് 1096 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്. ഇത്തരത്തില്‍ സ്വര്‍ണ വിലയിലുണ്ടായ വര്‍ധന സ്വര്‍ണ ബോണ്ടിന്റെ വിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine