പ്രാദേശിക ബ്രാന്‍ഡിനെ എങ്ങനെ ഒരു രാജ്യാന്തര ബ്രാന്‍ഡാക്കി മാറ്റാം?
കേരളത്തിലോ അല്ലെങ്കില്‍ ദേശീയതലത്തിലോ വിപണി നേടുന്നതിനെക്കാള്‍ വളരെയേറെ പ്രധാനമാണ് രാജ്യാന്തര വിപണിയിലേക്ക് കടന്നുചെല്ലുകയെന്നത്. ബ്രാന്‍ഡ് ഉടമകളെ സംബന്ധിച്ചിടത്തോളം അത് വലിയൊരു വെല്ലുവിളിയാണ്. എന്നാല്‍ രാജ്യാന്തര വിപണികളിലേക്ക് എത്തിക്കഴിഞ്ഞാല്‍ ഒരു ആഗോള ബ്രാന്‍ഡിന്റെ ഉടമയെന്ന നിലയിലുള്ള അംഗീകാരവും അഭിമാനവും സംരംഭകന് ഉണ്ടാകുമെന്ന് മാത്രമല്ല ബ്രാന്‍ഡിന്റെ മൂല്യം കുത്തനെ വര്‍ദ്ധിക്കുകയും ചെയ്യും.
ഒരു ഗ്ലോബല്‍ ബ്രാന്‍ഡ് എന്ന സ്വപ്‌നത്തിലേക്ക് ചുവടുവക്കുന്നതിന് മുന്‍പ് നിങ്ങളുടെ ബ്രാന്‍ഡിന് ആഗോള വിപണന സാദ്ധ്യതയും അതിലേക്കായുള്ള ഗുണമേന്മയും ഉണ്ടായിരിക്കണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അതോടൊപ്പം തന്നെ മറ്റുള്ള അനേകം സാഹചര്യങ്ങളും വസ്തുതകളും പരിഗണിച്ചുകൊണ്ട് മാത്രമേ നിങ്ങളുടെ പ്രാദേശിക ബ്രാന്‍ഡിനെ ഒരു ആഗോള ബ്രാന്‍ഡാക്കി മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ. അതിലേക്കായി ഒരു സംരംഭകന്‍ ചുവടെ കൊടുത്തിട്ടുള്ള ചില സുപ്രധാന ഘടകങ്ങള്‍ കൂടി കണക്കിലെടുക്കുന്നത് ഗുണകരമായിരിക്കും.
* ഏത് രാജ്യത്തെ വിപണിയിലേക്കാണോ നിങ്ങള്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നത് അവിടത്തെ പ്രശസ്തമായ ബ്രാന്‍ഡുകള്‍ അല്ലെങ്കില്‍ വിതരണ ശൃംഖലകള്‍ എന്നിവയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുക. ചെറുകിട, പ്രദേശിക ബ്രാന്‍ഡുകള്‍ക്ക് ഇതാണ് ഏറ്റവും സുഗമവും അനുയോജ്യവുമായ മാര്‍ഗമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു
* പ്രശസ്ത ബ്രാന്‍ഡുകളുമായുള്ള സംയുക്ത സംരംഭങ്ങള്‍, തന്ത്രപരമായ പങ്കാളിത്തം എന്നിവയിലൂടെ നിങ്ങളുടെ ബ്രാന്‍ഡിനും പ്രശസ്തി നേടാനാകും. ഇതിലൂടെ വിദേശ വിപണിയിലെ നിയമപരമായ പ്രവര്‍ത്തനവും ഉറപ്പാക്കാനാകും
* പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്ന സംരംഭത്തിന്റെ വിപണിയിലുള്ള കരുത്ത് (മാര്‍ക്കറ്റിംഗ് സംവിധാനങ്ങള്‍, ഷോപ്പുകള്‍, ജീവനക്കാര്‍, വാഹനങ്ങള്‍ തുടങ്ങിയവ) നിങ്ങളുടെ ബ്രാന്‍ഡിന്റെ വളര്‍ച്ചയെ സഹായിക്കും
* നിശ്ചിത വിപണിയിലെ ഡിമാന്‍ഡ്് കണ്ടെത്തി അത് നിറവേറ്റാന്‍ ശ്രമിക്കുക. ഉദാഹരണത്തിന് അമേരിക്കയിലെയും യൂറോപ്പിലെയും ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള എത്തനിക് കമ്മ്യൂണിറ്റിക്ക് തേങ്ങ വേണ്ടത്ര ലഭ്യമല്ലാത്തതിനാല്‍ അവര്‍ക്ക് പാചകത്തിനായി കോക്കനട്ട് മില്‍ക്ക് ടിന്നിലാക്കി നല്‍കിക്കൊണ്ടാണ് ബീറ്റ ഗ്രൂപ്പ് വിപണി നേടിയെടുത്തതെന്ന് കമ്പനിയുടെ ചെയര്‍മാനായ ഡോ.ജെ.രാജ്‌മോഹന്‍ പിള്ള ചൂണ്ടിക്കാട്ടുന്നു.
* ഓരോ രാജ്യങ്ങളിലെയും വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, നികുതികള്‍, നിയമപരമായ മറ്റ് ബാദ്ധ്യതകള്‍ എന്നിവയൊക്കെ വ്യത്യസ്തമാണ്. അതിനാല്‍ അവയെക്കുറിച്ചൊക്കെ കൃത്യമായ ധാരണ സംരംഭകനുണ്ടായിരിക്കണം
* പ്രോഡക്ട് ക്വാളിറ്റി, പാക്കേജിംഗ്, വിപണി, ടാര്‍ജറ്റ് ഗ്രൂപ്പ്്്, പ്രൈസിംഗ് എന്നിവ തമ്മിലുള്ള റിലേഷന്‍ഷിപ്പ് മനസിലാക്കിയായിരിക്കണം ഉല്‍പന്നത്തിന്റെ വില നിശ്ഛയിക്കേണ്ടത്.
* ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ മനസിലാക്കുകയെന്നതാണ് മറ്റൊരു പ്രധാന വസ്തുത. ഉദാഹരണമായി ഫാസ്റ്റ് ഫുഡ് ശൃംഖലകളായ കെന്റക്കി ഫ്രൈഡ് ചിക്കന്‍, മക്‌ഡൊണ്‍ഡ്‌സ് തുടങ്ങിയവ ഇന്ത്യയിലേക്ക് വന്നപ്പോള്‍ അവരുടെ ഫുഡിലെ ചേരുവകളില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ രുചിക്ക് അനുസരണമായുള്ള ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു
* ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ക്വാളിറ്റിയിലും ക്വാണ്ടിറ്റിയിലും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക. കാരണം വിലയെക്കാള്‍ ഗുണമേന്മക്കും സൗകര്യത്തിനുമാണ് വിദേശികള്‍ പ്രാമുഖ്യം നല്‍കുന്നത്്
* ഏത് വിഭാഗത്തെയാണ് അഥവാ ഏത് പ്രായത്തിലുള്ള ഉപഭോക്താക്കളെയാണ് നിങ്ങളുടെ ഉല്‍പ്പന്നം ലക്ഷ്യമിടുന്നതെന്ന വ്യക്തമായൊരു ധാരണ സംരംഭകനുണ്ടായിരിക്കണം. ഉദാഹരണമായി അമേരിക്കയിലെ സായിപ്പന്മാര്‍ക്കായി ബീറ്റ ഗ്രൂപ്പ് കശുവണ്ടി നല്‍കിയപ്പോള്‍ അവിടത്തെ ഇന്ത്യന്‍ വംശജര്‍ക്കായി തേങ്ങാപ്പാലാണ് കമ്പനി കൊടുത്തത്.
* വിപണിയിലെത്തിക്കുന്ന ഉല്‍പ്പന്നം എപ്പോഴും ഫ്രഷ് ആയിരിക്കണം. 6 മാസം കാലാവധിയുള്ള ഉല്‍പ്പന്നങ്ങള്‍ പോലും മാനുഫാക്ചറിംഗ് ഡേറ്റ് കഴിഞ്ഞ് 3 മാസം പിന്നിട്ടാല്‍ ഉപയോഗശൂന്യമാണെന്നാണ് വിദേശികള്‍ ചിന്തിക്കുന്നത്
* ഉല്‍പ്പന്നത്തെക്കുറിച്ച് ലേബലിലുള്ള വിവരണം ഇംഗ്ലീഷില്‍ മാത്രമല്ല അതാത് പ്രാദേശിക ഭാഷയിലും നല്‍കണം. എങ്കില്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് നിങ്ങളുടെ ബ്രാന്‍ഡുമായുള്ള അടുപ്പം വര്‍ദ്ധിക്കുകയുള്ളൂ
* അതേസമയം നിങ്ങളുടെ ബ്രാന്‍ഡ് നെയിമിനെ അതേപടി പ്രാദേശിക ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുകയാണെങ്കില്‍ അതിന്റെ അര്‍ത്ഥമെന്താണെന്നുകൂടി ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ അബദ്ധമായേക്കും. കൊക്കോ-കോളയെ അതേപടി ചൈനീസിലേക്ക് മാറ്റിയതുള്‍പ്പെടെയുള്ള നിരവധി ഉദാഹരണങ്ങള്‍ ഇതിനുണ്ട്.
* ഇന്നൊവേഷന് പ്രാമുഖ്യം നല്‍കിക്കൊണ്ട് എപ്പോഴും ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ, സവിശേഷതകള്‍ എന്നിവയൊക്കെ നിരന്തരം വര്‍ദ്ധിപ്പിക്കുക. ഇത്തരം ആര്‍&ഡി പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരിക്കലും ഒരു ആഗോള ബ്രാന്‍ഡിന്റെ ഉടമ പിന്നോക്കം പോകാന്‍ പാടില്ലെന്നാണ് വിദഗ്ധരുടെ നിര്‍ദേശം