ലോക്ഡൗണ്‍ കഴിയുമ്പോള്‍ പുറത്തുവരേണ്ടത് നിങ്ങളുടെ 'ബെറ്റര്‍ വേര്‍ഷന്‍' ബിസിനസ് കോച്ച് സജീവ് നായര്‍

By Sajeev Nair

ലോക് ഡൗണ്‍ എന്നത് സമാനതകളില്ലാത്ത അവസ്ഥയാണ്. ഇപ്പോഴത്തെ അവസ്ഥ എത്രനാളത്തേക്ക് പോകുമെന്ന് പോലും അറിയില്ല. പക്ഷെ എനിക്ക് പറയാനുള്ളത് ഓരോരുത്തരും തങ്ങളുടെ പ്രധാന മേഖല ഏതാണോ അതില്‍ പരിപൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ് ഇതെന്നാണ്. ഈ മേഖലയുടെ ഭാവി എന്താണ്? ആഗോളതലത്തില്‍ ഈ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഏതൊക്കെയാണ്? നാം എങ്ങനെയാണ് മാറേണ്ടത്? തുടങ്ങിയ കാര്യങ്ങള്‍ ചിന്തിച്ച് ആസൂത്രണം ചെയ്യാന്‍ കുറച്ചുസമയം മാറ്റിവെക്കണം.

എപ്പോഴും സംരംഭകരോട് പറയാറുള്ള ഒരു കാര്യം സ്വന്തമായ ഒരു മേഖല കണ്ടെത്തി അതില്‍ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടുപോകണമെന്നാണ്. പക്ഷെ പല സംരംഭകര്‍ക്കും പറ്റാറുള്ള അബദ്ധം അവര്‍ ലാഭക്ഷമത നോക്കിയാണ് പല ബിസിനസുകളിലേക്കും ഇറങ്ങിയിരുന്നത് എന്നതാണ്. പലതിലും മാറിമാറി ഭാഗ്യം പരീക്ഷിക്കുന്നവരുണ്ട്. അതിന് പകരം നിങ്ങളുടേതായ മേഖലയില്‍ പരമാവധി വൈദഗ്ധ്യം നേടാനായി ഈ സമയം ചെലവഴിക്കുക. സ്വയം ഒരുക്കം നടത്തുക. ഇന്റര്‍നെറ്റില്‍ റിസര്‍ച്ചുകള്‍ നടത്തുക. പുതിയ സ്‌കില്ലുകള്‍ സ്വായത്തമാക്കുക. എന്നാല്‍ പലര്‍ക്കും സ്വന്തം മേഖല ഏതാണെന്നുപോലും അറിയാത്ത അവസ്ഥയാണ്. പ്രൊഫഷണലുകളുടെ കാര്യവും ഇതിന് സമാനമാണ്.

വൈദഗ്ധ്യത്തിലേക്കുള്ള യാത്രയില്‍ നാല് കാര്യങ്ങളാണ് പ്രധാനമായുള്ളത്.

  1. നിങ്ങള്‍ക്ക് ചെയ്യാന്‍ ഇഷ്ടമുള്ള കാര്യം ഏതാണ്?
  2. അത് ചെയ്യാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാക്കിയെടുക്കാന്‍ പറ്റുമോ?
  3. ഈ കാര്യത്തിന് ലോകത്ത് ഡിമാന്റ് ഉണ്ടോ?
  4. ഇതിന് സാമ്പത്തികമൂല്യം ചേര്‍ക്കാന്‍ പറ്റുന്നുണ്ടോ?

ഈ നാല് കാര്യങ്ങളും ചേരുന്ന ബിസിനസുകള്‍ വളരെ കുറവാണ്. അഥവാ ഉണ്ടെങ്കില്‍ അവര്‍ ആ മേഖലകളില്‍ മികച്ചുനില്‍ക്കുന്നതായി കാണാനാകും.

ഇത്തരത്തില്‍ ഇതുവരെ സ്വന്തം മേഖല കണ്ടെത്തിയിട്ടില്ലാത്തവര്‍ ഈ സമയത്ത് അതിനായി ശ്രമിക്കണം. നിങ്ങള്‍ക്ക് പെഴ്‌സണല്‍ കോച്ചോ മെന്റര്‍മാരോ ഉണ്ടെങ്കില്‍ അവരുടെ സഹായം തേടാവുന്നതാണ്.

വ്യക്തിപരമായി ഈ സമയം ഞാന്‍ ഏറെ ഫലപ്രദമായി റിസര്‍ച്ചുകള്‍ ചെയ്യാനായി ചെലവഴിക്കുന്നു. മുമ്പ് എഴുന്നേറ്റിരുന്നതിലും നേരത്തെയാണ് ഞാനിപ്പോള്‍ എഴുന്നേല്‍ക്കുന്നത്. കാരണം എനിക്കറിയാം ഞാന്‍ വൈദഗ്ധ്യം നേടേണ്ട മേഖല ഏതാണെന്ന്. അത് അറിയാവുന്നവരൊന്നും നിരാശപ്പെട്ടിരിക്കുകയോ വെറുതെയിരിക്കുകയോ ചെയ്യില്ല. അവരെല്ലാം തിരക്കിലാണ്. നിങ്ങളും നിങ്ങളുടെ മേഖലയെക്കുറിച്ച് പഠനങ്ങള്‍ നടത്തുക, പുതിയ ജീവിതരീതികള്‍ ആവിഷ്‌കരിക്കുക, പുതിയ സ്‌കില്ലുകള്‍ നേടുക, എഴുതുക... തുടങ്ങി ജീവിതത്തില്‍ വിജയിക്കണമെന്ന ആഗ്രഹത്തോടെ സ്വന്തം മേഖലകള്‍ കണ്ടെത്തിയിട്ടുള്ളവര്‍ അതില്‍ പ്രാവീണ്യം കൂട്ടാനായി ഈ സമയം ഉപയോഗിക്കുക. അല്ലാത്തവര്‍ സ്വന്തം മേഖല കണ്ടെത്താനായി ഇനിയെങ്കിലും സമയം ചെലവഴിക്കുക.

ഈ ലോക്ഡൗണ്‍ കഴിഞ്ഞ് ലോകം തുറക്കുമ്പോള്‍ നിങ്ങളുടെ 'ബെറ്റര്‍ വേര്‍ഷന്‍' ആയിരിക്കണം പുറത്തുവരേണ്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Sajeev Nair
Sajeev Nair  

Serial Entrepreneur, Peak Performance Strategist & Author

Related Articles
Next Story
Videos
Share it