കമ്പനിയുടെ മൂല്യം കൂട്ടാന്‍ 9 വഴികള്‍


ദീപാലക്ഷ്മി

നിങ്ങളൊരു വീട് വില്‍ക്കാന്‍ പോവുകയാണെന്നും അത് വിറ്റാല്‍ ഒരു 75 ലക്ഷം രൂപ കിട്ടുമെന്നും വിചാരിക്കുക. നിലവില്‍ അതിന്റെ അറ്റകുറ്റപ്പണികള്‍ ഒന്നും ചെയ്തിട്ടില്ല. ഇനി രണ്ട് ലക്ഷം രൂപ ചെലവഴിച്ച് വീട് പെയ്‌ന്റൊക്കെ അടിച്ച് അറ്റകുറ്റപ്പണികള്‍ നടത്തി ഭംഗയാക്കിയ ശേഷമാണ് വില്‍ക്കുന്നതെങ്കില്‍ 10 ലക്ഷം രൂപ അധികം കിട്ടിയേക്കും.

അതേപോലെയാണ് ബിസിനസിന്റെ കാര്യത്തിലും, ബിസിനസിന് ഉയര്‍ന്ന വാല്വേഷനുണ്ടെങ്കില്‍ അത് കമ്പനി ഉടമകളെ വിവിധ തരത്തില്‍ സഹായിക്കും. കമ്പനി വില്‍ക്കുമ്പോഴോ അല്ലെങ്കില്‍ ഓഹരി വിറ്റഴിക്കുമ്പോഴോ ഒക്കെ ഉയര്‍ന്ന വില നേടാം. ഏതൊരു ഫണ്ട് സമാഹരണ പദ്ധതിയിലും ഓഹരി വില്‍ക്കുന്നത് വാല്വേഷനെ അടിസ്ഥാനപ്പെടുത്തിയാണ്. കമ്പനിയുടെ മൂല്യം കൂടുതലാണെങ്കില്‍ കുറച്ച് ഓഹരികള്‍ വിറ്റഴിച്ചാല്‍ മതിയാകും. മൂല്യം കുറവാണെങ്കില്‍ നേരെ തിരിച്ചും. ഇത്തരം സാഹചര്യത്തില്‍ പല സംരംഭകരുടേയും ചോദ്യമാണ് എങ്ങനെ എന്റെ ബിസിനസിന്റെ വാല്വേഷന്‍ ഉയര്‍ത്താം? സാമ്പത്തികമായതും അല്ലാത്തതുമായ നിരവധി ഘടകങ്ങള്‍ വാല്വേഷന്‍ കൂട്ടാന്‍ സഹായിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം.

1. സ്റ്റേറ്റ്‌മെന്റുകള്‍ വിശകലനം ചെയ്യുക

എന്തൊക്കെ കാര്യങ്ങളാണ് നിങ്ങളുടെ വരുമാനത്തിലേക്ക് കൂടുതല്‍ സംഭാവന ചെയ്യുക എന്നു മനസിലാക്കുക. നിങ്ങളുടെ വരുമാനത്തിന്റെ എല്ലാ ഘടകങ്ങളും ലാഭമുണ്ടാക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഏതു സെഗ്മെന്റാണ് ലാഭത്തിലേക്ക് കൂടുതല്‍ സംഭാവന ചെയ്യുക എന്ന് മനസിലാക്കി അതില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുക. ചെലവുകള്‍ പരമാവധി കുറച്ച് കൂടുതല്‍ മാര്‍ജിന്‍ നേടുക. ലാഭം കൂട്ടാനുള്ള പദ്ധതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കുക.

2. വാല്വേഷന്‍ കണ്ടെത്താം

ആസ്‌നെറ്റ് അസറ്റ് മെത്തേഡ്, ഡിസ്‌കൗണ്ടഡ് കാഷ് ഫ്‌ളോ മെത്തേഡ് എന്നിങ്ങനെ അന്തര്‍ദേശീയമായി അംഗീകരിച്ചിട്ടുള്ള വിവിധ രീതികളിലൂടെ വാല്വേഷന്‍ നടത്താം. ഡിസ്‌കൗണ്ടഡ് കാഷ് ഫ്‌ളോ മെത്തേഡ് ആണെങ്കില്‍ കാഷ് പ്രൊഫിറ്റ്‌സായിരിക്കും പരിഗണിക്കുക. അപ്പോള്‍ കാഷ് ഫ്‌ളോ എങ്ങനെ ഉയര്‍ത്താമെന്ന് മനസിലാക്കുക. കളക്ഷന്‍ പിരീയഡ് കുറച്ചു കൊണ്ടോ അല്ലെങ്കില്‍ കൂടുതല്‍ ക്രെഡിറ്റ് പിരീയഡ് നേടികൊണ്ടോ ഇത് നേടാവുന്നതാണ്.

3. ആസ്തി വര്‍ധിപ്പിക്കുക, ബാധ്യതകള്‍ കുറയ്ക്കുക

ആസ്തി അടിസ്ഥാനമാക്കിയുള്ള കമ്പനികള്‍ക്കാണ് ഇത് കൂടുതല്‍ ബാധകം. എന്നാല്‍ ഏതു കമ്പനിയായാലും ബാധ്യത ഏറ്റവും കുറച്ച് നിര്‍ത്തിയാല്‍ ബിസിനസിന്റെ വാല്യു ഉയരും. ബിസിനസ് സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കുന്നത് വലിയ വ്യത്യാസമുണ്ടാക്കും. ഇത് നിങ്ങളുടെ ആസ്തിയും വര്‍ധിപ്പിക്കും.

4. ഇടയ്ക്കിടെ വിലയിരുത്തുക

കൃത്യമായ ഇടവേളകളില്‍ വാല്വേഷന്‍ വിലയിരുത്തുന്നതാണ് നല്ലത്. അപ്പോള്‍ നിങ്ങള്‍ക്ക് വാല്വേഷന്‍ ഉയര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. മാത്രമല്ല നിക്ഷേപകര്‍ വരാന്‍ കാത്തിരിക്കാതെ സജ്ജമായിരിക്കാനും സാധിക്കും.

5. റിസ്‌ക് ഘടകങ്ങള്‍

വാല്വേഷന്‍ കണക്കുകൂട്ടുമ്പോള്‍ വിവിധ ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്

* ഇന്‍ഡസ്ട്രി ട്രെന്‍ഡ്: മൂല്യം വര്‍ധിക്കുന്ന മേഖലയിലാണ് കമ്പനിയുള്ളതെങ്കില്‍ വാല്വേഷനെ അത് സ്വാധീനിക്കും. മറിച്ച് അനുദിനം മൂല്യം കുറയുന്ന മേഖലയിലെ നന്നായി പെര്‍ഫോം ചെയ്യുന്ന കമ്പനികള്‍ക്ക് വരെ വാല്വേഷന്‍ കുറയാനിടയുണ്ട്.

* പ്രൊമോട്ടര്‍മാരുടെ കാര്യപ്രാപ്തി: വിപ്ലവകരമായ കാഴ്ചപ്പാടുള്ള, നേടാനാകുന്ന ലക്ഷ്യങ്ങളുള്ള കഴിവുറ്റ മാനേജ്‌മെന്റ് വാല്വേഷനില്‍ ഒരു പ്രധാന ഘടകമാണ്.

* കമ്പനി ചരിത്രം: കഴിഞ്ഞ കാലങ്ങളില്‍ എങ്ങനെയായിരുന്നു കമ്പനിയുടെ പ്രകടനം എന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത്.

6. വാല്വേഷനിലെ വെല്ലുവിളികള്‍

വാല്വേഷനെ കുറിച്ച് നിക്ഷേപകനെ പറഞ്ഞു മനസിലാക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് വാല്വേഷനിലെ വെല്ലുവിളി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേപോലെ വാല്വേഷന് ഒരു നിശ്ചിത സമയം വരെയേ സാധുതയുണ്ടാവുകയുള്ളു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍, ഇന്‍ഡസ്ട്രിയിലെ ചലനങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് ഇത് മാറിക്കൊണ്ടേയിരിക്കും.

പലപ്പോഴും ഡിസിഎഫ് രീതിയിലുള്ള വാല്വേഷനെ കുറിച്ച് നിക്ഷേപകര്‍ക്ക് ആശങ്കകളുണ്ട്. കാരണം ഇത് മാനേജ്‌മെന്റ് പ്രതീക്ഷകളെ ആശ്രയിച്ചുള്ളതായതിനാല്‍ തമ്പ് റൂളുമായി നോക്കുമ്പോള്‍ ഇത് ഉയര്‍ന്നതായിരിക്കും.

ഇത്തരം സാഹചര്യങ്ങളില്‍ നിക്ഷേപകനെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്താം?

* നിങ്ങള്‍ സൂചിപ്പിച്ചിട്ടുള്ള പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാണെന്ന് ഉറപ്പുവരുത്തണം. മതിയായ അനാലിസിസും റിസര്‍ച്ചും നടത്തി അത് തെളിയിക്കുകയും വെണം.

* ഇന്‍ഡസ്ട്രി സ്റ്റാര്‍ഡേര്‍ഡ്‌സിന് അനുസരിച്ചാണോ പ്രോഫിറ്റ് മാര്‍ജിന്‍ എന്നത് ഉറപ്പാക്കണം.
ചില കമ്പനികള്‍ നഷ്ടത്തിലാണെങ്കില്‍ പോലും ഉയര്‍ന്ന വാല്വേഷനില്‍ ഫണ്ട് സമാഹരിക്കുന്നത് ഇപ്പോള്‍ കാണാം. കമ്പനിയുടെ ഭാവി വളര്‍ച്ചാ സാധ്യത നിക്ഷേപകന് ബോധ്യപ്പെടുന്നതുകൊണ്ടാണ് അത് സംഭവിക്കുന്നത്.

7. നിങ്ങളുടെ ശക്തി അറിയുക

ഒരു പ്രത്യേക മേഖലയില്‍ മറ്റാരെക്കാളും മുന്‍പെത്തി സ്ഥാനമുറപ്പിച്ചവര്‍ക്ക് അല്ലെങ്കില്‍ യൂണിക് സെല്ലിംഗ് പോയ്ന്റുള്ള കമ്പനികള്‍ക്കും ഉയര്‍ന്ന മൂല്യമുണ്ടാകും. കരുത്തുറ്റ, അളക്കാനാവുന്ന ഒരു ബിസിനസ് പ്ലാനിന്റെ പ്രാധാന്യമാണ് ഇത് ഊന്നി പറയുന്നത്.

8. നേട്ടം കണ്ടെത്തുക

നിങ്ങളൊരു നിക്ഷേപകന്റെ കണ്ണിലൂടെയും സ്വന്തം കമ്പനിയെ നോക്കിക്കാണണം. ബിസിനസിന്റെ വളര്‍ച്ചയെക്കുറിച്ചും ഇതില്‍ നിന്ന് നേടാവുന്ന ലാഭത്തെക്കുറിച്ചും നിക്ഷേപര്‍ അറിഞ്ഞിരിക്കണം. നിങ്ങളുടെ കമ്പനി വില്‍ക്കുമ്പോള്‍ നല്ല എക്‌സിറ്റ് വാല്വേഷന്‍ കിട്ടാന്‍ സാധ്യതയുണ്ടെങ്കില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ താല്‍പ്പര്യമുണ്ടാകും. ബിസിനസിന് കൂടുതല്‍ മൂല്യമുണ്ടാവുകയും ചെയ്യും.

9. യാഥാര്‍ത്ഥ്യം

ഒരു വീടു വില്‍ക്കുന്നതിന്റെ ഉദാഹരണം മുന്‍പ് പറഞ്ഞിരുന്നു. അതായത് പെയ്ന്റ് ഒക്കെ അടിച്ച് ഭംഗിയാക്കിയ വീട് വില്‍പ്പനയ്ക്ക് സജ്ജമായാല്‍ പിന്നെ വാങ്ങുന്നയവരുമായി സംസാരിച്ചാണ് ഒരു വിലയിലെത്തിച്ചേരുക. അതേപോലെ കമ്പനിയും നിക്ഷേപകനും തമ്മില്‍ സംസാരിച്ച് ഒരു തീരുമാനത്തിലെത്തിയ ശേഷമായിരിക്കും വിജയകരമായ ഒരു ഇടപാടിലേക്ക് നീങ്ങുക. ഇതു കൂടാതെ മനസില്‍ വയ്‌ക്കേണ്ട മറ്റു പല ഘടകങ്ങളുമുണ്ട്. വിദേശ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ സ്ഥാപനത്തിന് സാധിക്കുമോ എന്ന് പരിശോധിക്കണം. സാധിക്കില്ലെങ്കില്‍ അതിനുവേണ്ട മാറ്റങ്ങള്‍ വരുത്തണം. വാല്വേഷന്‍ കണക്കാക്കാന്‍ എപ്പോഴും പ്രൊഫഷണല്‍ ഉപദേശം തേടുന്നത് നല്ലതായിരിക്കും.



Deepa Lakshmi
Deepa Lakshmi  

ജാക്ക് & അസോസിയേറ്റ്‌സിന്റെ പാര്‍ട്ണറും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാണ് ലേഖിക.E: deepa@jaksllp.com, M: 9895703046

Related Articles
Next Story
Videos
Share it