കൊറോണ ബിസിനസുകളെ എങ്ങനെ ബാധിക്കും? -Part 2

കൊറോണ ബിസിനസുകളെ എങ്ങനെ ബാധിക്കും? -Part 2
Published on

കഴിഞ്ഞ കോളത്തില്‍ നമ്മള്‍ കൊറോണ ബോധയുടെ മൂന്ന് പ്രത്യേക സാഹചര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. കോളത്തിന്റെ ഈ രണ്ടാമത്തെ പാര്‍ട്ടില്‍ ചില രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ പരിശോധിക്കാം.

കേസ് സ്റ്റഡി - സൗത്ത് കൊറിയ

കഴിഞ്ഞ കോളത്തില്‍ സൂചിപ്പിച്ച Best case scenario കാണാന്‍ കഴിയുന്ന രാജ്യമാണ് സൗത്ത് കൊറിയ. 5.1 കോടിയാണ് ഇവിടുത്തെ ജനസംഖ്യ. 

2020 മാര്‍ച്ച് 31ന് സൗത്ത് കൊറിയയില്‍ മൊത്തം 9786 കൊറോണ രോഗികളും 162 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഫിഗര്‍ അഞ്ച് നോക്കു. സൗത്ത് കൊറിയ പ്രതിദിനമുള്ള പുതിയ കൊറോണ കേസുകളുടെ എണ്ണം പരമാവധി 851 എന്ന നിലയില്‍ നിയന്ത്രിച്ചു നിര്‍ത്തി. പിന്നീട് അത് 150ലേക്ക് കുറച്ചുകൊണ്ടുവന്നു. 

ഫിഗര്‍ 5:

പുതിയ കൊറോണ കേസുകള്‍ രാജ്യത്തിന്റെ ഹെല്‍ത്ത് കെയര്‍ കപ്പാസിറ്റിയേക്കാള്‍ കൂടുതലായിരുന്നില്ല. അതുകൊണ്ട് മരണ നിരക്ക് 1.66 ശതമാനമെന്ന കുറഞ്ഞ തലത്തില്‍ നിലനിര്‍ത്താന്‍ പറ്റി. 

വ്യാപകമായ രോഗ പരിശോധന, രോഗികളുമായി ബന്ധപ്പെട്ടവരെയെല്ലാം കണ്ടെത്തല്‍, അവരെ നിരീക്ഷണത്തിലാക്കല്‍, നിര്‍ബന്ധിതമായ ക്വാറന്റീന്‍ എന്നിവയെല്ലാം കൊണ്ടാണ് സൗത്ത് കൊറിയ ഇത് സാധ്യമാക്കിയത്. മാര്‍ച്ച് 31ലെ കണക്കു പ്രകാരം സൗത്ത് കൊറിയ 3,95,194 പരിശോധനകള്‍ ചെയ്തിട്ടുണ്ട്. അതായത് പത്തുലക്ഷം ജനങ്ങളില്‍ 7643.6 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 

സൗത്ത് കൊറിയ കൊണ്ടുവന്ന മറ്റൊരു ഇന്നൊവേഷന്‍, ഡ്രൈവ് ത്രു ടെസ്റ്റിംഗ് നടപ്പാക്കി എന്നതാണ്. 

ഫിഗര്‍ 6:

സൗത്ത് കൊറിയയിലെ ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സംവിധാനം

കൊറോണ ബാധയെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചതോടെ ആ രാജ്യത്തിന് സമ്പൂര്‍ണ ലോക്ക്് ഡൗണിലേക്ക് പോകേണ്ടി വന്നില്ല. അതുകൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ അത് കീഴ്‌മേല്‍ മറിക്കുന്ന സ്വാധീനമൊന്നും ചെലുത്തിയിട്ടില്ല. 

കേസ് സ്റ്റഡി - ഇറ്റലി

കഴിഞ്ഞ ലക്കത്തിലെ Middle case scenario യാണ് ഇറ്റലിയില്‍ കാണാന്‍ സാധിക്കുക. ആറ് കോടി ജനങ്ങളാണ് ഇറ്റലിയിലുള്ളത്. മാര്‍ച്ച് 31ലെ കണക്ക് പ്രകാരം ഇറ്റലിയില്‍ 1,01,739 കൊറോണ കേസുകളും 11,591 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഫിഗര്‍ 7 ല്‍ കാണുന്നതുപോലെ ഇറ്റലിക്ക് പ്രതിദിനമുള്ള പുതിയ കൊറോണ കേസുകളുടെ എണ്ണം നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചില്ല. മാര്‍ച്ച് 20ന് അത് 6557 എന്ന ഉയര്‍ന്ന സംഖ്യയിലുമെത്തി.

ഫിഗര്‍ 7:

പുതിയ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ ഇറ്റലിയിലെ ഹെല്‍ത്ത് കെയര്‍ സംവിധാനത്തിന് കൈകാര്യം ചെയ്യാവുന്നതിലേറെയായി അത്. പ്രത്യേകിച്ച് ഇറ്റലിയുടെ വടക്കന്‍ പ്രദേശം രോഗവ്യാപനത്തിന്റെ മുഖ്യകേന്ദ്രമായി. അതുകൊണ്ട് മരണനിരക്ക് കുത്തനെ ഉയര്‍ന്ന് 11.39 ശതമാനത്തിലെത്തി. 

രോഗവ്യാപനത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഇറ്റലി രോഗ പരിശോധനാ രംഗത്ത് അലംഭാവം കാണിച്ചു. മാര്‍ച്ച് മധ്യത്തോടെ പക്ഷേ ദ്രുതഗതിയില്‍ പരിശോധനകള്‍ നടത്തി. മാര്‍ച്ച് 20 ഓടെ ഏകദേശം 2,06,886 ടെസ്റ്റുകളാണ് നടത്തിയത്. ഫിഗര്‍ 7ല്‍ നി്ന്നും അക്കാര്യം വ്യക്തമാണ്.

മാര്‍ച്ച് 9ന് ഇറ്റലി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 12 വരെ അത് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇത് സാമ്പത്തിക രംഗത്തെ കീഴ്‌മേല്‍ മറിച്ചു. പക്ഷേ പുതിയ രോഗികളുണ്ടാകുന്നത് കുറഞ്ഞു. മാര്‍ച്ച് അവസാനത്തോടെ പുതിയ രോഗികളുടെ എണ്ണം അതിന്റെ ഉയര്‍ന്ന തലത്തില്‍ 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. 

കേസ് സ്റ്റഡി - ചൈന

കൊറോണയെ നിയന്ത്രിച്ച ഒരു രാജ്യമായി തോന്നുന്നത് ചൈനയാണ്. 140 കോടി ജനങ്ങളാണ് ചൈനയിലുള്ളത്. 

മാര്‍ച്ച് 31ലെ കണക്ക് പ്രകാരം 81,518 കൊറോണ കേസുകള്‍ അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 3,305 മരണങ്ങളും. 

ഫിഗര്‍ 8ല്‍ കാണുന്നതുപോലെ പ്രാരംഭഘട്ടത്തില്‍ ചൈനയ്ക്ക് രോഗബാധയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ല. ഫെബ്രുവരി നാലിന് 3884 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഫെബ്രുവരി 12ന് അത് 14,108ലെത്തി. ഇത്തരത്തിലുള്ള പെട്ടെന്നുള്ള വര്‍ധന, അവരുടെ രോഗീനിര്‍ണയ സമ്പ്രദായത്തിലുണ്ടായ മാറ്റം കൊണ്ടാണ് സംഭവിച്ചത്. 

ഫിഗര്‍ 8:

ചൈനയില്‍ രോഗം പടര്‍ന്ന ആദ്യഘട്ടത്തില്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ സിറ്റിയിലും ഹുബൈ പ്രവിശ്യയിലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും അവിടത്തെ ഹെല്‍ത്ത് കെയര്‍ സംവിധാനത്തിന്റെ ശേഷിക്കും മുകളിലാകുകയും ചെയ്തു. പിന്നീട് ചൈന രോഗം നിയന്ത്രണ വിധേയമാക്കി. പുതിയ കേസുകളുടെ എണ്ണം കുറച്ചു. ഹോസ്പിറ്റല്‍ കപ്പാസിറ്റി കൂട്ടി. അതോടെ മരണ നിരക്ക് നാല് ശതമാനത്തിലെത്തിക്കാന്‍ സാധിച്ചു.

പ്രാരംഭ ഘട്ടത്തില്‍ രോഗത്തെ പ്രതിരോധിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെങ്കിലും പിന്നീട് ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് ചൈന നടത്തിയത്. നഗരങ്ങള്‍ അടച്ചു. അതിര്‍ത്തികള്‍ അടച്ചു. ക്വാറന്റീന്‍ കൊണ്ടുവന്നു. അങ്ങനെ കൊറോണ രോഗത്തെ നിയന്ത്രിക്കാന്‍ പറ്റി. 

മാര്‍ച്ച് അവസാന വാരത്തില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ എണ്ണം 50 ശതമാനമായി കുറഞ്ഞു. അതേ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പലയിടത്തും പിന്‍വലിക്കുകയും യാത്രാ വിലക്കുകളില്‍ ഇളവുകള്‍ കൊണ്ടുവരികയും ചെയ്തു.

കൊറോണയെ സംബന്ധിച്ച ചൈനീസ് കണക്കുകളില്‍ ഞാന്‍ അത്രകണ്ട് ആശ്വസിക്കുന്നില്ല. കാരണം, നമുക്കെല്ലാവര്‍ക്കും അറിയാം ചൈന ഇരുമ്പ് മറയുള്ള രാജ്യമാണ്. നിര്‍ണായക വിവരങ്ങളെല്ലാം സര്‍ക്കാര്‍ നിയന്ത്രണങ്ങളോടെയേ് പുറം ലോകം അറിയൂ. 

അതുപോലെ തന്നെ ചൈന ദേശീയതല ടെസ്റ്റിംഗ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗാങ്‌ഡോങ് പ്രവിശ്യയില്‍ 3,20,000 പരിശോധനകള്‍ നടത്തിയെന്നാണ് പുറത്തുപറയുന്നത്.

മാത്രമല്ല, രോഗലക്ഷണങ്ങളില്ലാത്ത എന്നാല്‍ കൊറോണ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണം ചൈന ചേര്‍ക്കുന്നില്ല. ഉദാഹരണത്തിന് മാര്‍ച്ച് 31ന് 36 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത 130 പേരുടെ കാര്യം ഇതില്‍ ഇല്ല.

രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ 43,000 കേസുകള്‍ കൂടി ചൈനയില്‍ ഉണ്ടായിട്ടിട്ടുണ്ട് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നു.

അതുകൊണ്ട് ചൈന കൊറോണ രോഗ ബാധയെ വിജയകരമായി നിയന്ത്രിച്ചു എന്ന് പറയാന്‍ ഏതാനും ആഴ്ചകള്‍ കൂടി കാത്തിരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. 

(ടിനി ഫിലിപ്പിന്റെ കോളത്തിന്റെ മൂന്നാം ഭാഗം അടുത്ത ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും)  

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com