റോൾ മോഡലായി രംഗപ്രവേശം, ഒടുവിൽ തലകുനിച്ച് പടിയിറക്കം
ഒൻപത് വർഷത്തോളം ഐസിഐസിഐ ബാങ്കിനെ മേധാവിയായിരുന്ന ചന്ദ കോച്ചാർ രാജ്യത്തെ സെലിബ്രിറ്റി ബാങ്കർമാരിൽ ഒരാളായിരുന്നു എന്നതിൽ ആർക്കും സംശമുണ്ടാകില്ല. ഇന്ത്യയിലെ ഒരു മുൻനിര ബാങ്കിന്റെ തലപ്പത്തെത്തിയ വനിത എന്ന നിലയിലും കോച്ചാർ വളരെയധികം ആദരിക്കപ്പെട്ടിരുന്നു. വളർന്നുവരുന്ന സ്ത്രീസമൂഹത്തിന്റെ റോൾ മോഡലായിരുന്നു അവർ.
പക്ഷെ ആ തിളക്കമാർന്ന കരിയർ അവസാനിച്ചത് പെട്ടെന്നായിരുന്നു. ചന്ദ കോച്ചാർറിനെ ആരാധനയോടെ വീക്ഷിച്ചിരുന്നവർ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു പടിയിറക്കമായിരുന്നു ഇത്.
അടുത്ത വർഷം മാർച്ച് 31 വരെയാണ് കാലാവധിയുണ്ടെന്നിരിക്കെ ഒക്ടോബർ 4ന് ഐസിഐസിഐ ബാങ്ക് ഡയറക്ടർ ബോർഡ് അവരുടെ രാജി സ്വീകരിച്ചു. വിഡിയോകോൺ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്ന ആരോപണത്തിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ് കോച്ചാർ. നിലവിൽ ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ (COO) സന്ദീപ് ബക്ഷിയെ പുതിയ മാനേജിങ് ഡയറക്ടറും സിഇഒയുമായി തെരഞ്ഞെടുത്തു. അടുത്ത അഞ്ച് വർഷത്തേക്കാണ് നിയമനം.
ബാങ്കിൽ കൊച്ചാറിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം അവസാനിച്ചത് നിക്ഷേപകരിൽ നിന്ന് അനുകൂല പ്രതികരണമാണ് ഉണ്ടായത്. തീരുമാനം വന്നതോടെ ബാങ്കിന്റെ ഓഹരി മൂല്യം 4.07 ശതമാനം ഉയർന്ന് 315.95 രൂപയിൽ ആണ് ക്ലൊസ് ചെയ്തത്.
വീഡിയോകോൺ ഇൻഡസ്ട്രീസിന് 2012 ൽ നൽകിയ വായ്പയെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നതോടെ ജൂൺ ഒന്നുമുതൽ കോച്ചാർ മാറി നിൽക്കുകയായിരുന്നു. 2016 ൽ രണ്ട് പരാതികൾ ഓഹരി നിയന്ത്രണ ഏജൻസിയുടെയും ആർബിഐയും അടുക്കലെത്തിയതോടെയാണ് ആരോപണങ്ങൾ പുറംലോകമറിയുന്നത്.
ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിന്റെ ‘ന്യൂപവർ റിന്യൂവബിൾസ്’ എന്ന കമ്പനിയിൽ വിഡിയോകോൺ ഉടമ വേണുഗോപാൽ ധൂത് നിക്ഷേപം നടത്തിയിരുന്നു. ഇതിന് പ്രത്യുപകാരമായാണ് വിഡിയോകോണിന് ബാങ്ക് 3250 കോടി രൂപ വായ്പ നൽകിതെന്നായിരുന്നു പരാതി.
ബാങ്ക് ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ജസ്റ്റിസ് ബി. എൻ.ശ്രീകൃഷ്ണയുടെ ചുമതലയിൽ അന്വേഷണം പ്രഖ്യാപിച്ചു. സിബിഐ അടക്കമുള്ള സർക്കാർ ഏജൻസികളും അന്വേഷണം ആരംഭിച്ചതോടെ കോച്ചാർ അവധിയിൽ പ്രവേശിച്ചു.
2018 സാമ്പത്തിക വർഷം കോച്ചാറിന്റെ മൊത്തം പ്രതിഫലം 5.62 കോടി രൂപയായിരുന്നു. വിരമിക്കലുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്ന കാര്യം അന്വേഷണ റിപ്പോർട്ട് കണക്കിലെടുത്തിട്ടായിരിക്കും തീരുമാനിക്കുക.
1984 ൽ മാനേജ്മെന്റ് ട്രെയ്‌നിയായിട്ടാണ് കോച്ചാർ ഐസിഐസിഐ ബാങ്കിൽ ചേരുന്നത്. 1993 ൽ കൊമേർഷ്യൽ ബാങ്കിംഗ് ഓപ്പറേഷൻസിലേക്ക് കടന്നപ്പോഴാണ് അവർ സീനിയർ ബാങ്കർ എന്ന നിലയിൽ ശ്രദ്ധ നേടിയത്. ബാങ്കിന്റെ റീറ്റെയ്ൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക എന്നതായിരുന്നു കോച്ചാറിന്റെ പ്രധാന ഉത്തരവാദിത്തം. 2000 മുതൽ ബാങ്കിന്റെ പുതു ടെക്നോളജികളിലേക്കുള്ള മാറ്റത്തിലും ഇന്ത്യയിലും വിദേശത്തും ബാങ്കിന്റെ ഡിസ്ട്രിബൂഷൻ ചാനലുകൾ ശക്തിപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ചത് കോച്ചാറായിരുന്നു.